അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

അമിത ലൈംഗികാസക്തി: ശാസ്ത്രം പറയുന്നതെന്ത്?

മനഃശാസ്ത്രജ്ഞർ നൽകുന്ന നിർവ്വചനമെന്തെന്ന് മനസ്സിലാക്കാം

പലപ്പോഴും സ്വഭാവദൂഷ്യമെന്നോ വൈകൃതമെന്നോ വ്യാഖ്യാനിക്കപ്പെടുന്ന വിഷയമാണ് അമിത ലൈംഗികാസക്തി. അമിതാസക്തിയുള്ള വ്യക്തിയുടെ കുടുംബാംഗങ്ങളും സമൂഹവും ഇത്തരത്തിൽ നിർവ്വചനങ്ങൾ നൽകുമ്പോഴും, യാഥാർത്ഥ്യം ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.

ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, നമ്മുടെ തലച്ചോറും വികാരങ്ങളും ജീവിതാനുഭവങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ  പ്രവർത്തനങ്ങളുടെ ഫലമാണ് അനിയന്ത്രിതമായ  ഇത്തരം പെരുമാറ്റങ്ങൾ (Compulsive sexual behavior) എന്നു മനസ്സിലാക്കാനാകും. ഈ അസ്വാഭാവികതയെ കേവലം ഒരു ദുശ്ശീലമായല്ല, മറിച്ച് ചികിത്സ ആവശ്യമുള്ള ആരോഗ്യ പ്രശ്നമായി കാണേണ്ടതുണ്ട്.

ഈ സങ്കീർണ്ണതയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നത് കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാനും വസ്തുതകൾ സംബന്ധിച്ച വ്യക്തമായ ബോധ്യം വളർത്താനും സഹായിക്കും. ആ ബോധ്യമാണ്, ഈ അവസ്ഥയിൽ നിന്നുള്ള സൗഖ്യത്തിലേക്കും (Healing) മാറ്റത്തിലേക്കുമുള്ള വാതിൽ തുറക്കുന്നത്.

ശാസ്ത്രത്തിന് പറയാനുള്ളത്

ലൈംഗികാസക്തിയെ വൈദ്യശാസ്ത്രം ‘കംപൾസീവ് സെക്ഷ്വൽ ബിഹേവിയർ ഡിസോർഡർ’ (CSBD) എന്നാണ് വിശേഷിപ്പിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധർ, ഇതിനെക്കുറിച്ചുള്ള പഠനങ്ങൾക്ക് കൂടുതൽ വ്യാപ്തി നൽകിവരുന്നുണ്ട്. ചൂതാട്ടത്തിനോടും മയക്കുമരുന്നിനോടുമുള്ള ആസക്തിക്ക് സമാനമായ മാറ്റങ്ങളാണ് ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ തലച്ചോറിൽ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു ‘ബിഹേവിയറൽ അഡിക്ഷൻ’ (Behavioral Addiction) ആയിട്ടാണ് കണക്കാക്കുന്നത്.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്: ഈ അവസ്ഥയെ നിർവചിക്കുന്നത് ഒരാൾ ചെയ്യുന്ന പ്രവൃത്തിയല്ല, മറിച്ച് താഴെ പറയുന്ന ഘടകങ്ങളാണ്:

നിയന്ത്രണം നഷ്ടപ്പെടുക: ആ പ്രവൃത്തി ചെയ്യരുത് എന്ന് ആഗ്രഹിച്ചാലും സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ.

ദോഷഫലങ്ങൾ അറിഞ്ഞുകൊണ്ടും തുടരുക: കുടുംബബന്ധങ്ങൾ തകരുകയോ, ജോലി നഷ്ടപ്പെടുകയോ, ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടും ആ ശീലം ഉപേക്ഷിക്കാൻ കഴിയാതിരിക്കുക.

മാനസിക വിഷമം: ആ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ കടുത്ത കുറ്റബോധമോ, സങ്കടമോ, മാനസികമായ തളർച്ചയോ അനുഭവപ്പെടുക.

തലച്ചോറിലെ റിവാർഡ് സിസ്റ്റം: ആസക്തിയുടെ തുടക്കം

ലൈംഗികാസക്തിയുടെ കേന്ദ്രബിന്ദു നമ്മുടെ തലച്ചോറിലെ ‘റിവാർഡ് സിസ്റ്റം’ (Reward System) ആണ്. ഡോപമിൻ (Dopamine) എന്ന നാഡീരസമാണ് (Neurotransmitter) ഇതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത്.

ഡോപമിൻ നമ്മുടെ ശരീരത്തിൽ ചെയ്യുന്ന കാര്യങ്ങൾ:

  • പ്രവൃത്തികൾ ചെയ്യാനുള്ള പ്രേരണ നൽകുന്നു (Motivation).
  • സന്തോഷവും ആനന്ദവും അനുഭവവേദ്യമാക്കുന്നു (Pleasure).
  • നല്ല അനുഭവങ്ങൾ ഓർത്തുവെയ്ക്കാനും അവ ആവർത്തിക്കാനും പ്രേരിപ്പിക്കുന്നു (Reinforcement).

ഒരു വ്യക്തിക്ക് ലൈംഗികമായ ഉത്തേജനം ലഭിക്കുമ്പോൾ തലച്ചോറിൽ ഡോപമിന്റെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നു. ഇത് ആ വ്യക്തിക്ക് വലിയ സന്തോഷവും ആശ്വാസവും നൽകുന്നു. കാലക്രമേണ, അമിതമായ മാനസിക സമ്മർദ്ദം, സങ്കടം, ഏകാന്തത, അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയിൽ നിന്ന് രക്ഷപ്പെടാൻ മസ്തിഷ്ക്കം ഈ മാർഗ്ഗത്തെ ഒരു ‘മരുന്നായി’ കാണാൻ തുടങ്ങുന്നു.

മറ്റ് ലഹരികളിലെന്നപോലെ ഇവിടെയും സംഭവിക്കുന്നത്:

  • കൂടുതൽ തീവ്രത തേടുന്നു: പഴയതുപോലെ സന്തോഷം ലഭിക്കാൻ കൂടുതൽ തീവ്രമായ ഉത്തേജനങ്ങൾ തലച്ചോറിന് ആവശ്യമായി വരുന്നു.
  • നിയന്ത്രണം കുറയുന്നു: മാനസികമായി തളർന്നിരിക്കുന്ന സമയങ്ങളിൽ സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറയുന്നു.
  • ശീലമായി മാറുന്നു: ബോധപൂർവ്വമല്ലാതെ തന്നെ ഈ പ്രവൃത്തികൾ യാന്ത്രികമായി ആവർത്തിക്കപ്പെടുന്നു.

ഇത് മനഃപൂർവ്വം സംഭവിക്കുന്ന ഒരു ബലഹീനതയല്ല, തലച്ചോറിലെ കോശങ്ങൾ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വരുത്തുന്ന മാറ്റങ്ങളാണ് (Neuroadaptation).

എന്തുകൊണ്ട് ചിലർ പെട്ടെന്ന് ആകൃഷ്ടരാകുന്നു?

എല്ലാ വ്യക്തികളുടേയും മാനസികാവസ്ഥകൾ ഒരുപോലെയല്ല. ഒരേ സാഹചര്യങ്ങളിൽ കഴിയുന്നവരാണെങ്കിൽ പോലും, ചില ഘടകങ്ങൾ ചില വ്യക്തികളെ ലൈംഗികാസക്തിയിലേക്ക് നയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു:

1.കുട്ടിക്കാലത്തെ മാനസിക മുറിവുകൾ: ചെറുപ്പകാലത്ത് വേണ്ടത്ര സ്നേഹവും കരുതലും ലഭിക്കാതിരിക്കുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുന്നത്, മുതിരുമ്പോൾ ആശ്വാസത്തിനായി ഇത്തരം തെറ്റായ വഴികൾ തേടാൻ തലച്ചോറിനെ പ്രേരിപ്പിച്ചേക്കാം.

2.കടുത്ത മാനസികാഘാതങ്ങൾ (Trauma): മുൻകാലങ്ങളിൽ ഉണ്ടായ ദുരനുഭവങ്ങൾ വ്യക്തിയുടെ സമ്മർദ്ദം നിയന്ത്രിക്കാനുള്ള ശേഷിയെ ബാധിക്കുന്നു. ഈ വേദന മറക്കാൻ മസ്തിഷ്ക്കം തീവ്രമായ ഉത്തേജനങ്ങൾ ആഗ്രഹിക്കുന്നു.

3.വികാരങ്ങൾ അടിച്ചമർത്തുന്നത്: സ്വന്തം വികാരങ്ങളെ അവഗണിക്കുകയോ അവ പ്രകടിപ്പിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുമ്പോൾ, ആശ്വാസം കണ്ടെത്താൻ ശരീരം മറ്റ് മാർഗ്ഗങ്ങൾ തേടുന്നു.

4.നിരന്തരമായ മാനസിക സമ്മർദ്ദം: ദീർഘകാലമായി അനുഭവപ്പെടുന്ന സമ്മർദ്ദം, നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും സ്വയം നിയന്ത്രിക്കാനുള്ള ശേഷി കുറയ്ക്കുകയും ചെയ്യുന്നു.

5.ഏകാന്തതയും ഒറ്റപ്പെടലും: പരസ്പര ബന്ധങ്ങൾ ആഗ്രഹിക്കുന്നവരാണ് മനുഷ്യർ . വൈകാരികമായ അടുപ്പം ലഭിക്കാത്തപ്പോഴോ അല്ലെങ്കിൽ അത് സുരക്ഷിതമല്ല എന്ന് തോന്നുമ്പോഴോ, അതിനു പകരം വെയ്ക്കാനുള്ള കാര്യമായി ശാരീരികമായ ഇടപെടലുകളെ മനസ്സ് കണക്കാക്കുന്നു.

ആസക്തിയുടെ ചക്രത്തിന് ഊർജം നൽകുന്ന കുറ്റബോധം

ലൈംഗികാസക്തിയെ ആളിക്കത്തിക്കുന്ന ഏറ്റവും വലിയ ഇന്ധനമാണ് കുറ്റബോധം അഥവാ ലജ്ജ (Shame). ഒരു വ്യക്തിക്ക് തന്റെ പെരുമാറ്റത്തിൽ അമിതമായ ലജ്ജ തോന്നുമ്പൾ സംഭവിക്കുന്നത് ഇതാണ്:

  • മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന പേടിയിൽ ഈ പ്രശ്നം ഉള്ളിലൊതുക്കുന്നു.
  • ആരോടും സംസാരിക്കാതെ സ്വയം ഉൾവലിയുന്നു.
  • ആ കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാനും മനസ്സിനെ മരവിപ്പിക്കാനും വീണ്ടും അതേ പ്രവൃത്തിയിലേക്ക് തന്നെ തിരിയുന്നു.

ക്രമേണ, ഇതൊരു അവസാനമില്ലാത്ത ആവർത്തനമായി മാറുന്നു.  ശിക്ഷയോ പരിഹാസമോ അല്ല, സഹാനുഭൂതിയും (Compassion) സാധാരണ നിലയിലേക്കെത്തിച്ചേരാനുള്ള പിന്തുണയുമാണ് ഇവിടെ അനിവാര്യമാകുന്നത്.

എങ്ങനെ സൗഖ്യം കണ്ടെത്താം?

ആഗ്രഹങ്ങളെ ആരോഗ്യകരമായ രീതിയിൽ നിയന്ത്രിക്കാനും (Regulating) ജീവിതത്തിന്റെ താളം വീണ്ടെടുക്കാനുമാണ് ചികിത്സയിലൂടെ ശ്രമിക്കുന്നത്.

1. ശാസ്ത്രീയമായ ചികിത്സാ പിന്തുണ 

മനഃശാസ്ത്ര രംഗത്ത് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട ചില ചികിത്സാ രീതികൾ താഴെ പറയുന്നവയാണ്:

  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)
  • ട്രോമ-ഇൻഫോംഡ് തെറാപ്പി (Trauma-informed therapy)
  • അറ്റാച്ച്‌മെന്റ്-ബേസ്ഡ് തെറാപ്പി (Attachment-based therapy)

ഈ ചികിത്സാ രീതികൾ വ്യക്തികളെ തങ്ങളുടെ ഉള്ളിലെ ‘ട്രിഗറുകൾ’ തിരിച്ചറിയാനും, സമ്മർദ്ദം അനുഭവപ്പെടുമ്പോൾ ആസക്തിയിലേക്ക് വീണുപോകാതെ ആരോഗ്യകരമായ മറ്റ് വഴികൾ കണ്ടെത്താനും പ്രാപ്തരാക്കുന്നു.

2. നാഡീവ്യവസ്ഥയുടെ ക്രമീകരണം (Nervous System Regulation)

അമിതമായി ഉത്തേജിപ്പിക്കപ്പെട്ട നാഡീവ്യവസ്ഥയെ ശാന്തമാക്കുക എന്നത് മാറ്റത്തിന്റെ പ്രധാന ഭാഗമാണ്. ഇതിനായി താഴെ പറയുന്നവ ശീലിക്കാവുന്നതാണ്:

  • മനോനിറവോടെയുള്ള ശ്വസനം (Mindful breathing)
  • യോഗയും ശാരീരിക അവബോധവും 
  • ഗ്രൗണ്ടിംഗ് വ്യായാമങ്ങൾ 

3. വികാരങ്ങളെ തിരിച്ചറിയാനുള്ള കഴിവ് 

പലർക്കും തങ്ങളുടെ വികാരങ്ങളെ തിരിച്ചറിയാനോ അവയ്ക്ക് പേര് നൽകാനോ (ഉദാഹരണത്തിന്: സങ്കടം, ദേഷ്യം, ഏകാന്തത) അറിയില്ല എന്നതാണ് സത്യം. ഈ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് അവ ലൈംഗിക പ്രവൃത്തികളിലൂടെ പുറത്തുവരുന്നത്. വികാരങ്ങളെ തിരിച്ചറിയാനും സംസാരിക്കാനും പഠിക്കുന്നത് ഈ ശീലം കുറയ്ക്കാൻ സഹായിക്കും.

4. ആത്മവിശ്വാസം വീണ്ടെടുക്കൽ 

സ്വയം വിശ്വസിക്കാൻ പഠിക്കുക എന്നതാണ് സൗഖ്യത്തിന്റെ ഏറ്റവും പ്രധാന ഘടകം. ഒരു പ്രേരണ ഉണ്ടാകുമ്പോൾ അല്പനേരം ചിന്തിക്കാനും മറ്റൊരു നല്ല വഴി തെരഞ്ഞെടുക്കാനും തനിക്ക് സാധിക്കുമെന്ന് ഓരോരുത്തരും തിരിച്ചറിയണം.

ലജ്ജ അല്ലെങ്കിൽ കുറ്റബോധം തടസ്സം സൃഷ്ടിക്കുന്നതെന്തുകൊണ്ട്?

താാൻ ഒരു മോശം വ്യക്തിയാണെന്നും ഒരിക്കലും നന്നാവില്ലെന്നും ഒരാളെ വിശ്വസിപ്പിക്കാൻ ലജ്ജ (Shame) എന്ന വികാരത്തിന് സാധിക്കും. “എനിക്ക് വേദനിക്കുന്നു” എന്ന് ചിന്തിക്കുന്നതിന് പകരം “ഞാൻ ചീത്തയാണ്” എന്ന് ഒരാൾ കരുതുമ്പോൾ അത് സഹായം തേടുന്നതിൽ നിന്ന് ആ വ്യക്തിയെ തടയുന്നു.

നാഡീശാസ്ത്രം (Neuroscience) വ്യക്തമാക്കുന്നതനുസരിച്ച്, ഭയത്തിലൂടെയല്ല, മറിച്ച് സുരക്ഷിതത്വബോധം, കരുണ, മറ്റുള്ളവരുമായുള്ള നല്ല ബന്ധങ്ങൾ എന്നിവയിലൂടെയാണ് തലച്ചോറിൽ മാറ്റങ്ങൾ സംഭവിക്കുന്നത്.

ഒരാൾക്ക് താൻ മനസ്സിലാക്കപ്പെടുന്നു എന്ന് തോന്നുമ്പോൾ, മസ്തിഷ്ക്കത്തിലെ ‘ഭയത്തിന്റെ കേന്ദ്രം’ ശാന്തമാവുകയും മാറ്റങ്ങൾക്കായി അത് തയ്യാറാവുകയും ചെയ്യുന്നു.

കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ശ്രദ്ധയ്ക്ക്

ഇതിന് പിന്നിലെ ശാസ്ത്രീയ കാരണങ്ങൾ മനസ്സിലാക്കുന്നത്, കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാൻ സഹായിക്കും. ദോഷകരമായ പ്രവർത്തികൾക്ക് കൂട്ടുനിൽക്കണം എന്നല്ല, പകരം, വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുക,  പിന്തുണ നൽകുക, വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുക.  ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിക്കുന്നത് അവരെ ശരിയായ രീതിയിൽ സഹായിക്കാൻ മറ്റുള്ളവരെ പ്രാപ്തരാക്കും.

ലൈംഗികാസക്തി,  സ്വഭാവവൈകല്യമോ പരാജയമോ അല്ല. മനസ്സ് നൽകുന്ന ഒരു സൂചനയാണത്. നിഗൂഢമായ ഏകാന്തതയെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ  ഉണങ്ങാത്ത മുറിവുകളെയും ഉള്ളിന്റെയുള്ളിൽ നിങ്ങൾ കൊതിക്കുന്ന വൈകാരികമായ അടുപ്പത്തെയും കുറിച്ചുള്ള സൂചന.

വികാരങ്ങളെ വേരോടെ പിഴുതെറിയുക എന്നതല്ല ലൈംഗികാസക്തിയിൽ നിന്നുള്ള മുക്തി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ആ വികാരങ്ങളെ ഗൗരവത്തോടെയും ആത്മാഭിമാനത്തോടെയും കൃത്യമായ തിരിച്ചറിവോടെയും സമീപിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്ന യാത്രയാണത്.

ശാസ്ത്രവും അനുകമ്പയും കൈകോർത്ത് മുന്നേറുകയും മുൻവിധികൾക്ക് പകരം തിരിച്ചറിവുകൾ ഉണ്ടാകുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ സൗഖ്യം ആരംഭിക്കുന്നതെന്ന് നെല്ലിക്ക. ലൈഫ് വിശ്വസിക്കുന്നു.

ക്ഷമയും സുരക്ഷിതത്വവും പിന്തുണയും നൽകിയാൽ, ഏത് മനുഷ്യനും സ്വയം സുഖപ്പെടാനുള്ള ആർജവമുണ്ട് എന്നതാണ് വസ്തുത.

പുതിയൊരു വ്യക്തിയായി മാറിയിട്ടല്ല, യഥാർത്ഥ സ്വത്വത്തിലേക്ക് തിരികെയെത്തുമ്പോഴാണ് സമ്പൂർണ്ണ സൗഖ്യം നേടാനാകുക.  

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe