അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും സ്വന്തം സ്വഭാവത്തിലെ പിടിതരാത്ത ചില കാര്യങ്ങളെക്കുറിച്ചോർത്ത് വേവലാതിപ്പെടാറുണ്ട് ചിലർ. ആകർഷണത്തിൻ്റെ ആനന്ദം ആസ്വദിക്കാനാകാതെ, നിർബന്ധപ്രേരണയായി മാറുന്ന നിമിഷങ്ങൾ.
മനസ്സ് വീണ്ടും വീണ്ടും മറ്റൊരാളിലേക്ക് അല്ലെങ്കിൽ മറ്റൊരു ബന്ധത്തിലേക്ക് അടുക്കാൻ കൊതിക്കുമ്പോഴും, ഹൃദയത്തിൽ ശൂന്യത നിറയുന്ന അനുഭവം.
സ്വന്തം നിയന്ത്രണത്തിന് അപ്പുറം, ആവർത്തിച്ചാവർത്തിച്ച് ലൈംഗിക ചിന്തകളിലേക്കോ പ്രവൃത്തികളിലേക്കോ നിങ്ങൾ അറിയാതെ വലിച്ചടുപ്പിക്കപ്പെടുന്നുണ്ടോ? എങ്കിൽ ആദ്യം ഇക്കാര്യമറിയുക: നിങ്ങളുടെ സ്വഭാവദൂഷ്യമോ ധാർമ്മിക തകർച്ചയോ അല്ല അത് പ്രതിഫലിപ്പിക്കുന്നത്, കൃത്യമായ ധാരണയും കരുതലും ചികിത്സയും അർഹിക്കുന്ന മനുഷ്യസഹജമായ പോരാട്ടമാണത്.
അമിത ലൈംഗികാസക്തി പലപ്പോഴും തെറ്റായി മനസ്സിലാക്കപ്പെടാറുള്ള വിഷയമാണ്. ആളുകൾ പൊതുവെ ഇതുസംബന്ധിച്ച് അതീവ രഹസ്യമായി സംസാരിക്കാനും നാണക്കേടായി കണക്കാക്കാനും സ്വയം നിയന്ത്രണമില്ലായ്മയായി തള്ളിക്കളയാനുമാണ് ശ്രമിക്കാറുള്ളത്. എന്നാലിത്, അതീവ സങ്കീർണ്ണവും അങ്ങേയറ്റം മാനുഷികവുമായ ഒരു അവസ്ഥയാണ് എന്നതാണ് യാഥാർത്ഥ്യം.
ആഗ്രഹം നോവായി മാറുമ്പോൾ
മനുഷ്യനായിരിക്കുക എന്നതിന്റെ സ്വാഭാവികവും മനോഹരവുമായ ഒരു ഭാഗം തന്നെയാണ് ലൈംഗിക അഭിവാഞ്ഛ. എന്നാൽ ഈ ആഗ്രഹങ്ങൾ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ അത് ദൂഷ്യഫലം ചെയ്യുന്നു. കുറ്റബോധത്തിലേക്കും രഹസ്യങ്ങൾ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലേക്കും മാനസിക തളർച്ചയിലേക്കും നയിക്കുമ്പോൾ അതൊരു തലവേദനയായി മാറുന്നു.
ഇത് അനുഭവിക്കുന്ന പലരും പറയാറുള്ളത് ഇങ്ങനെയാണ്:
- “ഞാൻ എന്തിനാണ് ഇത് വീണ്ടും വീണ്ടും ചെയ്യുന്നതെന്ന് എനിക്ക് തന്നെ അറിയില്ല.”
- “ഇതിന് ശേഷം എനിക്ക് സന്തോഷമല്ല, വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുന്നത്.”
- “ഇനി ഇത് ചെയ്യില്ലെന്ന് ഞാൻ സ്വയം ഉറപ്പിക്കാറുണ്ട്, പക്ഷേ എനിക്കതിന് കഴിയുന്നില്ല.”
- “എനിക്ക് വലിയ നാണക്കേട് തോന്നുന്നു, എന്നിട്ടും ഞാൻ ഇതേ രീതി തന്നെ ആവർത്തിക്കുന്നു.”
ഈ അന്തഃസംഘർഷം വലിയ മാനസിക വേദന സൃഷ്ടിക്കുന്നു. ലൈംഗികതയോടുള്ള അമിതാസക്തിയുടെ മൂലകാരണം പലപ്പോഴും ലൈംഗികത മാത്രമല്ല. വ്യക്തികളുടെ മനസ്സിലെ നിറവേറ്റപ്പെടാത്ത ഏതൊക്കെയോ വൈകാരിക ആവശ്യങ്ങളുടെ പ്രതിഫലനമാണ് അമിതാസക്തിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അമിത പ്രേരണയ്ക്ക് പിന്നിലെ യാഥാർത്ഥ്യങ്ങൾ
നിയന്ത്രിക്കാനാവാത്ത ലൈംഗിക പെരുമാറ്റങ്ങൾക്ക് പിന്നിൽ പലപ്പോഴും സങ്കീർണ്ണമായ കാരണങ്ങളുണ്ടാകാം.
1. ബന്ധങ്ങൾക്ക് വേണ്ടിയുള്ള ആഗ്രഹം:
മനുഷ്യർ ജൻമനാ തന്നെ മറ്റുള്ളവരുമായി വൈകാരികമായി അടുക്കാൻ ആഗ്രഹിക്കുന്നവരാണ്. വൈകാരികമായ അടുപ്പം ഉണ്ടാകാതിരിക്കുകയോ അല്ലെങ്കിൽ സുരക്ഷിതത്വക്കുറവ് അനുഭവപ്പെടുകയോ ചെയ്യുമ്പോൾ, ശരീരം ഭൗതികമായ അടുപ്പത്തിലൂടെ ആ കുറവ് നികത്താൻ ശ്രമിക്കുന്നു. അത് താൽക്കാലികമാണെന്ന് തിരിച്ചറിയുന്നുണ്ടെങ്കിൽപ്പോലും.
2. ഉണങ്ങാത്ത വൈകാരിക മുറിവുകൾ:
കുട്ടിക്കാലത്തെ മോശം അനുഭവങ്ങൾ, അവഗണന, തിരസ്കാരം അല്ലെങ്കിൽ മാനസികാഘാതം (Trauma) എന്നിവ മുതിർന്നു കഴിഞ്ഞാലും നമ്മുടെ പെരുമാറ്റങ്ങളെ പരോക്ഷമായി സ്വാധീനിച്ചേക്കാം. മനസ്സിൽ അനുഭവപ്പെടുന്ന ശൂന്യതയിൽ നിന്നുള്ള താൽക്കാലിക മോചനമായി അത്തരം ഘട്ടങ്ങളിൽ ലൈംഗികത മാറുന്നു.
3. മാനസിക സമ്മർദ്ദവും അമിതഭാരവും:
ജീവിതം നിയന്ത്രണാതീതമായി തോന്നുമ്പോൾ, നമ്മുടെ നാഡീവ്യൂഹം പെട്ടെന്നുള്ള ആശ്വാസം തേടുന്നു. ലൈംഗിക ഉത്തേജനം മസ്തിഷ്കത്തിൽ ഡോപമിൻ (Dopamine) ഉൽപ്പാദിപ്പിക്കുകയും അത് നിമിഷനേരത്തേക്ക് ശാന്തത നൽകുകയും ചെയ്യുന്നു.
4. ആത്മവിശ്വാസക്കുറവ്:
തങ്ങൾ ആഗ്രഹിക്കപ്പെടുന്നു എന്ന തോന്നലിലൂടെ ചിലർ സ്വന്തം മൂല്യം കണ്ടെത്താൻ ശ്രമിക്കുന്നു. ഉള്ളിലെ അപകർഷതാബോധത്തെയോ ഏകാന്തതയെയോ മറയ്ക്കാൻ ഇത്തരം താൽക്കാലിക അംഗീകാരങ്ങൾ അവർക്ക് തുണയാകുന്നു.
വൈകാരിക പ്രത്യാഘാതങ്ങൾ
ലൈംഗിക ബന്ധങ്ങൾ താക്കാലിക ആനന്ദം നൽകിയേക്കാമെങ്കിലും അതിന് പിന്നാലെ പലപ്പോഴും മറ്റു വികാരങ്ങൾ വന്നുചേരും:
- കുറ്റബോധം അല്ലെങ്കിൽ നാണക്കേട്
- വൈകാരിക ശൂന്യത
- പിടിക്കപ്പെടുമോ എന്ന പേടി
- ആഴത്തിലുള്ള ബന്ധം കെട്ടിപ്പടുക്കാനുള്ള പ്രയാസം
- സ്വയം അകന്നുപോകുന്നുവെന്ന തോന്നൽ
ഈ വൈകാരിക ചക്രത്തിലൂടെ കടന്നുപോകുന്ന വ്യക്തികൾ, വിരോധാഭാസങ്ങൾക്കിടയിൽപ്പെട്ട് ഞെങ്ങിഞെരുങ്ങുന്നു. ഒരേസമയം രണ്ട് ലോകങ്ങളിൽ ജീവിക്കുന്നതുപോലെയാണിത്. പുറമെ അസ്വാഭാവികതകൾ ഇല്ലെന്ന് തോന്നുമ്പോഴും ഉള്ളിൽ വലിയ പോരാട്ടം നടക്കുന്നുണ്ടാകും.
മുൻവിധി കൂടാതെ തിരിച്ചറിയാം
ലൈംഗിക ആസക്തിയുമായി മല്ലിടുന്നതുകൊണ്ട് നിങ്ങൾ ധാർമ്മികതയില്ലാത്തവരോ തകർന്നു തരിപ്പണമായവരോ സ്നേഹത്തിന് അർഹതയില്ലാത്തവരോ ആകുന്നില്ല.
കൃത്യമായ തിരിച്ചറിവാണ് ഇവിടെ ഏറ്റവും അനിവാര്യം. മസ്തിഷ്കം നിരന്തരം അമിതമായി ഉത്തേജിപ്പിക്കപ്പെടുമ്പോൾ, ആശ്വാസം ലഭിക്കാനായി അത് കൂടുതൽ തീവ്രമായ വഴികൾ തേടിക്കൊണ്ടിരിക്കും. ഇത് സ്വഭാവത്തിന്റെ തകരാറല്ല, തലച്ചോറിലെ നാഡീവ്യൂഹങ്ങളിൽ സംഭവിക്കുന്ന മാറ്റമാണ്. സ്നേഹപൂർവ്വമുള്ള പരിചരണത്തിലൂടെ നമുക്ക് ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും.
തിരിച്ചറിവ്: മാറ്റത്തിലേക്കുള്ള ആദ്യപടി
നിയന്ത്രണങ്ങളിൽ നിന്നല്ല മാറ്റം തുടങ്ങുന്നത്, അതിനാരംഭമാകുന്നത് സ്വയം തിരിച്ചറിയുമ്പോഴാണ്. വളരെ ശാന്തതയോടെ ഈ ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കൂ:
- ആ നിമിഷങ്ങളിൽ യഥാർത്ഥത്തിൽ ഞാൻ എന്താണ് ആഗ്രഹിക്കുന്നത്?
- ഏത് വികാരത്തിൽ നിന്നാണ് ഞാൻ രക്ഷപെടാൻ ശ്രമിക്കുന്നത്?
- എന്റെയുള്ളിലെ ഏതു കാര്യമാണ് ആരും കാണാതെയും കേൾക്കാതെയും പോകുന്നത്?
ഈ ചോദ്യങ്ങൾ കുറ്റപ്പെടുത്താൻ ഉള്ളതല്ല, മറിച്ച് മനസ്സിനെ സ്വസ്ഥതയോടെ കേൾക്കാൻ വേണ്ടിയുള്ളതാണ്.
സുഖപ്പെടാനുള്ള ആരോഗ്യകരമായ മാർഗ്ഗങ്ങൾ
1. സുരക്ഷിതമായ പിന്തുണ തേടുക:
സ്വഭാവരൂപീകരണത്തിലോ വൈകാരിക ആരോഗ്യത്തിലോ വിദഗ്ദ്ധനായ ഒരു തെറാപ്പിസ്റ്റുമായി സംസാരിക്കുന്നത് വലിയ ആശ്വാസം നൽകും. നിങ്ങൾ ഒറ്റയ്ക്കല്ല എന്ന തിരിച്ചറിവ് മാറ്റത്തിന്റെ വേഗത വർദ്ധിപ്പിക്കും.
2. അസ്വസ്ഥതകളെ നേരിടാൻ ശീലിക്കുക:
പലപ്പോഴും നമ്മുടെ ഉള്ളിലെ അസ്വസ്ഥതകൾ നമുക്ക് നൽകുന്ന ചില സന്ദേശങ്ങളുണ്ട്. പ്രയാസകരമായ വികാരങ്ങളിൽ നിന്ന് ഓടിയൊളിക്കാതെ അവയെ നേരിടാൻ പഠിക്കുന്നത് മനസ്സിൻ്റെ കരുത്ത് വർദ്ധിപ്പിക്കും.
3. സാവധാനം ശാന്തത കൈവരിക്കുക:
മനോനിറവോടെയുള്ള ശ്വസനക്രിയ (Mindful breathing), യോഗ, അല്ലെങ്കിൽ സാവധാനത്തിലുള്ള നടത്തം എന്നിവ നാഡീവ്യൂഹത്തെ ശാന്തമാക്കാൻ സഹായിക്കും.
4. വൈകാരിക തിരിച്ചറിവ് വളർത്തിയെടുക്കുക:
ദൈനംദിന കാര്യങ്ങൾ ഡയറിയിൽ കുറിച്ചു വെയ്ക്കുന്നതോ (Journaling), സ്വയം വിലയിരുത്തുന്നതോ വഴി നമ്മുടെ പെരുമാറ്റങ്ങളെ നിയന്ത്രിക്കുന്ന വികാരങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ സാധിക്കും.
5. സ്വയം വിചാരണ വേണ്ട, ജിജ്ഞാസയോടെ നോക്കിക്കാണുക:
“എനിക്ക് എന്താണ് കുഴപ്പം?” എന്ന് ചോദിക്കുന്നതിന് പകരം, “എന്റെ മനസ്സ് യഥാർത്ഥത്തിൽ എന്താണ് ആഗ്രഹിക്കുന്നത്?” എന്ന് സ്വയം ചോദിച്ചു തുടങ്ങുക.
മാറ്റം നിരന്തരമായൊരു യാത്രയാണ്. ആ യാത്രയിൽ ചിലപ്പോൾ വീഴ്ചകൾ ഉണ്ടായേക്കാം, ചിലപ്പോൾ ആശയക്കുഴപ്പങ്ങളുണ്ടാകാം. പൂർണ്ണത കൈവരിക്കുക എന്നതല്ല അതിന്റെ ലക്ഷ്യം,സ്വയം സത്യസന്ധത പുലർത്തുക, ക്ഷമയോടെ ജീവിക്കുക, സ്വയം കരുണ കാണിക്കുക എന്നിവയാകണം ലക്ഷ്യമാക്കേണ്ടത്. ഓരോ ചെറിയ തിരിച്ചറിവും മുന്നേറാനുള്ള വലിയ പ്രേരണ നൽകും.
ആവശ്യങ്ങളെ ആരോഗ്യകരമായ രീതിയിൽ എങ്ങനെ നിറവേറ്റാം എന്ന് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണ മനുഷ്യനാണ് നിങ്ങളെന്ന ബോധ്യം സദാ മനസ്സിൽ സൂക്ഷിക്കുക.
നാണക്കേടിന് പകരം തിരിച്ചറിവും, ഭയത്തിന് പകരം അനുകമ്പയും നിറയുമ്പോഴാണ് ഒരു വ്യക്തി അസ്വസ്ഥതകളിൽ നിന്ന് മുക്തി നേടുന്നത് എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.
മുന്നോട്ടുള്ള ഈ യാത്ര സമാധാനപരവും സത്യസന്ധവും നല്ല മാറ്റങ്ങൾ നൽകുന്നതുമാകട്ടെ.




