ശ്വാസോച്ഛ്വാസം പോരാട്ടമാകുമ്പോൾ: ആസ്ത്മയെ അടുത്തറിയാം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന വിട്ടുമാറാത്ത തരം രോഗാവസ്ഥയാണ് ആസ്ത്മ. ശ്വാസനാളികളിലെ നീർക്കെട്ടും അവയുടെ അമിത പ്രതികരണവുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണം. നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചേക്കാവുന്ന രോഗമാണിത്. എന്നാൽ, ആസ്ത്മയെക്കുറിച്ച് ശരിയായി മനസ്സിലാക്കുകയും വേണ്ട രീതിയിൽ പരിചരണം നൽകുകയും ചെയ്താൽ ഈ അസുഖമുള്ള ഭൂരിപക്ഷം പേർക്കും സജീവമായ, സംതൃപ്തമായ ജീവിതം നയിക്കാൻ സാധിക്കും.
എന്താണ് ആസ്ത്മ?
ശ്വാസകോശത്തിലെ നാളികൾക്ക് വീക്കം സംഭവിക്കുകയും അവ ചുരുങ്ങുകയും ചെയ്യുന്ന രോഗമാണ് ആസ്ത്മ. ഇത് ശ്വാസമെടുക്കുന്നത് ബുദ്ധിമുട്ടുള്ളതാക്കി മാറ്റുന്നു. ഈ അസുഖം ദീർഘകാലം നിലനിൽക്കുന്നതുമാണ്. അലർജിയുണ്ടാക്കുന്ന വസ്തുക്കൾ, അന്തരീക്ഷ മലിനീകരണം, വ്യായാമം, തണുത്ത കാലാവസ്ഥ, മാനസിക പിരിമുറുക്കം, അല്ലെങ്കിൽ അണുബാധകൾ എന്നിവയെല്ലാം ആസ്ത്മയ്ക്ക് കാരണമാകാറുണ്ട്.
ആസ്ത്മയുള്ള വ്യക്തികൾക്ക് ഇപ്പറഞ്ഞ സാഹചര്യങ്ങളുമായി സമ്പർക്കം വരുമ്പോൾ, അവരുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കാനിടയാകുന്നു. ഇത് താഴെ പറയുന്ന മാറ്റങ്ങൾക്ക് കാരണമാകുന്നു:
- ശ്വാസനാളികളിൽ വീക്കം ഉണ്ടാകുന്നു.
- ശരീരത്തിൽ കഫത്തിന്റെ ഉത്പാദനം കൂടുന്നു.
- ശ്വാസനാളികളിലെ പേശികൾ മുറുകി അവ ചുരുങ്ങുന്നു.
ഈ മൂന്ന് പ്രവർത്തനങ്ങളും ഒരുമിച്ച് വരുമ്പോഴാണ് ആസ്ത്മ അറ്റാക്ക് ഉണ്ടാകുന്നത്. ശ്വാസമെടുക്കുമ്പോഴുള്ള ശബ്ദം (വലിവ്), ശ്വാസംമുട്ടൽ, നെഞ്ചിൽ കനം തോന്നുക അല്ലെങ്കിൽ വലിഞ്ഞു മുറുകിയതായി അനുഭവപ്പെടുക, ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.
പാരമ്പര്യ രോഗമാണോ അതോ പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണോ?
പലപ്പോഴും ജനിതകപരമായ കാരണങ്ങളും പാരിസ്ഥിതികമായ ഘടകങ്ങളും ചേർന്നാണ് ആസ്ത്മ ഉണ്ടാകുന്നത്. കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ആസ്ത്മയോ മറ്റ് അലർജികളോ ഉണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, മലിനീകരണം, പുകവലി, കുട്ടിക്കാലത്തുണ്ടാകുന്ന ശ്വാസകോശ അണുബാധകൾ, ജോലിസ്ഥലത്തെ പൊടിപടലങ്ങൾ തുടങ്ങിയ പുറമേ നിന്നുള്ള ഘടകങ്ങൾ രോഗം വരാനും നിലവിലുള്ള രോഗം വഷളാകാനും പ്രധാന പങ്ക് വഹിക്കുന്നു.
ആസ്ത്മയുടെ പൊതുവായ ലക്ഷണങ്ങൾ
ആസ്ത്മയുടെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ചിലർക്ക് നേരിയ തോതിലാണെങ്കിൽ, മറ്റ് ചിലർക്ക് അത് കഠിനമായേക്കാം. ചിലപ്പോൾ മാത്രം വന്നുപോകുന്ന ഒന്നായും അല്ലെങ്കിൽ സ്ഥിരമായി നിലനിൽക്കുന്ന ഒന്നായും ഇത് കാണപ്പെടാറുണ്ട്. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയുന്നത് രോഗം മൂർച്ഛിക്കുന്നത് തടയാൻ സഹായിക്കും.
സാധാരണ ലക്ഷണങ്ങൾ:
- ശ്വാസംമുട്ടൽ: പ്രത്യേകിച്ച് വ്യായാമം ചെയ്യുമ്പോഴോ രാത്രിയിലോ അനുഭവപ്പെടുക.
- വലിവ് (Wheezing): ശ്വാസമെടുക്കുമ്പോൾ ചൂളമടിക്കുന്നത് പോലുള്ള ശബ്ദം വരിക.
- ചുമ: രാത്രിയിലും അതിരാവിലെയും കൂടുതലായി അനുഭവപ്പെടുന്ന ചുമ.
- നെഞ്ചിൽ ഭാരം അല്ലെങ്കിൽ മുറുക്കം: നെഞ്ചിനുള്ളിൽ എന്തോ ഭാരം കയറ്റിവെച്ചതുപോലെയുള്ള തോന്നൽ.
- ചിലരിൽ കഫം കൂടുതലായി ഉണ്ടാകുന്നു.
- ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉറങ്ങാൻ പ്രയാസം നേരിടുക.
കുട്ടികളിൽ, വിട്ടുമാറാത്ത ചുമയും മറ്റുള്ള കുട്ടികളോടൊപ്പം കായികാദ്ധ്വാനം വേണ്ട കളികളിൽ സജീവമാകാൻ കഴിയാതെ വരുന്നതും ആസ്ത്മയുടെ ആദ്യകാല ലക്ഷണങ്ങളാകാം.
ആസ്ത്മ അറ്റാക്കിന് കാരണമാകുന്ന ഘടകങ്ങൾ
ഓരോ വ്യക്തിയിലും ആസ്ത്മയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങൾ വ്യത്യസ്തമായിരിക്കും. എങ്കിലും പൊതുവായി കണ്ടുവരുന്ന ചില കാരണങ്ങൾ താഴെ പറയുന്നവയാണ്:
- വായുവിലൂടെ പകരുന്ന അലർജനുകൾ: പൊടിയിലെ സൂക്ഷ്മജീവികൾ (dust mites), പൂമ്പൊടി, വളർത്തുമൃഗങ്ങളുടെ രോമം/ചർമ്മം, പൂപ്പൽ.
- അന്തരീക്ഷ മലിനീകരണവും പുകയും.
- ജലദോഷം, ചുമ പോലുള്ള ശ്വാസകോശ അണുബാധകൾ.
- വ്യായാമം: പ്രത്യേകിച്ച് തണുത്തതോ വരണ്ടതോ ആയ കാലാവസ്ഥയിൽ ചെയ്യുമ്പോൾ.
- മാനസിക പിരിമുറുക്കം അല്ലെങ്കിൽ മനസ്സിനെ ബാധിക്കുന്ന തരം വികാരങ്ങൾ.
- ചില മരുന്നുകൾ: NSAIDs (വേദനസംഹാരികൾ), ബീറ്റാ-ബ്ലോക്കറുകൾ പോലുള്ളവ.
- കാലാവസ്ഥാ മാറ്റങ്ങൾ: പ്രത്യേകിച്ച് തണുപ്പുള്ളതോ ഈർപ്പം കൂടിയതോ ആയ അവസ്ഥ.
- ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ലക്സ് ഡിസീസ് (GERD): നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമാകുന്ന രോഗാവസ്ഥ.
എങ്ങനെ നിർണ്ണയിക്കാം?
രോഗിയുടെ ലക്ഷണങ്ങൾ, രോഗപശ്ചാത്തലം, ശ്വാസകോശത്തിന്റെ പ്രവർത്തനം പരിശോധിക്കുന്ന ടെസ്റ്റുകൾ, മരുന്നുകളോടുള്ള പ്രതികരണം എന്നിവയെല്ലാം വിലയിരുത്തിയാണ് ആസ്ത്മ സ്ഥിരീകരിക്കുന്നത്.
പ്രധാന രോഗനിർണ്ണയ മാർഗ്ഗങ്ങൾ:
- സ്പൈറോമെട്രി (Spirometry): രോഗിക്ക് എത്രത്തോളം ശ്വാസം പുറത്തുവിടാൻ കഴിയുമെന്നും എത്ര വേഗത്തിൽ കഴിയുമെന്നും അളക്കുന്ന പരിശോധനാരീതിയാണിത്.
- പീക്ക് എക്സ്പിറേറ്ററി ഫ്ലോ (PEF): ആസ്ത്മ നിയന്ത്രണത്തിലാണോ എന്ന് വീട്ടിൽ വെച്ച് ദിവസവും നിരീക്ഷിക്കാൻ സഹായിക്കുന്ന ലളിതമായ ഉപകരണം.
- മെഥാകോളിൻ ചലഞ്ച് ടെസ്റ്റ്: ശ്വാസനാളികളുടെ അമിത പ്രതികരണം സ്ഥിരീകരിക്കാൻ ഈ പരിശോധന സഹായിക്കുന്നു.
- അലർജി ടെസ്റ്റിംഗ്: ആസ്ത്മയ്ക്ക് കാരണമാകുന്ന അലർജനുകൾ ഏതൊക്കെയെന്ന് കണ്ടെത്താൻ സഹായിക്കുന്നു.
എങ്ങനെ ചികിത്സിക്കാം?
ആസ്ത്മ പൂർണ്ണമായി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ല. എന്നാൽ മരുന്നുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, കൃത്യമായ നിരീക്ഷണം എന്നിവയിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ചു നിർത്താൻ കഴിയും.
1. ദ്രുതഗതിയിൽ ആശ്വാസം നൽകുന്ന മരുന്നുകൾ
ആസ്ത്മ അറ്റാക്ക് ഉണ്ടാകുമ്പോഴോ ലക്ഷണങ്ങൾ പ്രകടമാകുമ്പോഴോ ആണ് ഇവ ഉപയോഗിക്കുന്നത്.
- ഷോർട്ട്-ആക്ടിംഗ് ബീറ്റാ അഗോണിസ്റ്റുകൾ (SABAs): ഉദാഹരണത്തിന്, സാൽബ്യൂട്ടമോൾ ഇൻഹേലറുകൾ.
- ആന്റികോളിനെർജിക്കുകൾ: ചില സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്.
2. ദീർഘകാലത്തേക്ക് രോഗനിയന്ത്രണത്തിനുള്ള മരുന്നുകൾ
രോഗലക്ഷണങ്ങൾ വരാതിരിക്കാൻ ദിവസവും ഉപയോഗിക്കുന്ന മരുന്നുകളാണിവ.
- ഇൻഹേൽഡ് കോർട്ടിക്കോസ്റ്റിറോയ്ഡുകൾ (Inhaled corticosteroids): ദീർഘകാലത്തേക്ക് ആസ്ത്മ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ മരുന്നുകളാണിവ.
- ലോംഗ് ആക്ടിംഗ് ബീറ്റാ അഗോണിസ്റ്റുകൾ (LABAs): സാധാരണയായി സ്റ്റിറോയ്ഡുകളോടൊപ്പം ഉപയോഗിക്കുന്നു.
- ല്യൂക്കോട്രൈൻ മോഡിഫയറുകൾ (Leukotriene modifiers): അലർജി മൂലമുണ്ടാകുന്ന ആസ്ത്മയിൽ കൂടുതൽ പ്രയോജനപ്രദമാണ്.
- തിയോഫിലിൻ (Theophylline): ശ്വാസനാളി വികസിപ്പിക്കാൻ കഴിയുന്ന മരുന്നാണിത്. അധികം ഉപയോഗിച്ചു കാണാറില്ല.
3. ബയോളജിക് ചികിത്സകൾ
സാധാരണ ചികിത്സകൾ കൊണ്ട് നിയന്ത്രിക്കാൻ കഴിയാത്തത്ര കഠിനമായ ആസ്ത്മയുള്ളവർക്ക് നൽകുന്ന ആധുനിക ചികിത്സാരീതിയാണിത്. ഒമാലിസുമാബ് (omalizumab), ഡുപിലുമാബ് (dupilumab) പോലുള്ള മോണോക്ലോണൽ ആന്റിബോഡികളാണ് ഇതിൽ ഉപയോഗിക്കുന്നത്.
ജീവിതശൈലീ ക്രമീകരണവും സ്വയം പരിചരണവും
ആസ്ത്മയുടെ പരിചരണം ഇൻഹേലറുകളിൽ മാത്രം ഒതുങ്ങുന്നതല്ല. രോഗത്തെക്കുറിച്ചുള്ള സ്വയം തിരിച്ചറിവും നിയന്ത്രണ മാർഗ്ഗങ്ങളും ജീവിതനിലവാരം മെച്ചപ്പെടുത്താനും ആശുപത്രിവാസം ഒഴിവാക്കാനും സഹായിക്കും.
സ്വയം ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ:
- പീക്ക് ഫ്ലോ മീറ്റർ ഉപയോഗിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം ദിവസവും നിരീക്ഷിക്കുക.
- രോഗം വഷളാക്കുന്ന കാരണങ്ങൾ പരമാവധി ഒഴിവാക്കുക.
- വീടിനകത്തെ വായു ശുദ്ധമായി സൂക്ഷിക്കുക – ഹെപ്പാ (HEPA) ഫിൽറ്ററുകൾ ഉപയോഗിക്കുക, പുകവലി പൂർണ്ണമായി ഒഴിവാക്കുക.
- ഇൻഫ്ലുവൻസ, ന്യൂമോണിയ എന്നിവയ്ക്കെതിരെയുള്ള വാക്സിൻ എടുക്കുക.
- മാനസിക പിരിമുറുക്കം നിയന്ത്രിക്കുകയും റിലാക്സേഷൻ വിദ്യകൾ പരിശീലിക്കുകയും ചെയ്യുക.
- രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ഡോക്ടർ നിർദ്ദേശിച്ച ചികിത്സ കൃത്യമായി തുടരുക.
വ്യായാമവും ആസ്ത്മയും
ആസ്ത്മയുള്ളവർ വ്യായാമം ഒഴിവാക്കേണ്ടതില്ല. വ്യായാമത്തിനു മുമ്പ് ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്ന് കഴിക്കുകയും വ്യായാമത്തിലേക്ക് കടക്കും മുമ്പുള്ള വാം അപ്പ് ശരിയായി ചെയ്യുകയും ചെയ്താൽ പ്രയാസങ്ങൾ ഒഴിവാക്കാം. ശാരീരികക്ഷമത നിലനിർത്തുന്നത് ആസ്ത്മ നിയന്ത്രിക്കാൻ സഹായകമാകും.
കുട്ടികളിലെ ആസ്ത്മ
കുട്ടികളിൽ ഏറ്റവും സാധാരണയായി കാണുന്ന ദീർഘകാല രോഗമാണ് ആസ്ത്മ. ഇവരുടെ ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- കുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന, സ്പേസർ ഘടിപ്പിച്ച ഇൻഹേലറുകൾ നൽകുക.
- തണുത്ത പാനീയങ്ങളും അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക.
- കുട്ടികളെ പരിചരിക്കുന്നവരെയും സ്കൂളിലെ അദ്ധ്യാപകരെയും രോഗത്തെക്കുറിച്ച് പറഞ്ഞ് മനസ്സിലാക്കുക.
വാർദ്ധക്യകാലത്തെ ആസ്ത്മ
പ്രായമായവരിൽ, ഹൃദ്രോഗം പോലുള്ള മറ്റ് അസുഖങ്ങൾ ഉള്ളതുകൊണ്ട് ആസ്ത്മയുടെ ലക്ഷണങ്ങൾ കൂടുതൽ വഷളായേക്കാം. ഇതിനെ സിഒപിഡി എന്ന ശ്വാസകോശ രോഗമായി തെറ്റിദ്ധരിക്കാറുണ്ട്. കൂടാതെ, പ്രായത്തിനനുസരിച്ച് ശരീരത്തിന് മരുന്നുകൾ താങ്ങാനുള്ള ശേഷിയിലും വ്യത്യാസം വരാം.
ശ്രദ്ധിക്കാത്ത പക്ഷം, ആസ്ത്മ നമ്മുടെ ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കാം. എന്നാൽ, കൃത്യമായി നിരീക്ഷിക്കുകയും വിദഗ്ധ ചികിൽസ തേടുകയും ചെയ്താൽ, ആസ്ത്മയുള്ളവർക്ക് സാധാരണ പോലെ ഉൻമേഷത്തോടെ ജീവിക്കാൻ സാധിക്കും.
കഴിയാവുന്നത്ര നേരത്തെ തന്നെ രോഗം തിരിച്ചറിയുക, കൃത്യമായി ചികിൽസ നടത്തുക, രോഗത്തിന് ആക്കം കൂട്ടുന്ന കാരണങ്ങൾ ഒഴിവാക്കുക, രോഗത്തെക്കുറിച്ച് സ്വയം അവബോധമുണ്ടാക്കുക എന്നിവയാണ് ആസ്ത്മയെ ചെറുക്കാൻ അവശ്യം വേണ്ടത്.




