എല്ലാ തൊണ്ടവേദനയും ജലദോഷം മൂലമല്ല: തൊണ്ടവേദനയുടെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും

തൊണ്ടവേദനയെ പലപ്പോഴും ജലദോഷത്തിൻ്റെ അകമ്പടിയായി നമ്മൾ കരുതാറുണ്ട്. എന്നാൽ എല്ലാ തൊണ്ടവേദനയ്ക്കും കാരണം ജലദോഷം തന്നെ ആകണമെന്നില്ല. ചിലത് സങ്കീർണ്ണമായ രോഗങ്ങളുടെ സൂചനയുമാകാം.
ഈ സൂക്ഷ്മമായ ശരീര സൂചനകൾ ശ്രദ്ധിക്കുന്നത് പിന്നീട് വരാനിടയുള്ള വലിയ പ്രശ്‌നങ്ങൾ തടയാൻ സഹായിക്കുമെന്ന് nellikka.life വിശ്വസിക്കുന്നു. തൊണ്ട എന്നത്, ശ്വസന വ്യവസ്ഥയും ഭക്ഷണം ഇറക്കുന്ന വ്യവസ്ഥയും ചേരുന്ന മൃദുലമായ പാതയാണ്. ഇത് പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിഫലിപ്പിക്കാറുണ്ട്. അണുബാധകൾ, അലർജികൾ, ആസിഡ് റിഫ്ലക്സ്, അല്ലെങ്കിൽ അമിതമായി ശബ്ദം ഉപയോഗിക്കുന്നത് ഇവയൊക്കെ തൊണ്ടവേദനയ്ക്ക് കാരണമാകാറുണ്ട്.
തൊണ്ടവേദനയുടെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണെന്നും എപ്പോഴാണ് അത് പ്രശ്നമാകുന്നതെന്നും എങ്ങനെയാണത് തിരിച്ചറിയേണ്ടതെന്നും ഫലപ്രദമായ പരിചരണത്തെക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നതെന്നും നമുക്ക് പരിശോധിക്കാം.
തൊണ്ടവേദനയുടെ പല തരങ്ങൾ
തൊണ്ടവേദന (Pharyngitis) എന്നാൽ തൊണ്ടയുടെ ഉൾപ്പാളിക്കുണ്ടാകുന്ന വീക്കം (inflammation) എന്ന് ലളിതമായി പറയാം—എന്നാൽ അതിന് പിന്നിലെ കാരണങ്ങൾ വളരെ വ്യത്യസ്തമാണ്. കാരണം തിരിച്ചറിയുന്നത് ശരിയായ ചികിത്സ തിരഞ്ഞെടുക്കാൻ സഹായിക്കും.
1. വൈറൽ അണുബാധകൾ: പ്രധാന കാരണക്കാർ
മിക്ക തൊണ്ടവേദനകളും വൈറൽ ആണ്. സാധാരണ ജലദോഷത്തിനും പനിക്കും കാരണമാകുന്ന അതേ വൈറസുകളാണ് ഇവയ്ക്കും പിന്നിൽ. സാധാരണയായി കാണപ്പെടുന്ന വൈറസുകൾ ഇവയാണ്:
- റൈനോവൈറസ് (Rhinovirus), കൊറോണാവൈറസ് (Coronavirus) (സാധാരണ ജലദോഷം)
- ഇൻഫ്ലുവൻസ വൈറസ് (Influenza virus) (പനി/ഫ്ലൂ)
- അഡിനോവൈറസ് (Adenovirus) (ഇതിന് കണ്ണുകളെയും ബാധിക്കാം)
ലക്ഷണങ്ങൾ: നേരിയ വേദന, മൂക്കൊലിപ്പ്, ചുമ, ചെറിയ തോതിൽ പനി, ക്ഷീണം.
ചികിത്സ: ഇവ 5–7 ദിവസത്തിനുള്ളിൽ തനിയെ മാറും. വിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതും പ്രതിരോധശേഷി വീണ്ടെടുക്കാൻ സഹായിക്കും.
2. ബാക്ടീരിയൽ അണുബാധകൾ: ജലദോഷത്തേക്കാൾ സങ്കീർണ്ണമാകുമ്പോൾ
തൊണ്ടവേദന കൂടുതൽ കഠിനമായ തരത്തിൽ അനുഭവപ്പെടുകയോ, കൂടുതൽ കാലം നിലനിൽക്കുകയോ, അല്ലെങ്കിൽ കടുത്ത പനിയോടെ വരികയോ ആണെങ്കിൽ, ബാക്ടീരിയകൾ ആകാം കാരണം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് സ്ട്രെപ്പ് ത്രോട്ട് (Strep throat) എന്നറിയപ്പെടുന്ന ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് ആണ്.
ബാക്ടീരിയൽ തൊണ്ടവേദനയുടെ ലക്ഷണങ്ങൾ:
- പെട്ടെന്നുണ്ടാകുന്ന, കഠിനമായ തൊണ്ട വേദന
- 101°F (38.3°C) ന് മുകളിലുള്ള പനി
- ടോൺസിലുകളിൽ വെളുത്തതോ മഞ്ഞയോ ആയ പഴുപ്പിൻ്റെ പാടുകൾ
- കുടുതൽ ചുമയില്ലാതെ തന്നെ ഭക്ഷണം ഇറക്കുമ്പോൾ ഉണ്ടാകുന്ന വേദന
- കഴുത്തിലെ ഗ്രന്ഥികളിൽ വീർപ്പ്
ചികിത്സിച്ചില്ലെങ്കിൽ, ചെവിയിലെ അണുബാധകൾ, അബ്സെസ്സുകൾ, അല്ലെങ്കിൽ റുമാറ്റിക് ഫീവർ പോലുള്ള സങ്കീർണ്ണതകളിലേക്ക് സ്ട്രെപ്പ് ത്രോട്ട് കാരണമായേക്കാം. തൊണ്ടയിലെ സ്വാബ്പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാൻ കഴിയും.
ചികിത്സ: ഡോക്ടർ നിർദ്ദേശിക്കുന്നതുപോലെ ആന്റിബയോട്ടിക്കുകൾ ആവശ്യമാണ്. സ്വയം ചികിത്സ ഒഴിവാക്കുക, കാരണം അനാവശ്യ ഉപയോഗം മരുന്നിനെതിരെ പ്രതിരോധശേഷിക്ക് ഇടയാക്കും.
പരോക്ഷമായ അസ്വസ്ഥതകൾ: അലർജികൾ, മൂക്കിൽ നിന്നുള്ള ദ്രാവകം, ആസിഡ് റിഫ്ലക്സ്
എല്ലാ തൊണ്ടവേദനകളും അണുബാധയോടെ തുടങ്ങുന്നവയല്ല. അസ്വസ്ഥത ഉണ്ടാക്കുന്ന ഘടകങ്ങളും ആന്തരിക പ്രതികരണങ്ങളുമാണ് ചില വിട്ടുമാറാത്ത കേസുകൾക്ക് കാരണം .
അലർജികളും പോസ്റ്റ്‌നേസൽ ഡ്രിപ്പും (Postnasal Drip)
പൂമ്പൊടി, പൊടി, അല്ലെങ്കിൽ പൂപ്പൽ എന്നിവ നിങ്ങളുടെ പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കുമ്പോൾ, സൈനസുകൾ അധിക കഫം ഉത്പാദിപ്പിക്കുന്നു. ഈ ദ്രാവകം തൊണ്ടയിലേക്ക് ഒഴുകിയിറങ്ങുന്നത് (Postnasal Drip) തൊണ്ടയിൽ അസ്വസ്ഥത,വരൾച്ച, എന്നിവയ്ക്ക് കാരണമാകുന്നു — പ്രത്യേകിച്ച് രാത്രിയിൽ.
സലൈൻ നേസൽ റിൻസ് (saline nasal rinse) ഉപയോഗിക്കുന്നതും ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുന്നതും കഫം നേർപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും.
ആസിഡ് റിഫ്ലക്സ് (LPR)
ലാറിൻഗോഫാരിൻജിയൽ റിഫ്ലക്സ് (LPR – Laryngopharyngeal Reflux) എന്ന അവസ്ഥയിൽ (സൈലന്റ് റിഫ്ലക്സ് എന്നും അറിയപ്പെടുന്നു), വയറ്റിലെ ആസിഡ് അന്നനാളത്തിലൂടെ മുകളിലേക്ക് കയറി തൊണ്ടയെ പ്രകോപിപ്പിക്കുന്നു — പലപ്പോഴും നെഞ്ചെരിച്ചിൽ ഇല്ലാതെയാകും ഇത് സംഭവിക്കുക.
സൂചനകൾ: രാവിലെ ഉണ്ടാകുന്ന ശബ്ദ വ്യതിയാനം, തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതുപോലുള്ള തോന്നൽ, അല്ലെങ്കിൽ കൂടെക്കൂടെയുള്ള കണ്ഠ ശുദ്ധി വരുത്തേണ്ടി വരിക.
ലളിതമായ മാർഗ്ഗം: നേരത്തെ അത്താഴം കഴിക്കുക, ഭക്ഷണം കഴിച്ച ശേഷം നിവർന്നിരിക്കുക, എരിവുള്ളതും സിട്രസ് അടങ്ങിയതും കഫീൻ അടങ്ങിയതുമായ ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക.
ശബ്ദത്തിൻ്റെ അമിത ഉപയോഗവും പാരിസ്ഥിതിക ഘടകങ്ങളും
അദ്ധ്യാപകർ, ഗായകർ, കോൾ സെന്റർ ജീവനക്കാർ തുടങ്ങിയവർക്ക് ശബ്ദത്തിൻ്റെ അമിത ഉപയോഗം കാരണം പതിവായി തൊണ്ട വേദന അനുഭവപ്പെടാം. തുടർച്ചയായ സംസാരമോ അലർച്ചയോ ശബ്ദനാളികളിൽ (vocal cords) ചെറിയ പരിക്കുകൾ ഉണ്ടാക്കുന്നു.
അതേസമയം, വരണ്ട അന്തരീക്ഷം, പുക, വായു മലിനീകരണം എന്നിവയും തൊണ്ടയിലെ കോശങ്ങളെ വരണ്ടതാക്കുകയും അസുഖകരമായ, കരകരപ്പുള്ള തോന്നലിന് കാരണമാവുകയും ചെയ്യും.
എളുപ്പമാർഗ്ഗം:ഹ്യുമിഡിഫയർ (humidifier) ഉപയോഗിക്കുക, പുകവലി ഒഴിവാക്കുക, ഇടയ്ക്കിടെ വെള്ളം കുടിക്കുക. തൊണ്ടയ്ക്ക് ഈർപ്പം ആവശ്യമാണ്.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
മിക്ക തൊണ്ടവേദനകളും തനിയെ സുഖപ്പെടും, പക്ഷേ വൈദ്യസഹായം ആവശ്യമുള്ള അപകട സൂചനകൾ തിരിച്ചറിയേണ്ടത് പ്രധാനമാണ്:
- കടുത്ത പനി (101°F ന് മുകളിൽ)
- ടോൺസിലുകളിൽ വെളുത്ത പാടുകളോ പഴുപ്പോ
- ശ്വാസമെടുക്കാനോ ഭക്ഷണം ഇറക്കാനോ ഉള്ള ബുദ്ധിമുട്ട്
- ചെവി വേദന, ചർമ്മത്തിലെ തിണർപ്പ് (rash), അല്ലെങ്കിൽ സന്ധി വേദന
- 10 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തൊണ്ടവേദന
ബാക്ടീരിയയെ തിരിച്ചറിയാൻ ഡോക്ടർ ഒരു റാപ്പിഡ് സ്ട്രെപ്പ് ടെസ്റ്റ് അല്ലെങ്കിൽ ത്രോട്ട് കൾച്ചർ നടത്താം. റിഫ്ലക്സ് അല്ലെങ്കിൽ സൈനസ് പ്രശ്നങ്ങൾ സംശയിക്കുന്നു എങ്കിൽ എൻഡോസ്കോപ്പി പരിശോധനയും നിർദ്ദേശിച്ചേക്കാം.
ലളിതമായ വീട്ടുവൈദ്യങ്ങൾ
നേരിയതോ അല്ലെങ്കിൽ ആദ്യ ഘട്ടത്തിലുള്ളതോ ആയ തൊണ്ടവേദനയ്ക്ക്, വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ പരിചരണം രോഗശമനം വേഗത്തിലാക്കാൻ സഹായിക്കും:
1.ചൂടുള്ള ഉപ്പുവെള്ളം കൊണ്ട് കവിൾകൊള്ളുക: അര ടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലർത്തി ദിവസത്തിൽ രണ്ടുതവണ കവിൾകൊള്ളുക; ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും.
2.ജലാംശം നിലനിർത്തുക: ചൂടുവെള്ളം, സൂപ്പുകൾ, അല്ലെങ്കിൽ ഹെർബൽ ടീ എന്നിവ കുടിക്കുക — നിർജ്ജലീകരണം തൊണ്ടയിലെ വരൾച്ച വർദ്ധിപ്പിക്കും.
3.ആവി പിടിക്കുക: ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ഓയിൽ ചേർത്ത ആവി ശ്വസിക്കുന്നത് ശ്വാസനാളങ്ങൾക്ക് ആശ്വാസം നൽകുകയും കഫക്കെട്ട് കുറയ്ക്കുകയും ചെയ്യും.
4.തേനും തുളസിയും: ഒരു ടീസ്പൂൺ തേൻ തുളസി നീരുമായോ ഇഞ്ചിയുമായോ ചേർത്ത് കഴിക്കുന്നത് പ്രകൃതിദത്തമായ ആൻ്റിമൈക്രോബിയലായി പ്രവർത്തിക്കും.
5.ശബ്ദത്തിന് വിശ്രമം നൽകുക: നിശബ്ദതയാണ് രോഗശമനത്തിനുള്ള ഒരു എളുപ്പവഴി. ശബ്ദം കുറച്ച് സ്വകാര്യം പറയുന്നതു പോലെ സംസാരിക്കുന്നത് ഒഴിവാക്കുക — ഇത് സ്വരനാളപാളികൾക്ക് ( vocal cords) കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും.
ചുരുക്കിപ്പറഞ്ഞാൽ, തൊണ്ടവേദന നമ്മുടെ ശരീരത്തിൻ്റെ മുന്നറിയിപ്പ് സംവിധാനമാണ്. അണുബാധയോ, അസ്വസ്ഥതയോ, അല്ലെങ്കിൽ അസന്തുലിതാവസ്ഥയോ എന്തുതന്നെ ആയാലും ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. അസുഖത്തെ അവഗണിക്കാതിരിക്കുക.
മിക്ക കേസുകളും പൊതുവെ ദോഷകരമല്ലാത്തവയാണ്, എന്നാൽ ലക്ഷണങ്ങൾ തുടരുകയോ മോശമാവുകയോ ചെയ്താൽ, ലോസെഞ്ചസ് പോലുള്ള കാൻഡികളെ മാത്രം ആശ്രയിക്കരുത്. ചെറിയ വീക്കം കൂടുതൽ ഗുരുതരമാകുന്നതിന് മുമ്പ് ശരിയായ പരിചരണം ഉറപ്പാക്കാൻ മെഡിക്കൽ പരിശോധന സഹായകമാകും.
ശബ്ദത്തിനും വാക്കുകൾക്കും നൽകുന്ന അതേപ്രാധാന്യം തൊണ്ടയ്ക്കും നൽകണമെന്ന് nellikka.life ഓർമ്മിപ്പിക്കുന്നു. തുടക്കത്തിൽ തന്നെ കാരണം കണ്ടെത്തിയാൽ വേഗം ആശ്വാസം നേടാം.
References:




