എന്താണ് എസ് ജി ഒ ടി, എസ് ജി പി ടി  പരിശോധനകൾ?

എന്താണ് എസ് ജി ഒ ടി, എസ് ജി പി ടി  പരിശോധനകൾ?

കരളിലെ നിശബ്ദ സൂചനകളെ മനസ്സിലാക്കാം

ഹൃദയം പോലെതന്നെ, വിശ്രമം എന്തെന്നറിയാതെ പ്രവർത്തിക്കുന്ന അവയവമാണ് കരൾ. രക്തത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുക, ദഹനത്തെ സഹായിക്കുക, ഊർജ്ജം സംഭരിക്കുക തുടങ്ങിയ ധർമ്മങ്ങൾ കരളിനുണ്ട്. എന്നിട്ടും എസ് ജി ഒ ടി ( SGOT), എസ് ജി പി ടി (SGPT) പോലുള്ള എൻസൈമുകളുടെ അളവ് വർധിക്കുമ്പോൾ മാത്രമാണ് പലപ്പോഴും കരളിന്റെ ബുദ്ധിമുട്ടുകൾ നമ്മുടെ ശ്രദ്ധയിൽപ്പെടുക. മെഡിക്കൽ റിപ്പോർട്ടുകളിൽ സാധാരണയായി കാണുന്ന ഈ രണ്ട് ചുരുക്കപ്പേരുകൾ വെറും സംഖ്യകൾ മാത്രമല്ല. അവ കരളിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആദ്യ സൂചനകളാണ്, മാത്രമല്ല നമ്മുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് നിർണായകമായ വിവരങ്ങളും അവ നൽകുകയും ചെയ്യുന്നു.

എസ് ജി ഒ ടിയ്ക്കും എസ് ജി പി ടിയ്ക്കും പിന്നിലെ ശാസ്ത്രം

എസ് ജി ഒ ടി (Serum Glutamic-Oxaloacetic Transaminase)

ഇത് എ എസ് ടി (Aspartate Aminotransferase) എന്ന പേരിലും അറിയപ്പെടുന്നു.

കരൾ, ഹൃദയം, പേശികൾ, വൃക്കകൾ എന്നിങ്ങനെ ഒന്നിലധികം അവയവങ്ങളിൽ കാണപ്പെടുന്ന ഒരു എൻസൈമാണിത്.

ഈ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, എസ് ജി ഒ ടി രക്തത്തിലേക്ക് ചോർന്നുപോവുകയും അതിന്റെ അളവ് വർധിക്കുകയും ചെയ്യുന്നു.

സാധാരണ തോത്: 

10 മുതൽ 40 U/L (യൂണിറ്റ്സ് പെർ ലിറ്റർ).

വർദ്ധിക്കാനുള്ള കാരണങ്ങൾ:

  • കരൾ വീക്കം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ്.
  • പേശികൾക്ക് പരിക്കേൽക്കുകയോ കഠിനമായ വ്യായാമം ചെയ്യുകയോ ചെയ്യുന്നത്.
  • ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ പേശികൾക്കുണ്ടാകുന്ന സമ്മർദ്ദം.
  • ഫാറ്റി ലിവർ രോഗം.

എസ് ജി പി ടി (Serum Glutamic-Pyruvic Transaminase)

ഇത് എ എൽ ടി  (Alanine Aminotransferase) എന്ന പേരിലും അറിയപ്പെടുന്നു.

എസ് ജി ഒ ടിയെക്കാൾ കൂടുതൽ കരളുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന എൻസൈമാണിത്. കരൾ കോശങ്ങൾക്ക് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിൽ ഇത് സുപ്രധാന പങ്ക് വഹിക്കുന്നു.

കരളിന് കേടുപാടുകൾ സംഭവിക്കുമ്പോൾ എസ് ജി പി ടിയുടെ അളവ് ഗണ്യമായി വർധിക്കുന്നു — അതുകൊണ്ടുതന്നെ ഇത് കരളിന്റെ പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഏറ്റവും സെൻസിറ്റീവായ മാർക്കറുകളിലൊന്നാണ്.

സാധാരണ തോത്: 

7 മുതൽ 56 U/L.

എസ് ജി പി ടി വർദ്ധന സാധാരണയായി സൂചിപ്പിക്കുന്നത്:

  • കരൾ കോശങ്ങൾക്കുണ്ടായ പരിക്ക്: (മദ്യം, ഫാറ്റി ലിവർ, അല്ലെങ്കിൽ വൈറൽ ഹെപ്പറ്റൈറ്റിസ് എന്നിവ കാരണം).
  • മരുന്നുകളുടെ പാർശ്വഫലങ്ങൾ: (വേദനസംഹാരികൾ, ആൻ്റിബയോട്ടിക്കുകൾ, സ്റ്റാറ്റിനുകൾ തുടങ്ങിയവ).
  • അമിതവണ്ണവും ഇൻസുലിൻ പ്രതിരോധവും .
  • നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (NAFLD).

എസ് ജി ഒ ടിയും എസ് ജി പി ടിയും: അനുപാതം പ്രതിഫലിപ്പിക്കുന്നതെന്ത്?

കരളിനുണ്ടായ പരിക്കിന്റെ തരവും കാരണവും മനസ്സിലാക്കാൻ ഡോക്ടർമാർ പലപ്പോഴും എസ് ജി ഒ ടി/എസ് ജി പി ടി അനുപാതം പരിശോധിക്കാറുണ്ട്.

  • എസ് ജി ഒ ടി/എസ് ജി പി ടി അനുപാതം 1-ൽ കുറവാണെങ്കിൽ (SGOT/SGPT<1): ഫാറ്റി ലിവറിനെയോ അല്ലെങ്കിൽ ചെറിയ നീർക്കെട്ടിനെയോ സൂചിപ്പിക്കുന്നു.
  • എസ് ജി ഒ ടി/എസ് ജി പി ടി അനുപാതം 2-ൽ കൂടുതലാണെങ്കിൽ (SGOT/SGPT>2): മദ്യം മൂലമുണ്ടാകുന്ന കരൾ രോഗങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.
  • രണ്ടും 500 U/L-ൽ കൂടുതലാണെങ്കിൽ (Both>500 U/L): അക്യൂട്ട് ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ  കരളിൻ്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കാം.

താൽക്കാലികമായ സമ്മർദ്ദമാണോ അതോ ദീർഘകാല കരൾ രോഗമാണോ എന്ന് വേർതിരിച്ചറിയാൻ ഈ അനുപാതം സഹായിക്കുന്നു.

അളവുകൾ കൂടാനുള്ള കാരണങ്ങൾ?

സാധാരണ കാരണങ്ങൾ:

1.മദ്യത്തിന്റെ ഉപയോഗം: എൻസൈം അളവ് കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

2.ഫാറ്റി ലിവർ (NAFLD/NASH): അമിതവണ്ണം, പ്രമേഹം, മോശം ഭക്ഷണക്രമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

3.വൈറൽ ഹെപ്പറ്റൈറ്റിസ് (A, B, അല്ലെങ്കിൽ C): കരളിനുണ്ടാകുന്ന പകർച്ചവ്യാധി അണുബാധ.

4.മരുന്നുകളോ സപ്ലിമെന്റുകളോ: പാരസെറ്റമോളിന്റെ അമിത ഉപയോഗം, ചില ഹെർബൽ സപ്ലിമെന്റുകൾ, അല്ലെങ്കിൽ സ്റ്റിറോയ്ഡുകൾ.

5.ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ: പ്രതിരോധ സംവിധാനം കരൾ കോശങ്ങളെ ആക്രമിക്കുമ്പോൾ.

6.പേശീവ്യായാമം അല്ലെങ്കിൽ കഠിനമായ വ്യായാമം: എസ് ജി ഒ ടിയുടെ അളവ് താത്കാലികമായി വർദ്ധിപ്പിക്കുന്നു.

അളവുകൾ കൂടുതലായാൽ

1.പരിശോധന ആവർത്തിക്കുക: 2-3 ആഴ്ചകൾക്ക് ശേഷം വീണ്ടും ടെസ്റ്റ് ചെയ്യുക — ചെറിയ വർദ്ധനവുകൾ ചിലപ്പോൾ സ്വാഭാവികമായി പരിഹരിക്കപ്പെടാറുണ്ട്.

2.മദ്യം പൂർണ്ണമായി ഒഴിവാക്കുക: കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മദ്യം ഒഴിവാക്കുക.

3.കരളിന് അനുയോജ്യമായ ഭക്ഷണം കഴിക്കുക:

1.പച്ചിലക്കറികൾ, മഞ്ഞൾ, വെളുത്തുള്ളി, ബീറ്റ്റൂട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

2.വറുത്തതും പായ്ക്കറ്റിൽ വരുന്നതും പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

4.ആവശ്യത്തിന് വെള്ളം കുടിക്കുക: ദിവസവും 2.5–3 ലിറ്റർ വെള്ളം കുടിക്കുക.

5.പതിവായി വ്യായാമം ചെയ്യുക: 30 മിനിറ്റ് മിതമായ വ്യായാമം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കും.

6.അളവുകൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ പരിശോധനകൾക്കായി (അൾട്രാസൗണ്ട് അല്ലെങ്കിൽ വൈറൽ സ്ക്രീനിംഗ് പോലുള്ളവ) ഒരു ഡോക്ടറുമായി ബന്ധപ്പെടുക.

വർധിച്ച അളവുകൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയുമോ?

കഴിയും — മിക്ക കേസുകളിലും, ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ശരിയായ വൈദ്യ പരിചരണത്തിലൂടെയും എൻസൈം അളവുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ സാധാരണ നിലയിലാക്കാൻ സാധിക്കും.

ശരിയായ അന്തരീക്ഷം (സമീകൃതാഹാരം, വിശ്രമം, വിഷവസ്തുക്കൾ ഒഴിവാക്കൽ) നൽകിയാൽ സ്വയം സുഖപ്പെടുത്താനുള്ള അസാധാരണമായ കഴിവ് കരളിനുണ്ട്.

എപ്പോഴാണ് ആശങ്കപ്പെടേണ്ടത്?

താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക:

  • കണ്ണിനും ചർമ്മത്തിനും മഞ്ഞനിറം (മഞ്ഞപ്പിത്തം – Jaundice).
  • വയറിൽ വീക്കമോ വേദനയോ അനുഭവപ്പെടുക.
  • തുടർച്ചയായ ക്ഷീണം, ഓക്കാനം, അല്ലെങ്കിൽ വിശപ്പില്ലായ്മ.
  • കടുത്ത നിറത്തിലുള്ള മൂത്രം അല്ലെങ്കിൽ ഇളം നിറത്തിലുള്ള മലം (Pale stool).

ഇവയെല്ലാം ഗുരുതരമായ കരൾ തകരാറിനെ സൂചിപ്പിക്കാം, ഇതിന് അടിയന്തര ചികിത്സ ആവശ്യമാണ്.

                                                          സംഗ്രഹം

എൻസൈംമറ്റൊരു പേര്സാധാരണ അളവ് പ്രധാന ധർമ്മംഅളവ് കൂടാനുള്ള സാധാരണ കാരണങ്ങൾ
എസ് ജി ഒ ടിഎ എസ് ടി10–40 U/Lകരൾ, ഹൃദയം, പേശികൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നുകരൾ രോഗങ്ങൾ, പേശീ സംബന്ധമായ പരിക്കുകൾ
എസ് ഡി പി ടിഎ എൽ ടി7–56 U/Lകരളിൽ മാത്രം കൂടുതലായി കാണപ്പെടുന്നുഫാറ്റി ലിവർ, മദ്യപാനം, ഹെപ്പറ്റൈറ്റിസ്

ഓരോ നിമിഷവും നമ്മുടെ കരൾ നൂറുകണക്കിന് ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നുണ്ട് — ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നത് മുതൽ ഉപാപചയം സന്തുലിതമാക്കുന്നത് വരെയുള്ള സുപ്രധാന പ്രവർത്തനങ്ങൾ.

എസ് ജി ഒ ടി അല്ലെങ്കിൽ എസ് ജി പി ടി അളവുകൾ കൂടുതലാണെങ്കിൽ, പരിഭ്രാന്തരാകേണ്ടതില്ല. ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കുക. 

ശ്രദ്ധയോടെയുള്ള ഭക്ഷണക്രമം, പതിവായുള്ള വ്യായാമം, ഇടയ്ക്കിടെയുള്ള പരിശോധനകൾ എന്നിവയിലൂടെ  കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കുമെന്ന് തീർച്ച.

References :

1. Evaluation of Elevated Liver Enzymes

2. Abnormal liver enzymes: A review for clinicians

3.Liver Function Tests

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe