എന്താണ് സെൻസറീന്യൂറൽ ശ്രവണനഷ്ടം? ചെവിയിലെ പരോക്ഷമായ കേടുപാടുകൾ മനസ്സിലാക്കാം

എന്താണ് സെൻസറീന്യൂറൽ ശ്രവണനഷ്ടം? ചെവിയിലെ പരോക്ഷമായ കേടുപാടുകൾ മനസ്സിലാക്കാം

ഏകദേശം ഒന്നര വർഷം മുമ്പ്  ബോളിവുഡിലെ പ്രശസ്ത ഗായിക അൽക്ക യാഗ്നിക്,  തനിക്കു സംഭവിച്ച കേൾവിപ്രശ്നത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചിരുന്നു. കേൾവി നഷ്ടമാകാനിടയാക്കിയ അസുഖത്തെക്കുറിച്ചും ഗായിക അന്ന് വിവരങ്ങൾ പങ്കുവെച്ചിരുന്നു. സെൻസറിന്യൂറൽ ഹിയറിംഗ് ലോസ് എന്ന അപൂർവ്വരോഗമാണ് അൽക്കയെ ബാധിച്ചത്. അതിനുശേഷം നാളിതുവരെ ഗാനരംഗത്ത് സജീവമാകാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അപൂർവ്വമാണെങ്കിലും, കേൾവിശക്തിയെ സാരമായി ബാധിക്കുന്ന ഈ അസുഖത്തെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുന്നത്, മുൻകരുതൽ സ്വീകരിക്കാൻ നമ്മെ സഹായിക്കും.  

ചെവിക്കായം (earwax) അടയുന്നതുകൊണ്ടോ അണുബാധ മൂലമോ ഉണ്ടാകുന്ന താൽക്കാലിക കേൾവിക്കുറവ് സാധാരണയായി ചികിത്സയിലൂടെ മാറ്റാൻ കഴിയുമെങ്കിലും, സെൻസറീന്യൂറൽ കേൾവിക്കുറവ് (Sensorineural Hearing Loss – SNHL) നമ്മുടെ ചെവിയ്ക്കകത്തുള്ള ശ്രവണ സംവിധാനത്തിൻ്റെ പ്രവർത്തനത്തിൽ സങ്കീർണ്ണമായ മാറ്റങ്ങൾ വരുത്തും.

എന്താണ് സെൻസറീന്യൂറൽ ശ്രവണനഷ്ടം (SNHL) 

ചെവിയ്ക്കകത്തുള്ള ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിക്കുമ്പോഴാണ് സെൻസറീന്യൂറൽ കേൾവിക്കുറവ് ഉണ്ടാകുന്നത്:

  • ആന്തര കർണ്ണം (Cochlea – കോക്ലിയ): ശബ്ദ തരംഗങ്ങൾ വൈദ്യുത സിഗ്നലുകളായി (electrical signals) മാറുന്ന ഭാഗം.
  • ഓഡിറ്ററി നാഡി (Auditory Nerve): ഈ സിഗ്നലുകൾ തലച്ചോറിലേക്ക് എത്തിക്കുന്ന നാഡി.

ഈ കേടുപാടുകൾ കാരണം തലച്ചോറിൽ ശബ്ദം പ്രോസസ്സ് ചെയ്യുന്ന രീതിക്ക് തടസ്സം സംഭവിക്കുന്നു. അതിനാൽ, മതിയായ ഉച്ചത്തിലാണെങ്കിൽ പോലും ശബ്ദം വ്യക്തമായി കേൾക്കാൻ കഴിയാതെ വരുന്നു.

ചെവിക്കായം, അല്ലെങ്കിൽ ബാഹ്യകർണ്ണത്തിലെ യോ മധ്യകർണ്ണത്തിലെയോ പ്രശ്‌നങ്ങൾ (Outer or Middle Ear) എന്നിവ കാരണം ഉണ്ടാകുന്ന ‘കണ്ടക്റ്റീവ് കേൾവിക്കുറവിൽ’ (Conductive Hearing Loss) നിന്ന് വ്യത്യസ്തമായി, SNHL കേൾവിയുടെ നാഡിയെ അല്ലെങ്കിൽ സെൻസറി പാതയെയാണ് ബാധിക്കുന്നത് — അതിനാലാണ് ഈ അവസ്ഥയെ “സെൻസറീ-ന്യൂറൽ” എന്ന് വിശേഷിപ്പിക്കുന്നത്.

ചെവിയുടെ പ്രവർത്തനം 

എസ് എൻ എച്ച് എല്ലിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ, സാധാരണ ഗതിയിൽ നമ്മൾ എങ്ങനെയാണ് ശബ്ദങ്ങൾ കേൾക്കുന്നത് എന്നുകൂടി അറിഞ്ഞിരിക്കുന്നത് സഹായകമാകും:

1. ശബ്ദ തരംഗങ്ങൾ ബാഹ്യകർണ്ണം വഴി ചെവിക്കുള്ളിലേക്ക് പ്രവേശിച്ച് കർണ്ണപടത്തിൽ (eardrum) തട്ടി അതിനെ കമ്പനം (vibration) ചെയ്യിക്കുന്നു.

2.ഈ കമ്പനങ്ങൾ ഓസിക്കിളുകൾ (Ossicles – മധ്യകർണ്ണത്തിലെ മൂന്ന് ചെറിയ എല്ലുകൾ) വഴി നീങ്ങുന്നു.

3.കമ്പനങ്ങൾ, ദ്രാവകം നിറഞ്ഞ, ചുരുളൻ രൂപത്തിലുള്ള കോക്ലിയയിൽ (Cochlea) എത്തുന്നു. കോക്ലിയക്കകത്ത് സൂക്ഷ്മമായ രോമകോശങ്ങൾ (hair cells) ഉണ്ട്.

4.ഈ രോമകോശങ്ങളുടെ ചലനം വൈദ്യുത സിഗ്നലുകൾ സൃഷ്ടിക്കുകയും അത് ഓഡിറ്ററി നാഡിയിലേക്ക് (Auditory Nerve) അയയ്ക്കുകയും ചെയ്യുന്നു. 

5.ഈ സിഗ്നലുകളെ മസ്തിഷ്ക്കം, ശബ്ദമായി വ്യാഖ്യാനിക്കുന്നു.

ഉച്ചത്തിലുള്ള നിരന്തരമായ ശബ്ദം, വാർദ്ധക്യം, അല്ലെങ്കിൽ അസുഖങ്ങൾ എന്നിവ മൂലം അതിലോലമായ രോമകോശങ്ങൾക്കോ നാഡീനാരുകൾക്കോ കേടുപാടുകൾ സംഭവിക്കുമ്പോൾ, ഈ സിഗ്നൽ പ്രസരണം തകരാറിലാകുന്നു. അപ്പോഴാണ് സെൻസറിന്യൂറൽ ശ്രവണനഷ്ടം ഉണ്ടാകുന്നത്.

സെൻസറീന്യൂറൽ കേൾവിക്കുറവിൻ്റെ (SNHL) സാധാരണ കാരണങ്ങൾ

1. വാർദ്ധക്യം സംബന്ധിച്ച കേൾവിക്കുറവ് (Presbycusis)

ഇതാണ് ഏറ്റവും സാധാരണമായ കാരണം. കോക്ലിയയിലെ രോമകോശങ്ങൾ കാലക്രമേണ നശിച്ചുപോകുന്നു. പ്രത്യേകിച്ച് ഉയർന്ന ഫ്രീക്വൻസിയിലുള്ള ശബ്ദങ്ങളോട് സംവേദനക്ഷമതയുള്ള കോശങ്ങൾക്കാണ് പ്രായമേറുമ്പോൾ തകരാർ സംഭവിക്കുന്നത്. അതുകൊണ്ടാണ് പ്രായമായവർക്ക് ശബ്ദം കേൾക്കാൻ കഴിയുമെങ്കിലും വാക്കുകൾ വ്യക്തമായി മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നത്.

2. ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് (Noise-Induced Hearing Loss)

ഉച്ചത്തിൽ ശബ്ദമുള്ള സാഹചര്യങ്ങളിൽ (സംഗീത കച്ചേരികൾ, ഗതാഗതം, ഇയർഫോണുകൾ, അല്ലെങ്കിൽ വ്യാവസായിക ജോലികൾ) ദീർഘനേരം ചെലവഴിക്കുന്നത് ആന്തരിക കർണ്ണത്തിലെ രോമകോശങ്ങൾക്ക് സ്ഥായിയായ നാശം വരുത്തുന്നു. സെക്കൻ്റുകൾ മാത്രം നീണ്ടു നിൽക്കുന്ന വളരെ ഉച്ചത്തിലുള്ള ശബ്ദങ്ങൾ (ഉദാഹരണത്തിന്, പടക്കം) പോലും SNHL ന് കാരണമായേക്കാം.

3. പെട്ടെന്നുള്ള സെൻസറീന്യൂറൽ ശ്രവണനഷ്ടം (SSHL)

കുറച്ച് മണിക്കൂറുകൾ കൊണ്ടോ ദിവസങ്ങൾ കൊണ്ടോ പെട്ടെന്ന് അകാരണമായി കേൾവിക്കുറവുണ്ടാകാം. പലപ്പോഴും ഒരു ചെവിയിൽ മാത്രമായിരിക്കും പ്രശ്നമുണ്ടാകുക. ഉടൻ തന്നെ ശ്രദ്ധ നൽകേണ്ട അവസ്ഥയാണിത്. ഈ സാഹചര്യത്തിൽ എത്രയും വേഗം ചികിൽസ തേടണം.  സ്റ്റിറോയ്ഡുകൾ ഉപയോഗിച്ചുള്ള ചികിത്സ കേൾവിശക്തി വീണ്ടെടുക്കാൻ സഹായിച്ചേക്കാം.

4. ജനിതക ഘടകങ്ങൾ (Genetic Factors)

പാരമ്പര്യമായി പകർന്നു കിട്ടുന്ന (Inherited mutations) അസ്വാഭാവികതകൾ മൂലവും എസ് എൻ എച്ച് എൽ ഉണ്ടാകാം. ആന്തരിക കർണ്ണം വികസിക്കുന്നതിലോ, അതിൻ്റെ ഫ്രവർത്തനത്തിലോ വ്യത്യാസങ്ങൾ വരാം. ഇത് ജന്മനാ ഉള്ളതോ ക്രമേണ വർധിക്കുന്നതോ ആയ കേൾവിക്കുറവിന് കാരണമാകും.

5. വൈറൽ അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ അണുബാധകൾ (Infections)

മുണ്ടിനീര് (Mumps), അഞ്ചാംപനി (Measles), മെനിഞ്ചൈറ്റിസ് പോലുള്ള അണുബാധകളോ, അല്ലെങ്കിൽ ഓട്ടോഇമ്മ്യൂൺ ആന്തരിക കർണ്ണ രോഗങ്ങളോ (Autoimmune inner ear disease) കോക്ലിയയിലോ നാഡിയിലോ സ്ഥിരമായ കേടുപാടുകൾ ഉണ്ടാക്കാം.

6. ഓട്ടോടോക്സിക് മരുന്നുകൾ (Ototoxic Medications)

ചില മരുന്നുകൾ, പ്രത്യേകിച്ച് കീമോതെറാപ്പി ഏജന്റുകൾ, ചില ആൻ്റിബയോട്ടിക്കുകൾ (അമിനോഗ്ലൈക്കോസൈഡുകൾ), അല്ലെങ്കിൽ ഉയർന്ന ഡോസിലുള്ള ആസ്പിരിൻ എന്നിവ കോക്ലിയക്ക് ദോഷകരമായേക്കാം.

7. തലയ്ക്ക് ഏൽക്കുന്ന പരിക്ക് അല്ലെങ്കിൽ അക്കൗസ്റ്റിക് ട്രോമ (Head Injury/Acoustic Trauma)

തലയോട്ടിക്ക് (Skull) ഉണ്ടാകുന്ന കേടുപാടുകൾ അല്ലെങ്കിൽ പെട്ടെന്നുള്ള ഉച്ചത്തിലുള്ള സ്ഫോടനം എന്നിവ ആന്തരിക കർണ്ണത്തിൻ്റെ ഘടനയെ തകർക്കാൻ സാധ്യതയുണ്ട്.

അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

സെൻസറീന്യൂറൽ കേൾവിക്കുറവ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയോ ക്രമേണ വർദ്ധിക്കുകയോ ചെയ്യാം. സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നവ:

  • അടഞ്ഞതോ വ്യക്തമല്ലാത്തതോ ആയ ശബ്ദങ്ങൾ .
  • ശബ്ദായമാനമായ ചുറ്റുപാടുകളിൽ സംസാരം മനസ്സിലാക്കാൻ ബുദ്ധിമുട്ട്.
  • ചെവിയിൽ മൂളുന്നതോ കിരുകിരുക്കുന്നതോ ആയ ശബ്ദം (Tinnitus)
  • ടിവിയുടെയോ ഫോണിൻ്റെയോ ശബ്ദം സാധാരണയിൽക്കവിഞ്ഞ് വർദ്ധിപ്പിക്കേണ്ടി വരിക.
  • സംസാരം കേൾക്കുമ്പോൾ ആളുകൾ മുറുമുറുക്കുകയാണ് എന്ന് തോന്നുക.
  • ഉയർന്ന ശബ്ദത്തിലുള്ള സംസാരം കേൾക്കാൻ ബുദ്ധിമുട്ട്.

ശാരീരിക ക്ഷീണം കൊണ്ടോ അല്ലെങ്കിൽ ചുറ്റുമുള്ള ശബ്ദകോലാഹലം കാരണമോ തോന്നുന്നതാണെന്ന് കരുതി പലരും ഈ ലക്ഷണങ്ങളെ അവഗണിക്കാറുണ്ട്.  വാസ്തവത്തിൽ, കേൾവി കുറഞ്ഞതായി അനുഭവപ്പെടുമ്പോൾത്തന്നെ രോഗനിർണയം നടത്തേണ്ടത് പ്രധാനമാണ്.

രോഗനിർണ്ണയം എങ്ങനെ?

ഒരു ഇ എൻ ടി സ്പെഷലിസ്റ്റ് (ENT specialist) അല്ലെങ്കിൽ ഓഡിയോളജിസ്റ്റ് (Audiologist) താഴെ പറയുന്ന പരിശോധനകൾ നടത്തുന്നു:

  • പ്യുവർ-ടോൺ ഓഡിയോമെട്രി (PTA): ഏത് ഫ്രീക്വൻസികൾ വരെ കേൾക്കാൻ കഴിയുമെന്ന് കണ്ടെത്തുന്നു.
  • സ്പീച്ച് ഓഡിയോമെട്രി: സംസാരിക്കുന്ന വാക്കുകൾ മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവ് പരിശോധിക്കുന്നു.
  • ടിംപനോമെട്രി (Tympanometry): മധ്യകർണ്ണത്തിലെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ.
  • ഓട്ടോഅക്കൗസ്റ്റിക് എമിഷൻസ് (OAE) അല്ലെങ്കിൽ എ ബി ആർ. (ABR) പരിശോധനകൾ: കോക്ലിയയുടെയും നാഡിയുടെയും പ്രവർത്തനം വിലയിരുത്തുത്താൻ.

ഈ പരിശോധനകൾ കേൾവിക്കുറവ് കണ്ടക്റ്റീവ് ആണോ, സെൻസറീന്യൂറൽ ആണോ, അതോ ഇവ രണ്ടും ചേർന്നതാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നു. ചികിത്സയ്ക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിൽ ഇത് നിർണ്ണായകമാണ്.

ചികിത്സിച്ചു മാറ്റാൻ കഴിയുമോ?

നിർഭാഗ്യവശാൽ, മിക്ക സെൻസറീന്യൂറൽ കേൾവിക്കുറവുകളും ചികിത്സിച്ചു മാറ്റാനാകാത്തതാണ്. രോമകോശങ്ങൾക്കോ ഓഡിറ്ററി നാഡികൾക്കോ കേടുപാടുകൾ സംഭവിച്ചാൽ അവ സ്വാഭാവികമായി പുനഃസൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് കാരണം .

കേൾവിശക്തിയും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആധുനിക വൈദ്യശാസ്ത്രം, നിരവധി നൂതനമാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ചികിത്സാ രീതികൾ

1.ശ്രവണസഹായികൾ (Hearing Aids): സംസാരം കൂടുതൽ വ്യക്തവും സ്പഷ്ടവുമാക്കാൻ ശബ്ദം വർദ്ധിപ്പിക്കുന്നു. ആധുനിക ഡിജിറ്റൽ എയ്ഡുകൾ വ്യക്തികളുടെ കേൾവിശക്തിക്ക് അനുസൃതമായി മാറ്റിയെടുക്കാൻ കഴിയും.

2.കോക്ലിയർ ഇംപ്ലാൻ്റുകൾ (Cochlear Implants): ശസ്ത്രക്രിയയിലൂടെ പിടിപ്പിക്കുന്ന ഉപകരണങ്ങളാണിവ. കേടായ രോമകോശങ്ങളെ മറികടന്ന് ഇവ ഓഡിറ്ററി നാഡിയെ നേരിട്ട് ഉത്തേജിപ്പിക്കുന്നു.

3.മരുന്നുകൾ (പെട്ടെന്നുള്ള SNHLന്): കോർട്ടികോസ്റ്റിറോയ്ഡുകൾ (അകത്തേക്ക് കഴിക്കുകയോ കുത്തിവെയ്ക്കുകയോ ചെയ്യുന്നത്) നേരത്തെ ചികിത്സ ആരംഭിച്ചാൽ ചിലപ്പോൾ കേൾവിശക്തി ഭാഗികമായി വീണ്ടെടുക്കാൻ സഹായിച്ചേക്കാം.

4.സഹായക ഉപകരണങ്ങൾ (Assistive Devices): ബ്ലൂടൂത്ത് സ്ട്രീമറുകൾ, ടിവി ശ്രവണ സംവിധാനങ്ങൾ, ഫോൺ ആംപ്ലിഫയറുകൾ എന്നിവ ദൈനംദിന ആശയവിനിമയത്തിനായി ഉപയോഗിക്കാം.

ശ്രവണനഷ്ടത്തിന് ശേഷം

  • നേരത്തെയുള്ള രോഗനിർണയം പ്രധാനമാണ്. ചികിത്സ വൈകുന്നത് ആശയവിനിമയ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും.
  • കൂടുതൽ കേടുപാടുകൾ സംഭവിക്കാതെ ചെവികൾ സംരക്ഷിക്കുക: ശബ്ദത്തിൻ്റെ അളവ് കുറയ്ക്കുക, നോയ്സ് കാൻസെലിംഗ് ഹെഡ്‌ഫോണുകൾ (Noise-Cancelling Headphones) ഉപയോഗിക്കുക.
  • സപ്പോർട്ട് നെറ്റ് വർക്കിൻ്റെ (Support Network) ഭാഗമാകുക. കേൾവിക്കുറവ് വൈകാരിക ആരോഗ്യത്തെയും ബന്ധങ്ങളെയും ബാധിക്കാറുണ്ട്.
  • 40 വയസ്സിന് ശേഷം പതിവായി കേൾവി പരിശോധനകൾ നടത്തുന്നത് വഴി, നേരിയ മാറ്റങ്ങൾ പോലും നേരത്തെ കണ്ടെത്താൻ സഹായിക്കും.

ചെവികൾ നാഡീവ്യൂഹത്തിൻ്റെ (Nervous System) അതിലോലമായ ഭാഗങ്ങളാണ്.  ശബ്ദം കേൾക്കാനുതകുന്ന അവയവം എന്നതിനൊപ്പം തന്നെ, വികാരങ്ങളും ബന്ധങ്ങളുമെല്ലാം മനസ്സിലേക്കെത്തിക്കുന്ന കവാടങ്ങൾ കൂടിയാണവ.

അമിതശബ്ദം, വാർദ്ധക്യം, ആകസ്മിക കേടുപാടുകൾ, ഇവയിലേതുതന്നെ ആയാലും ബോധവൽക്കരണവും നേരത്തെയുള്ള പരിചരണവും ഏറെ ഗുണം ചെയ്യും.

References

  1. Clark, W. W. (1991). Noise exposure from leisure activities: A review. Journal of the Acoustical Society of America.
  2. Sensorineural Hearing Loss Overview.
  3. American Academy of Otolaryngology – Head and Neck Surgery (AAO-HNS). Guidelines for Sudden Hearing Loss.
  4. Johns Hopkins Medicine. Cochlear Implant Program: Understanding Inner Ear Damage.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe