മൂത്രാശയ രോഗങ്ങൾ: കാരണങ്ങളും ലക്ഷണങ്ങളും; ഡോക്ടറെ കാണേണ്ടതെപ്പോൾ?

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് മൂത്രാശയം അഥവാ ബ്ളാഡർ. ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂറും ഒരു വിശ്രമവുമില്ലാതെ പ്രവർത്തിക്കുന്ന അവയവം. നമ്മുടെ ശരീരത്തിൽ നിന്ന് മൂത്രം ശേഖരിക്കുകയും യഥാസമയം പുറന്തള്ളുകയും ചെയ്യുന്നത് മൂത്രാശയമാണ്. ശരീരത്തിലെ ദ്രാവകങ്ങളുടെയും രാസവസ്തുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഈ പ്രവർത്തനം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക്, പ്രത്യേകിച്ച് വാർദ്ധക്യകാലത്ത്, അല്ലെങ്കിൽ പ്രസവം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകളെത്തുടർന്ന്, മൂത്രാശയ സംബന്ധമായ ബുദ്ധിമുട്ടുകൾ വരാറുണ്ട്. ഇത് വലിയ പ്രയാസങ്ങൾക്കും നാണക്കേടിനും കാരണമാകാറുമുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് നമ്മൾ പലപ്പോഴും മൂത്രാശയം എന്ന അവയവത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ചിന്തിക്കുന്നതുതന്നെ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, അസുഖം ബാധിക്കുന്നതുവരെ നമ്മൾ മൂത്രാശയത്തിന്റെ ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നൽകാറില്ല.
സാധാരണയായി കാണുന്ന മൂത്രാശയ പ്രശ്നങ്ങൾ, അവയുടെ കാരണങ്ങൾ, ചികിത്സാരീതികൾ, മൂത്രാശയത്തെ രോഗങ്ങൾ ബാധിക്കാതിരിക്കാൻ സ്വീകരിക്കേണ്ട ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാം.
എന്താണ് മൂത്രാശയം, എന്താണ് ഇതിന്റെ ധർമ്മം?
അടിവയറ്റിൽ സ്ഥിതി ചെയ്യുന്ന, പേശികൾ കൊണ്ട് രൂപപ്പെട്ടിട്ടുള്ള, പൊള്ളയായ ഒരു അവയവമാണ് മൂത്രാശയം (Urinary Bladder). വൃക്കകൾ ഉത്പാദിപ്പിക്കുന്ന മൂത്രം, മൂത്രനാളിയിലൂടെ (Urethra) പുറത്തുപോകുന്നതുവരെ ശേഖരിച്ചുവെക്കുന്നത് മൂത്രാശയത്തിലാണ്. സാധാരണ ഗതിയിൽ മൂത്രാശയത്തിന് ഏകദേശം 400 മുതൽ 600 മില്ലിലിറ്റർ വരെ മൂത്രം സംഭരിച്ചു വെയ്ക്കാൻ കഴിയും. മൂത്രാശയം നിറയുമ്പോൾ, മസ്തിഷ്ക്കത്തിലേക്ക് സന്ദേശങ്ങൾ എത്തുകയും തുടർന്ന് നമുക്ക് മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാവുകയും ചെയ്യുന്നു.
സാധാരണയായി കണ്ടുവരുന്ന മൂത്രാശയ പ്രശ്നങ്ങൾ
മൂത്രാശയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ചില പ്രധാന പ്രയാസങ്ങൾ ഇനിപ്പറയുന്നു:
1. അനിയന്ത്രിത മൂത്രവാർച്ച
നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥയാണിത്. ലോകത്താകമാനം 20 കോടിയിലധികം ആളുകൾ ഈയവസ്ഥ മൂലം ബുദ്ധിമുട്ടുന്നുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഈ പ്രശ്നം വരാനുള്ള സാധ്യത ഇരട്ടിയാണ്.
പ്രധാന വകഭേദങ്ങൾ:
- സ്ട്രെസ് ഇൻകോണ്ടിനെൻസ് (Stress Incontinence): ശരീരത്തിന് ആയാസമുണ്ടാകുമ്പോൾ, അതായത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോഴുമെല്ലാം മൂത്രം അറിയാതെ പുറത്തുപോകുന്ന അവസ്ഥയാണിത്.
- അർജ് ഇൻകോണ്ടിനെൻസ് (Urge Incontinence): പെട്ടെന്ന് മൂത്രമൊഴിക്കാൻ ശക്തമായ തോന്നലുണ്ടാവുകയും, ടോയ്‌ലറ്റിൽ എത്തുന്നതിന് മുൻപ് തന്നെ അനിയന്ത്രിതമായി മൂത്രം പോവുകയും ചെയ്യുന്ന അവസ്ഥ..
- ഓവർഫ്ലോ ഇൻകോണ്ടിനെൻസ് (Overflow Incontinence): മൂത്രമൊഴിക്കുമ്പോൾ മൂത്രാശയം പൂർണ്ണമായി കാലിയാക്കാൻ സാധിക്കാത്തതുകൊണ്ട് തുള്ളിതുള്ളിയായി മൂത്രം പുറത്തേക്ക് പോകുന്നു.
- ഫംഗ്ഷണൽ ഇൻകോണ്ടിനെൻസ് (Functional Incontinence): ഈ അവസ്ഥയിൽ മൂത്രായശത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലാണെങ്കിലും, ശാരീരികമോ മാനസികമോ ആയ പരിമിതികൾ കാരണം മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ടോയ്‌ലറ്റിൽ എത്താൻ വൈകുകയും തൻമൂലം മൂത്രം അനിയന്ത്രിതമായി പോകുകയും ചെയ്യുന്നു.
2. അമിതമായി പ്രവർത്തിക്കുന്ന മൂത്രാശയം
പെട്ടെന്നും ഇടയ്ക്കിടെയും മൂത്രമൊഴിക്കാൻ തോന്നുന്ന അവസ്ഥയാണിത്. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ വേണ്ടി ഉറക്കം എഴുന്നേൽക്കേണ്ടി വരുന്ന അവസ്ഥയായ നോക്റ്റൂറിയ ഇതിന്റെ ഭാഗമാണ്. പ്രായമായവരിൽ ഏകദേശം 16–17% ആളുകളെ ഈ അവസ്ഥ ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
3. മൂത്രാശയ അണുബാധ
മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത്, പ്രത്യേകിച്ച് മൂത്രാശയത്തിൽ അണുബാധ ഉണ്ടാകുന്നു. സ്ത്രീകളിൽ മൂത്രനാളിക്ക് (urethra) നീളം കുറവായതിനാൽ, അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്.
പ്രധാന ലക്ഷണങ്ങൾ:
- മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും
- ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക
- കലങ്ങിയതോ രൂക്ഷഗന്ധമുള്ളതോ ആയ മൂത്രം
- അടിവയറ്റിൽ വേദന
4. ഇന്റർസ്റ്റീഷ്യൽ സിസ്റ്റൈറ്റിസ്
മൂത്രാശയത്തിൽ സമ്മർദ്ദവും വേദനയും അനുഭവപ്പെടും. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ ഉണ്ടാകും. വിട്ടുമാറാത്ത രോഗാവസ്ഥയാണിത്. മൂത്രനാളിയിലെ അണുബാധയിൽ നിന്ന് വ്യത്യസ്തമായി, ഇത് ബാക്ടീരിയ മൂലമല്ല ഉണ്ടാകുന്നത്. ഈ രോഗത്തിൻ്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
5. മൂത്രാശയത്തിലെ കല്ലുകൾ
മൂത്രം പൂർണ്ണമായി ഒഴിച്ചുപോകാതെ കെട്ടിക്കിടക്കുന്നത് മൂലം, ധാതുക്കൾ അടിഞ്ഞുകൂടി പരലുകളായി മാറുന്ന അവസ്ഥയാണിത്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കമുള്ള പുരുഷന്മാരിലും ന്യൂറോജെനിക് ബ്ലാഡർ ഉള്ളവരിലും ഇത് സാധാരണയായി കാണപ്പെടുന്നു.
6. മൂത്രാശയ അർബുദം
പൊതുവെ അപൂർവ്വമായാണ് കാണപ്പെടുന്നത് എങ്കിലും ഇത് വളരെ ഗൗരവമേറിയ രോഗമാണ്. മൂത്രത്തിൽ രക്തം കലരുന്നത് ഇതിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. പുകവലി പ്രധാന അപകട കാരണമാണ്.
നാഡീസംബന്ധമായ മൂത്രാശയ തകരാറുകൾ
മൾട്ടിപ്പിൾ സ്ക്ലിറോസിസ്, പാർക്കിൻസൺസ് രോഗം, പ്രമേഹം, സുഷുമ്നാ നാഡിക്കേൽക്കുന്ന പരിക്കുകൾ തുടങ്ങിയ സാഹചര്യങ്ങൾ, മൂത്രാശയത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഞരമ്പുകളെ ബാധിക്കാനിടയുണ്ട്. ഇത് ന്യൂറോജെനിക് ബ്ലാഡർ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഈ ഘട്ടത്തിൽ മൂത്രാശയം ശരിയായി കാലിയാക്കാൻ സാധിക്കാതെ വരും. മൂത്രാശയം അനിയന്ത്രിതമായി സങ്കോചിക്കാനും ഇടവരുന്നു.
രോഗനിർണ്ണയ രീതികൾ
1.മൂത്രപരിശോധനയും കൾച്ചർ ചെയ്യലും: മൂത്രത്തിലെ അണുബാധ, രക്തത്തിന്റെ സാന്നിധ്യം എന്നിവ കണ്ടെത്താൻ.
2.പോസ്റ്റ്-വോയ്ഡ് റെസിഡ്യുവൽ പരിശോധന: മൂത്രമൊഴിച്ച ശേഷം മൂത്രാശയത്തിൽ ബാക്കിയുള്ള മൂത്രത്തിന്റെ അളവ് പരിശോധിക്കാൻ.
3.യൂറോഡൈനാമിക് പരിശോധനകൾ: മൂത്രാശയത്തിന്റെ പ്രവർത്തനം, മർദ്ദം എന്നിവ വിലയിരുത്താൻ.
4.സിസ്റ്റോസ്കോപ്പി: ഒരു ചെറിയ ട്യൂബ് കടത്തിവിട്ട് മൂത്രാശയത്തിന്റെ ഉൾവശം നേരിട്ട് പരിശോധിക്കുന്ന രീതി.
5.അൾട്രാസൗണ്ട് അല്ലെങ്കിൽ സിടി സ്കാൻ : മൂത്രാശയത്തിന്റെ ഘടനയിലുള്ള സങ്കീർണ്ണതകൾ കണ്ടെത്താൻ.
ചികിത്സാരീതികളും പ്രതിവിധികളും
മരുന്നുകൾ:
- ഓവർ ആക്ടീവ് ബ്ലാഡറിന് ആന്റികോളിനെർജിക്സ് (Anticholinergics).
- പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുള്ള പുരുഷന്മാർക്ക് ആൽഫാ-ബ്ലോക്കറുകൾ (Alpha-blockers).
- മൂത്രനാളിയിലെ അണുബാധകൾക്ക് ആൻ്റിബയോട്ടിക്കുകൾ (Antibiotics).
- ചില തരം അനിയന്ത്രിത മൂത്രവാർച്ചയ്ക്ക് ട്രൈസൈക്ലിക് ആന്റിഡിപ്രസന്റുകൾ (Tricyclic antidepressants).
ശസ്ത്രക്രിയേതര ചികിത്സകൾ:
- പെൽവിക് ഫ്ലോർ ഫിസിയോതെറാപ്പി (കെഗൽ വ്യായാമങ്ങൾ).
- ബ്ലാഡർ ട്രെയ്നിംഗ് (കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിച്ചു ശീലിക്കുന്നത്).
- ബയോഫീഡ്ബാക്ക് തെറാപ്പി (Biofeedback therapy)
- ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ (കഫീൻ, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക).
ശസ്ത്രക്രിയ:
- സ്ട്രെസ് ഇൻകോണ്ടിനെൻസിനുള്ള ബ്ലാഡർ സ്ലിംഗ് (Bladder sling) ശസ്ത്രക്രിയകൾ.
- ഓവർ ആക്ടീവ് ബ്ലാഡറിന് മൂത്രാശയ ഭിത്തിയിൽ ബോട്ടോക്സ് കുത്തിവെയ്പ്പുകൾ.
- ഗുരുതരമായ അവസ്ഥകളിൽ ബ്ലാഡർ ഓഗ്മെന്റേഷൻ (Bladder augmentation).
- ന്യൂറോജെനിക് ബ്ലാഡർ അവസ്ഥയിലോ മൂത്രം കെട്ടിനിൽക്കുന്ന അവസ്ഥയിലോ കത്തീറ്റർ (Catheterization) ഉപയോഗിക്കുന്നത്.
ജീവിതശൈലീ നിർദ്ദേശങ്ങൾ
- ദിവസവും 6 മുതൽ 8 ഗ്ലാസ് എങ്കിലും വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം നിലനിർത്തുക.
- കൂടുതൽ നേരം മൂത്രം പിടിച്ചുവെയ്ക്കാതിരിക്കുക.
- മൂത്രാശയത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന കഫീൻ, സോഡ, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
- ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക.
- പെൽവിക് ഫ്ലോർ വ്യായാമങ്ങൾ പതിവായി ചെയ്യുക.
- പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്:
National Institute of Diabetes and Digestive and Kidney Diseases (NIDDK)
Mayo Clinic on Urinary Incontinence
International Continence Society
മൂത്രാശയ പ്രശ്നങ്ങൾ സാധാരണയായി പലരിലും കാണപ്പെടുന്ന അവസ്ഥയാണെങ്കിലും അത് നിശബ്ദമായി സഹിക്കേണ്ട കാര്യമില്ല.
പ്രാരംഭഘട്ടത്തിലുള്ള രോഗനിർണ്ണയം, ശരിയായ ചികിത്സ, ശ്രദ്ധാപൂർവ്വമായ ജീവിതശൈലി മാറ്റങ്ങൾ എന്നിവയിലൂടെ മിക്ക മൂത്രാശയ അസ്വസ്ഥതകളും ഫലപ്രദമായി നിയന്ത്രിക്കാനോ പൂർണ്ണമായി മാറ്റിയെടുക്കാനോ സാധിക്കും.
രോഗലക്ഷണങ്ങളെ അവഗണിക്കരുത്. ശരീരത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക, വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിൽസ തേടുക. പലപ്പോഴും വേണ്ടത്ര മൂല്യം കൽപ്പിക്കാത്ത, എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഈ അവയവത്തെ സംരക്ഷിക്കുക വഴി പല സങ്കീർണ്ണതകളിൽ നിന്നും രക്ഷ നേടാൻ സാധിക്കും.




