വൈറ്റമിൻ ഡി അപര്യാപ്തത: ജനലക്ഷങ്ങളെ വലയ്ക്കുന്ന ആരോഗ്യപ്രശ്നം

എല്ലുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷിക്കും ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിനും വേണ്ട അവശ്യ ജീവകമാണ് വൈറ്റമിൻ ഡി. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ ആയതിനാൽ ഇത്, സൺഷൈൻ വൈറ്റമിൻ എന്നും അറിയപ്പെടുന്നു.
സമൃദ്ധമായി സൂര്യപ്രകാശം ലഭിക്കുന്ന രാജ്യമാണെങ്കിലും ഇന്ത്യയിൽ വൈറ്റമിൻ ഡിയുടെ കുറവ് വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയറിൽ 2020ൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടനുസരിച്ച്, 70-90% ഇന്ത്യക്കാർക്കും വൈറ്റമിൻ ഡി മതിയായ തോതിൽ ലഭിക്കുന്നില്ല.
ലക്ഷണങ്ങൾ പൊതുവെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ അല്ലാത്തതിനാൽ, വൈറ്റമിൻ ഡിയുടെ കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. എങ്കിലും ദീർഘകാലത്തേക്ക് ഈ കുറവ് പരിഹരിക്കപ്പെടാതെ പോയാൽ, അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
എന്താണ് വൈറ്റമിൻ ഡി? പ്രാധാന്യം എന്താണ്?
കൊഴുപ്പിൽ ലയിക്കുന്ന പോഷകമാണ് വൈറ്റമിൻ ഡി. ഇത് ശരീരത്തിൽ ഒരു ഹോർമോൺ പോലെ പ്രവർത്തിക്കുന്നു. ആരോഗ്യം നിലനിർത്താൻ ഇത് പലതരത്തിൽ ശരീരത്തെ സഹായിക്കുന്നു:
- എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ ആവശ്യമായ കാൽസ്യവും ഫോസ്ഫറസും ആഗിരണം ചെയ്യാൻ.
- പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ.
- ഇൻസുലിൻ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും.
- പേശികളുടെ ബലം നിലനിർത്താനും പ്രായമായവരിൽ വീഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും.
വൈറ്റമിൻ ഡിയ്ക്ക് രണ്ട് പ്രധാന രൂപങ്ങളുണ്ട്:
- വൈറ്റമിൻ D2 (എർഗോകാൽസിഫെറോൾ): ചില സസ്യങ്ങളിലും പോഷകങ്ങൾ ചേർത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്നു.
- വൈറ്റമിൻ D3 (കോളെകാൽസിഫെറോൾ): സൂര്യപ്രകാശം ഏൽക്കുമ്പോൾ ചർമ്മത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്നു, കൂടാതെ ചിലതരം മാംസാഹാരങ്ങളിലും ഇതുണ്ട്.
സൂര്യപ്രകാശം വഴി നമ്മുടെ ശരീരത്തിന് സ്വാഭാവികമായി വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കാൻ കഴിയും എന്നതാണ് മറ്റ് വിറ്റാമിനുകളിൽ നിന്ന് വൈറ്റമിൻ ഡിയെ വ്യത്യസ്തമാക്കുന്നത്.
ഇന്ത്യയിൽ വൈറ്റമിൻ ഡി കുറവ് ഇത്ര സാധാരണമാവാൻ കാരണം?
ധാരാളം സൂര്യപ്രകാശം ലഭിച്ചിട്ടും വൈറ്റമിൻ ഡിയുടെ അഭാവം ഏറ്റവും ഉയർന്ന തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇതിനുള്ള കാരണങ്ങൾ ഇനിപ്പറയുന്നു:
- നാഗരിക ജീവിതശൈലി: മിക്ക സമയവും കെട്ടിടങ്ങൾക്കുള്ളിൽത്തന്നെ ചെലവഴിക്കുന്നത് സൂര്യപ്രകാശമേൽക്കാനുള്ള സാദ്ധ്യത നഷ്ടപ്പെടുത്തുന്നു.
- വായു മലിനീകരണം: അന്തരീക്ഷ മലിനീകരണം, സൂര്യപ്രകാശത്തിൽ നിന്നുള്ള യുവിബി രശ്മികളെ തടയുന്നു.
- വസ്ത്രധാരണ രീതികൾ: പുറത്തുപോകുമ്പോൾ ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് മറ്റൊരു കാരണമാണ്.
- ഭക്ഷണക്രമം: കൊഴുപ്പുള്ള മത്സ്യങ്ങൾ, മുട്ട തുടങ്ങിയ വൈറ്റമിൻ ഡി സമ്പന്നമായ ഭക്ഷണങ്ങൾ കുറവുള്ള സസ്യാഹാര രീതി.
- ചർമ്മത്തിലെ പിഗ്മെന്റേഷൻ: ഇരുണ്ട ചർമ്മമുള്ളവർക്ക് ശരീരത്തിന് ആവശ്യമായത്ര വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ കൂടുതൽ സൂര്യപ്രകാശം വേണം.
വൈറ്റമിൻ ഡി അപര്യാപ്തതയുടെ ലക്ഷണങ്ങൾ
വൈറ്റമിൻ ഡി കുറവ് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നത് വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതു കൊണ്ടാണ്. പ്രധാന ലക്ഷണങ്ങൾ:
- ക്ഷീണവും ഉൻമേഷക്കുറവും.
- പ്രതിരോധശേഷി കുറയുന്നത് മൂലമുണ്ടാകുന്ന തുടർച്ചയായ അണുബാധകൾ.
- എല്ലുകളിലെ വേദന, പേശീബ
ലക്കുറവ്, അല്ലെങ്കിൽ കോച്ചിപ്പിടിത്തം.
- മുറിവുകൾ ഉണങ്ങാൻ കാലതാമസം
- മുടി കൊഴിച്ചിൽ.
- വിഷാദം അല്ലെങ്കിൽ മാനസികനിലയിലെ വ്യതിയാനങ്ങൾ.
അവഗണിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ
ചികിത്സിക്കാതിരുന്നാൽ, വൈറ്റമിൻ ഡിയുടെ പോരായ്മ, താഴെ പറയുന്ന ഗുരുതരമായ അവസ്ഥകൾക്ക് കാരണമായേക്കാം:
- കുട്ടികളിൽ റിക്കറ്റ്സ് (എല്ലുകൾ മൃദുവായി, ദുർബലമാകുക).
- മുതിർന്നവരിൽ ഓസ്റ്റിയോപൊറോസിസും (എല്ലുകൾക്ക് ബലക്ഷയം) ഒടിവുകളും.
- ടൈപ്പ് 2 പ്രമേഹം, രക്താതിമർദ്ദം (Hypertension), ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് സ്വയം പ്രതിരോധ വൈകല്യങ്ങൾ (Autoimmune disorders) എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
- വൻകുടൽ, സ്തനം, പ്രോസ്റ്റേറ്റ് എന്നിവിടങ്ങളിലെ അർബുദവുമായും ഇതിന് ബന്ധമുണ്ടാകാം (ലാൻസെറ്റ് ഡയബറ്റിസ് & എൻഡോക്രൈനോളജി 2019 റിപ്പോർട്ട് പ്രകാരം).
രോഗനിർണ്ണയം
ലളിതമായ 25-ഹൈഡ്രോക്സിവിറ്റാമിൻ ഡി രക്തപരിശോധനയിലൂടെ ഈ കുറവ് സ്ഥിരീകരിക്കാം. തരംതിരിച്ചിരിക്കുന്ന അളവുകൾ :
- സാധാരണ നില: 30–100 ng/mL
- പോരായ്മ : 20–29 ng/mL
- അപര്യാപ്തത: <20 ng/mL
പ്രതിരോധവും പരിപാലനവും
1. സൂര്യപ്രകാശം
- ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസ്സ്: ആഴ്ചയിൽ 3-4 തവണ, രാവിലെ 10 മണിക്കും ഉച്ചയ്ക്ക് 2 മണിക്കും ഇടയിൽ 15–30 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുക.
- സൺസ്ക്രീൻ ഇല്ലാതെ മുഖത്തും കൈകളിലും കാലുകളിലും വെയിലേൽപ്പിക്കുക (ചർമ്മം പൊള്ളാതെ നോക്കണം).
2. ഭക്ഷണ സ്രോതസ്സുകൾ
- കൊഴുപ്പുള്ള മത്സ്യങ്ങൾ (സാൽമൺ, മത്തി, അയല).
- മുട്ടയുടെ മഞ്ഞക്കരു.
- പാൽ, ധാന്യങ്ങൾ, ഓറഞ്ച് ജ്യൂസ് പോലുള്ള പോഷകങ്ങൾ ചേർത്ത ഭക്ഷണങ്ങൾ (Fortified Foods).
- സൂര്യപ്രകാശത്തിൽ വളരുന്ന കൂണുകൾ (Mushrooms).
3. സപ്ലിമെന്റുകൾ
- വിട്ടുമാറാത്ത കുറവുള്ളവർക്ക് വൈറ്റമിൻ D3 ഗുളികകൾ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
- അസുഖത്തിൻ്റെ കാഠിന്യമനുസരിച്ചാണ് മരുന്നിൻ്റെ അളവ് തീരുമാനിക്കുക. ഇത്തരം സപ്ളിമെൻ്റുകൾ,എപ്പോഴും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
4. ജീവിതശൈലി
- പുറത്ത് കളിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും സമയം കണ്ടെത്തുക.
- എല്ലുകളുടെ ആരോഗ്യത്തിനായി വൈറ്റമിൻ ഡി യോടൊപ്പം കാൽസ്യവും ഉൾപ്പെടുത്തുക.
വൈറ്റമിൻ ഡിയുടെ കുറവ്, പരോക്ഷമായ, എന്നാൽ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ്. ഇത് ശ്രദ്ധിക്കാത്ത പക്ഷം എല്ലുകൾ ദുർബലമാവുകയും പ്രതിരോധശേഷി കുറയുകയും ഗുരുതരമായ രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യും.
ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ആവശ്യമെങ്കിൽ സപ്ലിമെന്റുകളിലൂടെയും ഇത് എളുപ്പത്തിൽ പ്രതിരോധിക്കാൻ സാധിക്കും എന്നതാണ് ആശ്വാസം നൽകുന്ന കാര്യം.
ഇടയ്ക്കിടെ ക്ഷീണമോ തളർച്ചയോ അസുഖങ്ങളോ ഉണ്ടെങ്കിൽ, വൈറ്റമിൻ ഡി എത്രയുണ്ടെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ചികിത്സിക്കുന്നതിനേക്കാൾ എളുപ്പം പ്രതിരോധിക്കുന്നതു തന്നെയാണ്. പരിശോധനാഫലത്തിൽ വൈറ്റമിൻ ഡി കുറവാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് നിർദ്ദേശം സ്വീകരിക്കുക.
References




