ഒരു ദിവസത്തേക്ക് ‘അൺപ്ലഗ്’ ചെയ്യാം: വിട്ടുനിൽക്കലിൻ്റെ ആനന്ദമറിയാം

നോട്ടിഫിക്കേഷനുകൾ നിലയ്ക്കാത്തിടത്തോളം നമ്മൾ വിശ്രമമെന്തെന്നറിയുന്നില്ല
മൊബൈൽ സ്ക്രീനിൻ്റെ വെളിച്ചമായിരിക്കും ഒരു ദിവസം സൂര്യൻ ഉദിക്കുന്നതിന് മുൻപേ നമ്മളാദ്യമായി കണി കാണുന്നത്. ഇമെയിലുകൾ, മെസ്സേജുകൾ, ട്രെൻഡിംഗ് റീലുകൾ – എല്ലാം അവിടെ കാത്തിരിപ്പുണ്ടാകും. ഇതിനെല്ലാം മറുപടി നൽകുന്നതിനും സ്ക്രോൾ ചെയ്യുന്നതിനും ഒരേസമയം പല ജോലികൾ ചെയ്യുന്നതിനും ഇടയിൽ ആ ദിവസം എങ്ങനെയൊക്കെയോ അങ്ങ് കഴിഞ്ഞുപോകും.
നമ്മൾ ഇന്ന് പരസ്പരം അത്രയേറെ ‘കണക്റ്റഡ്’ (connected) ആയിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, അല്പനേരം ഈ ലോകത്തിൽ നിന്ന് ‘വിച്ഛേദിക്കപ്പെടുന്നത്’ നമുക്ക് അസ്വസ്ഥത നൽകും.
പക്ഷേ, ഒരു ദിവസത്തേക്ക് പൂർണ്ണമായും ‘അൺപ്ലഗ്’ ചെയ്താലോ? സ്ക്രീനുകളില്ല. നോട്ടിഫിക്കേഷൻ ശബ്ദങ്ങളില്ല. ലൈക്കുകളിൽ നിന്നോ അലേർട്ടുകളിൽ നിന്നോ കിട്ടുന്ന ആ താൽക്കാലിക സന്തോഷമില്ല. സ്നേഹത്തിൻറെ അഭിനയിച്ചു കാട്ടുന്ന തിളക്കങ്ങളില്ല, അങ്ങനെ ബാഹ്യ ഇടപെടലുകൾ ഒന്നുമില്ലാതെ ഒരു ദിവസം.
സ്ക്രീനിനു പുറത്തുള്ള യഥാർത്ഥ ജീവിതവുമായി വീണ്ടും ഒന്നിക്കാൻ സഹായിക്കുന്ന, വെൽനസ് ട്രെൻഡാണ് ഡിജിറ്റൽ ഡിറ്റോക്സ് ഡേ (Digital Detox Day).
സ്ക്രോളിംഗിന് പിന്നിലെ ശാസ്ത്രം
നമ്മുടെ തലച്ചോറിന് എപ്പോഴും പുതിയ കാര്യങ്ങൾ അറിയാനാണ് ഇഷ്ടം. ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും, നമ്മുടെ തലച്ചോറിൽ ഡോപമിൻ (dopamine) എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടും. നമുക്ക് സന്തോഷവും സംതൃപ്തിയും തരുന്ന അതേ രാസവസ്തുവാണിത്. കാലക്രമേണ, ഈ നിരന്തരമായ ഉത്തേജനം നമ്മുടെ തലച്ചോറിൻ്റെ പ്രവർത്തന രീതിയെ മാറ്റുന്നു. ഇടയ്ക്കിടെ ഫോൺ ചെക്ക് ചെയ്യാനും ടാപ്പ് ചെയ്യാനും റിഫ്രഷ് ചെയ്യാനും നാം സ്വയം പാകപ്പെടുന്നു.
‘അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ‘ (APA) നടത്തിയ ഒരു പഠനത്തിൽ പറയുന്നത്, ദിവസവും 6 മണിക്കൂറിൽ കൂടുതൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഉയർന്ന തോതിൽ മാനസിക പിരിമുറുക്കം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ ഉണ്ടാകുന്നു എന്നാണ്. നിരന്തരമായ വിവരങ്ങൾ ലഭിക്കുന്നത് ‘ഇൻഫർമേഷൻ ഫെറ്റീഗ് സിൻഡ്രോം’ (information fatigue syndrome) എന്ന അവസ്ഥയിലേക്കും നയിക്കുന്നു. ഇത് നമ്മുടെ തലച്ചോറിന് താങ്ങാവുന്നതിലും അപ്പുറമാകുമ്പോൾ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും നമ്മുടെ മാനസികാവസ്ഥയെയും അത് ബാധിക്കുന്നു.
അൽപനേരത്തേക്കെങ്കിലും ‘അൺപ്ലഗ്’ ചെയ്യുന്നത് നമ്മുടെ നാഡീവ്യൂഹത്തെ (nervous system) സംബന്ധിച്ച് ഒരു ‘റീസെറ്റ് ബട്ടൺ’ അമർത്തുന്നത് പോലെയാണ്. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും വൈകാരിക സന്തുലിതാവസ്ഥ വീണ്ടെടുക്കാനും സഹായിക്കുന്നു.
ഇന്ത്യയിലെ ഡിജിറ്റൽ വൈരുദ്ധ്യം
ലോകത്തിൽ ഏറ്റവും കൂടുതൽ ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 70 കോടിയിലധികം സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ നമ്മുടെ രാജ്യത്തുണ്ട്, എണ്ണം അനുദിനം കൂടിവരുന്നുമുണ്ട്. എന്നിട്ടും ഏകാന്തതയും മാനസിക തളർച്ചയും രാജ്യത്ത് വർധിച്ചുവരികയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലും കൗമാരക്കാർക്കിടയിലും.
രാവിലെ ചായ കുടിക്കുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ, നമ്മുടെ എല്ലാ കാര്യങ്ങളിലും സ്ക്രീനുകൾ ഒരു ഭാഗമായിക്കഴിഞ്ഞു. ‘ഡിജിറ്റൽ ഡിറ്റോക്സ്’ എന്നാൽ സാങ്കേതികവിദ്യയെ പൂർണ്ണമായും ഉപേക്ഷിക്കുക എന്നല്ല അർത്ഥം. മറിച്ച്, അതിനെ വിവേകത്തോടെ, മിതമായി ഉപയോഗിക്കാൻ പഠിക്കുക എന്നതാണ്.
‘സ്വിച്ച് ഓഫ്’ ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു?
1. സമയം തിരികെ ലഭിക്കുന്നു
പെട്ടെന്ന്, 24 മണിക്കൂറിന് ദൈർഘ്യം കൂടിയതായി നിങ്ങൾക്ക് തോന്നും. നിങ്ങളുടെ ശ്വാസത്തിൻ്റെ താളം, ദിവസത്തിനനുസരിച്ച് മാറുന്ന സൂര്യപ്രകാശം, കഴിക്കുന്ന ഭക്ഷണത്തിൻ്റെ രുചി എന്നിവ നിങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങും. സ്ക്രീനുകൾ പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ നിന്ന് മറയ്ക്കുന്ന ചെറിയ വിശദാംശങ്ങളാണിവ.
2. ആളുകളുമായി വീണ്ടും അടുക്കുന്നു
ഫോണിൽ നിന്ന് തലയുയർത്തി നോക്കുമ്പോൾ സംഭാഷണങ്ങൾക്ക് ആഴം കൂടും. ഒരുമിച്ച് പങ്കിടുന്ന നിശബ്ദത, ചിരി, കണ്ണിൽ നോക്കിയുള്ള സംസാരം – ഡിജിറ്റൽ യുഗത്തിൽ നമുക്ക് നഷ്ടപ്പെട്ടുപോയ ചില ആഡംബരങ്ങളാണിവ.
3. തലച്ചോറിന് വിശ്രമം ലഭിക്കുന്നു
ഒരു ദിവസം മാത്രം ടെക്നോളജിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഓർമ്മശക്തി, സർഗ്ഗാത്മകത, പ്രശ്നപരിഹാരശേഷി എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നമ്മുടെ തലച്ചോറിന് അല്പം വിരസതയൊക്കെ ഇഷ്ടമാണ് – പുതിയ ആശയങ്ങൾ ഉണ്ടാകുന്നത് അവിടെ നിന്നാണല്ലോ.
4. ഉറക്കം മെച്ചപ്പെടുന്നു
സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം (Blue light) ഉറക്കത്തെ സഹായിക്കുന്ന ‘മെലാടോണിൻ’ (melatonin) എന്ന ഹോർമോണിനെ അടിച്ചമർത്തുന്നു. വൈകുന്നേരങ്ങളിൽ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ ഉറക്കത്തിൻ്റെ താളം വീണ്ടെടുക്കാൻ സഹായിക്കും. ഇത് വേഗത്തിൽ ഉറങ്ങാനും ഉന്മേഷത്തോടെ ഉണരാനും സഹായകമാകും.
കുറ്റബോധമില്ലാതെ എങ്ങനെ ‘അൺപ്ലഗ്’ ചെയ്യാം
- പ്ലാൻ മുൻകൂട്ടി അറിയിക്കുക: നിങ്ങൾ ഒരു “ഡിജിറ്റൽ റെസ്റ്റ് ഡേ” എടുക്കുകയാണെന്ന് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അറിയിക്കുക. നിങ്ങളെ ലൈനിൽ കിട്ടിയില്ലെങ്കിലോ എന്നോർത്തുള്ള ഉത്കണ്ഠ കുറയ്ക്കാൻ ഇത് സഹായിക്കും.
- ലഘുവായി തുടങ്ങുക: ഒരു പകുതി ദിവസം, അല്ലെങ്കിൽ ഒരു ഞായറാഴ്ച രാവിലെ മാത്രം ഫോൺ മാറ്റിവെച്ച് തുടങ്ങാം. പതിയെ പതിയെ അത് ഒരു മുഴുവൻ ദിവസമാക്കി മാറ്റിയെടുക്കാം.
- പഴയ രീതികൾ തിരികെ കൊണ്ടുവരിക: ഒരു പുസ്തകം വായിക്കുക, ഒരു പുതിയ വിഭവം പാകം ചെയ്യുക, അല്ലെങ്കിൽ ദീർഘദൂരം നടക്കാൻ പോകുക. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്ന സമയത്തിന് പകരം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്ന കാര്യങ്ങൾ ചെയ്യുക.
- ഫോൺ കൺമുന്നിൽ നിന്ന് മാറ്റിവെക്കുക: ഫോൺ ഓഫ് ചെയ്താണെങ്കിലും അത് അടുത്തുണ്ടെങ്കിൽ പോലും നമ്മുടെ ശ്രദ്ധ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു!
- രാത്രിയിൽ ചിന്തിക്കുക: ആ ദിവസം നിങ്ങൾക്ക് എന്തുതോന്നി എന്ന് എഴുതുക – അസ്വസ്ഥതയായിരുന്നോ? സമാധാനമായിരുന്നോ? അതോ കാര്യക്ഷമമായിരുന്നോ? ഈ തിരിച്ചറിവാണ് ബാലൻസ് കണ്ടെത്തുന്നതിനുള്ള ആദ്യപടി.
വീണ്ടെടുക്കലിൻ്റെ ആനന്ദം
‘അൺപ്ലഗ്’ ചെയ്യുക എന്നതിനർത്ഥം ഒറ്റപ്പെടുക എന്നല്ല, മറിച്ച് യഥാർത്ഥത്തിൽ സ്വയം തിരിച്ചറിയാനുളള മികച്ച മാർഗ്ഗമാണിത്.
ആദ്യത്തെ കുറച്ച് മണിക്കൂറുകൾ അസ്വസ്ഥത തോന്നിയേക്കാം. ശരീരത്തിൻ്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുപോലെ. പക്ഷെ പെട്ടെന്നുതന്നെ, ആ നിശബ്ദത നിങ്ങൾക്ക് ആശ്വാസം നൽകാൻ തുടങ്ങും. സാധാരണയായി എത്രമാത്രം ബഹളങ്ങളാണ് കാണുകയും കേൾക്കുകയും ചെയ്തിരുന്നതെന്ന് അപ്പോൾ നിങ്ങൾ തിരിച്ചറിയും.
ലോകത്തിൻ്റെ വേഗത കുറഞ്ഞതായി തോന്നും. ഭക്ഷണത്തിന് രുചി കൂടും. ചിന്തകൾക്ക് വ്യക്തത വരും.
തിരികെ ഫോണിലേക്ക് മടങ്ങുമ്പോൾ, നിങ്ങൾ അത് കൂടുതൽ ശ്രദ്ധയോടെ ഉപയോഗിക്കാൻ തുടങ്ങും – വെറുതെ സ്ക്രോൾ ചെയ്യുന്നത് കുറയും, പകരം കാര്യങ്ങൾ കൂടുതൽ ആഴത്തിൽ അനുഭവിക്കാൻ തുടങ്ങും.
ആരവങ്ങൾ നിറഞ്ഞ ലോകത്ത് ശ്രദ്ധയോടെ ജീവിക്കാം
സ്വാസ്ഥ്യം എന്നത് ആധുനികതയെ തള്ളിക്കളയലല്ല, മറിച്ച് നമ്മൾ അതുമായി എങ്ങനെ ഇടപഴകുന്നു എന്നതിനെ പുനർനിർവചിക്കലാണ് എന്നാണ് nellikka.life വിശ്വസിക്കുന്നത്. എപ്പോൾ നിർത്തണം എന്ന് പഠിക്കുകയാണെങ്കിൽ, സാങ്കേതികവിദ്യയെ നമ്മുടെ അവബോധം വർദ്ധിപ്പിക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റാൻ നമുക്കാവും.
ഒരു ദിവസം തെരഞ്ഞെടുക്കുക. ഫോൺ ഓഫ് ചെയ്യുക. പുറത്തേക്കിറങ്ങുക. സെൽഫി എടുക്കാനുള്ള തിടുക്കമില്ലാതെ സൂര്യാസ്തമയം കാണുക. ചുറ്റുമുള്ളത് കേൾക്കുക, ശ്വസിക്കുക, ശാന്തമായിരിക്കുക.
അതാണ് ഈ വിട്ടുനിൽക്കലിൻ്റെ (disconnection) യഥാർത്ഥ ആനന്ദം – നമ്മളിലേക്ക് തന്നെയുള്ള മടങ്ങിവരവ്.




