എന്താണ് പ്രതിരോധ സംവിധാനം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

എന്താണ് പ്രതിരോധ സംവിധാനം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

നമ്മുടെ ശരീരത്തിലെ അദൃശ്യമായ കാവൽസൈന്യം

ഒരു മുറിവു പറ്റുകയോ പനി വന്നുമാറുകയോ ചെയ്യുമ്പോൾ മുറിവുണങ്ങിയെന്നോ ക്ഷീണം മാറിയെന്നോ മാത്രമാകും നമ്മൾ ചിന്തിക്കുക. പതിവുപോലെ ദൈനംദിന കാര്യങ്ങളിൽ വീണ്ടും നമ്മൾ വ്യാപൃതരാകും. പക്ഷെ നമ്മളെ മുറിവിൽ നിന്നും പനിയിൽ നിന്നുമൊല്ലാം രക്ഷിച്ച പ്രതിരോധസേനയുടെ കരുത്താണ് ഇതിനുപിന്നിലെന്ന് മനസ്സിലാക്കുമ്പോഴാണ് ആന്തരികമായി ഈ സംവിധാനം നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അത്ഭുതം തോന്നുക.അതാണ് നമ്മുടെ പ്രതിരോധ സംവിധാനം അഥവാ ഇമ്മ്യൂൺ സിസ്റ്റം.

അസ്ഥി മജ്ജ (bone marrow), തൈമസ് (thymus), പ്ലീഹ (spleen), ലിംഫ് നോഡുകൾ (lymph nodes) പോലുള്ള അവയവങ്ങൾ; വെളുത്ത രക്താണുക്കൾ (white blood cells) പോലുള്ള കോശങ്ങൾ; ആൻ്റിബോഡികൾ (antibodies) എന്ന പ്രോട്ടീനുകൾ; സൈറ്റോകൈനുകൾ (cytokines) പോലെയുള്ള രാസ സന്ദേശവാഹകർ—ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു ഏകോപിത വ്യൂഹം തന്നെയാണ് ഈ സംവിധാനം. 

അപകടകാരികളായ രോഗാണുക്കളെ അകറ്റി നിർത്തുക, കേടുവന്ന കോശങ്ങളെ നീക്കം ചെയ്യുക, മുറിവുകൾ ഉണങ്ങാൻ സഹായിക്കുക, 

മുമ്പ് വന്ന രോഗാണുക്കളെ ഓർത്തുവെയ്ക്കുകയും പിന്നീടവയുടെ ആക്രമണമുണ്ടാകുമ്പോൾ കൂടുതൽ വേഗത്തിൽ പ്രതികരിക്കുകയും ചെയ്യുക – ഇതെല്ലാം ഈ സംവിധാനത്തിന് കീഴിലുള്ള പ്രവർത്തനങ്ങളാണ്. വാസ്തവത്തിൽ ഇത്, നമ്മുടെ ശരീരത്തിൽ സദാസമയവും പ്രവർത്തിക്കുന്ന, സങ്കീർണ്ണമായ സുരക്ഷാ സംവിധാനമാണ്. 

രണ്ട് വിഭാഗങ്ങൾ, ഒരൊറ്റ ലക്ഷ്യം: നൈസർഗ്ഗികവും ആർജ്ജിതവുമായ പ്രതിരോധം

അതിസൂക്ഷ്മമായ ഏകോപനവ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് പ്രതിരോധ സംവിധാനം (Immune System) പ്രവർത്തിക്കുന്നത്:

  • നൈസർഗ്ഗിക പ്രതിരോധശേഷി (Innate Immunity) നമ്മുടെ ശരീരത്തിലെ  ദ്രുതകർമ്മസേനയാണിത്. ഇവ രോഗാണുക്കൾക്കെതിരെ ത്വരിതഗതിയിലും വ്യാപകമായും പ്രവർത്തിക്കുന്നു. ത്വക്ക് (skin), കഫ സ്തരങ്ങൾ (mucous membranes), ആസിഡുകൾ, എൻസൈമുകൾ തുടങ്ങിയവയാണ് ആദ്യത്തെ പ്രതിരോധ കവചം. കോശങ്ങൾ (Cells) ന്യൂട്രോഫിലുകൾ (neutrophils), മാക്രോഫേജുകൾ (macrophages), നാച്ചുറൽ കില്ലർ കോശങ്ങൾ (NK cells), ഡെൻഡ്രിറ്റിക് കോശങ്ങൾ (dendritic cells) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാം വേഗത്തിൽ പ്രവർത്തിച്ച്, ആക്രമണകാരികളെ തടയുന്നു.
  • ആർജ്ജിത പ്രതിരോധശേഷി (Adaptive Immunity) – കൃത്യതയുള്ള യുണിറ്റാണിത്. രോഗാണുക്കളെ തിരിച്ചറിഞ്ഞ്, അവയ്‌ക്കെതിരെ ആക്രമണം നടത്തുന്നു. ബി കോശങ്ങൾ (B cells) പ്രത്യേക രോഗാണുക്കൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട ആൻ്റിബോഡികൾ (antibodies) ഉത്പാദിപ്പിക്കുന്നു. ടി കോശങ്ങൾ (T cells) (ഹെൽപ്പർ, സൈറ്റോടോക്സിക് എന്നിങ്ങനെ രണ്ട് തരം) ലക്ഷ്യസ്ഥാനം നിർണ്ണയിച്ചുള്ള ആക്രമണങ്ങൾ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ആർജ്ജിത പ്രതിരോധശേഷി ഓർമ്മശക്തി രൂപപ്പെടുത്തുന്നു എന്ന സുപ്രധാന കർത്തവ്യവും നിർവ്വഹിക്കുന്നുണ്ട്. ഇതിലൂടെ, അതേ രോഗാണു വീണ്ടും ശരീരത്തിൽ പ്രവേശിക്കുമ്പോൾ ദ്രുതഗതിയിൽ കൂടുതൽ കരുത്തോടെ പ്രതികരിക്കാൻ കഴിയുന്നു (ഇതാണ് വാക്സിനേഷന്റെ അടിസ്ഥാന തത്വം).

പ്രതിരോധ സംവിധാനം എന്തെല്ലാം ചെയ്യുന്നു?

1.പ്രവേശനം തടയുന്നു: രോഗാണുക്കൾ അകത്തേക്ക് കടക്കുന്നത് തടസ്സങ്ങൾ (barriers) വഴിയും അണുനാശിനിയായ സ്രവങ്ങൾ (antimicrobial secretions) വഴിയും തടയുന്നു.

2.അക്രമികളെ കണ്ടെത്തി നശിപ്പിക്കുന്നു: തടസ്സങ്ങൾ ഭേദിച്ച് അകത്ത് പ്രവേശിക്കുന്ന ആക്രമണകാരികളെ കണ്ടെത്തി നശിപ്പിക്കുന്നു.

3.നാശനഷ്ടം തടയുന്നു: ആവശ്യമുള്ളപ്പോൾ നീർവീക്കം (inflammation), രക്തം കട്ടപിടിക്കൽ (clotting) എന്നീ മാർഗ്ഗങ്ങളിലൂടെ നാശനഷ്ടങ്ങൾ നിയന്ത്രിക്കുന്നു.

4.കോശങ്ങളുടെ കേടുപാടുകൾ തീർക്കുന്നു: പരിക്കുകൾക്ക് ശേഷമോ അണുബാധകൾക്ക് ശേഷമോ കോശങ്ങളെ പുതുക്കിയെടുക്കുന്നു. 

5.തിരിച്ചറിയുകയും ഓർമ്മിക്കുകയും ചെയ്യുന്നു: ഭാവിയിൽ ഉണ്ടാകാവുന്ന പ്രതികരണങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കാൻ വേണ്ടി പഠിച്ച് ഓർമ്മയിൽ സൂക്ഷിക്കുന്നു.

പ്രതിരോധ സംവിധാനത്തിലെ പ്രധാന പങ്കാളികൾ

നമ്മുടെ പ്രതിരോധ സംവിധാനത്തിലെ പ്രധാന പങ്കാളികളും അവരുടെ പ്രധാന ധർമ്മങ്ങളും താഴെ നൽകുന്നു:

  • വെളുത്ത രക്താണുക്കൾ (Leukocytes): ന്യൂട്രോഫിലുകളും മാക്രോഫേജുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
  • ആൻ്റിബോഡികൾ (Antibodies): ബി കോശങ്ങൾ ഉത്പാദിപ്പിക്കുന്ന, Y ആകൃതിയിലുള്ള പ്രോട്ടീനുകൾ. ഇവ രോഗാണുക്കളെ നിർവീര്യമാക്കുകയോ അല്ലെങ്കിൽ നശിപ്പിക്കാനായി പ്രവർത്തിക്കുകയോ ചെയ്യുന്നു.
  • സൈറ്റോകൈനുകളും കെമോകൈനുകളും (Cytokines & Chemokines): പ്രതിരോധ പ്രവർത്തനങ്ങളെയും വീക്കത്തെയും ഏകോപിപ്പിക്കുന്ന സന്ദേശങ്ങൾ കൈമാറുന്ന രാസ തന്മാത്രകളാണിവ.
  • കോംപ്ലിമെൻ്റ് സിസ്റ്റം (Complement System): പ്രോട്ടീനുകളുടെ ശൃംഖലയാണിത്. രോഗാണുക്കളുടെ ബാഹ്യസ്തരം തുളച്ച് നശിപ്പിക്കുകയോ അല്ലെങ്കിൽ ആക്രമണകാരികളെ തളർത്തുകയോ ചെയ്യുകയാണ് ഇവയുടെ ധർമ്മം.
  • ലിംഫാറ്റിക് ശൃംഖല (Lymphatic Network):ശരീരത്തിലെ ദ്രാവകങ്ങൾ അരിച്ചെടുക്കുകയും പ്രതിരോധ കോശങ്ങൾക്ക് രോഗാണുക്കളുടെ വിവരങ്ങൾ നൽകുകയും ചെയ്യുന്ന ധമനികളും നോഡുകളും ഇതിൽ ഉൾപ്പെടുന്നു. ഇത് പ്രതിരോധ പ്രതികരണങ്ങൾ സജീവമാക്കാൻ സഹായിക്കുന്നു.

പ്രതിരോധശേഷിയുടെ താളം തെറ്റുമ്പോൾ

  • ഇമ്മ്യൂണോ ഡെഫിഷ്യൻസി (Immunodeficiency) – പ്രതിരോധ ശേഷി കുറയുമ്പോൾ ശരീരത്തിന് രോഗങ്ങളുടെ ആക്രമണം തടയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

ജനിതകപരമായ സങ്കരീർണ്ണതകൾ, ചില മരുന്നുകൾ (ഉദാഹരണത്തിന്, കീമോതെറാപ്പി, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ), പോഷകാഹാരക്കുറവ്, അല്ലെങ്കിൽ മറ്റു ഗുരുതര രോഗങ്ങൾ എന്നിവയാണ് കാരണങ്ങൾ. 

  • ഓട്ടോ ഇമ്മ്യൂണിറ്റി (Autoimmunity) – സ്വന്തം ശരീരത്തിലെ കോശങ്ങളെ അന്യകോശങ്ങളെന്ന് തെറ്റിദ്ധരിച്ച് പ്രതിരോധ കോശങ്ങൾ ആക്രമിക്കുന്നു.

ഉദാഹരണത്തിന്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (rheumatoid arthritis), ലൂപസ് (lupus) തുടങ്ങിയ രോഗങ്ങൾ.

  • അലർജിയും ഹൈപ്പർസെൻസിറ്റിവിറ്റിയും (Allergy & Hypersensitivity) 

ദോഷകരമല്ലാത്ത ചില സാധാരണ ഘടകങ്ങളോട് (പൂമ്പൊടി, ചിലതരം ഭക്ഷണങ്ങൾ) പ്രതിരോധ സംവിധാനം അമിതമായി പ്രതികരിച്ച് നീർവീക്കവും ശാരീരിക ബുദ്ധിമുട്ടുകളും  സൃഷ്ടിക്കുന്നു. 

സന്തുലിതാവസ്ഥയിലുള്ള ഈ ഏറ്റക്കുറച്ചിലാണ് പല രോഗങ്ങൾക്കും കാരണമാകുന്നത്. 

ജീവിതശൈലിയും പ്രതിരോധശേഷിയും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ പ്രതിരോധ സംവിധാനത്തെ കരുത്തോടെ നിലനിർത്താൻ സഹായിക്കുന്ന പ്രധാനപ്പെട്ട ജീവിതശൈലി ഘടകങ്ങൾ:

1. ഉറക്കം

ഉറക്കവും പ്രതിരോധശേഷിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നും  കൃത്യസമയത്ത് സ്വസ്ഥമായുറങ്ങുന്നത്  ടി -കോശങ്ങളുടെ പ്രവർത്തനത്തെയും ആൻ്റിബോഡി ഉൽപാദനത്തെയും സൈറ്റോകൈൻ നിലയേയും മികച്ചതാക്കുന്നു. ഉറക്കമില്ലായ്മ വാക്സിനുകളോടുള്ള പ്രതികരണം കുറയ്ക്കുകയും അണുബാധകൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

കൃത്യ സമയത്ത് ഉറങ്ങാനും ഇരുട്ടും തണുപ്പുമുള്ള മുറിയിൽ സ്വസ്ഥമായ അന്തരീക്ഷത്തിൽ കിടക്കാനും ഉറങ്ങുന്നതിന് മുൻപ് സ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

2. ശാരീരിക പ്രവർത്തനങ്ങൾ 

മിതമായ വ്യായാമം ശീലമാക്കുന്നത് പ്രതിരോധ സംവിധാനത്തിൻ്റെ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി പിടിപെടുന്ന അണുബാധകളുടെ സാധ്യത കുറയ്ക്കുന്നതിനും വാക്സിനുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നതിനും സഹായിക്കുന്നു.

എന്നാൽ, തുടർച്ചയായ കഠിന വ്യായാമങ്ങൾ, പ്രതിരോധശേഷി താൽക്കാലികമായി കുറയ്ക്കാൻ സാദ്ധ്യതയുണ്ട്. മിതമായതോ തീവ്രമായതോ ആയ ചലനങ്ങളും പേശികൾക്ക് കരുത്തു നൽകുന്ന വ്യായാമങ്ങളും ചെയ്യുക. ഇതിനൊപ്പം മതിയായ വിശ്രമവും വേണം.

3. പോഷകാഹാരവും ശരീരഘടനയും

പോഷകസമ്പുഷ്ടമായ ആഹാരരീതി ശീലിക്കുക. പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, നട്‌സ്/വിത്തുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം. ഇത് പ്രതിരോധ കോശങ്ങളുടെ പ്രവർത്തനത്തിന് അത്യാവശ്യമായ വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും നൽകുന്നു.

അമിതവണ്ണം, ചലനത്തിലും വ്യായാമം ചെയ്യാനും പ്രയാസം സൃഷ്ടിക്കുന്നതിന് പുറമെ ആന്തരിക തലത്തിലും സങ്കീർണ്ണതകൾ സൃഷ്ടിക്കും.

സ്ഥിരമായി നീർക്കെട്ടും പ്രതിരോധ പ്രതികരണശേഷിയിൽ ന്യൂനതകളും വരുത്തുന്ന ഒരു രോഗപ്രതിരോധ അവസ്ഥ കൂടിയാണിത്. ചില അണുബാധകൾ വന്നതിന് ശേഷമോ അല്ലെങ്കിൽ വാക്സിനുകൾ എടുത്തതിന് ശേഷമോ പ്രതിരോധ ശേഷി കുറയുന്നതിനും അമിതവണ്ണം കാരണമാകാറുണ്ട്.   

ഭക്ഷണത്തിൻ്റെ ഗുണമേന്മ, വ്യായാമം, ഉറക്കം, സമ്മർദ്ദനിയന്ത്രണം എന്നിവയിലൂടെ അമിതഭാരം  കുറയ്ക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

4. വാക്സിനേഷൻ 

രോഗകാരിയായ അണുവിനെ ശരീരത്തിൽ കുത്തിവെയ്ക്കുമ്പോൾ, അതിനെ നേരിടാൻ ശരീരം ആൻ്റിബോഡികൾ സൃഷ്ടിക്കുന്നു. ഈ ആൻ്റിബോഡി, വാക്സിനേഷൻ വഴി ശരീരത്തിലെത്തിയ രോഗാണു അഥവാ ആൻ്റിജനെ നശിപ്പിക്കുന്നു. ശരീരത്തിൽ ഇങ്ങനെ  സൃഷ്ടിക്കപ്പെടുന്ന ആൻ്റിബോഡി, ഒരു നിശ്ചിതകാലയളവു വരെ സജീവമായിരിക്കും. ഈ സമയത്ത് യഥാർത്ഥ അണുബാധയുണ്ടാകുന്ന പക്ഷം, B, T കോശങ്ങളെ വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാക്കുകയും ആൻ്റിബോഡികൾ അവയെ നശിപ്പിക്കുകയും ചെയ്യുന്നു. വാക്സിനേഷൻ, രോഗത്തിൻ്റെ അപകടങ്ങളില്ലാതെ തന്നെ, ആർജ്ജിത പ്രതിരോധശേഷി നിലനിർത്താൻ ശരീരത്തെ  പഠിപ്പിക്കുന്നു. പൊതുജനാരോഗ്യരംഗത്തെ ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗങ്ങളിൽ ഒന്നാണിത്.

5. സമ്മർദ്ദവും പരിസ്ഥിതിയും

നിരന്തരമായ മാനസിക സമ്മർദ്ദം, അന്തരീക്ഷ മലിനീകരണം, വീടിനകത്തെ വായുമലിനീകരണം എന്നിവ പ്രതിരോധ സംവിധാനത്തെ തുടർച്ചയായി പ്രകോപിപ്പിക്കുകയും  നീർക്കെട്ടിലേക്ക് നയിക്കുകയും ചെയ്തേക്കാം.

മലിനമായ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക, വീടിനകത്ത് വായു സഞ്ചാരം ഉറപ്പാക്കുക, പ്രകൃതിയുമായി അടുത്തിടപഴകുക, സമ്മർദ്ദം കുറയ്ക്കുന്ന ശീലങ്ങൾ (ഡയറി എഴുത്ത്, ശ്വസന വ്യായാമങ്ങൾ, സാമൂഹിക ബന്ധങ്ങൾ) തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നതുവഴി, പ്രതിരോധശേഷി നിലനിർത്താൻ സാധിക്കും.

ക്രമാനുഗതമായുള്ള രോഗപ്രതിരോധ പ്രതികരണം, 

ശരീരത്തിൽ ഒരു രോഗാണു പ്രവേശിക്കുമ്പോൾ, പ്രതിരോധ സംവിധാനം അതിനോട് പ്രതികരിക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. ഈ പ്രതികരണമാണ്, രോഗബാധയ്ക്ക് മുന്നോടിയായി, നമുക്ക് “അസുഖം” വരുന്നു എന്ന് തോന്നാൻ കാരണം:

1.തിരിച്ചറിയൽ: നൈസർഗ്ഗിക പ്രതിരോധ ശേഷിക്ക് ശരീരത്തിലെത്തുന്ന ആക്രമണകാരികളായ രോഗാണുക്കളെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിയാൻ സാധിക്കുന്നു.

2. മുന്നറിയിപ്പ് (നീർക്കെട്ട്) :

രക്തക്കുഴലുകൾ വികസിക്കുകയും പ്രതിരോധ കോശങ്ങൾ പെട്ടെന്ന് കലകളിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്നു. സൈറ്റോകൈനുകളുടെ അളവ് കൂടുന്നു—ഇതാണ് പനി, വേദന, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നത്. (ഇവ, ഒരു പരിധി വരെ, രോഗം മാറിയെന്നതിൻ്റെ സൂചനകളാണ്).

3.രോഗാണു നശീകരണം:

നൈസർഗ്ഗികവും ആർജ്ജിതവുമായ കോശങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് രോഗാണുക്കളെ നിർവീര്യമാക്കുകയും വിഴുങ്ങി നശിപ്പിക്കുകയും ചെയ്യുന്നു.

ആൻ്റിബോഡികൾ രോഗാണുക്കളുടെ പ്രവേശനം തടയുന്നു.

4.പരിഹാരവും അറ്റകുറ്റപ്പണിയും:

നീർക്കെട്ട്  ശമിക്കുകയും കേടുവന്ന കോശങ്ങളെ പുതുക്കിപ്പണിയാൻ തുടങ്ങുകയും ചെയ്യുന്നു.

5.ഓർമ്മശക്തി:

B, T കോശങ്ങൾ (memory cells) ശരീരത്തിൽ നിലനിൽക്കുന്നു. അടുത്ത തവണ ഇതേ രോഗാണു വന്നാൽ വേഗത്തിൽ, ശക്തമായി പ്രതികരിക്കാൻ ഇത് സഹായിക്കുന്നു. (രണ്ടാമത്തെ തവണ രോഗം വരുമ്പോൾ അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കുമ്പോൾ ലക്ഷണങ്ങൾ കുറയുന്നതിനും കൂടുതൽ സംരക്ഷണം ലഭിക്കുന്നതിനും കാരണം ഇതാണ്).

തെറ്റിദ്ധാരണകളും യാഥാർത്ഥ്യവും 

  • “ഒരൊറ്റ ദിവസം കൊണ്ട് പ്രതിരോധശേഷി കൂട്ടാം” എന്നത് തികച്ചും തെറ്റായ ധാരണയാണ്.

പ്രതിരോധശേഷിയെ പൊടുന്നനെ സൂപ്പർ ചാർജ് ചെയ്യാൻ ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണത്തിനോ മരുന്നിനോ കഴിയില്ല. ഉറക്കം, വ്യായാമം, പോഷകാഹാരം, സമ്മർദ്ദം കുറയ്ക്കൽ മുതലായ സ്ഥായിയായ നല്ല ശീലങ്ങളാണ് പ്രതിരോധശേഷി ആർജിക്കാനുള്ള ശരിയായ മാർഗ്ഗം.

  • “കൂടുതൽ വ്യായാമം ചെയ്യുന്നത് എപ്പോഴും നല്ലതാണ്.” 

ഈ ചിന്താഗതിയും ശരിയല്ല. വേണ്ടത്ര വിശ്രമമില്ലാതെ അമിതമായി കായിക പ്രയത്നം ചെയ്യുന്നത് താൽക്കാലികമായി അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണു ചെയ്യുക. കൃത്യമായി, ശാരീരികശേഷിയ്ക്കനുസൃതമായി വ്യായാമം ചെയ്യുന്നതാണ് അഭികാമ്യം.

  • ” ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് വാക്സിൻ ആവശ്യമില്ല.”

ഇതും മിഥ്യാധാരണയാണ്. വാക്സിനേഷൻ വഴി ലഭിക്കുന്ന പ്രതിരോധശക്തി വ്യക്തികളേയും അതുവഴി സമൂഹത്തെയും സംരക്ഷിക്കുന്നു. ശാരീരികക്ഷമത ഒരിക്കലും വാക്സിനേഷന് പകരമാകില്ല.  

ഡോക്ടറുടെ സഹായം തേടേണ്ടതെപ്പോൾ?

താഴെ പറയുന്ന സാഹചര്യങ്ങളിൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുക:

  • അപൂർവ്വമായതോ, ഗുരുതരമായതോ, നിരന്തരമായി വരുന്നതോ ആയ അണുബാധകൾ (ഉദാഹരണത്തിന്, ഇടയ്ക്കിടെയുള്ള ന്യുമോണിയ, മാറാത്ത ഫംഗസ് അണുബാധകൾ).
  • മാറാത്ത പനി, അകാരണമായി ഭാരം കുറയുക അല്ലെങ്കിൽ ലിംഫ് നോഡുകളിൽ നീർക്കെട്ട്.
  • ഓട്ടോ ഇമ്മ്യൂണിറ്റിയുടെ ലക്ഷണങ്ങൾ (നീണ്ടുനിൽക്കുന്ന സന്ധി വേദനകൾ, ചർമ്മത്തിലെ തിണർപ്പുകൾ, അവയവങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ).

രോഗവിവരങ്ങൾ, പരിശോധന, കംപ്ലീറ്റ് ബ്ലഡ് കൗണ്ടുകൾ (CBC), ഇമ്മ്യൂണോഗ്ലോബുലിൻ ലെവലുകൾ, അല്ലെങ്കിൽ ചില സംയോജിത പരിശോധനകൾ എന്നിവ വഴി രോഗിയെ സംബന്ധിച്ച വിവരങ്ങൾ ഡോക്ടർ  വിലയിരുത്തുകയും കൃത്യമായ ചികിത്സ നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ ഒരു ഇമ്മ്യൂണോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചേക്കാം.

തികച്ചും സന്തുലിതമായാണ് നമ്മുടെ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നത്. നമ്മുടെ ശരീരത്തിൻ്റെ അവസ്ഥയെ പരിഗണിച്ചുകൊണ്ടുള്ള ദിനചര്യ പിന്തുടരാവുന്നതാണ്: നന്നായി ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക, വിവേകപൂർവ്വം ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ രീതിയിൽ ശരീരഭാരം നിലനിർത്തുക, കൃത്യ സമയത്ത് വാക്സിൻ എടുക്കുക, സമ്മർദ്ദം നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും സാമൂഹിക ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുക.

 ഈ ചര്യകൾ അണുബാധകളെ തടയുമെന്ന് മാത്രമല്ല, ജീവിതകാലം മുഴുവൻ നമുക്ക് പ്രതിരോധശേഷി നൽകുകയും ചെയ്യും.

REFERENCES :
Parkin J, Cohen B. An overview of the immune system. The Lancet. 2001. (Overview of normal function and dysfunction.)

Medina KL, et al. Overview of the immune system. PubMed summary, 2016. (Concise structural/functional primer.)

WHO. How do vaccines work? (Adaptive immunity and vaccination principles.) World Health Organization

Besedovsky L, et al. Sleep and immune function / Sleep-immune crosstalk. PMC / PubMed (2011–2024). (Bidirectional sleep–immunity evidence.)

Chastin SFM, et al. Effects of Regular Physical Activity on the Immune System. Sports Medicine, 2021. (Systematic review linking moderate PA to lower infection risk and better vaccine response.)

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe