കുട്ടികളിലെയും മുതിർന്നവരിലെയും എ ഡി എച്ച് ഡി: രക്ഷിതാക്കളും അദ്ധ്യാപകരും പരിചരിക്കുന്നവരും അറിഞ്ഞിരിക്കാൻ

തലച്ചോറിനകത്ത് ഒരേസമയം കുറെയേറെ ചിന്തകൾ വന്നുപോയ്ക്കൊണ്ടേയിരുന്നാൽ എങ്ങനെയുണ്ടാകുമെന്ന്
ഒന്നാലോചിച്ചു നോക്കൂ. പലതരം ആശയങ്ങൾ, ശ്രദ്ധ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറിമാറിപ്പോകുക, അടങ്ങിയിരിക്കാനാവാത്തത്ര ഊർജ്ജസ്വലത തോന്നുക, ഒപ്പം കടുത്ത നിരാശയും. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (ADHD) ഉള്ള ഒരു വ്യക്തിക്ക്, ജീവിതം പലപ്പോഴും ഇങ്ങനെയാണ് അനുഭവപ്പെടുന്നത്.
പലരും ശരിയായ രീതിയിൽ മനസ്സിലാക്കാത്ത ഒരവസ്ഥയാണ് എ ഡി എച്ച് ഡി എന്നത്. കുട്ടിക്കാലത്തെ വികൃതിയായോ തല്ലുകൊള്ളിത്തരമായോ പേടിപ്പിച്ചു വളർത്താത്തതിൻ്റെ ഫലമായോ ഒക്കെ ഭൂരിഭാഗം ആളുകളും മുദ്ര കുത്തിയിരുന്ന ഈ ‘അടക്കമില്ലായ്മ’, വാസ്തവത്തിൽ അതൊന്നുമല്ല.
കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ബാധിക്കുന്ന, തലച്ചോറിന്റെ വികാസവുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥയാണിത് . ഇത്, അവരുടെ ശ്രദ്ധയേയും, പെട്ടെന്നുള്ള എടുത്തുചാട്ടം നിയന്ത്രിക്കാനുള്ള കഴിവിനേയും കാര്യങ്ങൾ ചിട്ടപ്പെടുത്താനുള്ള ശേഷിയേയും ബാധിക്കുന്നു.
തെറ്റിദ്ധാരണകൾ മാറ്റി, നമുക്ക് ശാസ്ത്രീയമായിത്തന്നെ എ ഡി എച്ച് ഡിയെക്കുറിച്ച് മനസ്സിലാക്കാം. ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവരെ എങ്ങനെ പിന്തുണയ്ക്കാമെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് എ ഡി എച്ച് ഡി?
ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (inattention), അടങ്ങിയിരിക്കാനാവാത്ത പ്രകൃതം (hyperactivity), എടുത്തുചാട്ടം (impulsivity) എന്നിവ പ്രധാന ലക്ഷണങ്ങളായി കാണുന്ന ഒരു അവസ്ഥയാണ് എ ഡി എച്ച് ഡി. ഇത് ദൈനംദിന ജീവിതത്തെയും വ്യക്തിയുടെ വളർച്ചയെയും സാരമായി ബാധിക്കുന്നു. കുട്ടിക്കാലത്ത് ഏറ്റവും സാധാരണയായി കാണുന്ന നാഡീവികാസത്തകരാറുകളിൽ ഒന്നാണിത്. പലപ്പോഴും മുതിർന്നാലും ഈയവസ്ഥ തുടരാറുണ്ട്.
സി.ഡി.സി നൽകുന്ന കണക്കുകൾ അനുസരിച്ച്, ലോകമെമ്പാടുമുള്ള 5-10% കുട്ടികൾക്കും 4.4% മുതിർന്നവർക്കും എ ഡി എച്ച് ഡി ഉണ്ട്. ഇത് കുട്ടിക്കാലത്തെ് മാത്രം കാണുന്ന സങ്കീർണ്ണതയല്ല. മുതിർന്ന ശേഷവും പല വ്യക്തികളിലും ഈ പ്രശ്നം നിലനിൽക്കാറുണ്ട്.
കുട്ടികളിലെ എ ഡി എച്ച് ഡി: ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം?
എല്ലാ കുഞ്ഞുങ്ങളും ചിലപ്പോഴൊക്കെ അടങ്ങിയിരിക്കാതെയും ശ്രദ്ധയില്ലാതെയും പെരുമാറാം. എന്നാൽ ADHD ഉള്ള കുട്ടികളിൽ ഈ ലക്ഷണങ്ങൾ താഴെ പറയുന്ന രീതിയിലായിരിക്കും:
- സ്ഥിരമായി അനുഭവപ്പെടുന്നു: ലക്ഷണങ്ങൾ 6 മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കും.
- എല്ലായിടത്തും കാണപ്പെടുന്നു : വീട്ടിലും സ്കൂളിലും കളിക്കുമ്പോഴും, അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ഈ സ്വഭാവങ്ങൾ പ്രകടമായിരിക്കും.
- പ്രയാസങ്ങൾക്ക് കാരണമാകുന്നു: കുട്ടിയുടെ പഠനത്തെയും സാമൂഹിക ബന്ധങ്ങളെയും കാര്യമായി ബാധിക്കുന്ന തരത്തിൽ ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും.
പൊതുവായി കാണുന്ന ലക്ഷണങ്ങൾ:
- ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ ജോലികൾ പൂർത്തിയാക്കാനോ ബുദ്ധിമുട്ട്.
- ശ്രദ്ധ പെട്ടെന്ന് മാറിപ്പോവുക, മറവി കൂടുതലാവുക.
- നിർത്താതെ സംസാരിക്കുകയോ മറ്റുള്ളവർ സംസാരിക്കുമ്പോൾ ഇടയ്ക്ക് കയറി പറയുകയോ ചെയ്യുക.
- ഒരിടത്ത് അടങ്ങിയിരിക്കാൻ കഴിയാതെ കൈകാലുകൾ ചലിപ്പിക്കുക, അസ്വസ്ഥത പ്രകടിപ്പിക്കുക.
- തങ്ങളുടെ ഊഴം വരുന്നതുവരെ കാത്തിരിക്കാനോ നിർദ്ദേശങ്ങൾ പാലിക്കാനോ ഉള്ള ബുദ്ധിമുട്ട്.
- പെട്ടെന്നുള്ള ദേഷ്യം, സങ്കടം പോലുള്ള വൈകാരിക പ്രകടനങ്ങൾ.
ശ്രദ്ധിക്കുക: പെൺകുട്ടികളിൽ എ ഡി എച്ച് ഡിയുടെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കാം. അമിതമായ ഊർജസ്വലതയ്ക്ക് പകരം, ദിവാസ്വപ്നം കാണുക, അമിതമായ ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ് എന്നിവ ഇവരിൽ കണ്ടുവരുന്നു.
മുതിർന്നവരിലെ എ ഡി എച്ച് ഡി: ADHD ഉള്ള പല മുതിർന്നവരിലും കുട്ടിക്കാലത്ത് ഈ അവസ്ഥ തിരിച്ചറിയപ്പെടാതെ പോയിട്ടുണ്ടാവാം. അവർക്ക് ഇനി പറയുന്ന ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം:
- കാര്യങ്ങൾ ചിട്ടപ്പെടുത്തുന്നതിലും സമയം കൃത്യമായി പാലിക്കുന്നതിലും നിരന്തരമായി പരാജയപ്പെടുക.
- ഒരിടത്തും അടങ്ങിയിരിക്കാൻ കഴിയാത്ത അവസ്ഥ അല്ലെങ്കിൽ വിശ്രമിക്കാനുള്ള ബുദ്ധിമുട്ട്.
- അടിക്കടി തൊഴിൽ മാറുന്നത് അല്ലെങ്കിൽ ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.
- പുതിയ കാര്യങ്ങൾ തുടങ്ങാനോ തുടങ്ങിയവ പൂർത്തിയാക്കാനോ ഉള്ള ബുദ്ധിമുട്ട്.
- വികാരങ്ങളെ നിയന്ത്രിക്കുന്നതിലുള്ള പ്രശ്നങ്ങൾ (പെട്ടെന്നുള്ള ദേഷ്യം, നിരാശ).
ചികിത്സ ലഭിക്കാത്ത പക്ഷം, മുതിർന്നവരിൽ എ ഡി എച്ച് ഡി, വിഷാദം, ഉത്കണ്ഠ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ശരിയായ പിന്തുണയിലൂടെ ഇത് പൂർണ്ണമായും നിയന്ത്രിക്കാൻ സാധിക്കുമെന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഘടകമാണ്.
എ ഡി എച്ച് ഡിയുടെ കാരണങ്ങൾ
ഇതൊരു സ്വഭാവദൂഷ്യമല്ല, മറിച്ച് ജൈവപരമായ ഒരു അവസ്ഥയാണ്. പ്രധാന കാരണങ്ങളായി ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്:
- ജനിതക ഘടകങ്ങൾ: ഇത് പലപ്പോഴും കുടുംബങ്ങളിൽ പാരമ്പര്യമായി കണ്ടുവരുന്നു.
- തലച്ചോറിൻ്റെ ഘടനയും പ്രവർത്തനവും: തലച്ചോറിലെ ഡോപ്പമിൻ എന്ന രാസവസ്തുവിൻ്റെ പ്രവർത്തനത്തിലുള്ള വ്യത്യാസങ്ങളും, തലച്ചോറിലെ ചില ഭാഗങ്ങളുടെ വളർച്ചയിലുള്ള കാലതാമസവും ഇതിന് കാരണമാകാം.
- ഗർഭകാലത്തെ പ്രശ്നങ്ങൾ: ഗർഭാവസ്ഥയിൽ വിഷവസ്തുക്കളുമായി സമ്പർക്കമുണ്ടാകുക, അമ്മയുടെ പുകവലി, കുഞ്ഞിൻറെ തൂക്കക്കുറവ് എന്നിവയും കാരണമാകാം.
അമിതമായി മധുരം കഴിക്കുന്നതും,കൂടുതൽ നേരം സ്ക്രീനിൽ നോക്കുന്നതും ADHD-ക്ക് കാരണമല്ല. എന്നാൽ, ഈ ഘടകങ്ങൾ എ ഡി എച്ച് ഡിയുടെ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.
രോഗനിർണയം: ശാസ്ത്രവും സാഹചര്യങ്ങളും
എ ഡി എച്ച് ഡി കണ്ടെത്താൻ പ്രത്യേകിച്ചുള്ള പരിശോധനയില്ല. പല ഘടകങ്ങളും വിലയിരുത്തിയാണ് രോഗനിർണയം നടത്തുന്നത് :
- വ്യക്തിയുടെ വിശദമായ ആരോഗ്യചരിത്രം.
- വീട്, സ്കൂൾ, ജോലിസ്ഥലം എന്നിവിടങ്ങളിൽ നിന്നുള്ള നിരീക്ഷണ വിവരങ്ങൾ.
- മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പെരുമാറ്റ വിലയിരുത്തൽ സ്കെയിലുകൾ.
- ഉത്കണ്ഠ, പഠന വൈകല്യങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ, മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിലൂടെ പ്രശ്നം എ ഡി എച്ച് ഡി തന്നെയാണ് എന്ന് നിശ്ചയിക്കാനാകും.
ഇന്ത്യയിൽ, ഈ അവസ്ഥയെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും അറിവില്ലായ്മയും വിദഗ്ദ്ധരുടെ അഭാവവുംമെല്ലാം രോഗനിർണയം വൈകാൻ കാരണമാകുന്നുണ്ട്. അതിനാൽ, ഈ അവസ്ഥയെക്കുറിച്ചുള്ള തുറന്ന സംഭാഷണങ്ങൾ വളരെ പ്രധാനമാണ്.
ചികിത്സയും പരിപാലനവും: ബഹുമുഖ സമീപനം
ഒന്നിലധികം മാർഗ്ഗങ്ങൾ ചേർന്ന ചികിത്സയാണ് എ ഡി എച്ച് ഡിയ്ക്ക് ഏറ്റവും ഫലപ്രദം.
1. ബിഹേവിയറൽ തെറാപ്പി
6 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് വളരെ ഫലപ്രദമാണ്. ചിട്ടയായ ജീവിതക്രമം, നല്ല പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കൽ, പ്രശ്നങ്ങളെ നേരിടാനുള്ള വഴികൾ എന്നിവയിൽ രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നു.
2. മരുന്നുകൾ
സ്റ്റിമുലൻ്റ് വിഭാഗത്തിൽപ്പെട്ട മീഥൈൽഫെനിഡേറ്റ് (methylphenidate), നോൺ-സ്റ്റിമുലൻ്റ് വിഭാഗത്തിലെ ആറ്റോമോക്സെറ്റിൻ (atomoxetine) പോലുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുമ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ഇവ തലച്ചോറിലെ രാസവസ്തുക്കളെ നിയന്ത്രിക്കുകയും ശ്രദ്ധ, ആത്മനിയന്ത്രണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
3. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി
കൗമാരക്കാർക്കും മുതിർന്നവർക്കും ഇത് വളരെ പ്രയോജനകരമാണ്. വികാരങ്ങളെ നിയന്ത്രിക്കാനും സമയം കൃത്യമായി കൈകാര്യം ചെയ്യാനും നിഷേധാത്മക ചിന്തകളെ മാറ്റിയെടുക്കാനും CBT സഹായിക്കുന്നു.
4. ജീവിതശൈലിയിലെ മാറ്റങ്ങൾ
- കൃത്യമായ ഉറക്കം
- ചിട്ടയായ വ്യായാമം.
- പോഷകാഹാരം: പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചേക്കാം.
- മൈൻഡ്ഫുൾനെസ് അല്ലെങ്കിൽ യോഗ: മനസ്സിനെ ശാന്തമാക്കുന്ന പരിശീലനങ്ങൾ ചെയ്യുക.
- ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക: മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക.
5. പഠനത്തിലും ജോലിസ്ഥലത്തുമുള്ള പിന്തുണ
- സ്കൂളുകളിൽ ഓരോ കുട്ടിയുടെയും ആവശ്യം അനുസരിച്ചുള്ള വിദ്യാഭ്യാസ പദ്ധതികൾ (Individualized Education Plans – IEPs).
- മുതിർന്നവർക്ക് ജോലി പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകുകയോ വർക്ക് ഫ്രം ഹോം സൗകര്യം നൽകുകയോ ചെയ്യുക.
- കൃത്യമായ പരിശീലനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക.
എങ്ങനെ പിന്തുണയ്ക്കാം?
- വിമർശിക്കാതെ കേൾക്കുക: അവരുടെ അനുഭവങ്ങളെയും വിഷമങ്ങളെയും മനസ്സിലാക്കി അംഗീകരിക്കുക.
- ക്ഷമയോടെ പെരുമാറുക: ADHD എന്നത് ഇച്ഛാശക്തിയുടെ കുറവല്ല, അതൊരു അവസ്ഥയാണെന്ന് ഓർക്കുക.
- കഴിവുകളെ പ്രശംസിക്കുക: ADHD ഉള്ളവർ പലപ്പോഴും സർഗ്ഗാത്മകതയും ഊർജ്ജസ്വലതയും ഉള്ളവരായിരിക്കും.
- സ്വയം പഠിക്കുക: ഈ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കുന്നത് തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ സഹായിക്കും.
- വിദഗ്ദ്ധ സഹായം തേടാൻ പ്രോത്സാഹിപ്പിക്കുക: നേരത്തെയുള്ള പിന്തുണ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ADHD-യുടെ ഗുണങ്ങൾ
ADHD വെല്ലുവിളികൾക്കൊപ്പം ചില കഴിവുകളും നൽകുന്നുണ്ട്:
- വ്യത്യസ്തമായ ചിന്താരീതി
- ഊർജ്ജവും ആവേശവും
- ഹൈപ്പർഫോക്കസ്: താല്പര്യമുള്ള വിഷയങ്ങളിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്
- മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്
- സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാനും തിരികെ വരാനുമുള്ള കഴിവ്
ശരിയായ പിന്തുണ ലഭിച്ചാൽ, ADHD ഉള്ളവർക്ക് അവരുടേതായ രീതിയിൽ ജീവിതത്തിൽ ശോഭിക്കാൻ കഴിയും.
References




