വാർദ്ധക്യകാലം ആരോഗ്യപൂർണ്ണമാക്കാം

ജെറിയാട്രീഷ്യനെ കാണേണ്ടതിൻ്റെ പ്രാധാന്യം അറിഞ്ഞിരിക്കാം
പ്രായമായ വ്യക്തികളുള്ള വീടുകളിൽ, പലേടങ്ങളിലും അവർക്കു വേണ്ട പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടാകും. കിടപ്പുമുറിയിൽ ആവശ്യത്തിന് വായുസഞ്ചാരവും രാത്രി ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മതിയായ വെളിച്ചവും കുളിമുറികളിൽ ഹാൻഡിലുകളും നടക്കാനുള്ള എളുപ്പത്തിന് വാക്കറുകളുമെല്ലാമുണ്ടാകും. പക്ഷെ, അവർക്ക് ശാരീരികാസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, അത് പ്രായമേറുന്നതിൻ്റെ സ്വാഭാവിക ബുദ്ധിമുട്ടുകളായി കണക്കാക്കി കുടുംബാംഗങ്ങൾ അവഗണിക്കാറുണ്ട്.
“ഇതൊക്കെ ഈ പ്രായത്തിൽ സാധാരണമാണ്” എന്ന നിലപാട് പല വീടുകളിലും കാണാം. നടത്തത്തിന്റെ വേഗത കുറയുന്നതും ഓർമ്മക്കുറവും ഒരുപാട് ഗുളികകൾ കഴിക്കുന്നതും ഇടയ്ക്കിടെ ആശുപത്രിയിൽ പോകേണ്ടി വരുന്നതുമെല്ലാം വാർദ്ധക്യത്തിന്റെ ഭാഗമായി നമ്മൾ അംഗീകരിക്കുന്നു.
പ്രായം കൂടുന്നത് പ്രകൃതിനിയമമാണ്. എന്നാൽ അതോടൊപ്പം വരുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ കൃത്യമായ ചികിത്സ അർഹിക്കുന്നു എന്ന് ആധുനിക വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു.
മുതിർന്നവർക്ക് ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ വർദ്ധിക്കുമ്പോഴാണ് ഒരു ജെറിയാട്രീഷന്റെ (മുതിർന്നവർക്കായുള്ള പ്രത്യേക ഡോക്ടർ) സേവനം തേടേണ്ടത്.
ജെറിയാട്രീഷൻ നൽകുന്ന സേവനങ്ങൾ
മുതിർന്ന പൗരന്മാരുടെ (സാധാരണയായി 60 അല്ലെങ്കിൽ 65 വയസ്സിന് മുകളിലുള്ളവർ) ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യപരിരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന പ്രത്യേക വൈദ്യശാസ്ത്രശാഖയാണ് ജെറിയാട്രിക്സ്. ഈ മേഖലയിൽ സേവനം നൽകുന്ന വിദഗ്ധചികിൽസകനാണ് ജെറിയാട്രീഷൻ (Geriatrician).
ഹൃദയം, വൃക്ക, മസ്തിഷ്കം എന്നിങ്ങനെ ഓരോ അവയവങ്ങൾക്കും മാത്രമായി ചികിത്സ നൽകുന്ന ഡോക്ടർമാരിൽ നിന്നും ഇവർ വ്യത്യസ്തരാണ്. ജെറിയാട്രീഷൻ വയോജനങ്ങളെ, മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ അടിസ്ഥാനത്തിലാണ് കാണുന്നത്. ഉദാഹരണത്തിന്, പ്രമേഹം, രക്തസമ്മർദ്ദം, സന്ധിവേദന, നേരിയ ഓർമ്മക്കുറവ് എന്നിവയുള്ള ഒരുവ്യക്തി, അഞ്ച് തരം മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, ആ വ്യക്തിയെ വെറുമൊരു രോഗിയായല്ല ഇവർ കാണുക. ആ വ്യക്തിയുടെ സുരക്ഷ, സ്വയംപര്യാപ്തത, അന്തസ്സ്, ജീവിതനിലവാരം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ഒരു ചികിത്സാ പദ്ധതിയാണ് ഇവർ തയ്യാറാക്കുക.
ആരോഗ്യം സങ്കീർണ്ണമാകുമ്പോൾ
വാർദ്ധക്യത്തിലെത്തിയ ഒരാളുടെ ആരോഗ്യം കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമായി തോന്നിത്തുടങ്ങുമ്പോൾ, ഒരു ജെറിയാട്രീഷന്റെ സേവനം തേടണം.
വാർദ്ധക്യത്തിൽ പലർക്കും ഒരേസമയം ഒന്നിലധികം രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന്, പ്രമേഹം, ഹൃദ്രോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ, വൃക്കരോഗം, അസ്ഥിക്ഷയം, സന്ധിവേദന എന്നിവയെല്ലാം ഒരേസമയം അനുഭവപ്പെട്ടേക്കാം. ‘മൾട്ടിമോർബിഡിറ്റി’ (Multimorbidity) എന്ന് വിശേഷിപ്പിക്കുന്ന ഈ അവസ്ഥയിൽ അതീവ ജാഗ്രതയോടെയുള്ള ഒരു ബാലൻസിംഗ് ആവശ്യമാണ്.
കാരണം, ഒരു രോഗത്തിനായി നൽകുന്ന മരുന്ന് മറ്റൊരു രോഗത്തെ വഷളാക്കിയേക്കാം. ഉദാഹരണത്തിന്, പ്രമേഹം കുറയ്ക്കാൻ കഠിനമായി ശ്രമിച്ചാൽ അത് പെട്ടെന്ന് തളർച്ചയുണ്ടാക്കാനും വീഴ്ച്ചയ്ക്കും കാരണമായേക്കാം.
രക്തസമ്മർദ്ദം (BP) കുറയ്ക്കാൻ ചികിത്സ നൽകുമ്പോൾ അത് തലകറക്കത്തിന് വഴിവെച്ചേക്കാം.
ലാബ് റിപ്പോർട്ടുകളിലെ കണക്കുകൾ മാത്രം ശരിയാക്കുക എന്നതല്ല ജെറിയാട്രീഷന്റെ ലക്ഷ്യം. മറിച്ച്, ആരോഗ്യപരമായി, ആ വ്യക്തിക്ക് ദൈനംദിന കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യാൻ സാധിക്കുന്ന ജീവിതസാഹചര്യം (Functional Wellbeing) ഉറപ്പാക്കുക എന്നതിനാണ് അവർ മുൻഗണന നൽകുന്നത്.
മരുന്നുകളുടെ എണ്ണം കൂടുമ്പോൾ
നമ്മുടെ വീടുകളിൽ മുതിർന്നവർ ദിവസവും എട്ടോ പത്തോ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ, അതു ശ്രദ്ധിക്കേണ്ട കാര്യമാണ്.
‘പോളിഫാർമസി’ (Polypharmacy) അഥവാ ഒരേസമയം ഒരുപാട് മരുന്നുകൾ കഴിക്കുന്നത് പലപ്പോഴും ദോഷകരമായേക്കാം. ഇത് മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾക്കും (Drug interactions), രോഗിക്ക് ആശയക്കുഴപ്പത്തിനും തളർച്ചയ്ക്കും വൃക്കരോഗങ്ങൾക്കും കാരണമായേക്കാം. 50 വയസ്സിൽ സുരക്ഷിതമായിരുന്ന ഒരു മരുന്നിന്റെ അളവ് 80 വയസ്സിലെത്തുമ്പോൾ ശരീരത്തിന് താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. പ്രായമേറുമ്പോൾ കരളിന്റെയും വൃക്കയുടെയും പ്രവർത്തനക്ഷമത കുറയുന്നതാണ് ഇതിന് കാരണം.
ഒരു ജെറിയാട്രീഷൻ രോഗിയെ പരിശോധിക്കുമ്പോൾ അവർ കഴിക്കുന്ന എല്ലാ മരുന്നുകളും കൃത്യമായി വിലയിരുത്തും. ചിലപ്പോൾ അനാവശ്യമായ ഒരു മരുന്ന് നിർത്തുന്നത് പുതിയൊരു മരുന്ന് നൽകുന്നതിനേക്കാൾ കൂടുതൽ ഗുണം ചെയ്തേക്കാം. ഇത് വയോജനങ്ങളുടെ ചിന്താശേഷിയും ബാലൻസും വിശപ്പും മെച്ചപ്പെടുത്താൻ സഹായിക്കും.
ജെറിയാട്രീഷനെ സംബന്ധിച്ചിടത്തോളം, പുതിയ മരുന്നുകൾ കുറിച്ചു നൽകുന്നതുപോലെ തന്നെ പ്രധാനമാണ് അനാവശ്യമായ മരുന്നുകൾ ഒഴിവാക്കുക (Deprescribing) എന്നതും.
വീഴ്ചകൾ പതിവാകുമ്പോൾ
ഒരു ചെറിയ വീഴ്ച പോലും പ്രായമായ വ്യക്തിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം.
മുതിർന്നവർ വീഴുന്നത് ചെറിയൊരു അബദ്ധമായി മാത്രം കാണരുത്. പേശികളുടെ ബലക്കുറവ്, വൈറ്റമിൻ്റെ കുറവ്, ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നത്, ഞരമ്പുകളുടെ പ്രശ്നങ്ങൾ (Neuropathy), മരുന്നുകളുടെ പാർശ്വഫലങ്ങൾ, കാഴ്ചശക്തി കുറയുന്നത് അല്ലെങ്കിൽ നാഡീസംബന്ധമായ അസുഖങ്ങളുടെ തുടക്കം എന്നിവയുടെയെല്ലാം ലക്ഷണമാകാം ഇത്തരം വീഴ്ചകൾ.
ഒന്നിലധികം തവണ വീഴ്ചകൾ സംഭവിക്കുന്നത് കൂടുതൽ ഗൗരവകരമായ പരിശോധന ആവശ്യമാണെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഒരു ജെറിയാട്രീഷൻ രോഗിയുടെ നടത്തം (Gait), പേശികളുടെ ബലം, പ്രതികരണശേഷി (Reflexes), വീടിനുള്ളിലെ സുരക്ഷ, അവർ ഉപയോഗിക്കുന്ന ചെരുപ്പുകൾ എന്നിവയെല്ലാം കൃത്യമായി വിലയിരുത്തും.
നേരത്തെ ഉണ്ടായ വീഴ്ചയ്ക്ക് ചികിത്സ നൽകുന്നതിനേക്കാൾ പ്രധാനം, ഇനിയൊരു വീഴ്ച കൂടി ഉണ്ടാകാതെ നോക്കുക എന്നതിനാണ്.
ഓർമ്മകൾ മങ്ങിത്തുടങ്ങുമ്പോൾ
കണ്ണട എവിടെയാണ് വെച്ചതെന്ന് മറന്നുപോകുന്നത് സ്വാഭാവികമാണ്.
എന്നാൽ ഫോൺ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് മറന്നുപോകുന്നതും പരിചിതമായ സ്ഥലങ്ങളിൽ വഴിതെറ്റുന്നതും ഒരേ ചോദ്യങ്ങൾ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നതും സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും തികച്ചും സ്വാഭാവികമായി കരുതാനാകില്ല.
മുതിർന്നവരിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾക്ക് പല കാരണങ്ങളുണ്ടാകാം. വിഷാദം (Depression), തൈറോയ്ഡ് പ്രശ്നങ്ങൾ, വൈറ്റമിൻ കുറവ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ, അല്ലെങ്കിൽ ഡിമെൻഷ്യ (Dementia) തുടങ്ങിയ പ്രശ്നങ്ങൾ ഇതിൽ ഉൾപ്പെടാം. കൃത്യസമയത്തുള്ള പരിശോധനയിലൂടെ ശരിയായ ചികിത്സ നൽകാനും പരിചരിക്കുന്നവർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സാധിക്കും.
ഭയം കാരണം പല കുടുംബങ്ങളും ഇത്തരം പരിശോധനകൾ വൈകിപ്പിക്കാറുണ്ട്. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത്, വാസ്തവത്തിൽ പേടി കുറയ്ക്കാൻ സഹായകമാകും. ഓർമ്മക്കുറവിന്റെ ഘട്ടവും കാരണവും നേരത്തെ തിരിച്ചറിയുന്നത് രോഗത്തിന്റെ വേഗത കുറയ്ക്കാനും വരുംകാലത്തിനായി തയ്യാറെടുക്കാനും സഹായിക്കും.
ദൈനംദിന കാര്യങ്ങൾ പ്രയാസകരമാകുമ്പോൾ
ഒരാളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ തിരിച്ചറിയാൻ അവരുടെ ദൈനംദിന പ്രവൃത്തികൾ ശ്രദ്ധിച്ചാൽ മതിയാകും.
ഒരുകാലത്ത് എല്ലാക്കാര്യങ്ങളും തനിയെ ചെയ്തിരുന്ന അമ്മയ്ക്ക് ഇപ്പോൾ കുളിക്കാൻ പ്രയാസം തോന്നുന്നുണ്ടാകാം. അച്ഛന് തനിയെ പുറത്തുപോകാൻ പേടിയുണ്ടാകാം. വസ്ത്രം ധരിക്കാൻ കൂടുതൽ സമയമെടുക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നത് വലിയൊരു ഭാരമായി തോന്നുന്നതും ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാൻ മറന്നുപോകുന്നതും ഇതിന്റെ സൂചനകളാണ്.
ലാബ് റിപ്പോർട്ടുകളിലെ കണക്കുകളെക്കാൾ പ്രാധാന്യമുള്ളതാണ് ഈ മാറ്റങ്ങൾ. ഇതിനെ ‘ഫങ്ഷണൽ ഡിക്ലൈൻ’ (Functional Decline) എന്ന് വിശേഷിപ്പിക്കുന്നു.
ഒരു ജെറിയാട്രീഷൻ രോഗിയുടെ ദൈനംദിന പ്രവൃത്തികൾ, പേശികളുടെ ബലം, ശരീരത്തിന്റെ സന്തുലിതാവസ്ഥ, വീടിനുള്ളിലെ സാഹചര്യം എന്നിവയെല്ലാം സൂക്ഷ്മമായി വിലയിരുത്തും. ഫിസിയോതെറാപ്പി, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കുന്ന ഉപകരണങ്ങൾ എന്നിവയിലൂടെ പ്രായമായവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വീണ്ടെടുക്കാൻ സഹായിക്കും.
ആയുസ്സു നീട്ടിക്കിട്ടുന്നതിനേക്കാൾ, എന്തുകൊണ്ടും അഭികാമ്യം മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന (Self-sufficient) സ്വസ്ഥമായ അവസ്ഥയാണ്.
നിശബ്ദമായി സംഭവിക്കുന്ന മാറ്റങ്ങൾ
മുതിർന്നവരിലെ വിഷാദം (Depression) പലപ്പോഴും പുറമെ നിന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. വ്യത്യസ്തമായ രീതിയിലായിരിക്കും അവർ അത് പ്രകടമാക്കുക.
വിഷാദമെന്നു പറയുമ്പോൾ, എപ്പോഴും സങ്കടപ്പെട്ടിരിക്കുന്ന അവസ്ഥ എന്നല്ല ഉദ്ദേശിക്കുന്നത്. ചിലപ്പോൾ പെട്ടെന്നുള്ള ദേഷ്യം, ഉറക്കക്കുറവ്, ഭക്ഷണത്തോടുള്ള താല്പര്യക്കുറവ്, എപ്പോഴും തളർച്ച, കുടുംബത്തിലെ ഒത്തുചേരലുകളിൽ നിന്ന് മാറിനിൽക്കാനുള്ള പ്രവണത എന്നിവയൊക്കെയാവാം ഇതിന്റെ ലക്ഷണങ്ങൾ. പലപ്പോഴും നമ്മൾ ഇക്കാര്യങ്ങളെ, പ്രായത്തിന്റെ പ്രശ്നങ്ങളാണ് എന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാറുണ്ട്.
വാസ്തവത്തിൽ, അത് പ്രായത്തിന്റേതല്ല.
ഒറ്റപ്പെടൽ, പ്രിയപ്പെട്ടവരുടെ വേർപാട്, വിട്ടുമാറാത്ത വേദന, രോഗങ്ങൾ എന്നിവയെല്ലാം വിഷാദ സാധ്യത വർദ്ധിപ്പിക്കുന്നു. ഒരു ജെറിയാട്രീഷൻ, ശാരീരിക ബുദ്ധിമുട്ടുകൾക്കുപരിയായി അവരുടെ മാനസികാരോഗ്യം കൂടി പരിശോധിക്കുന്നു. കാരണം, മനസ്സിന്റെ ആരോഗ്യം ശാരീരിക ആരോഗ്യത്തെയും രോഗമുക്തിയെയും അത്രകണ്ട് സ്വാധീനിക്കുന്നുണ്ട്.
ആശുപത്രി സന്ദർശനങ്ങൾ പതിവാകുമ്പോൾ
മുതിർന്നവരെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത് പലപ്പോഴും വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ (Specialists) തമ്മിലുള്ള ഏകോപനമില്ലായ്മയോ അമിതമായ മരുന്നുകളോ കൃത്യമായി കണ്ടെത്താത്ത മറ്റ് ആരോഗ്യ പ്രശ്നങ്ങളോ കാരണമാകാം.
ഒരു ജെറിയാട്രീഷൻ എല്ലാ ചികിത്സകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. ഹൃദ്രോഗ വിദഗ്ദ്ധൻ (Cardiologist), വൃക്കരോഗ വിദഗ്ദ്ധൻ (Nephrologist), നാഡീരോഗ വിദഗ്ദ്ധൻ (Neurologist) എന്നിവർ നൽകുന്ന ചികിത്സകളിൽ വൈരുദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തുന്നു. ഇത്തരത്തിൽ എല്ലാ ചികിത്സകളെയും സംയോജിപ്പിക്കുന്നതിലൂടെ അനാവശ്യമായി ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത് ഒഴിവാക്കാനും ആരോഗ്യം സ്ഥായിയായി നിലനിർത്താനും സാധിക്കും.
അസുഖം വന്ന് ആശുപത്രിയിൽ എത്തുന്നതിനേക്കാൾ എത്രയോ ഗുണകരമാണ് അസുഖങ്ങൾ മുൻകൂട്ടി തടയുന്ന ‘പ്രിവന്റീവ് ജെറിയാട്രിക്സ്’ (Preventive Geriatrics).
വാർദ്ധക്യം സജീവമാക്കാം: നേരത്തെ ഒരുങ്ങാം
വാർദ്ധക്യകാലത്തെ അസുഖങ്ങൾ ചികിത്സിക്കാനായി മാത്രമല്ല ഒരു ജെറിയാട്രീഷ്യന്റെ സേവനം തേടേണ്ടത്. ആരോഗ്യത്തോടെ മുന്നോട്ട് പോകാൻ നേരത്തെയുള്ള മുൻകരുതലുകൾ എടുക്കുന്നതാണ് ബുദ്ധി.
ജെറിയാട്രീഷ്യനെ നേരത്തെ കാണുന്നത് താഴെ പറയുന്ന കാര്യങ്ങൾക്ക് സഹായകമാകും:
- എല്ലുകളുടെ സാന്ദ്രത പരിശോധിക്കാനും ഒടിവുകൾ ഒഴിവാക്കാനും
- പ്രായമാകുമ്പോൾ ബാലൻസ് തെറ്റി വീഴാതിരിക്കാനുള്ള വഴികൾ കണ്ടെത്താം
- കാലാനുസൃതമായ വാക്സിനുകൾ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാം
- ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം
- അമിതമായ ക്ഷീണം, നടത്തത്തിലെ വേഗക്കുറവ്, ഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി പരിഹരിക്കാം
- ആരോഗ്യകാര്യങ്ങളിൽ മുൻകൂട്ടി തീരുമാനങ്ങൾ എടുക്കാൻ ഇത് സഹായിക്കും
ജെറിയാട്രിക് പരിശോധനയുടെ പിന്നിലെ ശാസ്ത്രം
കൃത്യമായി ആസൂത്രണം ചെയ്തു കൊണ്ടുള്ള ജെറിയാട്രിക് പരിശോധനകൾ (Comprehensive Geriatric Assessment – CGA) വയോജനങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഒരു സാധാരണ പരിശോധനയ്ക്കപ്പുറം, വ്യക്തിയുടെ ശാരീരികാവസ്ഥ, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തി, മാനസികാരോഗ്യം, കുടുംബത്തിൽ നിന്നുള്ള പിന്തുണ, വീടിനുള്ളിലെ സുരക്ഷ എന്നിവയെല്ലാം ചേർത്തുള്ള സമഗ്രമായ വിലയിരുത്തലാണ്.
ഇത്തരത്തിലുള്ള ഒരു സമീപനം വഴി:
- ഇടയ്ക്കിടെ ആശുപത്രിയിൽ പോകുന്നത് കുറയ്ക്കാൻ സാധിക്കുന്നു
- മരുന്നുകൾ കൂടുതൽ സുരക്ഷിതമായി ഉപയോഗിക്കാൻ സഹായിക്കുന്നു
- ഓർമ്മശക്തിയും ചിന്താശേഷിയും മെച്ചപ്പെടുന്നു
- ജീവിതനിലവാരം വർദ്ധിക്കുന്നു
മുതിർന്നവരുടെ ശരീരം ഏറെ സങ്കീർണ്ണമാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിചരണവും മികച്ചതാകണം.
പരിചരിക്കുന്നവർക്ക് വേണ്ട പിന്തുണ നൽകാം
പലപ്പോഴും, മുതിർന്നവരെ പരിചരിക്കുന്നവരാണ് മാനസികമായി ആദ്യം തളർന്നുപോകുന്നത്.
മരുന്നുകൾ നൽകുക, ഡോക്ടറെ കാണാൻ കൊണ്ടുപോകുക, ഭക്ഷണക്രമം ശ്രദ്ധിക്കുക, അവരുടെ നടത്തത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ കൈകാര്യം ചെയ്യുക എന്നിവയെല്ലാം ഏറെ പരിശ്രമവും ക്ഷമയും വേണ്ട കാര്യങ്ങളാണ്. ജെറിയാട്രിക് കൺസൾട്ടേഷനുകളിൽ അവരെ പരിചരിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉൾപ്പെടുന്നു.
പരിചരിക്കുന്നവർക്ക് ശരിയായ പിന്തുണ ലഭിക്കുമ്പോൾ, രോഗിയുടെ ആരോഗ്യത്തിലും അതു പ്രതിഫലിക്കും.
പ്രായം മാനദണ്ഡമാക്കണ്ട
ജെറിയാട്രിക് കെയർ അഥവാ വാർദ്ധക്യകാല പരിചരണം തുടങ്ങാൻ കൃത്യമായൊരു പ്രായമില്ല. 70 വയസ്സിലും വളരെ ആരോഗ്യത്തോടെയും പരസഹായമില്ലാതെയും കഴിയുന്നവരുണ്ട്; എന്നാൽ 60 വയസ്സിൽ തന്നെ ശാരീരികമായ തളർച്ചകൾ അനുഭവിക്കുന്നവരുമുണ്ടാകാം. അതുകൊണ്ട് പ്രായത്തേക്കാൾ ഉപരി, ഒരാളുടെ ആരോഗ്യസ്ഥിതിയും ശാരീരികമായ ബുദ്ധിമുട്ടുകളും നോക്കിയാണ് ഇത്തരം ചികിത്സകൾ തീരുമാനിക്കേണ്ടത്.
രോഗങ്ങൾ സങ്കീർണ്ണമാകുകയും കഴിക്കുന്ന മരുന്നുകളുടെ എണ്ണം കൂടുകയും ചെയ്യുമ്പോൾ.
ഓർമ്മക്കുറവ് കണ്ടുതുടങ്ങുമ്പോൾ.
ബാലൻസ് തെറ്റി വീഴാൻ സാധ്യതയുണ്ടെന്ന് തോന്നുമ്പോഴോ അല്ലെങ്കിൽ വീഴ്ചകൾ സംഭവിക്കുമ്പോഴോ.
സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രയാസം നേരിടുമ്പോൾ.
ഈ അവസ്ഥകളുടെ തുടക്കത്തിൽത്തന്നെ ഒരു ജെറിയാട്രീഷനെ കാണുന്നത് ഏറെ ഗുണം ചെയ്യും.
പ്രശ്നങ്ങൾ വന്നതിനുശേഷം ചികിത്സ തേടുന്നതിനേക്കാൾ നല്ലത്, ആരോഗ്യത്തോടെ വാർദ്ധക്യം പിന്നിടാൻ മുൻകൂട്ടി തയ്യാറെടുക്കുന്നതാണ്.
വാർദ്ധക്യകാലം വലിയൊരനുഭവമാണ്. ആ കാലഘട്ടം സന്തോഷകരമാകാൻ സ്നേഹവും കരുതലും കൃത്യമായ ധാരണയും ആവശ്യമാണ്. കാരണം,
നമുക്കു നടക്കാൻ പാതയൊരുക്കി, നമുക്കു മുൻപേ നടന്നവർക്ക് ജീവിതത്തിൻ്റെ അസ്തമയം ആസ്വദിക്കാൻ എല്ലാ അവകാശവുമുണ്ട്. അതു മനോഹരമായി ഒരുക്കി നൽകുക എന്ന കടമ നമുക്കും.




