കുഞ്ഞിൻ്റെ വാട്ടർ ബോട്ടിൽ പണി തരുമോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാം

കുഞ്ഞിൻ്റെ വാട്ടർ ബോട്ടിൽ പണി തരുമോ? ശ്രദ്ധിച്ചില്ലെങ്കിൽ രോഗങ്ങൾ വരാം

സാധാരണ എല്ലാ കുട്ടികളും സ്‌കൂളിലേക്ക് പോകുമ്പോൾ വെള്ളക്കുപ്പി കൊണ്ടുപോകാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കിൽ  ഈ കുപ്പി മൂലം അസുഖങ്ങൾ വരാനിടയുണ്ട്. കുപ്പികളിൽ ബാക്ടീരിയയും പൂപ്പലും  വളരാനും അതുവഴി തൊണ്ടവേദന, വയറുവേദന, ചർമ്മരോഗങ്ങൾ എന്നിവ ഉണ്ടാകാനും സാധ്യത ഏറെയാണ്.

വാട്ടർ ബോട്ടിൽ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വരാൻ സാദ്ധ്യതയുള്ള അണുബാധകളെക്കുറിച്ചും രക്ഷിതാക്കൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

വൃത്തിയില്ലാത്ത വാട്ടർ ബോട്ടിലുകൾ വരുത്തുന്ന സാധാരണ രോഗങ്ങൾ

1.വയറ്റിലെ അണുബാധകൾ

കുപ്പികൾ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ, ഇ കോളി, സാൽമൊണെല്ല തുടങ്ങിയ ബാക്ടീരിയകൾ അതിൽ വളരാൻ സാദ്ധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളം കൂടുതൽ നേരം കുപ്പിയിൽ സൂക്ഷിക്കുമ്പോഴോ അല്ലെങ്കിൽ വൃത്തിയില്ലാത്ത കൈകൾ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുമ്പോഴോ ഇങ്ങനെ സംഭവിക്കാം. ഇത് താഴെ പറയുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവാം:

  • ഛർദ്ദി
  • വയറിളക്കം
  • വയറുവേദന

2.തൊണ്ടയിലെയും ശ്വാസകോശത്തിലെയും അണുബാധകൾ

ഇടുങ്ങിയ, വായ് വട്ടം കുറഞ്ഞ കുപ്പികളും സ്ട്രോകളും ഈർപ്പം നിലനിർത്തുകയും സ്ട്രെപ്റ്റോകോക്കസ് (Streptococcus) അല്ലെങ്കിൽ സ്റ്റഫിലോകോക്കസ്( Staphylococcus) പോലുള്ള ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യും. ഇത് കാരണം ഇനിപ്പറയുന്ന രോഗങ്ങൾ വരാം:

  • തൊണ്ടവേദന
  • ചുമ, ജലദോഷം
  • ടോൺസിലൈറ്റിസ്

3.ചർമ്മരോഗങ്ങളും അലർജികളും

കുപ്പികൾ ചോർന്നൊലിക്കുകയോ കുട്ടികൾ പരസ്പരം പങ്കുവെക്കുകയോ ചെയ്താൽ, ബാഹ്യമായ അണുബാധകൾ കാരണം താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകാം:

  • ചർമ്മത്തിലെ ചൊറിച്ചിലും തടിപ്പും (contact dermatitis)
  • ചർമ്മത്തിലെ അണുബാധകൾ (പ്രത്യേകിച്ച് വായയുടെയും താടിയുടെയും അടുത്ത്)

4. പൂപ്പൽ

കുപ്പി ഉപയോഗ ശേഷം ശരിയായ രീതിയിൽ ഉണക്കിയില്ലെങ്കിൽ കുപ്പിയുടെ മൂടിയിലും റബ്ബർ വളയങ്ങളിലും സ്ട്രോകളിലും പൂപ്പൽ ഉണ്ടാകും. ഇത് കാണാൻ കഴിയാത്തത്ര നേർത്ത പൂപ്പൽ വളർച്ചയാകാം.  കാലക്രമേണ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാൻ കാരണമാകും.

വാട്ടർ ബോട്ടിൽ വൃത്തിയാക്കാനുള്ള ശരിയായ വഴികൾ: രക്ഷിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

1.അകവും പുറവും ദിവസവും വൃത്തിയാക്കുക 

എല്ലാ ദിവസവും കുപ്പി ചൂടുവെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് കഴുകുക. കുപ്പിയുടെ അടിഭാഗത്തും മൂടിയുടെ ഉൾവശത്തും എത്താൻ കുപ്പി കഴുകുന്ന ബ്രഷ് ഉപയോഗിക്കുന്നത് നല്ലതാണ്. വെള്ളം മാത്രം ഉപയോഗിച്ച് കഴുകുന്നത് ഒഴിവാക്കുക.

2.മധുരമുള്ള പാനീയങ്ങൾ വേണ്ട

സാധാരണ വെള്ളം മാത്രം കുപ്പിയിൽ കൊടുത്തുവിടാൻ ശ്രമിക്കുക. മധുരമുള്ള പാനീയങ്ങൾ കുപ്പികളിൽ അവശേഷിക്കുന്നത് ബാക്ടീരിയ വളരാൻ കാരണമാകും. അഥവാ മധുരമുള്ള പാനീയങ്ങൾ നൽകുകയാണെങ്കിൽത്തന്നെ, ഉടനെ കുപ്പി വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

3.നന്നായി ഉണക്കിയെടുക്കുക

കഴുകിയ ശേഷം കുപ്പിയുടെ മൂടി തുറന്ന് വെച്ച് പൂർണ്ണമായും ഉണങ്ങാൻ അനുവദിക്കുക. ഈർപ്പമുള്ളതും അടച്ചുവെച്ചതുമായ കുപ്പികൾ ബാക്ടീരിയകൾക്കും പൂപ്പലിനും വളരാൻ പറ്റിയ സ്ഥലമാണ്.

4.ബിപിഎ രഹിതവും എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്നതുമായ കുപ്പികൾ തെരഞ്ഞെടുക്കുക

വായ്ഭാഗം വീതി കൂടിയതും അധികം ഭാഗങ്ങൾ ഊരിമാറ്റാനില്ലാത്തതുമായ ബിപിഎ രഹിത കുപ്പികൾ തെരഞ്ഞെടുക്കുക. റബ്ബർ സീലുകളോ സ്ട്രോകളോ ഉള്ള കുപ്പികൾ അവ നന്നായി വൃത്തിയാക്കാൻ സാധിക്കുമെങ്കിൽ മാത്രം കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാൻ കൊടുക്കുക.

എന്താണ് ബിപിഎ ഫ്രീ?

ബിസ്ഫെനോൾ എ (Bisphenol A) എന്ന രാസവസ്തു അടങ്ങിയിട്ടില്ലാത്ത ഉൽപ്പന്നം എന്നാണ് BPA-രഹിതം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.  പ്ലാസ്റ്റിക്കുകളും റെസിനുകളും നിർമ്മിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണിത്. താഴെ പറയുന്ന ഉൽപ്പന്നങ്ങളിൽ ഇത് സാധാരണയായി കാണാറുണ്ട്:

  • വാട്ടർ ബോട്ടിലുകൾ
  • ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന കണ്ടെയ്നറുകൾ
  • കുഞ്ഞുങ്ങളുടെ കുപ്പികൾ
  • ഭക്ഷണടിന്നുകളുടെ ഉൾഭാഗത്ത് പാളികൾ നിർമ്മിക്കാൻ

എന്താണ് BPA?

പ്ലാസ്റ്റിക്കിന് കാഠിന്യം നൽകാൻ ഉപയോഗിക്കുന്ന ഒരു വ്യാവസായിക രാസവസ്തുവാണ് ബിസ്ഫെനോൾ എ (BPA). ഈ രാസവസ്തു,  പാത്രങ്ങൾ ചൂടാക്കുമ്പോഴോ വെയിലത്ത് വെക്കുമ്പോഴോ അവയിൽ നിന്ന് ഭക്ഷണത്തിലേക്കും പാനീയങ്ങളിലേക്കും കലരാൻ സാധ്യതയുണ്ട്.

എന്തുകൊണ്ടാണ് ബിപിഎ ഹാനികരമാകുന്നത്?

BPA-യുമായുള്ള സമ്പർക്കം പ്രത്യേകിച്ച് ശിശുക്കളിലും കുട്ടികളിലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

  • ഹോർമോൺ വ്യതിയാനങ്ങൾ (ഇതിന് ഈസ്ട്രജൻ അനുകരണശേഷിയുണ്ട്)
  • ചില തരം ക്യാൻസറുകൾക്കുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു
  • കുട്ടികളിലെ സ്വഭാവ പ്രശ്നങ്ങൾ
  • ഹൃദയസംബന്ധമായ രോഗങ്ങൾ
  • നേരത്തെയുള്ള യൗവനാരംഭവും പ്രത്യുത്പാദന പ്രശ്നങ്ങളും

“BPA-രഹിതം” എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ബിസ്ഫെനോൾ എ അല്ലാതെ, മറ്റ് വസ്തുക്കൾ ഉപയോഗിച്ചാണ് BPA-രഹിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണ പാനീയങ്ങൾ സൂക്ഷിക്കാൻ, പ്രത്യേകിച്ച് കുട്ടികൾക്കും ശിശുക്കൾക്കും വേണ്ടി ഉപയോഗിക്കാൻ ഇവ കൂടുതൽ സുരക്ഷിതമാണ്.

BPA-രഹിത ലേബലുകൾ നോക്കി തെരഞ്ഞെടുക്കേണ്ട ഉത്പന്നങ്ങൾ:

  • മൈക്രോവേവിൽ ഉപയോഗിക്കാവുന്ന ഭക്ഷണ പാത്രങ്ങൾ
  • പുനരുപയോഗിക്കാവുന്ന കുപ്പികൾ (പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾക്ക്)
  • കുഞ്ഞുങ്ങൾക്കുള്ള പാൽക്കുപ്പികൾ

5. കുപ്പികൾ കൈമാറാതിരിക്കുക

കളിസ്ഥലത്തോ ഉച്ചഭക്ഷണ സമയത്തോ കൂട്ടുകാരുമായി വാട്ടർ ബോട്ടിലുകൾ മാറി ഉപയോഗിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുക.

6. ആഴ്ചയിൽ ഒരിക്കൽ സമ്പൂർണ്ണ ശുചീകരണം

ആഴ്ചയിൽ ഒരിക്കൽ ബേക്കിംഗ് സോഡ, വിനാഗിരി, ചെറുചൂടുവെള്ളം എന്നിവയുടെ മിശ്രിതത്തിൽ കുപ്പികൾ മുക്കിവെച്ച് സ്വാഭാവികമായി അണുവിമുക്തമാക്കുക.

ശിശുരോഗ വിദഗ്ദ്ധർ പറയുന്നത്

കൊച്ചിയിലെ ശിശുരോഗ വിദഗ്ദ്ധനായ ഡോ. ശാലിനി മേനോൻ പറയുന്നു:

“വാട്ടർ ബോട്ടിലുകൾ സംബന്ധിച്ച ശുചിത്വ ശീലങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ ഈ അശ്രദ്ധ, കുട്ടികളിൽ, പ്രത്യേകിച്ച് മഴക്കാലത്ത്, ഇടയ്ക്കിടെ തൊണ്ടവേദനയും പനിയും ഉണ്ടാകാൻ കാരണമാകും.”

കുപ്പികൾ തിരിച്ചറിയാം: കുഞ്ഞുങ്ങൾക്ക് വാട്ടർ ബോട്ടിലുകളിൽ പേരെഴുതി നൽകാം.

സ്‌കൂളിൽ കുപ്പികൾ മാറിപ്പോകുന്നത് അണുബാധകൾക്ക് ഒരു കാരണമാകാറുണ്ട്. ഇത് ഒഴിവാക്കാൻ നിങ്ങളുടെ കുട്ടിയുടെ കുപ്പിയിൽ പേര് വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

ഓർത്തു വെയ്ക്കാൻ ചില കാര്യങ്ങൾ

നിങ്ങളുടെ കുട്ടിയുടെ വാട്ടർ ബോട്ടിൽ പുറമെ വൃത്തിയുള്ളതായി തോന്നാമെങ്കിലും, നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അണുക്കൾ അതിനുള്ളിൽ ഒളിച്ചിരിപ്പുണ്ടാകാം. ദിവസവും വൃത്തിയാക്കുന്നതിലൂടെയും ആരോഗ്യത്തിന് ഹാനികരമല്ലാത്ത ബോട്ടിലുകൾ തെരഞ്ഞെടുക്കുന്നതിലൂടെയും  കുട്ടികളുടെ കുപ്പികൾ വൃത്തിയായി ,അണുബാധ വരാതെ ഉപയോഗിക്കാൻ സാധിക്കും. അങ്ങനെ കുഞ്ഞുങ്ങൾക്ക് വാട്ടർ ബോട്ടിൽ വഴി വരുന്ന അസുഖങ്ങൾ ഒഴിവാക്കാം.

References :

1. Bacterial Water Quality in Personal Water Bottles

2. Daily-Use Water Bottles Harbor Microbes

3.Water, Sanitation and Hygiene in Schools in Low- and Middle-Income Countries

Related News

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

സമൃദ്ധിയുടെ കാലത്തെ “ഹിഡൻ ഹങ്കർ”: ആധുനിക ഭാരതത്തിലെ കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് 

ആഹാരം ധാരാളമായി ലഭ്യമാകുന്ന അവസ്ഥയിലും നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ഹിഡൻ ഹങ്കർ (Hidden Hunger) എന്നറിയപ്പെടുന്ന പരോക്ഷ വിശപ്പ് അനുഭവിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത...

ഡിസംബർ 3, 2025 10:55 pm
കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ...

ഡിസംബർ 2, 2025 10:27 pm
X
Top
Subscribe