മൗനം അകൽച്ചയായി അനുഭവപ്പെടുമ്പോൾ: വ്യക്തിപരമായ വളർച്ചയ്ക്ക് ശേഷം ബന്ധങ്ങളിലുണ്ടാകുന്ന വിടവ്

സ്നേഹബന്ധങ്ങളിൽ അറിഞ്ഞോ അറിയാതെയോ മൗനവും അകൽച്ചയും ഉരുത്തിരിയാറുണ്ട്. രണ്ടുപേരിൽ ഒരാൾ ജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വേണ്ടിയോ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താനായോ സ്വയം ഉൾവലിയുമ്പോൾ, കൂടെയുള്ള വ്യക്തിക്ക് പെട്ടെന്ന് ഒറ്റപ്പെട്ടുപോയതായി തോന്നുന്നു. വൈകാരികമായ നിശബ്ദത ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം അതികഠിനമായി അനുഭവപ്പെടുന്നു. ഇതിനെത്തുടർന്ന് പലപ്പോഴും സംശയങ്ങളും വേദനയും അകൽച്ചയും ഉണ്ടാകാറുണ്ട്.
രണ്ട് ഹൃദയങ്ങൾക്കിടയിലെ ഈ അദൃശ്യമായ വിടവ് എപ്പോഴും വഞ്ചനയുടെയോ അവഗണനയുടെയോ ഫലമാകണമെന്നില്ല. ചിലപ്പോൾ, മാറ്റത്തെയും ഒരാളുടെ അസാന്നിധ്യത്തെയും നമ്മുടെ മനസ്സ് എത്രമാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.
ഒഴിവാക്കലിന് പിന്നിലെ മനഃശാസ്ത്രം
നമ്മൾ സ്നേഹിക്കുന്ന ഒരാൾ താൽക്കാലികമായി പിൻവാങ്ങുമ്പോൾ, ഒരുപക്ഷെ അത് യാത്രയാകാം, ആത്മപരിശോധനയിൽ മുഴുകുന്നതാകാം, അല്ലെങ്കിൽ സ്വയംവളർച്ച കൈവരിക്കാനുള്ള തയ്യാറെടുപ്പാകാം. അതെന്തു തന്നെ ആയാലും കൂടെയുള്ള വ്യക്തിയുടെ മസ്തിഷ്ക്കം ആ മാറ്റത്തെ വൈകാരിക സുരക്ഷയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നു.
അറ്റാച്ച്‌മെൻ്റ് സൈക്കോളജി പഠനങ്ങൾ വെളിപ്പെടുത്തുന്നതനുസരിച്ച്, വൈകാരികമായ ചെറിയ അസാന്നിധ്യം പോലും തലച്ചോറിലെ ഭയം ജനിപ്പിക്കുന്ന സർക്യൂട്ടുകളെ സജീവമാക്കും എന്നാണ്, പ്രത്യേകിച്ചും ആശങ്കാജനകമായ അടുപ്പം (anxious attachment style) ഉള്ളവരിൽ.
ആഴത്തിൽ ബന്ധമുള്ള ഒരാൾക്ക്, ഈ നിശബ്ദത തള്ളിക്കളയലായി തോന്നാം, മറ്റേയാൾ അത്തരത്തിൽ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ പോലും. അവർ ഒഴിവാക്കലിലൂടെ (avoidance) അബോധമായി സ്വയം പ്രതിരോധിച്ചേക്കാം — അതായത്, വികാരം ഇല്ലാത്തവരായും പരിഹസിക്കുന്നവരായും അല്ലെങ്കിൽ അകൽച്ച പാലിക്കുന്നവരായും പ്രത്യക്ഷപ്പെടാം. ന്യൂറോ സയൻ്റിസ്റ്റുകൾ ഇതിനെ പ്രതിരോധ സംവിധാനം (defensive mechanism) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ, ദൗർബല്യം സുരക്ഷിതമല്ലാത്ത ഒരവസ്ഥയായി തോന്നുമ്പോൾ, വൈകാരിക വേദനയെ, ദേഷ്യമായും പിൻവാങ്ങലായും വരുത്തിത്തീർക്കാൻ ശ്രമിക്കുകയും അങ്ങനെ മനസ്സ് നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്യുന്നു.
ലളിതമായി പറഞ്ഞാൽ: ഒരാൾ നിശബ്ദതയിലേക്ക് മാറുമ്പോൾ, മറ്റേയാളുടെ ലോകം പെട്ടെന്ന് ഇരുട്ടിലാകാം.
ഒറ്റപ്പെടലിൻ്റെ വേദന (ക്ഷണികമാണെങ്കിലും)
ഒറ്റപ്പെടൽ, അത് കുറച്ചു സമയത്തേക്കാണെങ്കിൽ പോലും, ഒരു തോന്നലിൽ മാത്രമായി ഒതുങ്ങുന്നില്ല. ശാരീരിക വേദന കൈകാര്യം ചെയ്യുന്ന തലച്ചോറിലെ അതേ ഭാഗങ്ങളെ (പ്രത്യേകിച്ച് ആൻ്റീരിയർ സിങ്കുലേറ്റ് കോർട്ടെക്സ്) അത് സജീവമാക്കുന്നു.
അതുകൊണ്ടാണ് പ്രിയപ്പെട്ടവരുടെ മൗനം, വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയാത്ത വിധത്തിൽ വേദനിപ്പിക്കുന്നത്. ഇത് അസാന്നിധ്യത്തിൻ്റെ ദൈർഘ്യമല്ല; മറിച്ച് അതുമായി ബന്ധപ്പെട്ട അർത്ഥവ്യാപ്തിയാണ് മനസ്സിലെ മുറിവിന് ആഴം കൂട്ടുന്നത്. ചിലർക്ക് ഉപേക്ഷിക്കപ്പെട്ടതായി തോന്നാം; മറ്റുചിലർക്ക്, ഇത് വൈകാരികമായി ശ്രദ്ധിക്കപ്പെടാതെ പോയ, തൻ്റെ കുട്ടിക്കാലത്തെ അനുഭവങ്ങളെ ഓർമ്മിപ്പിക്കാം.
വാസ്തവത്തിൽ, വൈകാരിക അകൽച്ച സ്നേഹത്തിൻ്റെ വിരാമമായി മാറുന്നില്ല. പലപ്പോഴുമത് നാഡീവ്യൂഹം പ്രതിരോധ രീതിയിലാണ് (defense mode) എന്നതിനെയാണ് അർത്ഥമാക്കുന്നത്. ബന്ധം വീണ്ടും പൂത്തുതളിർക്കാൻ വാഗ്വാദങ്ങളല്ല, സഹാനുഭൂതിയാണ് ആവശ്യം.
മൗനത്തിൻ്റെ മറുപുറം: ഉൾവലിഞ്ഞ വ്യക്തിക്ക് സംഭവിക്കുന്നത്
ആത്മപരിശോധന (Self-reflection) — അത് ധ്യാനം, ഏകാന്തത, ആത്മീയമായ പിൻവാങ്ങൽ എന്നിവയിലൂടെ ആയിക്കോട്ടെ, അത് അവബോധത്തിൻ്റെ നാഡീമാതൃകകളെ മാറ്റുന്നു.
എംആർഐ (MRI) പഠനങ്ങൾ കാണിക്കുന്നത്, മൈൻഡ്ഫുൾനെസ് പരിശീലനങ്ങൾ തലച്ചോറിലെ ഭയത്തിൻ്റെ കേന്ദ്രമായ അമിഗ്ഡാലയുടെ (amygdala) പ്രതികരണശേഷി കുറയ്ക്കുകയും പ്രീഫ്രോണ്ടൽ നിയന്ത്രണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ഒരു വ്യക്തിയെ കൂടുതൽ ശാന്തനും പ്രതികരണശേഷി കുറഞ്ഞവനുമാക്കുന്നു.
എന്നാൽ, അത്തരമൊരു ആന്തരിക ശാന്തതയിൽ നിന്ന് വൈകാരികമായി ചാർജ് ചെയ്ത ഒരന്തരീക്ഷത്തിലേക്ക് മടങ്ങിവരുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ദിവസങ്ങളോളം നീണ്ട മൗനത്തിനുശേഷം, അവർക്ക് വികാരങ്ങൾ വാക്കുകളാൽ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവാം, ഇത് തെറ്റിദ്ധാരണകൾക്ക് കാരണമാകുന്നു. അതേസമയം, പങ്കാളി ഈ ശാന്തതയെ വികാരമില്ലായ്മയായി തെറ്റിദ്ധരിച്ചേക്കാം — ഇത് രണ്ട് വ്യത്യസ്ത മാനസികാവസ്ഥകൾ തമ്മിലുള്ള പരിവർത്തനം മാത്രമാണെന്ന് മനസ്സിലാക്കാതെ.
ഒരു വ്യക്തി ശാന്തത തേടുകയും മറ്റേയാൾ സമാശ്വാസം ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഈ പൊരുത്തക്കേട് പലപ്പോഴും വൈകാരിക സംഘർഷത്തിലേക്ക് നയിക്കുന്നു.
അകൽച്ചയുടെ ആഘാതം
വൈകാരികമായ അകൽച്ച ഇരുവശത്തും മുറിവേൽപ്പിക്കുന്നു. ഒറ്റപ്പെട്ടുപോയയാൾ അരക്ഷിതാവസ്ഥയുമായി മല്ലിടുമ്പോൾ, തിരിച്ചെത്തുന്നയാൾക്ക് തന്നെ ആരും മനസ്സിലാക്കുന്നില്ലെന്ന് തോന്നുന്നു. മനഃശാസ്ത്രജ്ഞർ ഇതിനെ സമാന്തര ദുഃഖം (parallel grief) എന്ന് വിളിക്കുന്നു — ഒരേ ബന്ധത്തിലുള്ള രണ്ട് വ്യക്തികൾ രണ്ട് വ്യത്യസ്ത തലങ്ങളിൽ ദുഃഖിക്കുന്നു.
ശുദ്ധമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നിട്ടും തന്നെ തെറ്റിദ്ധരിച്ചതിൽ, തിരികെയെത്തുന്ന വ്യക്തിക്ക് കടുത്ത ദുഃഖം തോന്നാം. വൈകാരിക അകൽച്ച മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, സഹാനുഭൂതിയിലുള്ള ഈ നിരാശ (empathic frustration) ഉത്കണ്ഠ, കുറ്റബോധം, നേരിയ വിഷാദ ലക്ഷണങ്ങൾ എന്നിവയായി പ്രകടമായേക്കാം.
ബന്ധം പുനഃസ്ഥാപിക്കാം: വൈകാരിക വിടവ് നികത്താനുള്ള ശാസ്ത്രം
1.വികാരങ്ങളെ തിരിച്ചറിയുക, കുറ്റപ്പെടുത്താതിരിക്കുക.
വികാരങ്ങളെ പേരിട്ട് വിളിക്കുന്നത് (“എന്നെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു,” “എനിക്ക് ഉത്കണ്ഠ തോന്നുന്നു”) തലച്ചോറിലെ ഭാഷാ കേന്ദ്രങ്ങളെ സജീവമാക്കുകയും ലിംബിക് സംവിധാനത്തെ ശാന്തമാക്കുകയും ചെയ്യുന്നു — ഇത് വേദനയെ സംഘർഷമാക്കുന്നതിനു പകരം സംഭാഷണമാക്കി മാറ്റുന്നു എന്ന് ന്യൂറോസൈക്കോളജി പറയുന്നു.
2.സുരക്ഷിതത്വത്തിൻ്റെ ചെറുസൂചനകൾ
ശാന്തതയോടെയുള്ള ഒരു ടെക്സ്റ്റ് മെസ്സേജ്, ഒരുമിച്ച് ചിരിക്കുന്നത്, അല്ലെങ്കിൽ നിശബ്ദമായ സാമീപ്യം പോലും വിശദീകരണങ്ങളെക്കാൾ വേഗത്തിൽ വിശ്വാസം പുനഃസ്ഥാപിക്കും. വൈകാരികമായ സുരക്ഷിതത്വം പരസ്പരം തിരിച്ചറിയുന്നതിലേക്ക് നയിക്കും.
3.ആന്തരിക സഞ്ചാരത്തെ ആദരിക്കുക
ഓരോ ബന്ധത്തിലും സന്തുലിതാവസ്ഥ കണ്ടെത്താൻ ശ്രമിക്കുന്ന രണ്ട് മനസ്സുകൾ ഉണ്ടാകും. ഒരാൾക്ക് സ്വസ്ഥമാകാനൽപ്പം ഇടവും മറ്റൊരാൾക്ക് അടുപ്പവും ആവശ്യമായി വന്നേക്കാം. ഈ വ്യത്യാസം തിരിച്ചറിയുന്നത് ഒരിക്കലും ദൗർബല്യമല്ല — അത് വൈകാരിക ബുദ്ധിയാണ്.
ഒരു കാര്യം കൂടി
ഒരാൾ മൗനം തിരഞ്ഞെടുക്കുമ്പോൾ, അതിനർത്ഥം സാന്നിദ്ധ്യം നഷ്ടമാകുന്നു എന്നല്ല. ചിലപ്പോഴത് ശ്രദ്ധയർപ്പിക്കുന്നതിൻ്റെ മറ്റൊരു രൂപമാകാം.
ഒരാൾ ദേഷ്യത്തോടെ പ്രതികരിക്കുമ്പോൾ, അത് അവഗണനയല്ല; ചിലപ്പോഴത് സുരക്ഷിതത്വത്തിൻ്റെ മുഖമമൂടിയണിഞ്ഞെത്തുന്ന ഭീതിയാകാം.
ഇരുവരും മൗനത്തിൻ്റെ ദുരിതക്കയത്തിൽ താഴ്ന്നുപോകുമ്പോൾ, സഹാനുഭൂതി മാത്രമാണ് അവരിരുവർക്കും പ്രതീക്ഷയുടെ തുരുത്തായി മാറുന്നത്.
References
- Mikulincer, M., & Shaver, P. R. (2016). Attachment in Adulthood: Structure, Dynamics, and Change.
- Eisenberger, N. I., Lieberman, M. D., & Williams, K. D. (2003). Does rejection hurt? An fMRI study of social exclusion. Science, 302(5643), 290–292.
- Hölzel, B. K. et al. (2011). Mindfulness practice leads to increases in regional brain gray matter density. Psychiatry Research: Neuroimaging, 191(1), 36–43.
- Zaki, J. (2019). Empathic Distress and Relationship Regulation. Emotion Journal.




