എന്താണ് ഡിജിറ്റൽ ആരോഗ്യം?

എന്താണ് ഡിജിറ്റൽ ആരോഗ്യം?

സാങ്കേതികവിദ്യ നമ്മുടെ ചികിത്സാ രീതികളെയും പ്രതിരോധ മാർഗ്ഗങ്ങളെയും ജീവിതശൈലിയെയും മാറ്റിയെഴുതുന്നതെങ്ങനെ?

കേരളത്തിലുള്ള ഒരു പ്രമേഹരോഗി തന്റെ ഗ്ലൂക്കോസ് നില ഒരു സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ച സെൻസർ വഴി പരിശോധിക്കുന്നു; ഡൽഹിയിലെ ഒരു ഹൃദ്രോഗ വിദഗ്ദ്ധൻ ഒരു സ്മാർട്ട് വാച്ചിൽ നിന്നുള്ള ഇസിജി ഡേറ്റ അവലോകനം ചെയ്യുന്നു; ബംഗളൂരുവിലെ തെറാപ്പിസ്റ്റ്, ഉത്കണ്ഠ അനുഭവിക്കുന്ന ഒരു കൗമാരക്കാരനെ വെർച്വൽ കൗൺസിലിംഗ് സെഷനിലൂടെ നയിക്കുന്നു. ഇതൊന്നും ശാസ്ത്രത്തെ ആധാരമാക്കിയ കൽപ്പനാസൃഷ്ടികളല്ല.  ആരോഗ്യരംഗത്ത് ഡിജിറ്റൽ മേഖല യാഥാർത്ഥ്യമാകുന്നതിൻ്റെ നേർചിത്രങ്ങളാണിവയെല്ലാം.

സാങ്കേതികവിദ്യയുടേയും വൈദ്യശാസ്ത്രത്തിൻ്റേയും മനുഷ്യൻറെ ധിഷണയുടേയും പരിവർത്തനപരമായ സംഗമമാണ് ഡിജിറ്റൽ ആരോഗ്യം. ഇത് വെറും ആപ്പുകളോ ഗാഡ്‌ജെറ്റുകളോ മാത്രമല്ല — ആരോഗ്യ പരിപാലനത്തെ  തന്നെ നവീകരിച്ച് നിർവചിക്കുന്നതിനാണ് ഡിജിറ്റൽ ആരോഗ്യം  ലക്ഷ്യമിടുന്നത്. അതായത്, ആരോഗ്യ സംരക്ഷണത്തെ കൂടുതൽ പ്രാപ്യമാക്കുക, വ്യക്തിഗതമാക്കുക, രോഗം വരാതെ പ്രതിരോധിക്കുക, ക്രോഡീകരിച്ച വിവരങ്ങളെ ആശ്രയിച്ചുള്ളതാക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

1. ഡിജിറ്റൽ ആരോഗ്യം നിർവ്വചിക്കുമ്പോൾ 

ലോകാരോഗ്യ സംഘടന (World Health Organization – WHO) ഡിജിറ്റൽ ആരോഗ്യത്തെ ഇങ്ങനെയാണ് നിർവചിക്കുന്നത്:

“ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വികസനവുമായും ഉപയോഗവുമായും ബന്ധപ്പെട്ട വിജ്ഞാനത്തിൻ്റേയും പ്രയോഗത്തിൻ്റെയും മേഖലയാണ് ഡിജിറ്റൽ ആരോഗ്യം.”

ലളിതമായി പറഞ്ഞാൽ, ആരോഗ്യത്തെയും ക്ഷേമത്തെയും പിന്തുണയ്ക്കുന്ന എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു—അത് നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതാകാം, രോഗം കണ്ടെത്താനുള്ളതാകാം, ചികിത്സ നൽകുന്നതാകാം, അല്ലെങ്കിൽ രോഗം വരാതെ പ്രതിരോധിക്കാനുള്ളതുമാകാം.

ഡിജിറ്റൽ ആരോഗ്യത്തിൻ്റെ പ്രധാന ശാഖകൾ

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഡിജിറ്റൽ ലോകം ഉപയോഗിക്കുന്ന പ്രധാന വഴികൾ ഏതൊക്കെയാണെന്ന് നോക്കാം:

  • ടെലിമെഡിസിൻ (Telemedicine): ദൂരപരിമിതികളെ ഇല്ലാതാക്കുന്ന വെർച്വൽ കൺസൾട്ടേഷനുകൾ. വിദഗ്ദ്ധരായ ഡോക്ടർമാരെ നിങ്ങളുടെ വീട്ടിലേക്ക്, അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങളിലെ രോഗികൾക്ക് അടുത്തേക്ക് എത്തിക്കാൻ ഇത് സഹായിക്കുന്നു.
  • മൊബൈൽ ആരോഗ്യം (mHealth): ഹൃദയമിടിപ്പ്, ഉറക്കം, ഗർഭധാരണ സാധ്യതകൾ, മാനസിക സമ്മർദ്ദം, മരുന്ന് കഴിക്കുന്നത് എന്നിവയൊക്കെ കൃത്യമായി നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന ആപ്പുകളും ധരിക്കാവുന്ന ഉപകരണങ്ങളും (wearables) ഇതിൽ ഉൾപ്പെടുന്നു.
  • ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡുകൾ (EHRs): രോഗികളുടെ വിവരങ്ങൾ എല്ലാം ഒരിടത്ത് സുരക്ഷിതമായി സൂക്ഷിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ. ഇത് ഡോക്ടർമാർ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനും ചികിത്സാ പിഴവുകൾ കുറയ്ക്കാനും സഹായിക്കും.
  • ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI): രോഗ സാധ്യതകൾ മുൻകൂട്ടി പ്രവചിക്കുന്ന മോഡലുകൾ, ഡയഗ്നോസ്റ്റിക് ഇമേജുകൾ വിശകലനം ചെയ്യൽ, പുതിയ മരുന്നുകൾ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ നിർമ്മിത ബുദ്ധി (AI) നിർണായക പങ്ക് വഹിക്കുന്നു.
  • ബിഗ് ഡേറ്റയും അനലിറ്റിക്സും (Big Data and Analytics): അനേകായിരങ്ങളുടെ ഡേറ്റ ഉപയോഗിച്ച് രോഗവ്യാപനം പ്രവചിക്കുക, ദീർഘകാല രോഗങ്ങൾ ട്രാക്ക് ചെയ്യുക, ചികിത്സയുടെ ഫലപ്രാപ്തി അളക്കുക തുടങ്ങിയവ ചെയ്യാൻ സാധിക്കുന്നു.
  • ഡിജിറ്റൽ ചികിത്സാ രീതികൾ (Digital Therapeutics): പരമ്പരാഗത ചികിത്സകൾക്ക് പകരമായോ അല്ലെങ്കിൽ അതിനോട് സംയോജിപ്പിച്ചോ ഉപയോഗിക്കുന്ന, തെളിവുകളുടെ പിൻബലമുള്ള ഡിജിറ്റൽ ഇടപെടലുകൾ. (ഉദാഹരണത്തിന്, ഉത്കണ്ഠ കുറയ്ക്കാനുള്ള കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി ആപ്പുകൾ).

2. പരിണാമം — ‘രോഗം വന്ന ശേഷമുള്ള ചികിത്സ’യിൽ നിന്ന് ‘സ്മാർട്ട് കെയറിലേക്ക്’

പരമ്പരാഗത ആരോഗ്യ പരിരക്ഷാ രീതികൾ മിക്കപ്പോഴും പ്രതികരണാത്മകമായിരുന്നു (Reactive) — അതായത്, രോഗം വന്ന ശേഷം നമ്മൾ ഡോക്ടറെ സന്ദർശിക്കുന്ന രീതി. എന്നാൽ, ഡിജിറ്റൽ ആരോഗ്യം ഈ രീതിയെ മുൻകരുതലെടുക്കുന്ന (Proactive), തുടർച്ചയായ പരിചരണ മാതൃകയിലേക്ക് പരിവർത്തനപ്പെടുത്തുകയാണ്.

സ്മാർട്ട് ഉപകരണങ്ങൾ, എ.ഐ., തത്സമയ ഡേറ്റ എന്നിവ രോഗികൾക്കും ഡോക്ടർമാർക്കും മുന്നറിയിപ്പ് സൂചനകൾ നേരത്തെ തന്നെ കണ്ടെത്താൻ സഹായിക്കുന്നു. ഉദാഹരണത്തിന്:

  • ഒരു സ്മാർട്ട് വാച്ചിന് ക്രമരഹിതമായ ഹൃദയ താളം കണ്ടെത്താൻ സാധിക്കുകയും അത് വഴി നേരത്തെ തന്നെ ഹൃദയ പരിശോധനയ്ക്ക് വിധേയനാകാനുള്ള പ്രേരണയാകുകയും ചെയ്യുന്നു.
  • രക്തസമ്മർദ്ദം നിരീക്ഷിക്കുന്ന ഒരു ആപ്പിന്, ദിവസേനയുള്ള റീഡിംഗുകൾ കൃത്യമായി നിലനിർത്തിക്കൊണ്ട് പക്ഷാഘാതം (Strokes) പോലുള്ളവ തടയാൻ കഴിയും.
  • ശസ്ത്രക്രിയക്ക് ശേഷമുള്ള ടെലിഹെൽത്ത് ഫോളോ അപ്പുകൾ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിക്കേണ്ട സാധ്യത കുറയ്ക്കുകയും രോഗമുക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഈ ഡിജിറ്റൽ പരിണാമം ആശുപത്രികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ആവാസവ്യവസ്ഥയാക്കി (connected ecosystems) മാറ്റുന്നു. ഇവിടെ പരിചരണം ആശുപത്രിയുടെ ചുവരുകൾക്കപ്പുറത്തേക്കും വാർഡുകൾക്കപ്പുറത്തേക്കും സൗകര്യപ്രദമായി വ്യാപിക്കുന്നു.

3. മനുഷ്യനും സാങ്കേതികവിദ്യയും ചേർന്നുള്ള സമവാക്യം 

എല്ലാ അൽഗോരിതങ്ങളും സെൻസറുകളും ഉണ്ടായിരുന്നിട്ടും ഡിജിറ്റൽ ആരോഗ്യം അടിസ്ഥാനപരമായി മനുഷ്യകേന്ദ്രീകൃതം തന്നെയാണ്. ഡോക്ടർമാരെ ഒഴിവാക്കുക എന്നതല്ല ഇതിൻ്റെ ലക്ഷ്യം—മറിച്ച്, അവരുടെ സേവനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനും രോഗികൾക്ക് ശക്തി നൽകാനും വേണ്ടിയാണ് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്.

a. രോഗികളുടെ ശാക്തീകരണം 

സ്വന്തം ആരോഗ്യകാര്യങ്ങളിൽ സജീവമായി പങ്കുചേരാൻ ഡിജിറ്റൽ ഉപകരണങ്ങൾ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. ഹെൽത്ത് ട്രാക്കിംഗ്, റിമൈൻഡറുകൾ, ആരോഗ്യപരമായ പഠന ഉറവിടങ്ങൾ എന്നിവ അവബോധവും ഉത്തരവാദിത്തബോധവും വളർത്തുന്നു. ജീവിതശൈലി മെച്ചപ്പെടുത്തുന്ന ഒരു ആപ്പ് ഉപയോഗിച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഒരു വ്യക്തി, തൻ്റെ ചികിത്സാപ്രയാണത്തിലെ സഹയാത്രികനായി  മാറുകയാണ്.

b. ഡോക്ടർമാരുടെ ശാക്തീകരണം 

സങ്കീർണ്ണമായ ഡേറ്റ വേഗത്തിലും കൃത്യതയോടെയും വ്യാഖ്യാനിക്കാൻ നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള സംവിധാനങ്ങൾ ഡോക്ടർമാരെ സഹായിക്കുന്നു. ഉദാഹരണത്തിന്, എ.ഐ. മോഡലുകൾക്ക് റേഡിയോളജി സ്കാനുകൾ നിമിഷങ്ങൾക്കകം വായിക്കാനും തുടർന്ന് വിദഗ്ദ്ധ പരിശോധനയ്ക്കായി അസ്വാഭാവികതകൾ ഉയർത്തിക്കാട്ടാനും കഴിയും. ഇത് സമയം ലാഭിക്കുകയും കൃത്യത വർദ്ധിപ്പിക്കുകയും വൈകാരികമായ ഇടപെടലും വിവേചനവും പോലുള്ള, യന്ത്രങ്ങൾക്ക് പകരം വെക്കാൻ കഴിയാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡോക്ടർമാരെ അനുവദിക്കുകയും ചെയ്യുന്നു.

4. ഇന്ത്യയുടെ ഡിജിറ്റൽ ആരോഗ്യ വിപ്ലവം

ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡിജിറ്റൽ ആരോഗ്യ പരിവർത്തനങ്ങൾക്ക്  ഇന്ത്യയും സാക്ഷ്യം വഹിക്കുന്നു.

കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആരംഭിച്ച ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) പോലുള്ള പദ്ധതികൾ, രാജ്യവ്യാപകമായി ഒരു ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ (ecosystem) കെട്ടിപ്പടുക്കാൻ ലക്ഷ്യമിടുന്നു. പദ്ധതിയിൽ ഭാഗഭാഗാക്കുന്ന പ്രവർത്തനങ്ങൾ ഇനിപ്പറയുന്നു:

  • വ്യക്തിഗത ആരോഗ്യ ഐഡികൾ (ABHA നമ്പറുകൾ)
  • ആശുപത്രികളിലുടനീളം ബന്ധിപ്പിച്ചിട്ടുള്ള ഡിജിറ്റൽ ആരോഗ്യ രേഖകൾ
  • ഇ-സഞ്ജീവനി പോലുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ
  • ആയുഷ് (AYUSH), പ്രതിരോധ പരിചരണം (preventive care), ആധുനിക വൈദ്യശാസ്ത്രം എന്നിവയുടെ സംയോജനം

സ്വകാര്യ സ്ഥാപനങ്ങളുടെ പുതിയ കണ്ടുപിടിത്തങ്ങളും (ഉദാഹരണത്തിന്, ധരിക്കാവുന്ന ഉപകരണങ്ങളുടെ സ്റ്റാർട്ടപ്പുകൾ, Practo, 1mg, Apollo 24/7 പോലുള്ള ടെലി-കൺസൾട്ടേഷൻ ആപ്പുകൾ) ഈ ദേശീയ ദൗത്യത്തിന് ശക്തി പകരുന്നു. ഇതിന്റെ ഫലമോ? ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഭൂമിശാസ്ത്രപരമായ പരിമിതികളില്ലാതെ ഇപ്പോൾ വൈദ്യോപദേശം തേടാൻ സാധിക്കുന്നു.

5. സൗകര്യങ്ങൾക്കപ്പുറം നേട്ടങ്ങൾ 

ഡിജിറ്റൽ ആരോഗ്യം നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം സൗകര്യത്തിൽ മാത്രം ഒതുങ്ങുന്നില്ല, മെച്ചപ്പെട്ട ആരോഗ്യ ഫലങ്ങൾ നൽകുന്നതിലും ഇത് സഹായകമാകുന്നുണ്ട്.

a. പ്രാപ്യത 

ഇന്ത്യയിലെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന രോഗികൾക്ക്, യാത്രാച്ചെലവുകളോ കാലതാമസമോ കൂടാതെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധപ്പെടാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സഹായിക്കുന്നു. മഹാമാരിയുടെ കാലത്ത് ടെലിമെഡിസിൻ കൺസൾട്ടേഷനുകൾ 200 ശതമാനത്തിധികമാണ് വർദ്ധിച്ചത്. ഡിജിറ്റൽ കണക്റ്റിവിറ്റിക്ക് ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാകുകയും ചെയ്തു.

b. വ്യക്തിഗതമാക്കൽ 

എ.ഐ. (AI) നൽകുന്ന ഉൾക്കാഴ്ചകൾ ജനിതകപരമായ, ജീവിതശൈലീപരമായ, പെരുമാറ്റപരമായ ഡേറ്റകൾക്കനുസരിച്ച് ചികിത്സകളെ മാറ്റിയെടുക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണക്രമം, വ്യായാമം, മരുന്നുകൾ എന്നിവയെല്ലാം നിങ്ങൾക്ക് വേണ്ടി മാത്രം കൃത്യമായി ക്രമീകരിക്കാൻ സാധിക്കുന്നു.

c. പ്രതിരോധം 

സാധാരണ ആരോഗ്യരീതികളിൽ നിന്ന് വ്യത്യസ്തമായി, തുടർച്ചയായ നിരീക്ഷണത്തിന് സൗകര്യമൊരുങ്ങുകയും ഇതിലൂടെ രോഗവ്യതിയാനങ്ങൾ നേരത്തെ കണ്ടെത്താൻ സഹായകമാകുകയും ചെയ്തു. ഇത് ദീർഘകാല രോഗങ്ങൾ വർദ്ധിക്കുന്നത് തടയുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. 

d. ചെലവ് കുറയ്ക്കൽ 

ആശുപത്രി സന്ദർശനങ്ങൾ കുറയ്ക്കുന്നതിലൂടെയും സങ്കീർണ്ണതകൾ തടയുന്നതിലൂടെയും വീട്ടിലിരുന്നുതന്നെ പരിചരണം സാധ്യമാക്കുന്നതിലൂടെയും ഡിജിറ്റൽ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യ പരിരക്ഷാ ചെലവ് കുറയ്ക്കുന്നു.

6. വെല്ലുവിളികളും ധാർമിക ആശങ്കകളും 

പ്രതിരോധമില്ലാതെ ഒരു വിപ്ലവവും സാദ്ധ്യമായ ചരിത്രമില്ല. ഡിജിറ്റൽ ആരോഗ്യം വികസിക്കുമ്പോൾ, നിരവധി വെല്ലുവിളികൾ നിലനിൽക്കുന്നു:

  • വിവരങ്ങളുടെ സ്വകാര്യത (Data Privacy): മെഡിക്കൽ വിവരങ്ങൾ തികച്ചും വ്യക്തിപരമാണ്. ദുരുപയോഗം തടയാൻ ശക്തമായ സൈബർ സുരക്ഷയും ചട്ടക്കൂടുകളും നിർബന്ധമാണ്.
  • സാങ്കേതിക വിടവ് (Digital Divide): ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും സ്ഥിരമായ ഇൻ്റർനെറ്റ് ലഭ്യതയും ഡിജിറ്റൽ സാക്ഷരതയും കുറവാണ്. ഈ വിടവ് നികത്തിയാൽ മാത്രമേ എല്ലാവർക്കും തുല്യമായ ആരോഗ്യപരിരക്ഷ ലഭിക്കൂ.
  • സാങ്കേതികവിദ്യയിലുള്ള അമിത ആശ്രിതത്വം (Over-reliance on Tech): തീരുമാനമെടുക്കാൻ അൽഗോരിതങ്ങൾക്ക് സഹായിക്കാനാകും, എന്നാൽ അത് മനുഷ്യൻ്റെ വൈദഗ്ദ്ധ്യത്തിന് പകരമാകരുത്.
  • നിയന്ത്രണവും നിലവാരവും (Regulation and Standardization): പല വെൽനസ് ആപ്പുകൾക്കും ശാസ്ത്രീയമായ സാധൂകരണം ഇല്ല; വിശ്വാസ്യത ഉറപ്പാക്കാൻ വ്യക്തമായ നയങ്ങൾ ആവശ്യമാണ്.

7. ഭാവി: AI, ജീനോമിക്സ്, ഇൻ്റർനെറ്റ് ഓഫ് മെഡിക്കൽ തിങ്‌സ് (IoMT)

നാളത്തെ ആരോഗ്യ പരിരക്ഷ ഇതിലും കൂടുതൽ ബൗദ്ധികവും ബന്ധിതവുമായിരിക്കും.

  • AI + ജീനോമിക്സ് (Genomics): ജനിതക അടയാളങ്ങളെ അടിസ്ഥാനമാക്കി രോഗസാധ്യതകൾ പ്രവചിക്കുന്നു.
  • IoMT: ഇൻഹേലറുകൾ മുതൽ കിടക്കകൾ വരെ ദൈനംദിന വസ്തുക്കളിൽ ഉൾച്ചേർത്ത സ്മാർട്ട് സെൻസറുകൾ, തത്സമയ ഡേറ്റ നിരന്തരം കൈമാറ്റം ചെയ്യുന്നു.
  • വെർച്വൽ & ഓഗ്മെൻ്റഡ് റിയാലിറ്റി: ശസ്ത്രക്രിയാ പരിശീലനം, വേദന നിയന്ത്രിക്കൽ, രോഗികളെ ബോധവൽക്കരിക്കൽ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
  • ബ്ലോക്ക്‌ചെയിൻ: മെഡിക്കൽ രേഖകൾ മാറ്റം വരുത്താൻ സാധിക്കാത്തവയാണെന്ന് (tamper-proof) ഉറപ്പാക്കുകയും ഡേറ്റ സുരക്ഷിതമായി പങ്കിടാൻ സഹായിക്കുകയും ചെയ്യുന്നു.

എങ്കിലും, ഈ കണ്ടുപിടിത്തങ്ങൾക്കിടയിലും ഒരു പ്രധാന തത്വം നിലനിൽക്കണം: സാങ്കേതികവിദ്യ അനുകമ്പയ്ക്ക് വേണ്ടിയായിരിക്കണം പ്രവർത്തിക്കേണ്ടത്, അതിനെ മറികടക്കാൻ പാടില്ല.

8.മനസ്സ്-ശരീരം-സാങ്കേതികവിദ്യ-സന്തുലിതാവസ്ഥ 

യഥാർത്ഥ ആരോഗ്യം എന്നത് ശാസ്ത്രവും സ്വയം അവബോധവും സമൂഹവും ഒരുമിച്ചു ചേരുന്ന ഒരു ആവാസവ്യവസ്ഥയാണെന്ന് nellikka.life വിശ്വസിക്കുന്നു .

ഡിജിറ്റൽ ഉപകരണങ്ങൾ നമ്മെ സഹായിക്കാൻ വേണ്ടിയുള്ളതാണ് — എന്നാൽ രോഗശാന്തി തുടങ്ങുന്നത് ഇപ്പോഴും മാനുഷിക ബന്ധത്തിൽ, വിശ്വാസത്തിൽ, പരസ്പരമുള്ള മനസ്സിലാക്കലിൽ നിന്നെല്ലാമാണ്.

ഒരു സെൻസറിന് നിങ്ങളുടെ ഹൃദയമിടിപ്പ് അളക്കാൻ കഴിയും, പക്ഷേ പ്രതീക്ഷയെ അളക്കാൻ അതിന് സാധിക്കില്ല. അതുകൊണ്ടാണ് ആരോഗ്യത്തിൻ്റെ ഭാവി, സാങ്കേതികവിദ്യയും അനുകമ്പയും സമന്വയിപ്പിച്ചു കൊണ്ടുള്ളതാകേണ്ടത്.

References

  1. World Health Organization. Global Strategy on Digital Health 2020–2025.
  2. Ministry of Health & Family Welfare, Government of India. Ayushman Bharat Digital Mission.
  3. The Lancet Digital Health (2023). “AI in Clinical Practice: Promise and Peril.”
  4. Nature Medicine (2022). “Digital Therapeutics and Their Role in Chronic Disease Management.”
  5. NITI Aayog Report on India’s Telemedicine Framework (2021).

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe