വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം ഏതാണ്?

ശരീരത്തിന് അനുയോജ്യമായ സമയം കണ്ടെത്താം
വ്യായാമം ചെയ്യേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ഇന്ന് നമുക്കെല്ലാവർക്കുമറിയാം. അമിതവണ്ണം ഒഴിവാക്കാനും അവയവങ്ങൾക്ക് കരുത്തേകാനും മനസ്സിന് ഊർജം പകരാനുമെല്ലാം വ്യായാമം വേണം.
ഇന്നത്തെ കാലത്ത്, നമ്മളിൽ ഏറിയ പങ്കും തിരക്കിട്ട ജീവിതം നയിക്കുന്നവരാണ്. ഓരോ കാര്യങ്ങൾക്കും കൃത്യമായ സമയം നിശ്ചയിച്ച് ജീവിക്കുന്നവർ. അതുകൊണ്ടുതന്നെ, ഏതു സമയമാണ് വ്യായാമം ചെയ്യാൻ മാറ്റിവെക്കേണ്ടത് എന്ന സംശയം പലർക്കുമുണ്ടാകും. ശരീരത്തിന് വ്യായാമത്തിൻ്റെ ഗുണങ്ങൾ കൂടുതൽ ലഭിക്കുന്നതിന് അനുയോജ്യമായ സമയമേതെന്ന് അറിയാനും ആഗ്രഹമുണ്ടാകും.
പ്രകൃതിക്ക് അതിന്റേതായ താളമുള്ളതുപോലെ, നമ്മുടെ ശരീരത്തിനും സ്വാഭാവികമായ താളം വേണം. ശരീരത്തിന്റെ ജൈവതാളം (Body’s natural clock) മനസ്സിലാക്കുക എന്നതാണ് പ്രധാനം. വ്യായാമം ശരീരത്തിന് സമ്മർദ്ദമാകാതെ, കരുത്തായി മാറുന്ന രീതിയിലുള്ള സമയക്രമമാണ് നിങ്ങൾ കണ്ടെത്തേണ്ടത്.
സ്ഥിരമായി പരിശീലിക്കാൻ കഴിയുന്നതും ആരോഗ്യത്തിന് ഗുണപ്രദവുമായ ഒരു വ്യായാമശൈലി എങ്ങനെ പരിശീലിച്ചെടുക്കാം എന്ന് നമുക്ക് നോക്കാം.
രാവിലെയും വൈകുന്നേരവും വ്യായാമം ചെയ്യുമ്പോഴത്തെ പ്രത്യേകതകൾ താഴെ നൽകുന്നു.
പ്രഭാത വ്യായാമം: ശരീരത്തിനും മനസ്സിനും പുത്തനുണർവ്വ്
ചിട്ടയായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് പ്രഭാത വ്യായാമമാണെന്ന് പറയാറുണ്ട്. ഒരോ ദിവസത്തെയും തിരക്കുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ വ്യായാമം ചെയ്തു തീർക്കുന്നത്, അത് മുടങ്ങാതെ തുടരാൻ പലരെയും സഹായിക്കാറുണ്ട്.
പ്രഭാത വ്യായാമത്തിന്റെ ഗുണങ്ങൾ:
- ദഹനപ്രക്രിയ വേഗത്തിലാക്കുന്നു: രാവിലെ വ്യായാമം ചെയ്യുന്നത് ചയാപചയം (Metabolism) വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ഏകാഗ്രതയും സന്തോഷവും: വ്യായാമ വേളയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന എൻഡോർഫിനുകൾ (Endorphins) ഏകാഗ്രത വർദ്ധിപ്പിക്കാനും മനസ്സിൽ സന്തോഷം നിലനിർത്താനും സഹായിക്കുന്നു.
- സ്വസ്ഥമായ ഉറക്കം: രാവിലെ വ്യായാമം ശീലമാക്കുന്നത് രാത്രിയിൽ കൃത്യസമയത്ത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.
- വ്യായാമം തടസ്സങ്ങളില്ലാതെ: ജോലിത്തിരക്കോ മറ്റു ദിനചര്യകളോ വ്യായാമത്തിന് തടസ്സമാകുന്നതിന് മുൻപ് തന്നെ അത് പൂർത്തിയാക്കാൻ സാധിക്കുന്നു.
- ആരോഗ്യകരമായ ശീലങ്ങൾ: പ്രഭാത വ്യായാമം ചെയ്യുന്നവരിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനുമുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ ശരീരത്തിന് വഴക്കക്കുറവ് (Stiffness) തോന്നാം. അതിനാൽ വാം അപ്പ് (Warm-up) ചെയ്യാൻ മറക്കരുത്.
- കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്നവരാണെങ്കിൽ, ലഘുവായി എന്തെങ്കിലും കഴിക്കാതെ വ്യായാമം ചെയ്യുന്നത് ക്ഷീണമുണ്ടാക്കാം.
- യോഗ, സ്ട്രെച്ചിംഗ്, നടത്തം, ലഘുവായ കാർഡിയോ എന്നിവ ചെയ്യാൻ പ്രഭാതമാണ് ഏറ്റവും മികച്ച സമയം.
ലക്ഷ്യബോധത്തോടെ, അച്ചടക്കത്തോടെ ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രഭാത വ്യായാമമാണ് ഏറ്റവും അനുയോജ്യം.
വൈകുന്നേരത്തെ വ്യായാമം: കരുത്തും ഉന്മേഷവും ആശ്വാസവും
കഠിനമായ വ്യായാമങ്ങൾ ചെയ്ത് കരുത്തുനേടാൻ, വൈകുന്നേരമാണ് കൂടുതൽ നല്ലത്.
വൈകുന്നേരത്തെ വ്യായാമത്തിന്റെ ഗുണങ്ങൾ:
- വൈകുന്നേരമാകുമ്പോഴേക്കും പേശികളുടെ കരുത്തും വഴക്കവും അതിന്റെ പാരമ്യത്തിലെത്തും. ഇത് മികച്ച രീതിയിൽ വ്യായാമം ചെയ്യാൻ സഹായിക്കും.
- ശരീരം നേരത്തെ തന്നെ സജീവമായതുകൊണ്ട് പേശികൾക്ക് പരിക്കേൽക്കാനുള്ള സാദ്ധ്യത കുറവാണ്.
- ദിവസം മുഴുവൻ ജോലിസ്ഥലത്തോ വീട്ടിലോ ഉണ്ടായ ടെൻഷൻ ഇറക്കിവെക്കാൻ വൈകുന്നേരത്തെ വർക്കൗട്ട് ഗുണം ചെയ്യും.
- വെയ്റ്റ് ട്രെയിനിംഗ്, കഠിന വ്യായാമങ്ങൾ (HIIT), സൈക്ലിംഗ്, ഓട്ടം എന്നിവയ്ക്ക് ഈ സമയം അനുയോജ്യമാണ്.
- രാവിലത്തെ തിരക്കുകളില്ലാതെ സമാധാനമായി വ്യായാമം ചെയ്യാൻ പലർക്കും കഴിയാറുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് വളരെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം.
- ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ജോലികൾക്ക് ശേഷം ക്ഷീണം തോന്നിയാലും വ്യായാമം മുടക്കാതിരിക്കാൻ നല്ല മനക്കരുത്തും നിശ്ചയദാർഢ്യവും വേണം.
- ഉറങ്ങുന്നതിന് കുറഞ്ഞത് 2–3 മണിക്കൂർ മുൻപെങ്കിലും വർക്കൗട്ട് പൂർത്തിയാക്കാൻ ശ്രമിക്കുന്നത് മികച്ച ഫലം നൽകും.
പകൽ മുഴുവൻ ജോലി ചെയ്ത് വൈകുന്നേരങ്ങളിൽ കൂടുതൽ ഊർജ്ജം കണ്ടെത്തുന്നവർക്കും, സമാധാനമായി വ്യായാമം ചെയ്ത് മാനസികസമ്മർദ്ദം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ സമയം ഏറ്റവും അനുയോജ്യമാണ്.
രാവിലെയോ വൈകുന്നേരമോ കൂടുതൽ നല്ലത്?
ശാസ്ത്രീയമായും പ്രായോഗികമായും നോക്കിയാൽ, രണ്ടിനും അതിൻ്റേതായ ഗുണങ്ങളുണ്ട്. താഴെ പറയുന്ന ഘടകങ്ങൾ സുപ്രധാനമാണ്:
സമയത്തേക്കാൾ സ്ഥിരതയാണ് പ്രധാനം
കൃത്യമായി സമയക്രമം പാലിക്കാനാകാതെ പോകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇഷ്ടപ്പെട്ട സമയത്ത് സ്ഥിരമായി വ്യായാമം ചെയ്യാൻ കഴിയുന്നത്.
മികച്ച വ്യായാമക്രമം എങ്ങനെ തയ്യാറാക്കാം?
ശരീരത്തെ കഷ്ടപ്പെടുത്തി കർക്കശമായ നിയമം അടിച്ചേൽപ്പിക്കുന്നതിന് പകരം, ജീവിതശൈലിക്ക് ഇണങ്ങുന്ന ഒരു ക്രമം കണ്ടെത്തുകയാണ് വേണ്ടത്.
1. ശരീരത്തിന്റെ താളം തിരിച്ചറിയുക
- രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല ഉന്മേഷം തോന്നാറുണ്ടോ? എങ്കിൽ രാവിലത്തെ സമയം തെരഞ്ഞെടുക്കാം.
- വൈകുന്നേരങ്ങളിൽ കൂടുതൽ കരുത്തും ശാന്തതയും തോന്നുന്നവരാണങ്കിൽ ആ സമയത്തു തന്നെ വ്യായാമം ചെയ്യുന്നതാകും ഉത്തമം.
ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കാൻ ശീലിക്കുക.
2. ലഘുവായ രീതിയിൽ തുടങ്ങാം, പ്രായോഗിക തീരുമാനം കൈക്കൊള്ളാം
- തുടക്കത്തിൽ 20–30 മിനിറ്റ് വ്യായാമം തന്നെ ധാരാളമാണ്.
- എല്ലാ ദിവസവും വ്യായാമം ചെയ്യണം എന്ന ചട്ടം നടപ്പാക്കാൻ പ്രയാസമുണ്ടെങ്കിൽ ആഴ്ചയിൽ 3–5 ദിവസം എന്നത് കൃത്യമായി പാലിക്കാൻ ശ്രമിക്കുക.
ഈ സ്ഥിരത നിങ്ങൾക്ക് ആത്മവിശ്വാസം നൽകും.
3. പലതരം വ്യായാമങ്ങൾ ഇടകലർത്തി പരിശീലിക്കാം
- കാർഡിയോ, സ്ട്രെങ്ത് ട്രെയിനിംഗ്, ഫ്ലെക്സിബിലിറ്റി എന്നിവ മാറി മാറി പരീക്ഷിക്കുക. കൂടെ വിശ്രമദിനങ്ങളും ഉൾപ്പെടുത്തുക.
- കഠിന വ്യായാമങ്ങൾ ചെയ്യാൻ മടി തോന്നുന്ന ദിവസങ്ങളിൽ ലളിതമായ യോഗയോ നടത്തമോ തെരഞ്ഞെടുക്കാം.
4. ജീവിതശൈലിക്ക് അനുയോജ്യമാകണം
- രാവിലെ വളരെ തിരക്കുള്ള വ്യക്തിയാണെങ്കിൽ വൈകുന്നേരം തിരഞ്ഞെടുക്കുന്നതാകും നല്ലത്.
- വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ വളരെയധികം ക്ഷീണിക്കുന്നുണ്ടോ? എങ്കിൽ പ്രഭാത വ്യായാമം നിങ്ങളിൽ ഉന്മേഷം നിറയ്ക്കും.
വ്യായാമക്രമം ജീവിതത്തിന് ഒരു ഭാരമാകരുത്, അതൊരു സഹായമായി മാറണം.
5. വിശ്രമത്തിന് പ്രാധാന്യം നൽകുക
- ആവശ്യത്തിന് ഉറക്കം, വെള്ളം, പോഷകാഹാരം എന്നിവ വളരെ അത്യാവശ്യമാണ്.
- വിശ്രമദിനങ്ങൾ മടിയുടെ ലക്ഷണമല്ല. പേശികളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ സൗഖ്യത്തിനും വിശ്രമം അത്യാവശ്യമാണ്.
പ്രകൃതിയിൽ നിന്നൊരു സന്ദേശം
സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും യാതൊരു സമ്മർദ്ദവുമില്ലാതെ സ്വാഭാവികമായാണല്ലോ, അതുപോലെ തന്നെയായിരിക്കണം നമ്മുടെ വ്യായാമശീലങ്ങളും. അത് തികച്ചും സ്വാഭാവികവും സന്തുലിതവുമായിരിക്കണം. വ്യായാമം ചെയ്യാൻ തെരഞ്ഞെടുക്കുന്ന സമയത്തേക്കാൾ, ക്ഷമയോടെ സ്വന്തം ശരീരത്തെ കരുത്തുറ്റതാക്കി മാറ്റുകയും ശരീരം പറയുന്നത് കേൾക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
മനസ്സിനും ശരീരത്തിനും അനുയോജ്യമായ തീരുമാനങ്ങൾ കൈക്കൊണ്ട് അത് പ്രാവർത്തികമാക്കുമ്പോഴാണ് സ്വാസ്ഥ്യം കൈവരികയെന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
ശരീരത്തിന് അനുയോജ്യമേതെന്ന് കണ്ടെത്തി, അതിനനുസൃതമായ സമയത്ത് വ്യായാമം ചെയ്യുക. ആവശ്യമുള്ളപ്പോൾ വിശ്രമിക്കുക. പൂർണ്ണതയ്ക്ക് പിന്നാലെ പോകാതെ, ചെയ്യുന്ന കാര്യങ്ങൾ മുടങ്ങാതെ, സ്ഥിരമായി ചെയ്യാൻ ശ്രദ്ധിക്കുക. ഇത്രയുമായാൽ, വ്യായാമത്തിൻ്റെ സമ്പൂർണ്ണ ഗുണങ്ങൾ നമുക്ക് നേടാനാകും.




