ജനിച്ചയുടനെ കുഞ്ഞിന് അമ്മയെ കാണാനാകുമോ? നവജാത ശിശുക്കളുടെ കാഴ്ചയുടെ ശാസ്ത്രം

ഒരു കുഞ്ഞ് പിറന്നുവീണ് ആദ്യമായി കണ്ണ് തുറക്കുമ്പോൾ, എന്താണ് കാണുന്നത് എന്ന ആകാംക്ഷ മാതാപിതാക്കൾക്ക് സ്വാഭാവികമാണ്. അമ്മയുടെ ഉദരത്തിൽ നിന്ന് പെട്ടെന്ന് നിറഞ്ഞ വെളിച്ചത്തിലേക്കത്തുമ്പോൾ, കുഞ്ഞിന് എല്ലാവരെയും കാണാനാകുമോ എന്ന സംശയം കുഞ്ഞതിഥിയെ കാത്തുനിൽക്കുന്നവർക്കെല്ലാം ഉണ്ടാകും. എന്നാൽ, പൂർണ്ണമായി വികസിച്ച കാഴ്ചയോടെയല്ല കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നതാണ് വാസ്തവം.
ഒരു കുഞ്ഞിന് ജന്മനാ തന്നെ, ഘടനാപരമായി കണ്ണുകൾ ഉണ്ടാകുമെങ്കിലും, ലോകത്തെ കാണാനും അത് തിരിച്ചറിയാനുമുള്ള കഴിവ് തീരെ പരിമിതമാണ്.
വാസ്തവത്തിൽ, ഒരു നവജാത ശിശുവിന്റെ ലോകത്തിൽ, കൂടുതലും മങ്ങിയ രൂപങ്ങൾ, നിഴലുകൾ, വെളിച്ചം എന്നിവ മാത്രമാണുണ്ടാകുക. ആഴ്ചകളും മാസങ്ങളും കഴിയുമ്പോഴാണ് ഈ കാഴ്ച പതിയെ വ്യക്തമായി വരുന്നത്. ശിശുക്കളുടെ കാഴ്ച എങ്ങനെ വികസിക്കുന്നു എന്ന് മനസ്സിലാക്കുന്നത് രസകരമായ അറിവ് മാത്രമല്ല, കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കാൻ മാതാപിതാക്കളെ സഹായിക്കുകയും ചെയ്യും.
കുഞ്ഞുങ്ങൾക്ക് വ്യക്തമായ കാഴ്ച ഇല്ലാത്തത് എന്തുകൊണ്ട്?
ഗർഭപാത്രത്തിൽ വെച്ച് ഏറ്റവും ഒടുവിൽ പൂർണ്ണമായി വികസിക്കുന്ന ഇന്ദ്രിയങ്ങളിൽ ഒന്നാണ് കാഴ്ച. ജനനത്തിന് മുൻപ് തന്നെ കേൾവിയും സ്പർശവും മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാണാൻ കഴിയണമെങ്കിൽ,കണ്ണുകൾ, ഒപ്റ്റിക് നാഡികൾ, തലച്ചോറിലെ വിഷ്വൽ കോർട്ടെക്സ് എന്നിവ തമ്മിലുള്ള സങ്കീർണ്ണമായ ഏകോപനം ആവശ്യമാണ്.
- റെറ്റിനയുടെ പക്വതക്കുറവ്: ജനനസമയത്ത് റെറ്റിന (കണ്ണിന്റെ പിന്നിലുള്ള പ്രകാശ സംവേദന ശേഷിയുള്ള പാളി) വളർച്ച പ്രാപിക്കുന്ന ഘട്ടത്തിലായിരിക്കും.
- ഫോക്കസ് ചെയ്യാനുള്ള കഴിവുകുറവ്: കണ്ണിന്റെ ലെൻസിനും പേശികൾക്കും വസ്തുക്കളിൽ വ്യക്തമായി ഫോക്കസ് ചെയ്യാനുള്ള കരുത്ത് ജനിച്ചയുടനെ പരിമിതമായിരിക്കും.
- തലച്ചോറിലെ പാതകൾ വികസിക്കാത്തത്: കണ്ണിൽ നിന്നുള്ള സിഗ്നലുകൾ വിശകലനം ചെയ്യുന്ന വിഷ്വൽ കോർട്ടെക്സിൻ്റെ വളർച്ചയും വികാസവും ജനനശേഷം മാത്രമേ പൂർണ്ണതയിലെത്തുകയുള്ളൂ.
ഇക്കാരണത്താലാണ് ആദ്യനാളുകളിൽ കാഴ്ചയെക്കാൾ ഉപരിയായി സ്പർശം, മണം, കേൾവി എന്നിവയെ കുഞ്ഞുങ്ങൾ കൂടുതലായി ആശ്രയിക്കുന്നത്.
നവജാത ശിശുക്കളുടെ കാഴ്ചശേഷി
1. കാഴ്ചയുടെ ദൂരപരിധി
- നവജാത ശിശുക്കൾക്ക് ഏകദേശം 8–12 ഇഞ്ച് ദൂരത്തിലുള്ള വസ്തുക്കളെ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ. അതായത്, മാതാപിതാക്കൾ കുഞ്ഞിനെ എടുത്ത് ചേർത്തുപിടിക്കുമ്പോൾ അവരുടെ മുഖത്തേക്ക് ഫോക്കസ് ചെയ്യാൻ മാത്രം പാകത്തിൽ.
- ഇതിലും അകലെയുള്ളതെല്ലാം കുഞ്ഞിന് മങ്ങിയ രൂപങ്ങൾ മാത്രമായിരിക്കും.
2. നിറങ്ങൾ
- ജനനസമയത്ത്, കുഞ്ഞുങ്ങൾ കൂടുതലും കാണുന്നത് കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയാണ്.
- 2–3 മാസമാകുമ്പോൾ, അവർ അടിസ്ഥാന നിറങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നു. ഇതിൽ ചുവപ്പ് നിറമാണ് ആദ്യം തിരിച്ചറിയുന്നത്.
- 4–6 മാസമാകുമ്പോഴേക്കും പൂർണ്ണമായ വർണ്ണ കാഴ്ച വികസിക്കുന്നു.
3. ഫോക്കസും ട്രാക്കിംഗും
- ആദ്യ ആഴ്ചകളിൽ, കുഞ്ഞുങ്ങളുടെ കണ്ണുകൾക്ക് ചലിക്കുന്ന വസ്തുക്കളെ കൃത്യമായി പിന്തുടരാൻ കഴിയില്ല.
- അവരുടെ കണ്ണുകൾ ഇടയ്ക്കിടെ അലയുന്നതായോ വക്രിച്ചതായോ തോന്നിയേക്കാം. ഇത് സാധാരണമാണ്, കണ്ണിന്റെ പേശികൾക്ക് ബലം വരുമ്പോൾ ഇത് താനേ മാറും.
പ്രായത്തിനനുസരിച്ചുള്ള കാഴ്ചാ വികസനം
- ജനനം മുതൽ – 1 മാസം: മങ്ങിയ കാഴ്ച ; അടുത്തുള്ള മുഖങ്ങൾ മാത്രം കാണുന്നു; തെളിഞ്ഞ പ്രകാശത്തോട് സംവേദനക്ഷമതയുണ്ടാകും.
- 2 – 3 മാസങ്ങൾ: കണ്ണുകൾ കൊണ്ട് വസ്തുക്കളെ പിന്തുടരാൻ തുടങ്ങുന്നു; പരിചിതമായ മുഖങ്ങൾ തിരിച്ചറിയുന്നു; കടുത്ത നിറങ്ങൾ കാണുന്നു.
- 4 – 6 മാസങ്ങൾ: കാഴ്ചശക്തി മെച്ചപ്പെടുന്നു; കളിപ്പാട്ടങ്ങൾ ലക്ഷ്യമാക്കി കൈകൾ നീട്ടുന്നു.
- 6 – 12 മാസങ്ങൾ: മുതിർന്നവരുടെ ഏകദേശ വ്യക്തതയിലേക്ക് കാഴ്ച വികസിക്കുന്നു; കൈകളും കണ്ണുകളും തമ്മിലുള്ള ഏകോപനം ശക്തമാകുന്നു.
പരിമിതമായ കാഴ്ച പ്രയോജനകരമാകുന്നത് എങ്ങനെ?
- കുറഞ്ഞ കാഴ്ചയോടെ ജനിക്കുന്നത് വാസ്തവത്തിൽ പ്രകൃതി ഒരുക്കുന്ന സംരക്ഷണ സംവിധാനമാണ്.
- കൂടുതൽ വ്യക്തവും സൂക്ഷ്മവുമായ ദൃശ്യങ്ങൾ ഒരേസമയം തലച്ചോറിലേക്ക് പ്രവഹിച്ചാൽ, നവജാത ശിശുവിന്റെ മസ്തിഷ്കം ആശയക്കുഴപ്പത്തിലാകും.
- അതിനാൽ സുരക്ഷിതമായ, ഘട്ടം ഘട്ടമായുള്ള പ്രക്രിയയിലൂടെ, കുഞ്ഞുങ്ങൾ ചുറ്റുപാടുകളെ ഫോക്കസ് ചെയ്യാനും തരംതിരിക്കാനും മനസ്സിലാക്കാനും പഠിക്കുന്നു.
ആരോഗ്യകരമായ കാഴ്ചാ വികാസത്തിന് മാതാപിതാക്കൾ ചെയ്യേണ്ടത്
കുഞ്ഞിന്റെ കാഴ്ച മെച്ചപ്പെടുത്തുന്നതിൽ വീട്ടിലെ അന്തരീക്ഷത്തിനും മാതാപിതാക്കളുടെ ഇടപെടലിനും വലിയ പങ്കുണ്ട്.
1.നേർക്കുനേർ സംഭാഷണം:
1.കുഞ്ഞിനെ അടുത്ത് (8–12 ഇഞ്ച് ദൂരത്തിൽ) പിടിച്ച് കണ്ണിൽ നോക്കി സംസാരിക്കുക.
2.ലോകത്തിലെ മറ്റെന്തിനേക്കാളും കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നത് മുഖങ്ങളിലേക്ക് നോക്കാനാണ്.
2.വർണ്ണഭേദമുള്ള കളിപ്പാട്ടങ്ങൾ:
1.കറുപ്പും വെളുപ്പും നിറത്തിലുള്ള പാറ്റേണുകൾ നവജാത ശിശുക്കളെ ഉത്തേജിപ്പിക്കും.
2.വർണ്ണക്കാഴ്ച വികസിക്കുമ്പോൾ, കടും നിറങ്ങളിലുള്ള കളിപ്പാട്ടങ്ങൾ നൽകുക.
3.വസ്തുക്കളെ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുക:
1.കണ്ണിന്റെ പേശികൾക്ക് ബലം കിട്ടാനായി ഒരു കളിപ്പാട്ടം പതുക്കെ വശങ്ങളിലേക്ക് ചലിപ്പിച്ച് കുഞ്ഞിനെക്കൊണ്ട് നോട്ടം പിന്തുടരാൻ പരിശീലിപ്പിക്കുക.
4.സുരക്ഷിതമായ അന്തരീക്ഷം:
1. മതിയായ വെളിച്ചവും സുരക്ഷിതമായി കളിക്കാനുള്ള സ്ഥലങ്ങളും കാഴ്ചയുടെ സ്വാഭാവിക വികാസത്തെ സഹായിക്കും.
5.പതിവ് പരിശോധനകൾ:
1. ആദ്യ മാസങ്ങളിൽ ശിശുരോഗ വിദഗ്ദ്ധർ (Pediatricians) കണ്ണിന്റെ ഏകോപനവും പ്രതികരണശേഷിയും പരിശോധിക്കും.
2.മടിയൻ കണ്ണ് (Lazy eye) അല്ലെങ്കിൽ ജൻമനാലുള്ള തിമിരം (Congenital cataract) പോലുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കണ്ടെത്തേണ്ടത് നിർണായകമാണ്.
ശിശുക്കളുടെ കാഴ്ചയെക്കുറിച്ചുള്ള കൗതുകകരമായ വസ്തുതകൾ
- നവജാത ശിശുക്കൾക്ക്, പരിമിതമായ കാഴ്ചയും ഗന്ധവും കൊണ്ട് ദിവസങ്ങൾക്കുള്ളിൽ അമ്മയുടെ മുഖം തിരിച്ചറിയാൻ സാധിക്കും.
- കുഞ്ഞുങ്ങൾ സ്വാഭാവികമായും കണ്ണുകളിലേക്കും തീവ്രമായ വർണ്ണ വ്യത്യാസങ്ങളിലേക്കും ആകർഷിക്കപ്പെടുന്നു. അതുകൊണ്ടാണ് അവർ വസ്തുക്കളേക്കാൾ കൂടുതൽ സമയം മുഖത്തേക്ക് നോക്കുന്നത്.
- ആദ്യ വർഷം അവസാനിക്കുമ്പോൾ, മിക്ക ശിശുക്കളും ഏകദേശം 20/20 കാഴ്ച (മുതിർന്നവരുടെ നിലവാരം) നേടും. എങ്കിലും, സൂക്ഷ്മമായ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് ബാല്യകാലം വരെ വികസിച്ചുകൊണ്ടിരിക്കും.
ഒരു മുതിർന്ന വ്യക്തിയുമായി താരതമ്യം ചെയ്യുമ്പോൾ നവജാത ശിശുക്കൾ ജനിക്കുന്നത് മിക്കവാറും കാഴ്ചയില്ലാത്തവരെപ്പോലെയാണ്. അവരുടെ കാഴ്ച മങ്ങിയ രൂപങ്ങളുടെയും നിറഭേദങ്ങളുടെയും ലോകമായി ആരംഭിക്കുകയും ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ വർണ്ണാഭമായ, സൂക്ഷ്മതയാർന്ന യാഥാർത്ഥ്യത്തിലേക്ക് പതിയെ വികസിച്ച് വരികയും ചെയ്യുന്നു.
മാതാപിതാക്കളും പരിചരിക്കുന്നവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് തുടക്കം മുതൽക്കേ ശ്രദ്ധിക്കാനും ആരോഗ്യകരമായ വികാസത്തെ പ്രോത്സാഹിപ്പിക്കാനും അസ്വാഭാവികത തോന്നിയാൽ സഹായം തേടാനും സഹായിക്കും. കാഴ്ച വികസിക്കാൻ സമയമെടുക്കുമെങ്കിലും സ്നേഹപൂർണ്ണമായ പരിചരണത്തിലൂടെ കുഞ്ഞിന്റെ കണ്ണുകൾ അത്ഭുതങ്ങൾ നിറഞ്ഞ ലോകത്തേക്ക് തുറക്കുക തന്നെ ചെയ്യും.




