ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

ഹോർമോണുകൾ കാഴ്ചയെ മറയ്ക്കുമ്പോൾ: സ്ത്രീകളുടെ ആർത്തവ ചക്രവും നേത്രരോഗങ്ങളും തമ്മിലുള്ള ബന്ധം

സ്ത്രീകളുടെ ചർമ്മത്തെയും  ഊർജ്ജ നിലയെയും പെരുമാറ്റരീതിയെയും സ്വാധീനിക്കാൻ ഹോർമോണുകൾക്ക് കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഹോർമോൺ വ്യതിയാനങ്ങൾ കണ്ണുകളെയും ബാധിക്കും എന്നത് പലർക്കും പുതിയ അറിവായിരിക്കും.

സ്ത്രീകളുടെ ആർത്തവ ചക്രം, ഗർഭധാരണം, അല്ലെങ്കിൽ ആർത്തവവിരാമം എന്നീ ഘട്ടങ്ങളിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകൾ സൃഷ്ടിക്കുന്ന ഏറ്റക്കുറച്ചിലുകൾ കണ്ണുകളുടെ അവസ്ഥയേയും കാഴ്ചയുടെ വ്യക്തതയേയും  സൂക്ഷ്മമായി മാറ്റിയേക്കാം.

കണ്ണിലെ വരൾച്ച, കാഴ്ച മങ്ങൽ, താൽക്കാലികമായ കാഴ്ചാ വ്യതിയാനങ്ങൾ എന്നിവയെല്ലാം സ്ത്രീകളുടെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു —  സ്ത്രീകളുടെ ആരോഗ്യത്തിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യമാണിത്. ഡോക്ടർമാർ സസൂക്ഷ്മം പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം.

ഈസ്ട്രജനും പ്രൊജസ്റ്ററോണും കാഴ്ചയെ എങ്ങനെ മാറ്റുന്നു?

1. ആർത്തവ ചക്രവും കാഴ്ചയും

ആർത്തവ ചക്രത്തിൽ ഹോർമോൺ നില ഉയരുകയും താഴുകയും ചെയ്യുന്നത് കണ്ണുകളെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്ന കണ്ണുനീർ പാളിയെ ബാധിക്കുന്നു.

  • ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ (അണ്ഡോത്പാദനം): ഈസ്ട്രജന്റെ അളവ് കൂടുന്നത് കണ്ണുനീർ വേഗത്തിൽ ബാഷ്പീകരിച്ച് പോകാൻ കാരണമാവുകയും തന്മൂലം താൽക്കാലികമായി കണ്ണിൽ വരൾച്ച, അസ്വസ്ഥത, അല്ലെങ്കിൽ പ്രകാശത്തോടുള്ള സംവേദനക്ഷമത എന്നിവ ഉണ്ടാക്കുകയും ചെയ്യാം.
  • ല്യൂട്ടിയൽ ഘട്ടം (Luteal Phase): പ്രൊജസ്റ്ററോൺ കോർണിയയുടെ (കണ്ണിന്റെ മുൻഭാഗത്തെ സുതാര്യമായ പാളി) വക്രതയിൽ നേരിയ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഇത് കാരണം കോൺടാക്റ്റ് ലെൻസുകൾ കൂടുതൽ മുറുകുന്നതായോ അല്ലെങ്കിൽ കണ്ണടകൾ ഉപയോഗിക്കുമ്പോൾ ചെറിയ വ്യത്യാസങ്ങൾ ഉള്ളതായോ അനുഭവപ്പെടാം.

ഈ മാറ്റങ്ങൾ താൽക്കാലികമാണെങ്കിലും യഥാർത്ഥത്തിൽ അനുഭവവേദ്യമാകുന്നതു തന്നെയാണ്.. ഹോർമോണുകളുടെ ചെറിയ മാറ്റങ്ങൾ പോലും കണ്ണിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വ്യതിചലിപ്പിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു.

2. ഗർഭധാരണം: കാഴ്ചയിലെ മാറ്റങ്ങൾ

ഗർഭകാലത്ത് ഹോർമോണുകളുടെ  തോത് വലിയ രീതിയിൽ വർദ്ധിക്കുന്നു. ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് കോർണിയ കൂടുതൽ കട്ടിയുള്ളതും വളഞ്ഞതുമായി മാറാൻ ഇടയാക്കുകയും, ഇത് ചെറിയ രീതിയിൽ, എന്നാൽ പരിഹരിക്കാൻ കഴിയുന്നതുമായ തരത്തിൽ കാഴ്ച മങ്ങലിന് കാരണമാവുകയും ചെയ്യാം.

  • ഈസ്ട്രജനും പ്രൊജസ്റ്ററോണും കണ്ണുനീർ ഉൽപാദനം കുറയ്ക്കുന്നതിലൂടെ കണ്ണിൽ വരൾച്ചയോ, പരുപരുത്ത അനുഭവമോ ഉണ്ടാക്കാം.
  • ചില സ്ത്രീകൾക്ക് രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള മാറ്റങ്ങൾ കാരണം ഗർഭകാലത്ത് കാഴ്ചാ മാറ്റങ്ങൾ അനുഭവപ്പെടാറുണ്ട്.

പ്രസവശേഷം കാഴ്ച സാധാരണ നിലയിലേക്ക് മടങ്ങുന്നതിനാൽ, ഗർഭകാലത്ത് പുതിയ കണ്ണടകൾ വാങ്ങുന്നതും LASIK പോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയമാകുന്നതും ഒഴിവാക്കാൻ സാധാരണയായി ഡോക്ടർമാർ പറയാറുണ്ട് .

3. ആർത്തവവിരാമം: വരൾച്ച സ്ഥിരമാകുന്നു

ആർത്തവവിരാമത്തിനുശേഷം ഈസ്ട്രജന്റെ അളവ് കുറയുന്നത് കണ്ണുനീരിന്റെ അളവും കുറയ്ക്കുന്നു. ഇതിന്റെ ഫലമായി കണ്ണിൽ സ്ഥായിയായ വരൾച്ച, കൺപോളകളിൽ ചുവപ്പ്, കണ്ണുകളിൽ എരിച്ചിൽ എന്നിവ കണ്ടുവരുന്നു. ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്നതും എന്നാൽ കൃത്യമായി രോഗനിർണയം നടത്താത്തതുമായ ഒരവസ്ഥയാണിത്.

  • ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT) ചിലപ്പോൾ ലക്ഷണങ്ങൾ കുറയ്ക്കുകയോ അല്ലെങ്കിൽ ഹോർമോൺ ഫോർമുലേഷൻ അനുസരിച്ച് ലക്ഷണങ്ങൾ വഷളാക്കുകയോ ചെയ്യാം.
  • ഗർഭനിരോധന ഗുളികകൾ കഴിക്കുകയാ ഹോർമോൺ റീപ്ലേസ്മെൻ്റ് തെറാപ്പിക്ക്  വിധേയമാകുകയോ ചെയ്യുന്ന സ്ത്രീകൾക്ക് കണ്ണിന്റെ ഈർപ്പം നിലനിർത്താൻ പ്രത്യേകം തയ്യാറാക്കിയ കൃത്രിമ കണ്ണുനീർ (artificial tear) അല്ലെങ്കിൽ ഒമേഗ-3 സപ്ളിമെൻ്റുകൾ ആവശ്യമായി വന്നേക്കാം.

ഹോർമോണുകളുമായി ബന്ധപ്പെട്ട മറ്റ് നേത്രരോഗങ്ങൾ

കണ്ണിലെ വരൾച്ച കൂടാതെ, ഹോർമോൺ വ്യതിയാനങ്ങൾ മറ്റ് ചില നേത്രരോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു:

  • കാഴ്ചാ മാറ്റങ്ങളോടു കൂടിയ മൈഗ്രേൻ : ഹോർമോൺ വ്യതിയാനങ്ങളാൽ ഉണ്ടാകുന്ന മൈഗ്രേൻ, പ്രത്യേകിച്ച് ആർത്തവ സമയങ്ങളിൽ, കാഴ്ചയെ വികലമാക്കുകയോ സിഗ്-സാഗ് രൂപത്തിലുള്ള പ്രകാശരേഖകൾ കാണുകയോ ചെയ്യാൻ ഇടയാക്കും.
  • ഗ്ലോക്കോമ സാധ്യത: ഈസ്ട്രജന് കണ്ണിന്റെ ഒപ്റ്റിക് നാഡിയുടെ ആരോഗ്യത്തിൽ  പങ്ക് ഉണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ആർത്തവവിരാമത്തിനു ശേഷം ഈസ്ട്രജൻ കുറയുന്നത് ഗ്ലോക്കോമ (Glaucoma – കണ്ണിന്റെ പ്രഷർ)  നേരിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
  • ഓട്ടോഇമ്മ്യൂൺ പ്രശ്നങ്ങൾ: ഷോഗ്രിൻസ് സിൻഡ്രോം പോലുള്ള അവസ്ഥകളും തൈറോയ്ഡ് നേത്രരോഗവും സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത്. ഹോർമോണുകളാൽ സ്വാധീനിക്കപ്പെടുന്ന പ്രതിരോധശേഷിയിലെ മാറ്റങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.

ശാസ്ത്രം വെളിപ്പെടുത്തുന്നത് 

  • അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജിയും ഹാർവാർഡ് ഹെൽത്തും നടത്തിയ ഗവേഷണങ്ങൾ സ്ഥിരീകരിക്കുന്നത്, കോർണിയൽ (Corneal), കൺജങ്റ്റൈവൽ (Conjunctival) കോശങ്ങളിൽ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ റിസപ്റ്ററുകൾ നിലവിലുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഈ ഹോർമോൺ വ്യതിയാനങ്ങൾക്ക് പ്രാധാന്യമുണ്ട്.
  • ജേണൽ ഓഫ് ഒഫ്താൽമോളജിയിലെ പഠനങ്ങൾ പ്രകാരം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക്, ഹോർമോൺ വ്യതിയാനങ്ങൾ കാരണം കണ്ണിലെ വരൾച്ചാ രോഗം വരാൻ രണ്ടോ മൂന്നോ ഇരട്ടി സാധ്യത കൂടുതലാണ് എന്നാണ്.
  • ഫ്രോണ്ടിയേഴ്സ് ഇൻ മെഡിസിൻ മാസികയിൽ 2022 ൽ  പ്രസിദ്ധീകരിച്ച  അവലോകനത്തിൽ, HRT (ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി) കണ്ണുനീർ ഉത്പാദനത്തെ നിയന്ത്രിക്കാൻ സാധ്യതയുണ്ടെന്ന് എടുത്തു പറയുന്നു. ഇത് ചികിത്സാ സാധ്യതയും ഒപ്പം ചില അപകടസാധ്യതകളും സൂചിപ്പിക്കുന്നു.

ഹോർമോൺ വ്യതിയാന ഘട്ടങ്ങളിൽ കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?

ശരീരത്തിലെ ഹോർമോൺ മാറ്റങ്ങൾക്കിടയിൽ കണ്ണുകൾക്ക് സംരക്ഷണം നൽകാൻ ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കുക:

1.ആന്തരികമായി ഈർപ്പം നിലനിർത്തുക:

1.ധാരാളം വെള്ളം കുടിക്കുക.കണ്ണുനീർ ഉത്പാദനത്തെ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം (ചണവിത്ത്, വാൾനട്ട്, മത്സ്യം) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

2.20-20-20 നിയമം:

1.ഓരോ 20 മിനിറ്റ് സ്ക്രീൻ ഉപയോഗിക്കുമ്പോഴും, 20 അടി അകലെയുള്ള ഒരിടത്തേക്ക് 20 സെക്കൻഡ് നേരം നോക്കുക. ഇത് കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കും.

3.നേരത്തെ ലൂബ്രിക്കേഷൻ നൽകുക:

1.ആർത്തവത്തിന് മുൻപോ ആ സമയത്തോ വരൾച്ച വർദ്ധിക്കുകയാണെങ്കിൽ പ്രിസർവേറ്റീവ് ഇല്ലാത്ത കൃത്രിമ കണ്ണുനീർ ഉപയോഗിക്കുക.

4.പ്രധാന ഘട്ടങ്ങളിൽ നേത്രപരിശോധനകൾ നടത്തുക:

1.ഗർഭനിരോധന ഗുളികകളോ HRT-യോ തുടങ്ങുന്നതിന് മുമ്പ്.

2.ഗർഭകാലത്ത് (പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമോ പ്രമേഹമോ ഉണ്ടെങ്കിൽ).

3.ആർത്തവവിരാമ സമയത്ത് (ഈ സമയത്ത് സ്ഥിരമായ വരൾച്ചയും ഗ്ലോക്കോമ സാധ്യതയും വർദ്ധിക്കുന്നു).

5.സൂക്ഷ്മമായ മാറ്റങ്ങളെ അവഗണിക്കരുത്:

1.രാവിലെ കാഴ്ചയ്ക്ക്  മങ്ങൽ അനുഭവപ്പെടുക, കോൺടാക്റ്റ് ലെൻസുകൾ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത, അല്ലെങ്കിൽ കണ്ണിൽ തുടർച്ചയായി കാണുന്ന ചുവപ്പ് നിറം എന്നിവയെല്ലാം ഹോർമോൺ സംബന്ധമായ സൂചനകളാകാം.

ഡോക്ടറെ എപ്പോൾ കാണണം?

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒരു നേത്രരോഗ വിദഗ്ദ്ധനെ (Ophthalmologist) ഉടൻ സമീപിക്കുക:

  • സ്ഥിരമായ കാഴ്ച മങ്ങൽ (blurred vision) അല്ലെങ്കിൽ ഇരട്ട കാഴ്ച (double vision).
  • ഐ ഡ്രോപ്പുകൾ ഉപയോഗിച്ചിട്ടും ശമനമില്ലാത്ത കണ്ണുവേദന, ചുവപ്പ്, അല്ലെങ്കിൽ എരിച്ചിൽ.
  • പുതിയതായി കറുത്ത പാടുകളോ മിന്നുന്ന പ്രകാശമോ കാണുക.
  • ഗർഭകാലത്തോ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി എടുക്കുമ്പോഴോ കാഴ്ചയിൽ വരുന്ന മാറ്റങ്ങൾ.

കണ്ണുകൾ ഹോർമോൺ സംവേദനക്ഷമതയുള്ള അവയവങ്ങളാണ്. ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും ഓരോ ഏറ്റക്കുറച്ചിലിനോടും അവ പ്രതികരിക്കുന്നു. കൗമാരം മുതൽ ആർത്തവവിരാമം വരെ, അവ നിങ്ങളുടെ ശരീരത്തിന്റെ ആന്തരിക താളം രേഖപ്പെടുത്തുന്നു. ഈ മാറ്റങ്ങൾ ശ്രദ്ധിക്കുന്നത് വെറും സൗന്ദര്യ സംരക്ഷണമല്ല; അത് യഥാർത്ഥത്തിൽ പ്രതിരോധ ചികിത്സ തന്നെയാണ് .

കാഴ്ച സംരക്ഷിക്കുക എന്നാൽ ഹോർമോണുകളെ മനസ്സിലാക്കുക എന്നുകൂടി അർത്ഥമുണ്ട് എന്ന് nellikka.life സ്ത്രീകളെ ഓർമ്മിപ്പിക്കുന്നു — കാരണം, ആരോഗ്യം സമ്പൂർണ്ണമാകുമ്പോൾ മാത്രമേ സമഗ്രമായ സ്വാസ്ഥ്യം കൈവരികയുള്ളൂ.

References

  1. American Academy of Ophthalmology. Hormones and Eye Health.
  2. Harvard Health Publishing. How Menopause Affects Your Eyes. 2022.
  3. Frontiers in Medicine. Sex Hormones and Ocular Surface Disorders. 2022.
  4. Journal of Ophthalmology. Gender Differences in Dry Eye Disease. 2020.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe