ആർത്തവ ക്രമക്കേടുകൾ എന്തുകൊണ്ട് ?

ആർത്തവ ക്രമക്കേടുകൾ എന്തുകൊണ്ട് ?

പല സ്ത്രീകളിലും ആർത്തവ ചക്രം എല്ലാമാസവും ഏകദേശം ഒരേ ദിവസങ്ങളിൽ ആവർത്തിക്കാറുണ്ട്. പക്ഷെ ചിലരിൽ അത് ക്രമം തെറ്റിയും വരുന്നു. ആർത്തവം കഴിഞ്ഞ് നാലാഴ്ച്ചക്ക് മുമ്പ്, അല്ലെങ്കിൽ ഏറെ വൈകി ഒക്കെ അടുത്ത ആർത്തവം വരുന്നത് ഇന്ന് സാധാരണമാണ്. പല ഘടകങ്ങളും ഈ ക്രമരഹിത ആർത്തവത്തിന് കാരണമാകുന്നുണ്ട്- മാനസിക സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റം. മരുന്നുകളുടെ ഉപയോഗം – ഇവയെല്ലാം ആർത്തവ ചക്രത്തെ സ്വാധീനിക്കാറുണ്ട്.

ഈ വ്യത്യാസങ്ങൾക്ക് പിന്നിലെ കാരണങ്ങൾ എന്തെല്ലാമാണ്? കൃത്യമായ ആർത്തവ ചക്രം എങ്ങനെയാണ്? എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത് തുടങ്ങിയ എല്ലാക്കാര്യങ്ങളും നമുക്ക് വിശദമായി പരിശോധിക്കാം.

എന്താണ് ക്രമരഹിത ആർത്തവം ?

സാധാരണയായുള്ള ആർത്തവ ചക്രത്തിൽ നിന്ന് വ്യതിയാനം ഉണ്ടാകുന്നതിനെയാണ് ക്രമരഹിത ആർത്തവം എന്ന് പറയുന്നത്. അതായത്, 21 ദിവസത്തിനും 35 ദിവസത്തിനുമിടയിൽ അല്ലാതെ ആർത്തവം ഉണ്ടാകുമ്പോൾ, അത് ആർത്തവ ക്രമക്കേടായി കണക്കാക്കപ്പെടും. ഇനിപ്പറയുന്ന ഘടകങ്ങളും ക്രമക്കേടുകളിൽ ഉൾപ്പെടും:

  •  സാധാരണയേക്കാൾ കുറഞ്ഞ ദിവസങ്ങളിലോ കൂടുതൽ ദിവസങ്ങൾക്ക് ശേഷമോ വരുന്ന ആർത്തവം
  • ആർത്തവം വരാതിരിക്കുക
  • സാധാരണത്തേതിനേക്കാൾ രക്തസ്രാവം കുറവോ കൂടുതലോ ആകുക
  • രണ്ട് ആർത്തവ ചക്രങ്ങൾക്കിടയിൽ നേരിയ തോതിൽ രക്തം കാണുക ( സ്പോട്ടിങ്)
  • ആർത്തവ ചക്രത്തിൽ പൊടുന്നനെ മാറ്റമുണ്ടാകുക

ക്രമക്കേടിൻ്റെ സാധാരണ കാരണങ്ങൾ

1.ഹോർമോൺ വ്യതിയാനങ്ങൾ

ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളാണ് ആർത്തവം ക്രമീകരിക്കുന്നത്. ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ആർത്തവ ചക്രത്തിൽ മാറ്റങ്ങൾ വരുത്തുന്നു.

ഹോർമോണുകളിൽ വ്യതിയാനം വരുന്ന അവസ്ഥകൾ

  • പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(പി സി ഒ എസ് ) – അന്തഃസ്രാവീ വ്യൂഹത്തിലെ അസന്തുലിതാവസ്ഥ മൂലം ആർത്തവം ക്രമരഹിതമാകുകയോ വരാതിരിക്കുകയോ ചെയ്യാം
  • തൈറോയ്ഡ് പ്രശ്നങ്ങൾ- ഹൈപ്പർ തൈറോയ്ഡിസം, ഹൈപ്പോ തൈറോയ്ഡിസം എന്നീ രണ്ട് അവസ്ഥകളിലും ആർത്തവം ക്രമം തെറ്റാം
  • ഹൈപ്പർ പ്രോലാക്ടിനിമിയ- പ്രോലാക്ടിൻ ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നതോടെ അണ്ഡോൽപ്പാദനം (ഓവുലേഷൻ) വ്യത്യാസപ്പെടുന്നു.

2.മാനസിക സമ്മർദ്ദവും വൈകാരിക ഘടകങ്ങളും

കടുത്ത മാനസിക സമ്മർദ്ദം, ഹോർമോൺ ഉൽപ്പാദനത്തെ ക്രമീകരിക്കുന്ന, മസ്തിഷ്ക്കത്തിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തെ ബാധിക്കുന്നതോടെ, അത് ഓവുലേഷനെ തടസ്സപ്പെടുത്തുന്നു. ഇത് ആർത്തവ ചക്രത്തിൻ്റെ താളം തെറ്റിക്കും.

3.ശരീരഭാരത്തിലെ വ്യതിയാനം

  • പെട്ടെന്ന് തൂക്കം കുറയുമ്പോൾ(ഉദാ. അനോറെക്സിയ)
  • പൊണ്ണത്തടിയുള്ളവരിലെ ഹോർമോൺ അസന്തുലിതാവസ്ഥ. ശരീരത്തിന് ആവശ്യമുള്ളത്ര പോഷകങ്ങൾ കിട്ടാതെ വരുമ്പോഴും കൊഴുപ്പിൻ്റെ അളവ് വല്ലാതെ കൂടുമ്പോഴും ആർത്തവ ക്രമക്കേട് ഉണ്ടാകുന്നു.

4.അമിത വ്യായാമം

കായികരംഗത്തുള്ളവർക്കും അമിതവ്യായാമം ചെയ്യുന്നവർക്കും സമ്മർദ്ദവും ശരീരത്തിൻ്റെ തൂക്കക്കുറവും മൂലം അമെനോറിയ ( ആർത്തവം വരാതിരിക്കുക) ഉണ്ടാകാറുണ്ട്. സ്ട്രെസ് ഹോർമോൺ വർദ്ധിക്കുന്നതു കൊണ്ടാണ് ഇവരിൽ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുന്നത്.

5.ഗർഭനിരോധന ഗുളികകളും മറ്റ് മരുന്നുകളും

ഗർഭ നിരോധന ഗുളികകൾ കഴിച്ചു തുടങ്ങുമ്പോഴും നിർത്തുമ്പോഴും ഹോർമോൺ വ്യതിയാനം സംഭവിക്കും. അതുപോലെ ആൻ്റിസൈക്കോട്ടിക് മരുന്നുകൾ, കീമോതെറാപ്പി മരുന്നുകൾ എന്നിവയും മെൻസസിൽ മാറ്റം വരുത്താം.

6. പെരിമെനോപോസ്, മെനോപോസ് കാലഘട്ടം

  • പെരിമെനോപോസ് – ആർത്തവം നിലയ്ക്കുന്നതിന് മുമ്പുള്ള വർഷങ്ങളാണ് പെരിമെനോപോസ് കാലം. 30 കളുടെ അവസാനത്തിലോ 40കളിലോ ആണ് പെരിമെനോപോസ് തുടങ്ങുക.
  •  മെനോപോസ് –  ആർത്തവം അവസാനിക്കുന്ന, അഥവാ മെനോപോസ് ആകുന്ന സമയത്തും ഹോർമോൺ ഉൽപ്പാദനത്തിൽ മാറ്റമുണ്ടാകും. തുടർച്ചയായി 12 മാസങ്ങളിൽ ആർത്തവം വന്നില്ലെങ്കിൽ ആർത്തവ വിരാമം ആയതായി കണക്കാക്കാം. സാധാരണ 51 വയസ്സോടെയാണ് മെനോപോസ് ആകുക. 

7. കടുത്ത ആരോഗ്യപ്രശ്നങ്ങൾ 

  • പ്രമേഹം
  • സിലിയാക് രോഗം
  • പിറ്റ്യൂട്ടറി ട്യൂമറുകൾ
  • കരൾ, വൃക്ക രോഗങ്ങൾ

മേൽപ്പറഞ്ഞ അവസ്ഥകളിൽ ആർത്തവത്തകരാറുകൾ കാണാറുണ്ട്. 

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് ?

ഇനിപ്പറയുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ വിദഗ്ധ ഡോക്ടറെ കാണേണ്ടതാണ്.

  • ഗർഭിണി അല്ലാത്ത അവസ്ഥയിൽ മൂന്നുമാസമായി ആർത്തവം വരാതിരിക്കുക
  • ആർത്തവ ചക്രങ്ങൾക്കിടയിലോ ലൈംഗികബന്ധത്തിന് ശേഷമോ രക്തസ്രാവം ഉണ്ടാകുക
  • ആർത്തവ സമയത്തെ കഠിനമായ വേദനയും അമിത രക്തസ്രാവവും
  • ആർത്തവ ചക്രങ്ങൾ  21 ദിവസത്തിൽ കുറവോ 35 ദിവസത്തിൽ കൂടുതലോ ആകുക
  • പി സി ഒ എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഉണ്ടെന്ന സംശയം ഉണ്ടെങ്കിൽ

രോഗനിർണ്ണയവും ചികിൽസയും 

താഴെപ്പറയുന്ന പരിശോധനകൾ നടത്താൻ ഗൈനക്കോളജിസ്റ്റ് ആവശ്യപ്പെട്ടേക്കാം

  • ഹോർമോൺ, തൈറോയ്ഡ്, പ്രൊലാക്ടിൻ തോതറിയാനായി രക്തപരിശോധന
  • ഗർഭാശയ മുഴകളോ അണ്ഡാശയ സിസ്റ്റുകളോ സംശയിക്കുന്ന സാഹചര്യത്തിൽ പെൽവിക് അൾട്രാസൌണ്ട് പരിശോധന
  • ജീവിതശൈലീനിർണ്ണയം– ആഹാരക്രമം, വ്യായാമം, മാനസിക സമ്മർദ്ദം എന്നിവയെക്കുറിച്ച് അറിയാൻ

ചികിൽസാരീതികൾ

  • ഹോർമോൺ വഴിയുള്ള ജനനനിയന്ത്രണം
  • പി സി ഒ എസ്, തൈറോയ്ഡ് എന്നിവ ഉണ്ടെങ്കൽ അതിന് വേണ്ട ചികിൽസ
  • പോഷണം സംബന്ധിച്ച കൌൺസെലിങ്
  • സമ്മർദ്ദം കുറയ്ക്കാനുള്ള രീതികൾ

ക്രമം തെറ്റിയ ആർത്തവം അസൗകര്യം മാത്രമല്ല, അത്, മറ്റെന്തെങ്കിലും രോഗങ്ങളുടെ സൂചനയാകാം, അല്ലെങ്കിൽ ഹോർമോൺ ഉൽപ്പാദനത്തിലെ താളപ്പിഴ മൂലവുമാകാം. ആർത്തവചക്രം കൃത്യമല്ലേ എന്ന് ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ  ഡോക്ടറെ കാണുകയും ചെയ്താൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കഴിയും.

References :

1. Heavy and Abnormal Periods

2.The Impact of Irregular Menstruation on Health:

3. Polycystic Ovary Syndrome (PCOS)

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe