വാട്സ്ആപ്പ് മര്യാദകൾ: മെസ്സേജ്, ഇമോജി, കോൾ; നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാട്സ്ആപ്പ് മര്യാദകൾ: മെസ്സേജ്, ഇമോജി, കോൾ; നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാട്ട്സാപ്പ് എന്ന ചാറ്റ് ആപ്പിനെ പരമാവധി കാര്യങ്ങൾക്ക് ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറിയ പങ്കും. വ്യക്തിപരമായ സൗഹൃദങ്ങൾക്കോ കുടുംബാംഗങ്ങളെ ഉൾക്കൊള്ളിച്ചുള്ള ഗ്രൂപ്പിനോ റെസിഡൻസ് അസോസിയേഷനുകൾക്ക് വിവരങ്ങൾ കൈമാറാനുള്ള മാദ്ധ്യമമായോ ഒക്കെ വാട്ട്സാപ്പ് ഇന്ന് ഉപയോഗിക്കപ്പെടുന്നുണ്ട്. വീട്ടിലിരുന്നുകൊണ്ട് ജോലി ചെയ്യുന്നവർക്കും അകലെ നിന്നുള്ള  ഔദ്യോഗിക വിവരങ്ങൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, ബിസിനസ്സ് സംബന്ധമായ വിവരങ്ങൾ –  എല്ലാം പങ്കുവെയ്ക്കാനുള്ള പ്ളാറ്റ്ഫോമായും വാട്ട്സാപ്പ് മാറിക്കഴിഞ്ഞു. 

തികഞ്ഞ ആത്മവിശ്വാസത്തോടെ ഈ ചാറ്റ് ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിലും ശരിയായ രീതിയിൽത്തന്നെയാണോ അത് ഉപയോഗിക്കപ്പെടുന്നത് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നു. 

ആശയവിനിമയത്തിൽ നമ്മൾ പാലിക്കേണ്ട മര്യാദകൾ, പക്ഷെ വാട്ട്സാപ്പിൽ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സന്ദേശങ്ങളുടെ രീതി, ഇമോജികളുടെ അർത്ഥം, കോൾ ചെയ്യുമ്പോഴുള്ള പെരുമാറ്റം തുടങ്ങിയ വാട്സ്ആപ്പ് മര്യാദകൾ മനസ്സിലാക്കുന്നത് ആരോഗ്യപരമായി ബന്ധങ്ങൾ നിലനിർത്തുന്നതിനും മാന്യതയോടെ ആശയവിനിമയം നടത്തുന്നതിനും സഹായിക്കും. 

മെസ്സേജിലെ മര്യാദകൾ: ചില രീതികൾ മനസ്സിലാക്കാം

സാധാരണ സൗഹൃദ സംഭാഷണമായാലും ഔദ്യോഗിക അറിയിപ്പായാലും, നമ്മൾ എങ്ങനെ സന്ദേശം അയയ്ക്കുന്നു എന്നത് പ്രധാനമാണ്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:

1. അഭിവാദനം ചെയ്തുകൊണ്ട് തുടങ്ങുക

ഔദ്യോഗിക സന്ദേശമോ അല്ലെങ്കിൽ പുതിയതായി തുടങ്ങുന്ന  സംഭാഷണങ്ങളോ ആണെങ്കിൽ, നേരിട്ട് കാര്യത്തിലേക്ക് കടക്കുന്നതിന് മുമ്പ് എപ്പോഴും “ഹായ്”, “ഹലോ”, അല്ലെങ്കിൽ “നമസ്കാരം” എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുക. ഇത് സംഭാഷണത്തിന് ഒരു നല്ല തുടക്കം നൽകും.

2. അസമയത്ത് മെസ്സേജ് അയയ്ക്കുന്നത് ഒഴിവാക്കുക

അടിയന്തര സാഹചര്യമില്ലെങ്കിൽ, രാത്രി വൈകിയോ അതിരാവിലെയോ ആളുകൾക്ക് മെസ്സേജ് അയക്കുന്നത് ഒഴിവാക്കുക. ആവശ്യമെങ്കിൽ, സന്ദേശം പിന്നീട് അയക്കാൻ “Schedule message” സൗകര്യം ഉപയോഗിക്കാം.

3. ‘Typing…’ എന്നത് ഒരു സൂചനയായി കാണുക

മെസ്സേജിൽ “typing…” എന്ന് കാണിക്കുന്നുണ്ടെങ്കിൽ, കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാതെ അവർക്ക് മറുപടി അയക്കാൻ അവസരം നൽകുക. സംഭാഷണത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ ബഹുമാനിക്കുക.

4. വ്യക്തതയ്ക്കായി വരികൾക്കിടയിൽ സ്ഥലം വിടുക

വലിയ ഖണ്ഡികകളായി അയക്കുന്നതിന് പകരം, സന്ദേശങ്ങൾ ചെറിയ ഭാഗങ്ങളായി തിരിച്ച് അയയ്ക്കുക. ഓരോ ആശയവും വേർതിരിച്ച് കാണിക്കാൻ വരികൾക്കിടയിൽ സ്ഥലം വിടുന്നത് വായനാസുഖം നൽകും.

5. അനുവാദമില്ലാതെ വോയ്സ് നോട്ടുകൾ വേണ്ട

വോയ്സ് മെസ്സേജുകൾ ചിലപ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം, പ്രത്യേകിച്ചും ജോലി സംബന്ധമായ ഗ്രൂപ്പുകളിൽ. അയയ്ക്കുന്നതിന് മുൻപ് ചോദിക്കുകയോ, അല്ലെങ്കിൽ കേൾക്കാൻ സൗകര്യമുണ്ടോ എന്ന് ഉറപ്പുവരുത്തുകയോ ചെയ്യുക.

ഇമോജികളുടെ ഭാഷ:  യഥാർത്ഥ അർത്ഥമെന്തെല്ലാം?

ഇമോജികൾക്ക് ഒരു സന്ദേശത്തിന്റെ സ്വഭാവം മാറ്റാൻ കഴിയും. അതുകൊണ്ട്  അവ വിവേകത്തോടെ ഉപയോഗിക്കുക:

👍 തംസ് അപ്പ് – യോജിപ്പ് അല്ലെങ്കിൽ അംഗീകാരം. എന്നാൽ, അമിതമായി ഉപയോഗിച്ചാൽ അതൊരുതരം അവഗണനയായി തോന്നാം.

🙂 പുഞ്ചിരി – സൗഹൃദപരമായ ഒന്നാണെങ്കിലും, സംഭാഷണത്തിന്റെ രീതി അനുസരിച്ച് ഇതിന് ഒരു പരിഹാസച്ചുവയുണ്ടെന്ന് തോന്നാം.

😂 ചിരിച്ച് കണ്ണീർ വരുന്ന മുഖം – ചിരിയെത്തന്നെ സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്, അല്ലാതെ ഗൗരവമായ കാര്യങ്ങൾക്കല്ല.

🙏 കൂപ്പുകൈ – നന്ദി, അപേക്ഷ, അല്ലെങ്കിൽ പ്രാർത്ഥന (ഇന്ത്യയിൽ “നന്ദി” പറയാൻ സാധാരണയായി ഉപയോഗിക്കുന്നു).

❤️ ചുവന്ന ഹൃദയം – സ്നേഹത്തെയോ ആത്മാർത്ഥമായ ഇഷ്ടത്തെയോ സൂചിപ്പിക്കാം; സന്ദർഭം പ്രധാനമാണ്.

👀 കണ്ണുകൾ – രസകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെടുത്താനോ കൗതുകം പ്രകടിപ്പിക്കാനോ ഉപയോഗിക്കുന്നു.

😒 അതൃപ്തിയുള്ള മുഖം – പുച്ഛമോ നിരാശയോ പ്രകടിപ്പിക്കാൻ.

😬 ഇളിക്കുന്ന മുഖം – അസ്വസ്ഥതയോ ചമ്മലോ സൂചിപ്പിക്കുന്നു.

ഓർമ്മ വെയ്ക്കാൻ: ഔദ്യോഗിക ഗ്രൂപ്പുകളിലോ മുതിർന്നവരുമായി സംസാരിക്കുമ്പോഴോ ഇമോജികൾ അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക.

വാട്സ്ആപ്പ് കോളുകൾ: വോയ്സ്,  വീഡിയോ കോളുകളിലെ മര്യാദകൾ

സാധാരണ ഫോൺ കോളുകൾക്ക് പകരമായി ഇന്ന് പലരും വാട്സ്ആപ്പ് കോളുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ അതിനും ചില രീതികളുണ്ട്.

വോയ്സ് കോൾ മര്യാദകൾ

  • അധികം അടുപ്പമില്ലാത്ത ഒരാളെ വിളിക്കുന്നതിന് മുൻപ് മെസ്സേജ് അയച്ച് സൗകര്യമുണ്ടോ എന്ന് ചോദിക്കുക.
  • മറ്റുള്ളവരുടെ സമയത്തെയും ജോലി സമയത്തെയും മാനിക്കുക.
  • ഒരാൾ കോൾ എടുത്തില്ലെങ്കിൽ, തുടർച്ചയായി വീണ്ടും വീണ്ടും വിളിച്ച് ശല്യപ്പെടുത്തരുത്. അല്പം കഴിഞ്ഞ് വിളിക്കുകയോ ഒരു മെസ്സേജ് അയയ്ക്കുകയോ ചെയ്യുക.
  • സംസാരം നീട്ടിക്കൊണ്ടുപോകാതെ, അത്യാവശ്യ കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുക.

വീഡിയോ കോൾ മര്യാദകൾ

  • വീഡിയോ കോൾ ചെയ്യുന്നതിന് മുമ്പ് അനുവാദം ചോദിക്കുക.
  • നിങ്ങളുടെ പശ്ചാത്തലം വൃത്തിയുള്ളതും ഒച്ചപ്പാടില്ലാത്തതുമാണെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ചും ഔദ്യോഗിക കോളുകളിൽ.
  • പൊതുസ്ഥലത്താണെങ്കിൽ ഇയർഫോൺ ഉപയോഗിക്കുക.
  • അടുത്ത വ്യക്തിബന്ധമില്ലാത്തവരെയാണ് വിളിക്കുന്നതെങ്കിൽ, അനുയോജ്യമായ വസ്ത്രം ധരിക്കുക.

ഗ്രൂപ്പ് ചാറ്റുകളിലെ മര്യാദകൾ

നിങ്ങൾ കുടുംബത്തിന്റെയോ, സ്കൂളിന്റെയോ, ജോലിസ്ഥലത്തെയോ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാണെങ്കിൽ, ഈ കാര്യങ്ങൾ ശ്രദ്ധിക്കുക:

  • പ്രയോജനമില്ലാത്ത ഫോർവേഡ് മെസ്സേജുകൾ അയച്ച് ഗ്രൂപ്പ് നിറയ്ക്കുന്നത് ഒഴിവാക്കുക.
  • അനാവശ്യമായി ആളുകളെ ടാഗ് ചെയ്യരുത്.
  • മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക—ഗ്രൂപ്പിലെ സംഭാഷണങ്ങൾ പുറത്തു പങ്കുവെയ്ക്കുകയോ, അനുവാദമില്ലാതെ സ്ക്രീൻഷോട്ടുകൾ എടുക്കുകയോ ചെയ്യരുത്.
  • ഔദ്യോഗിക ഗ്രൂപ്പുകളിലും പല പ്രായത്തിലുള്ളവർ ഉള്ള ഗ്രൂപ്പുകളിലും മാന്യമായ ഭാഷയും ശൈലിയും ഉപയോഗിക്കുക.

നിർബന്ധമായും ഒഴിവാക്കേണ്ട കാര്യങ്ങൾ

  • എല്ലാം വലിയക്ഷരത്തിൽ (ALL CAPS) ടൈപ്പ് ചെയ്യുന്നത് – ഇത് നിങ്ങൾ മറ്റൊരാളോട് ബഹളം വെയ്ക്കുന്നത് പോലെ തോന്നിപ്പിക്കും.
  • ബ്ലൂ ടിക് കണ്ടിട്ടും മറുപടി നൽകാതിരിക്കുന്നത് – നിങ്ങൾ ഒരു സന്ദേശം വായിച്ചാൽ, അതിന് ഒരു മറുപടി നൽകുക (പ്രധാനപ്പെട്ടതല്ലെങ്കിൽ പോലും ഒരു 👍 നൽകുന്നത് നല്ലതാണ്).
  • അയച്ച മെസ്സേജുകൾ തുടർച്ചയായി ഡിലീറ്റ് ചെയ്യുന്നത് – ഇത് മറ്റുള്ളവരിൽ സംശയവും അവിശ്വാസവും ഉണ്ടാക്കും.
  • ഇമോജികളെ അമിതമായി ആശ്രയിക്കുന്നത് – നിങ്ങളുടെ വാക്കുകളിലൂടെ ആശയം വ്യക്തമാക്കുക, ചിഹ്നങ്ങളിലൂടെ മാത്രമല്ല.

ഡിജിറ്റൽ ലോകത്തെ പുതിയ മര്യാദകൾ

നമ്മുടെ ജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി 

വാട്സ്ആപ്പ്  മാറുമ്പോൾ, അത് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നത്, നമ്മുടെ വ്യക്തിത്വം വെളിവാക്കുന്നു. മാന്യമായുള്ള സന്ദേശങ്ങൾ, ശ്രദ്ധാപൂർവ്വമുള്ള കോളുകൾ, വ്യക്തമായ ഇമോജി ഉപയോഗം- ഇവ പാലിക്കുന്നത് വ്യക്തിപരവും ഔദ്യോഗികവുമായ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഒരുപാട് സഹായിക്കും.

 ഇനിമുതൽ മെസ്സേജ് അയക്കുമ്പോഴോ കോൾ ചെയ്യുമ്പോഴോ ഓർക്കുക: എത്ര വേഗത്തിൽ അയയ്ക്കുക എന്നതിനല്ല, എത്ര മാന്യതയോടെ എന്നതിനാണ് പ്രാധാന്യം. 

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe