ഭക്ഷണക്കൊതിയുണ്ടോ? ഗവേഷകർ പറയുന്നതെന്താണെന്ന് അറിഞ്ഞിരിക്കാം

മാനസിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ നമ്മൾ ഒരു ചോക്ലേറ്റ് കഴിക്കും, ചിപ്സ് കഴിക്കാനും ആഗ്രഹം തോന്നും. അല്ലേ? ഇത് സാധാരണ തോന്നലാണ്.
എന്നാൽ ചിലരെ സംബന്ധിച്ച്, ഭക്ഷണവുമായുള്ള ഈ ബന്ധം അതിരു കടക്കും. പോഷണത്തെക്കുറിച്ചോ ഇഷ്ടമുള്ള ആഹാരം കഴിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തെക്കുറിച്ചോ അവർ ചിന്തിക്കില്ല. ഭക്ഷണം കഴിക്കുക എന്നത് ഇക്കൂട്ടർക്ക് നിർബന്ധ പ്രേരണയായി മാറുന്നു.
ഭക്ഷണത്തോടുള്ള ആസക്തിയെ മാനസികരോഗങ്ങളുടെ രോഗനിർണയ സ്ഥിതിവിവരക്കണക്ക് പുസ്തകത്തിൽ (DSM-5) ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും ലഹരിവസ്തുക്കളോടുള്ള ആസക്തിക്ക് സമാനമായ ഒരു സ്വഭാവരീതിയായി ഭക്ഷണത്തോടുള്ള അമിതാസക്തിയെ ഗവേഷണങ്ങൾ അംഗീകരിക്കുന്നുണ്ട്.
മനഃശാസ്ത്രപരമായ ക്ഷേമം, ആത്മനിയന്ത്രണം, ഭക്ഷണ രീതികൾ എന്നിവയെക്കുറിച്ച് ഈയിടെ നടത്തിയ ഒരു വിശദ പഠനം, നമ്മുടെ മാനസികാവസ്ഥയും സ്വയംനിയന്ത്രണ വൈദഗ്ധ്യവും, ആഹാരവുമായുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതു സംബന്ധിച്ച് കൂടുതൽ അറിവുകൾ നൽകുന്നു.
1. എന്താണ് ഭക്ഷണത്തോടുള്ള ആസക്തി?
അമിതമായി കൊഴുപ്പുള്ള, പഞ്ചസാര കൂടുതലുള്ള, അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നതിനെയാണ് ഭക്ഷണത്തോടുള്ള ആസക്തി സൂചിപ്പിക്കുന്നത്. കുറ്റബോധം, അമിതവണ്ണം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ നെഗറ്റീവായ അനന്തരഫലങ്ങൾ ഉണ്ടാകുമ്പോഴും ഭക്ഷണക്കൊതി നിയന്ത്രിക്കാൻ കഴിയാതെ തുടരുന്നു.
യേൽ യൂണിവേഴ്സിറ്റിയിലെ റഡ് സെന്റർ ഫോർ ഫുഡ് പോളിസി & ഒബീസിറ്റി നടത്തിയ ഗവേഷണം അനുസരിച്ച്, കൂടുതൽ രുചിയുള്ള ഭക്ഷണങ്ങൾ തലച്ചോറിലെ മീസോലിംബിക് ഡോപമിൻ സംവിധാനത്തെ സജീവമാക്കുന്നു — ആസക്തി ഉണ്ടാക്കുന്ന മറ്റ് വസ്തുക്കൾ സജീവമാക്കുന്ന അതേ സംവിധാനം തന്നെയാണിത്.
ഇത്തരം ഭക്ഷണം ആവർത്തിച്ച് കഴിക്കുന്നത് സംതൃപ്തി തോന്നാൻ കൂടുതൽ അളവിൽ കഴിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. മാത്രമല്ല, വിശപ്പില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ഉത്കണ്ഠ, ക്ഷോഭം എന്നീ സങ്കീർണ്ണതകളിലേക്കും ഈ ആസക്തി നമ്മെ നയിക്കുന്നു.
2. മനഃശാസ്ത്രപരമായ വീക്ഷണം: എന്തുകൊണ്ടാണ് നമ്മൾ ഭക്ഷണത്തിൽ ആശ്വാസം തേടുന്നത്?
അമിത സമ്മർദ്ദം, ഉത്കണ്ഠ, ഏകാന്തത, അല്ലെങ്കിൽ വിഷാദം എന്നീ വികാരങ്ങൾ നിർബന്ധപൂർവ്വം ഭക്ഷണം കഴിക്കുന്ന സ്വഭാവവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
വൈകാരിക ബുദ്ധിമുട്ടുകൾ വർദ്ധിക്കുമ്പോൾ, ഭക്ഷണം ഒരുതരം ‘സ്വയം ചികിത്സയായി’ മാറുന്നു.
അമിത കലോറിയുള്ള, മധുരമുള്ള, അല്ലെങ്കിൽ കൊഴുപ്പുള്ള ഭക്ഷണങ്ങൾ താൽക്കാലികമായി ഡോപമിൻ, സെറോടോണിൻ എന്നീ ഹോർമോണുകളുടെ തോത് വർദ്ധിപ്പിക്കുകയും ഉണർവ് നൽകുകയും ചെയ്യുന്നു. എന്നാൽ ഇതിനുശേഷം ഉണ്ടാകുന്ന വിഷമം, ഈ ദുശ്ശീലം തുടരാൻ കാരണമാകുന്നു.
വൈകാരികമായ ഭക്ഷണം കഴിക്കൽ (Emotional eating) പലപ്പോഴും ജീവിതത്തിൻ്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ആരംഭിക്കുന്നു — സങ്കടം മാറ്റാനോ സമ്മാനമായിട്ടോ ഭക്ഷണം നൽകി ആശ്വസിപ്പിക്കപ്പെടുന്ന കുട്ടികൾ മുതിരുമ്പോൾ വൈകാരിക നിയന്ത്രണത്തിനായി ഭക്ഷണത്തെ ആശ്രയിക്കാൻ കൂടുതൽ സാധ്യതയുണ്ട്.
3. ആത്മനിയന്ത്രണത്തിൻ്റെയും കാര്യനിർവ്വഹണത്തിൻ്റെയും പങ്ക്
ആത്മനിയന്ത്രണം എന്നതുകൊണ്ട് മനോബലം എന്നു മാത്രമല്ല അർത്ഥമാക്കുന്നത്; അത് പ്രവർത്തന നിർവ്വഹണം കൂടിയാണ് — അതായത്, പ്രേരണകളെ നിയന്ത്രിക്കാനും ആസൂത്രണം ചെയ്യാനും ബോധപൂർവമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ്.
ആത്മനിയന്ത്രണക്കുറവും മോശമായ വൈകാരിക നിയന്ത്രണവുമുള്ള വ്യക്തികൾക്ക് ഭക്ഷണത്തോടുള്ള ആസക്തി കൂടുതലാണ് എന്ന് പഠനങ്ങൾ പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുന്ന സമയത്തും ഭക്ഷണക്കൊതി തോന്നുന്ന സമയത്തും പ്രീഫ്രോണ്ടൽ കോർട്ടെക്സിൻ്റെ (തീരുമാനമെടുക്കുന്നതിന് സഹായകമായ തലച്ചോറിൻ്റെ ഭാഗം) പ്രവർത്തനം കുറവാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
മറ്റൊരു തരത്തിൽ പറഞ്ഞാൽ, വൈകാരിക മസ്തിഷ്കം (ലിംബിക് സിസ്റ്റം) യുക്തിസഹമായ മസ്തിഷ്കത്തെ (പ്രീഫ്രോണ്ടൽ കോർട്ടെക്സ്) മറികടക്കുന്നു, ഇത് വയറു നിറഞ്ഞ ശേഷവും അല്ലെങ്കിൽ അധികം കഴിച്ചതിൽ കുറ്റബോധം തോന്നുന്ന അവസ്ഥയിലും വീണ്ടും വീണ്ടും കഴിക്കാനുള്ള പ്രേരണ സൃഷ്ടിക്കുന്നു.
4. ഭക്ഷണം കഴിക്കുന്നത് പ്രതിഫലം തേടലായി മാറുമ്പോൾ
മറ്റ് ആസക്തികളിൽ കാണുന്ന അതേ പ്രതിഫല-അനുബന്ധ തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഭക്ഷണത്തോടുള്ള ആസക്തിയും പ്രവർത്തിക്കുന്നത്:
സൂചന→ കാഴ്ച/മണം/സമ്മർദ്ദം കൊതിയെ ഉണർത്തുന്നു.
കൊതി → മാനസികമായ പ്രതീക്ഷ നൽകുന്നു.
ഭക്ഷണം കഴിക്കൽ→ സന്തോഷം, ആശ്വാസം, അല്ലെങ്കിൽ വൈകാരിക മരവിപ്പ്.
കുറ്റബോധം→ ലജ്ജയും നിയന്ത്രണം നഷ്ടപ്പെടലും
ദൃഢീകരിക്കൽ→ ഈ സ്വഭാവം ആവർത്തിക്കുന്നു.
കാലക്രമേണ, തലച്ചോറ് സ്വയം മാറ്റി ക്രമീകരിക്കുന്നു — ഭക്ഷണം മാത്രമല്ല, ഭക്ഷണം നൽകുന്ന ഡോപമിൻ ഒഴുക്കാണ് മസ്തിഷ്ക്കം കൊതിക്കുന്നത്.
5. ക്രോസ്-സെക്ഷണൽ പഠനം വെളിപ്പെടുത്തുന്നത്
‘ജേണൽ ഓഫ് ഈറ്റിംഗ് ബിഹേവിയേഴ്സ്’ (Journal of Eating Behaviors) എന്ന പ്രസിദ്ധീകരണത്തിൽ 2023ൽ പ്രസിദ്ധീകരിച്ച ഒരു ക്രോസ്-സെക്ഷണൽ പഠനം 1,200ൽ അധികം മുതിർന്നവരെ പരിശോധിച്ചു കണ്ടെത്തിയ വിവരങ്ങൾ ഇനിപ്പറയുന്നു:
- ഉയർന്ന ഭക്ഷണ ആസക്തി സ്കോറുകൾ, ദുർബലമായ മാനസികാവസ്ഥയുമായും അമിതസമ്മർദ്ദവുമായും ബന്ധപ്പെട്ടിരിക്കുന്നു.
- ശക്തമായ ആത്മനിയന്ത്രണമുള്ള, മൈൻഡ്ഫുൾനസ് പരിശീലിക്കുന്ന പങ്കാളികൾക്ക് വൈകാരിക സമ്മർദ്ദമുള്ളപ്പോൾ പോലും ഭക്ഷണക്കൊതിയുടെ ലക്ഷണങ്ങൾ ഗണ്യമായി കുറവായിരുന്നു.
- സ്ത്രീകളാണ് കൂടുതൽ വൈകാരികമായി ഭക്ഷണം കഴിക്കുന്നതായി റിപ്പോർട്ട് ചെയ്തത്, അതേസമയം പുരുഷന്മാർ കൂടുതൽ പ്രേരണാപരമായ രീതികൾ പ്രകടിപ്പിച്ചു.
- ഭക്ഷണത്തോട് ആസക്തിയുള്ള വ്യക്തികൾക്ക് പലപ്പോഴും ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI), ഉറക്കത്തിലെ ക്രമക്കേടുകൾ, ശരീരത്തെക്കുറിച്ച് മോശമായ ചിന്താഗതി എന്നിവ ഉണ്ടായിരുന്നു.
ചുരുക്കത്തിൽ,
വൈകാരിക പ്രതിസന്ധികൾ → ദുർബലമായ ആത്മനിയന്ത്രണം → ക്രമം തെറ്റിയ ഭക്ഷണരീതി.
6. നിങ്ങൾക്ക് ഭക്ഷണത്തോട് “ആസക്തി” ഉണ്ടാകുമോ?
ഫങ്ഷണൽ എംആർഐ പഠനങ്ങൾ (ഹാർവാർഡ് & എൻഐഎച്ച്, 2022) സ്ഥിരീകരിക്കുന്നത്:
- പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങൾ തലച്ചോറിൻ്റെ ആസ്വാദന കേന്ദ്രമായ ന്യൂക്ലിയസ് അക്യൂബൻസിനെ സജീവമാക്കുന്നു.
- കാലക്രമേണ ഡോപമിൻ റിസപ്റ്ററുകൾ സ്വയം ക്രമീകരിക്കപ്പെടുന്നു. ഇത് സംതൃപ്തിക്കായി കൂടുതൽ അളവ് കഴിക്കുന്നതിന് കാരണമാകുന്നു.
- ഈ ഭക്ഷണങ്ങളിൽ നിന്നുള്ള പിൻവാങ്ങൽ ക്ഷോഭം, ക്ഷീണം, കൊതി എന്നിവയിലേക്ക് നയിക്കുന്നു, ഇത് ലഹരിമരുന്നുകളുടെ പിൻവാങ്ങൽ ലക്ഷണങ്ങളുമായി സാമ്യമുള്ളവയാണ്.
ഭക്ഷണത്തോടുള്ള ആസക്തി എന്നത്, ജീവശാസ്ത്രം, വികാരങ്ങൾ, പരിസ്ഥിതി എന്നിവയെല്ലാം സ്വാധീനം ചെലുത്തുന്ന ഒരു ന്യൂറോ-ബിഹേവിയറൽ അവസ്ഥയാണ്.
7. മനസ്സും ശരീരവും സംയോജിപ്പിച്ചുള്ള ചികിത്സാരീതി
കഠിനമായ ഡയറ്റിംഗ് അല്ല, ഭക്ഷണത്തോടും വികാരങ്ങളോടുമുള്ള ബന്ധം പുനർനിർമ്മിക്കുക എന്നതാണ് ഭക്ഷണക്കൊതി കുറയ്ക്കുക എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്.
തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT): വൈകാരികമായ ഭക്ഷണ രീതികളെ മാറ്റാൻ.
- മൈൻഡ്ഫുൾനസ് അധിഷ്ഠിത ഭക്ഷണ അവബോധം (MB-EAT): ബോധപൂർവ്വം, സാവധാനത്തിൽ ഭക്ഷണം കഴിക്കാൻ പഠിപ്പിക്കുന്നു, ഇത് വിശപ്പിൻ്റെ സ്വാഭാവിക സൂചനകളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.
- സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള പരിശീലനങ്ങൾ: യോഗ, ജേണലിംഗ്, ദീർഘമായി ശ്വാസമെടുക്കൽ എന്നിവ കോർട്ടിസോളിന്റെ (‘കൊതിയുടെ ഹോർമോൺ’) അളവ് കുറയ്ക്കുന്നു.
- സമീകൃത പോഷകാഹാര ചികിത്സ: രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും മാനസികാവസ്ഥയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും.
- സപ്പോർട്ട് ഗ്രൂപ്പുകൾ: പിന്തുണയ്ക്കുന്ന കൂട്ടായ്മയിൽ പ്രവർത്തിക്കുന്നത് നാണക്കേടും കുറ്റബോധവും കുറയ്ക്കുകയും ഉത്തരവാദിത്തബോധം വളർത്തുകയും ചെയ്യുന്നു.
ഭക്ഷണത്തോടുള്ള ആസക്തി ഒരു ബയോസൈക്കോസോഷ്യൽ പ്രതിഭാസമാണ് — തലച്ചോറിലെ രാസഘടന, സമ്മർദ്ദം, ആർജിച്ചെടുത്ത സ്വഭാവം എന്നിവയിൽ വേരൂന്നിയ ഒന്നാണത്.
ആത്മനിയന്ത്രണം ജന്മസിദ്ധമായി ലഭിക്കുന്ന കഴിവല്ല — മൈൻഡ്ഫുൾനസിലൂടെയും വൈകാരിക നിയന്ത്രണത്തിലൂടെയും അത് സ്വായത്തമാക്കാൻ കഴിയും.
മാനസിക സൗഖ്യമാണ് ഏറ്റവും ശക്തമായ സംരക്ഷണ ഘടകം. മനസ്സിനെ പരിപോഷിപ്പിക്കുമ്പോൾ, ശരീരവും അതിനെ പിന്തുടരുന്നു.
References
- Psychological well-being, self-control, and food addiction: A cross-sectional analysis. Journal of Eating Behaviors.
- American Psychological Association (2023). Food addiction and the brain’s reward system.
- Yale Rudd Center for Food Policy & Obesity. The Yale Food Addiction Scale (YFAS).
- Harvard Health Publishing (2022). Is food addiction real? The science of dopamine and eating.
- World Health Organization (2023). Mental health and nutrition: Interactions and outcomes.




