ശ്വാസം കവർന്നെടുക്കുന്ന രോഗം: സി ഒ പി ഡി എന്താണെന്ന് മനസ്സിലാക്കാം

ശ്വാസം കവർന്നെടുക്കുന്ന രോഗം: സി ഒ പി ഡി എന്താണെന്ന് മനസ്സിലാക്കാം

എന്താണ് സി.ഒ.പി.ഡി (COPD)? 

ശ്വസനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും ദീർഘകാലത്തേക്ക് തുടരുന്നതുമായ ശ്വാസകോശസംബന്ധിയായ ഒരവസ്ഥയാണ് ക്രോണിക് ഒബ്‌സ്ട്രക്‌ടീവ് പൾമണറി ഡിസീസ് അഥവാ സി ഒ പി ഡി (Chronic Obstructive Pulmonary Disease – COPD).

രണ്ട് പ്രധാന രോഗാവസ്ഥകൾ ചേർന്നതാണ് സി ഒ പി ഡി:

  • ക്രോണിക് ബ്രോങ്കൈറ്റിസ് (Chronic Bronchitis): ശ്വാസനാളത്തിൽ നീർക്കെട്ടും കഫക്കെട്ടും ഉണ്ടാകുന്നു. ഇത് ശ്വാസോച്ഛ്വാസത്തെ തടസ്സപ്പെടുത്തുന്നു.
  • എംഫിസെമ (Emphysema): ശ്വാസകോശത്തിലെ എയർ സാക്കുകൾക്ക് (ആൽവിയോ ലി) കേടുപാടുകൾ സംഭവിക്കുന്നു. ഇത് ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നത് കുറയ്ക്കുന്നു.

കാലക്രമേണ ശ്വാസകോശത്തിൽ നിന്ന് വായു പുറത്തേക്ക് പോകുന്നത് ഈ രോഗംപരിമിതപ്പെടുത്തുന്നു. ഇത് സ്ഥിരമായ ശ്വാസംമുട്ട്, ചുമ, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. സാവധാനത്തിൽ വർദ്ധിച്ച് വഷളാകുന്ന തരം രോഗമാണിത്. എങ്കിലും, വേണ്ടരീതിയിൽ ശ്രദ്ധയും ചികിത്സയും നൽകിയാൽ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയും.

സി ഒ പി ഡി യെക്കുറിച്ച് അവബോധം വേണ്ടതിൻ്റെ ആവശ്യകത 

ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സി ഒ പി ഡി. ഇത്ര ഗൗരവമേറിയ അസുഖമായിരുന്നിട്ടും, പലരും തങ്ങളുടെ രോഗാവസ്ഥ തിരിച്ചറിയാതെ പോകുന്നു എന്നതാണ് യാഥാർത്ഥ്യം.

ഇന്ത്യയിൽ മാത്രം, ഏകദേശം അഞ്ചരക്കോടി ആളുകൾ ശ്വസന സംബന്ധമായ ഏതെങ്കിലും തരത്തിലുള്ള  രോഗങ്ങളുമായി ജീവിക്കുന്നു, അതിൽ ഏറ്റവും സാധാരണമായതാണ് സി ഒ പി ഡി.

രോഗം ഗുരുതരമാകുന്നതുവരെ ഇതിന്റെ ലക്ഷണങ്ങളെ പലരും പുകവലിക്കുന്നവരിൽ ഉണ്ടാകുന്ന ചുമ എന്നോ വാർദ്ധക്യത്തിന്റെ സ്വാഭാവികമായ ബുദ്ധിമുട്ടെന്നോ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട്  പ്രരംഭഘട്ടത്തിൽത്തന്നെ ഈ രോഗത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്.

സാധാരണ കാരണങ്ങളും അപകടസാധ്യതകളും 

സി ഒ പി ഡി ക്ക് വഴിവെക്കുന്ന പ്രധാന ഘടകങ്ങൾ :

1.പുകവലി (Smoking): ഏറ്റവും വലിയ കാരണം. സിഗരറ്റ്, ബീഡി, പാസീവ് സ്മോക്കിങ്ങ് അഥവാ പുകവലിക്കുന്നവർ പുറത്തുവിടുന്ന പുക ഏൽക്കുന്നത്, ഇവയെല്ലാം ശ്വാസകോശത്തെ നശിപ്പിക്കുന്നു.

2.വായു മലിനീകരണം (Air Pollution): പാചകത്തിന് ഉപയോഗിക്കുന്ന വിറക്/ഇന്ധനം എന്നിവയിൽ നിന്നുള്ള പുകയേൽക്കുന്നതും  അന്തരീക്ഷ മലിനീകരണവും ഇന്ത്യയിലെ പ്രധാന കാരണങ്ങളാണ്.

3.തൊഴിലിടങ്ങളിലെ പൊടിയും രാസവസ്തുക്കളും (Occupational Dust & Chemicals): പുക, സിമന്റ്, ഖനനം ചെയ്യുമ്പോഴുണ്ടാകുന്ന പൊടി, അല്ലെങ്കിൽ കൃഷിക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയുമായി ഇടപഴകുന്ന തൊഴിലാളികൾക്ക് അപകടസാധ്യത കൂടുതലാണ്.

4.ജനിതക ഘടകങ്ങൾ (Genetic Factors): ‘ആൽഫാ-1 ആന്റിട്രിപ്‌സിൻ അപര്യാപ്തത’ (Alpha-1 antitrypsin deficiency) എന്ന അപൂർവമായ ജനിതകാവസ്ഥയും സി ഒ പി ഡിക്ക് കാരണമാവാം.

5.ആവർത്തിച്ചുണ്ടാകുന്ന ശ്വാസകോശ അണുബാധകൾ (Repeated Lung Infections): കുട്ടിക്കാലത്തോ മുതിർന്ന ശേഷമോ പതിവായുണ്ടാകുന്ന ശ്വാസകോശ അണുബാധകൾ തകരാറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ 

ഇനിപ്പറയുന്ന ലക്ഷണങ്ങൾ സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.  ഇത് സി ഒ പി ഡി യുടെ സൂചനകളാകാം:

  • കഫത്തോടുകൂടിയ വിട്ടുമാറാത്ത ചുമ (പ്രത്യേകിച്ച് രാവിലെ).
  • ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ഉണ്ടാകുന്ന ശ്വാസംമുട്ട്.
  • കുറുകൽ അല്ലെങ്കിൽ ശബ്ദത്തോടുകൂടിയ ശ്വാസം.
  • പതിവായി ഉണ്ടാകുന്ന നെഞ്ചിലെ അണുബാധകൾ അല്ലെങ്കിൽ ജലദോഷം.
  • ക്ഷീണം, തളർച്ച, അല്ലെങ്കിൽ ശാരീരിക ശേഷി കുറയുന്നത്.
  • ചുണ്ടുകൾക്കോ വിരൽത്തുമ്പുകൾക്കോ നീലനിറം (രോഗം മൂർച്ഛിച്ച അവസ്ഥയിൽ).

ഈ ലക്ഷണങ്ങൾ മൂന്ന് ആഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. 

സി ഒ പി ഡി എങ്ങനെ കണ്ടെത്താം? 

കൃത്യസമയത്തുള്ള രോഗനിർണയം കൂടുതൽ സങ്കീർണ്ണതകൾ തടയാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും. രോഗം കണ്ടെത്താൻ ഡോക്ടർമാർ സാധാരണയായി ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്:

  • സ്പൈറോമെട്രി (Spirometry): ശ്വാസകോശത്തിന്റെ ശേഷിയും വായുസഞ്ചാരത്തിന്റെ അളവും അറിയാനുള്ള ലളിതമായ ശ്വസന പരിശോധനയാണിത്.
  • നെഞ്ചിൻ്റെ എക്‌സ്-റേ / സി.ടി സ്കാൻ (Chest X-ray / CT Scan): ശ്വാസകോശത്തിന്റെ ഘടന പരിശോധിക്കാനും മറ്റ് രോഗങ്ങളല്ല എന്ന് ഉറപ്പുവരുത്താനും ഇത് സഹായിക്കുന്നു.
  • ഓക്സിജൻ ലെവൽ ടെസ്റ്റ് (Oxygen Level Test): ശ്വാസകോശം എത്രത്തോളം കാര്യക്ഷമമായി ഓക്സിജൻ ശരീരത്തിലേക്ക് എത്തിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുള്ള പരിശോധനയാണിത്.

ചികിത്സയും പരിചരണവും 

സി ഒ പി ഡിക്ക് പൂർണ്ണമായ ചികിത്സ നിലവിലില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.

1.പുകവലി ഉടനടി നിർത്തുക: ഇതാണ് ഏറ്റവും പ്രധാനപ്പെട്ടതും നിർബന്ധമായും കൈക്കൊള്ളേണ്ടതുമായ ആദ്യനടപടി.  ശ്വാസകോശം നശിക്കുന്നത് കുറയ്ക്കാനിത് സഹായിക്കും.

2.മരുന്നുകൾ:

1.ബ്രോങ്കോഡൈലേറ്ററുകൾ (Bronchodilators): ശ്വാസനാളങ്ങൾ വികസിപ്പിച്ച് ശ്വസനം എളുപ്പമാക്കാൻ.

2.സ്റ്റിറോയ്ഡ് ഇൻഹേലറുകൾ (Steroid Inhalers): നീർക്കെട്ട് കുറയ്ക്കാൻ.

3.മ്യൂക്കോലൈറ്റിക്സ് (Mucolytics): കഫം നേർപ്പിക്കാൻ.

3.പൾമണറി റീഹാബിലിറ്റേഷൻ :

1.വ്യായാമ പരിശീലനം, ശ്വസന വിദ്യകൾ, പോഷകാഹാര കൗൺസിലിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

4.വാക്സിനേഷനുകൾ :

1.ഫ്ലൂ, ന്യൂമോണിയ വാക്സിനുകൾ എടുക്കുന്നത് അണുബാധകൾ ഒഴിവാക്കാൻ സഹായിക്കും.

5.ഓക്സിജൻ തെറാപ്പി :

1.ഓക്സിജന്റെ അളവ് കുറവായ, ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് നൽകുന്നു.

6.ശസ്ത്രക്രിയ / ശ്വാസകോശം മാറ്റിവെക്കൽ:

1.അപൂർവമായി, രോഗത്തിന്റെ അന്തിമഘട്ടത്തിൽ ഇത് പരിഗണിക്കാറുണ്ട്.

മെച്ചപ്പെട്ട ജീവിതം നയിക്കാം

ശരിയായ ശീലങ്ങൾ രോഗത്തെ നിയന്ത്രിക്കാൻ സഹായിക്കും:

  • ആഴത്തിൽ ശ്വാസമെടുക്കാൻ പരിശീലിക്കുക: ഇത് ശ്വാസംമുട്ട് നിയന്ത്രിക്കാൻ സഹായിക്കും.
  • ചെറിയ അളവിൽ, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക: അമിതമായി ഭക്ഷണം കഴിക്കുന്നത് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കാം.
  • ശാരീരികമായി സജീവമായിരിക്കുക: ലഘുവായ വ്യായാമം പോലും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
  • പൊടിയും പുകയും ഒഴിവാക്കുക: മാസ്കുകൾ ഉപയോഗിക്കുക, അടുക്കളയിൽ നല്ല കാറ്റോട്ടം ഉറപ്പാക്കുക.
  • മാനസികാരോഗ്യം ശ്രദ്ധിക്കുക: ഉത്കണ്ഠയും വിഷാദവും സാധാരണമാണ്, എന്നാൽ ശരിയായ മാർഗ്ഗങ്ങളിലൂടെ ഇത് കൈകാര്യം ചെയ്യാൻ കഴിയും.

ഇന്ത്യയിലെ സി ഒ പി ഡി –  വെല്ലുവിളികൾ

നമ്മുടെ രാജ്യത്ത്, സി.ഒ.പി.ഡി പലപ്പോഴും പുകവലിക്കാത്തവരെയും ബാധിക്കുന്നു, പ്രത്യേകിച്ച് നിരന്തരമായിഅടുക്കളയിലെ പുകയേൽക്കുന്ന സ്ത്രീകളെ.

ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ സി ഒ പി ഡി മരണങ്ങളിൽ പകുതിയോളവും കെട്ടിടങ്ങൾക്കകത്തെ വായു മലിനീകരണം കാരണമാണ് സംഭവിക്കുന്നത്.

അവബോധമില്ലായ്മ, വൈകിയുള്ള രോഗനിർണയം, മലിനമാക്കപ്പെടുന്ന അന്തരീക്ഷവായു എന്നിവയെല്ലാം സി ഒ പി ഡിയെ ഒരു പൊതുജനാരോഗ്യ വെല്ലുവിളിയാക്കി മാറ്റുന്നു. എങ്കിലും, കൃത്യമായ അവബോധം നേടിയും നേരത്തെ തന്നെ രോഗം തിരിച്ചറിഞ്ഞും വായു നിലവാരം മെച്ചപ്പെടുത്തിയും  നമുക്ക് ഈ വെല്ലുവിളിയെ മറികടക്കാൻ സാധിക്കും.

ശരിയായ പരിചരണം, ജീവിതശൈലീ മാറ്റങ്ങൾ, അവബോധം എന്നിവയിലൂടെ രോഗികൾക്ക് സജീവവും സംതൃപ്തവുമായ ജീവിതം നയിക്കാൻ കഴിയും.

ശ്വാസമെടുക്കുന്നത് ആയാസകരമാകുന്നതു വരെ നമ്മൾ അതിൻ്റെ പ്രാധാന്യം തിരിച്ചറിയാറില്ല. രോഗം ആക്രമിക്കുന്നതിന് മുമ്പുതന്നെ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാം. പുകവലി ഉപേക്ഷിച്ചും ചുറ്റുപാടുകൾ ശുചിയാക്കിയും കൃത്യമായ  പരിശോധനകൾ നടത്തിയും നമുക്ക് ജീവശ്വാസം സംരക്ഷിക്കാം.

  1. COPD
  2. Chronic bronchitis and emphysema are also called COPD.
  3. Take Action on COPD: Protect Your Lungs for Life Fact Sheet

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe