രതി വേദനയ്ക്ക് വഴിമാറുമ്പോൾ : ലൈംഗികബന്ധത്തിന് ശേഷമുള്ള നോവിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ആദ്യാവസാനം അടിമുടി ആനന്ദം പകരുന്ന അനുഭൂതിയാണ് പ്രണയം നിറഞ്ഞ രതി പങ്കാളികൾക്ക് സമ്മാനിക്കുക. എങ്കിലും, പല സ്ത്രീകളിലും ലൈംഗിക ബന്ധത്തിന് ശേഷം ദിവസങ്ങൾ കഴിയുമ്പോൾ യോനീമുഖത്തും അതിനടുത്തും ചെറിയ വേദന, നിറവ്യത്യാസം, നേരിയ വീക്കം എന്നിവ ഉണ്ടാകാറുണ്ട്. ഇതിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്നും ആശങ്ക തോന്നാം.
ലൂബ്രിക്കേഷന്റെ കുറവോ തുടർച്ചയായ ഉരസലോ മൂലം ചെറിയ ചതവുകൾ ഇടയ്ക്ക് ഉണ്ടാകാമെങ്കിലും, നിരന്തരമായ, വേദനാജനകമായ ചതവുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനു പിന്നിൽ, വൈദ്യസഹായം ആവശ്യമായ കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട കാരണങ്ങളും ശാസ്ത്രീയ വശങ്ങളും പരിഹാരങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.
എന്താണ് യോനിയിലെ ചതവ്?
ചർമ്മത്തിനടിയിലുള്ള ചെറിയ രക്തക്കുഴലുകൾ പൊട്ടിപ്പോകുമ്പോൾ ഉണ്ടാകുന്നതാണ് ചതവ് (Bruise/Contusion). ഇത് ആ ഭാഗത്ത് രക്തം കട്ടപിടിക്കാനും നിറവ്യത്യാസത്തിനും കാരണമാകുന്നു.
നേർത്ത ചർമ്മവും രക്തക്കുഴലുകൾ ധാരാളമുള്ളതുമായ ജനനേന്ദ്രിയ ഭാഗത്ത്, ചെറിയ ഉരസലോ സമ്മർദ്ദമോ പോലും ചതവിനോ വേദനയ്ക്കോ കാരണമായേക്കാം.
പ്രകടമാകാൻ സാദ്ധ്യതയുള്ള ചതവുകൾ:
- യോനീദ്വാരത്തിന് ചുറ്റും അല്ലെങ്കിൽ ലേബിയയിൽ ദ്രളങ്ങളിൽ)
- യോനിയുടെ ഉൾവശത്തെ ഭിത്തിയിൽ (പരിശോധനയിൽ മാത്രം കണ്ടെത്താൻ കഴിയുന്നത്)
- ദിവസങ്ങൾ കൊണ്ട് മങ്ങിപ്പോകുന്ന വയലറ്റ്, നീല, അല്ലെങ്കിൽ ചുവപ്പ് കലർന്ന പാടുകൾ
ലൈംഗിക ബന്ധത്തിന് ശേഷം യോനിയിൽ ചതവുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ
യോനിയിൽ ചതവുണ്ടാക്കുന്ന അവസ്ഥകൾ പലപ്പോഴും സാധാരണമാണെങ്കിലും ചില ഘട്ടങ്ങളിൽ ശ്രദ്ധ നൽകേണ്ടവയായിരിക്കും. പ്രധാനമായും കണ്ടുവരുന്ന കാരണങ്ങൾ താഴെ നൽകുന്നു:
1. ഘർഷണവും വരൾച്ചയും
മതിയായ ലൂബ്രിക്കേഷൻ (വഴുവഴുപ്പ്) ഇല്ലാതെ ബന്ധപ്പെടുന്നത് ചെറിയ പോറലുകൾക്കും ചതവിനും വഴിവെയ്ക്കും.
ഇതിനുള്ള കാരണങ്ങൾ:
- പൂർണ്ണമായ ഉത്തേജനമില്ലായ്മ.
- ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് (പ്രസവശേഷം, ആർത്തവവിരാമത്തിന് ശേഷം, ഗർഭനിരോധന ഗുളികകളുടെ ഉപയോഗം എന്നീ കാരണങ്ങളാൽ).
- ആന്റിഹിസ്റ്റമിനുകൾ, വിഷാദരോഗത്തിനുള്ള മരുന്നുകൾ പോലുള്ള ചില ഔഷധങ്ങൾ.
2. ദൈർഘ്യമേറിയതോ സൗമ്യമല്ലാത്തതോ ആയ ബന്ധം
കൂടുതൽ സമയമെടുത്തുള്ള സെഷനുകൾ, പരിചിതമല്ലാത്ത തരം പൊസിഷനുകൾ, അല്ലെങ്കിൽ ബലം പ്രയോഗിച്ചുള്ള ബന്ധപ്പെടൽ എന്നിവ അതിലോലമായ കോശങ്ങൾ അമിതമായി വലിയാനിടയാക്കുകയും അത്, ചെറിയ ആന്തരിക ക്ഷതങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
3. അണുബാധകൾ, വീക്കം
വജൈനൈറ്റിസ്, യീസ്റ്റ് അണുബാധ, ബാക്ടീരിയൽ വജൈനോസിസ് പോലുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ കോശങ്ങൾ കൂടുതൽ ദുർബലമാവുകയും പെട്ടെന്ന് പരിക്കേൽക്കാൻ സാധ്യതയേറുകയും ചെയ്യുന്നു. ഈ സമയത്തെ ലൈംഗികബന്ധം യോനിയിൽ ചതവിന് കാരണമാകാം.
4. അലർജി അല്ലെങ്കിൽ അസ്വസ്ഥത
ലാറ്റക്സ് കോണ്ടം, സ്പെർമിസൈഡുകൾ, അല്ലെങ്കിൽ സുഗന്ധമുള്ള ലൂബ്രിക്കന്റുകൾ എന്നിവ യോനിയിലെ ശ്ലേഷ്മ സ്തരത്തെ (mucosa) പ്രകോപിപ്പിക്കുകയും ചതവ് പോലെ തോന്നിക്കുന്ന വീക്കത്തിനു കാരണമാവുകയും ചെയ്യാം.
5. ഹോർമോൺ സംബന്ധമായ ഘടകങ്ങൾ
ഈസ്ട്രജൻ്റെ അളവ് കുറയുമ്പോൾ യോനിയിലെ ഭിത്തികൾക്ക് കട്ടി കുറയുകയും ചെറിയ രക്തക്കുഴലുകൾ എളുപ്പത്തിൽ പൊട്ടാൻ സാധ്യത കൂടുകയും ചെയ്യുന്നു.
6. രക്തം കട്ടപിടിക്കുന്നതിലെ പ്രശ്നങ്ങൾ
രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ (Anticoagulants) കഴിക്കുന്നവർ, വിറ്റാമിൻ കെ കുറവുള്ളവർ, അല്ലെങ്കിൽ ചില രക്ത വൈകല്യങ്ങൾ ഉള്ളവർക്ക് നേരിയ ഉരസലിലൂടെ പോലും എളുപ്പത്തിൽ ചതവുകൾ ഉണ്ടാകാം.
7. അപൂർവമെങ്കിലും ഗൗരവമേറിയ കാരണങ്ങൾ
- ശാരീരികാഘാതം വഴിയോ ലൈംഗികാതിക്രമം വഴിയോ ഉണ്ടാകുന്ന പെൽവിക് പരിക്ക്.
- യോനീഭിത്തിക്ക് സമീപമുള്ള സിസ്റ്റുകളോ അല്ലെങ്കിൽ രക്തക്കുഴൽ തകരാറുകളോ (Vascular Malformations).
- ബന്ധപ്പെട്ട ശേഷം വേദനയും നേരിയ രക്തസ്രാവവും ഉണ്ടാക്കുന്ന എൻഡോമെട്രിയോസിസ് അല്ലെങ്കിൽ വൾവോഡൈനിയ.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മാറുന്ന നേരിയ വേദന സാധാരണയായി ദോഷകരമല്ല. എങ്കിലും, താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യപരിശോധന അനിവാര്യമാണ്:
- വേദന കുറയാതെ കൂടിക്കൊണ്ടേയിരിക്കുക.
- വീക്കം, ചൂട്, അല്ലെങ്കിൽ പഴുപ്പ് പോലുള്ള സ്രവം.
- ആർത്തവവുമായി ബന്ധമില്ലാത്ത രക്തസ്രാവം.
- ദുർഗന്ധമോ ചൊറിച്ചിലോ.
- പനിയോ അടിവയറ്റിലെ അസ്വസ്ഥതകളോ.
- ഓരോ തവണ ലൈംഗിക ബന്ധത്തിന് ശേഷവും ചതവുകൾ ആവർത്തിക്കുന്നത്.
ഗൈനക്കോളജി സംബന്ധമായ പരിശോധനയിലൂടെ അണുബാധകൾ, ഹോർമോൺ പ്രശ്നങ്ങൾ, അല്ലെങ്കിൽ മറ്റ് ക്ഷതങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പാക്കാൻ സാധിക്കും.
ഡോക്ടർ നിർദ്ദേശിച്ചേക്കാവുന്ന ചില പരിശോധനകൾ:
- പെൽവിക് പരിശോധനയും സ്വാബ് ടെസ്റ്റുകളും.
- പാപ് സ്മിയർ (ആവശ്യമെങ്കിൽ).
- രക്തം കട്ടപിടിക്കുന്ന രീതിയും, ഹോർമോൺ തോതും അറിയാനുള്ള രക്തപരിശോധന.
- ആഴത്തിലുള്ള ക്ഷതം സംശയിക്കുന്നുവെങ്കിൽ പെൽവിക് അൾട്രാസൗണ്ട്.
ചികിത്സയും പരിചരണവും
1. വിശ്രമവും പരിചരണവും
- പൂർണ്ണമായി സുഖപ്പെടുന്നത് വരെ ബന്ധപ്പെടുന്നത് ഒഴിവാക്കുക.
- വേദനയോ വീക്കമോ ഉണ്ടെങ്കിൽ ഐസ് വെയ്ക്കുക (cool compresses).
- ആ ഭാഗം വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുക; വീര്യം കൂടിയ സോപ്പുകൾ ഒഴിവാക്കുക.
2. വരൾച്ച നിയന്ത്രിക്കുക
- വാട്ടർ ബേസ്ഡ് ലൂബ്രിക്കന്റുകൾ ഉപയോഗിക്കുക; സുഗന്ധമുള്ളതോ എണ്ണ അടങ്ങിയതോ ആയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക.
- ഹോർമോൺ ക്രീമുകളോ മോയ്സ്ചറൈസറുകളോ ആവശ്യമുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിക്കുക.
3. അടിസ്ഥാന കാരണങ്ങൾ ചികിത്സിക്കുക
- അണുബാധകൾക്ക് ആൻ്റിഫംഗൽ അല്ലെങ്കിൽ ആൻ്റിബയോട്ടിക് ചികിത്സ.
- ആർത്തവവിരാമത്തിന് ശേഷമുള്ള വരൾച്ചക്ക് ഈസ്ട്രജൻ തെറാപ്പി.
- ആൻ്റികൊയാഗുലന്റുകളോ ഹോർമോൺ ഗുളികകളോ കഴിക്കുന്നുണ്ടെങ്കിൽ മരുന്നുകളിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് വിദഗ്ധാഭിപ്രായം തേടുക.
4. ആശയവിനിമയത്തിനും സൗകര്യത്തിനും പ്രാധാന്യം നൽകുക
- രതിപൂർവ്വകേളികൾക്ക് (foreplay) സമയം എടുക്കുകയും മതിയായ ഉത്തേജനം ഉറപ്പാക്കുകയും ചെയ്യുക.
- വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർത്തുക — ശരീരത്തിന്റെ അസ്വസ്ഥത ഒരു സൂചനയാണ്.
- സങ്കീർണ്ണമല്ലാത്ത പൊസിഷനുകളും മികച്ച ലൂബ്രിക്കേഷനും പരീക്ഷിക്കുക.
ചതവ് തടയാൻ കഴിയുമോ?
തീർച്ചയായും — അവബോധത്തിലൂടെയും സ്വയം പരിചരണത്തിലൂടെയും ഇത് സാധ്യമാണ്:
- ജലാംശം, ശുചിത്വം, സമീകൃതാഹാരം എന്നിവ ഉറപ്പാക്കി യോനിയുടെ ആരോഗ്യം നിലനിർത്തുക.
- മാനസിക പിരിമുറുക്കം നിയന്ത്രിക്കുക — കോർട്ടിസോളിന്റെ വ്യതിയാനം ലൈംഗിക പ്രതികരണത്തെ ബാധിക്കും.
- വർഷത്തിലൊരിക്കൽ ഗൈനക്കോളജി പരിശോധന ഉറപ്പാക്കുക.
- കോശങ്ങളെ ദുർബലപ്പെടുത്തുന്ന അണുബാധകൾ തടയാൻ സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
വൈകാരിക വശം മനസ്സിലാക്കുക
ലൈംഗിക ബന്ധത്തിന് ശേഷമുള്ള വേദന ഉത്കണ്ഠ, കുറ്റബോധം, അല്ലെങ്കിൽ ഭയം എന്നിവ സൃഷ്ടിച്ചേക്കാം.
ഓർക്കുക — ചതവുണ്ടാകുന്നത് ബലഹീനതയെ സൂചിപ്പിക്കുന്നില്ല; ഇത് ശ്രദ്ധ ആവശ്യമുള്ള ഒരു ശാരീരിക പ്രതികരണമാണ്, അല്ലാതെ സങ്കോചം തോന്നേണ്ട കാര്യമല്ല.
പങ്കാളിയുമായും ഡോക്ടറുമായും തുറന്ന് സംസാരിക്കുന്നതിലൂടെ ആശ്വാസവും വിശ്വാസവും നേടാനാകും.
ശരീരം പറയുന്നത് ശ്രദ്ധിക്കുക, അതിൻ്റെ സൂചനകളെ മാനിക്കുക
ലൈംഗിക ബന്ധത്തിന് ശേഷം യോനി ഭാഗത്ത് ഉണ്ടാകുന്ന ചതവ് അവഗണിക്കേണ്ട കാര്യമല്ല.
ശരിയായ വൈദ്യസഹായം, സൗമ്യമായ പരിചരണം, ബന്ധത്തിലെ ഇഴയടുപ്പം- ഇതെല്ലാം സുഖം പ്രാപിക്കാനും അസ്വസ്ഥതകൾ ആവർത്തിക്കാതിരിക്കാനും ആശ്വാസം കണ്ടെത്താനും സഹായിക്കുന്ന ഘടകങ്ങളാണ്.
Scientific & Medical References
- Hill DA et al. Vaginal Health and Atrophy in Women Across the Life Span. Obstetrics & Gynecology. 2019;134(4):700–710.
- Reed BD et al. Vulvovaginal Health: Clinical Evaluation and Management. American Family Physician. 2019;99(9):583–593.
- American College of Obstetricians and Gynecologists (ACOG). Painful Intercourse (Dyspareunia). Practice Bulletin 2024.




