രക്താതിമർദ്ദം വില്ലനാകുമ്പോൾ: അറിഞ്ഞിരിക്കാം പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകളെക്കുറിച്ച്

ലോകത്താകമാനം ഒരുകൂട്ടം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്ന രോഗാവസ്ഥയാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. ഇത്
ശരീരത്തിനകത്ത് നമ്മളറിയാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഏറെ വൈകി ഗുരുതര രോഗങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ്, വർഷങ്ങളായി വലിയ രോഗങ്ങൾ നൽകാൻ നിശബ്ദനായി പണിയടുത്തിരുന്ന വില്ലനെ നമ്മൾ തിരിച്ചറിയുക. രക്താതിമർദ്ദം എങ്ങനെയാണ് ഉണ്ടാകുന്നത്, ഇതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്, ഈയവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയെല്ലാം മനസ്സിലാക്കാൻ, ആദ്യം രക്താതിമർദ്ദത്തിൻ്റെ വിവിധ തരങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
പ്രധാനമായും രണ്ട് തരം ഹൈപ്പർടെൻഷനുകളാണ് ഉള്ളത്: പ്രൈമറി ഹൈപ്പർടെൻഷനും, സെക്കൻഡറി ഹൈപ്പർടെൻഷനും. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ നമുക്ക് നോക്കാം.
എന്താണ് ഹൈപ്പർടെൻഷൻ?
ഹൃദയത്തിൽ നിന്ന് രക്തം ധമനികളിലൂടെ ഒഴുകുമ്പോൾ, ധമനികളുടെ ഭിത്തികളിൽ ചെലുത്തുന്ന മർദ്ദം സ്ഥിരമായി ഉയർന്ന അളവിലാണെങ്കിൽ അതിനെ ഹൈപ്പർടെൻഷൻ എന്ന് പറയുന്നു. കാലക്രമേണ, ഈ അധിക സമ്മർദ്ദം ഹൃദയം, രക്തക്കുഴലുകൾ, വൃക്കകൾ, തലച്ചോറ് എന്നിവയെ ദോഷകരമായി ബാധിക്കുകയും പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
പ്രൈമറി ഹൈപ്പർടെൻഷൻ
ഏറ്റവും സാധാരണയായി കണ്ടുവരുന്ന രക്താതിമർദ്ദമാണ് പ്രൈമറി ഹൈപ്പർടെൻഷൻ. മൊത്തം കേസുകളിൽ, ഏകദേശം 90–95 ശതമാനവും പ്രൈമറി ഹൈപ്പർടെൻഷനാണ്. കാലക്രമേണ സാവധാനം ഇത് കൂടിവരുന്നു.
കാരണങ്ങളും അപകടസാധ്യതയും
ഇതിന് ഒരു പ്രത്യേക കാരണം ഇല്ല എങ്കിലും ചില ഘടകങ്ങൾ ഇതിന്റെ സാധ്യത വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ട്:
- പാരമ്പര്യം: കുടുംബത്തിൽ ആർക്കെങ്കിലും ഉയർന്ന രക്തസമ്മർദ്ദം ഉണ്ടെങ്കിൽ നിങ്ങൾക്കും വരാൻ സാദ്ധ്യത കൂടുതലാണ്.
- പ്രായം: പ്രായം കൂടുമ്പോൾ രക്തക്കുഴലുകൾ സ്വാഭാവികമായി കട്ടിയുള്ളതാകാൻ സാധ്യതയുണ്ട്.
- ജീവിതശൈലി: ഉപ്പ് കൂടുതലുള്ള ഭക്ഷണം, വ്യായാമക്കുറവ്, അമിതവണ്ണം, അമിതമായ മാനസിക സമ്മർദ്ദം എന്നിവ ഇതിന് കാരണമാകാം.
- മറ്റ് അപകടസാധ്യതാ ഘടകങ്ങൾ: പുകവലി, മദ്യപാനം, ആരോഗ്യകരമല്ലാത്ത ഉറക്കം എന്നിവയും ഇതിന്റെ സാധ്യത കൂട്ടുന്നു.
പ്രത്യാഘാതങ്ങൾ
പ്രൈമറി ഹൈപ്പർടെൻഷൻ നിശ്ശബ്ദമായി വികസിക്കുന്നതിനാൽ, ഇത് താഴെപ്പറയുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം:
- ഹൃദയാഘാതം
- പക്ഷാഘാതം
- ദീർഘകാല വൃക്കരോഗങ്ങൾ
- കാഴ്ചക്കുറവ്
ഇത് തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗം സ്ഥിരമായ പരിശോധനകളും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ്. സമീകൃതാഹാരം, വ്യായാമം, മാനസിക സമ്മർദ്ദം നിയന്ത്രിക്കൽ, ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളുടെ ഉപയോഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സെക്കൻഡറി ഹൈപ്പർടെൻഷൻ
ഇത് അത്ര സാധാരണമായി കണ്ടുവരാറില്ല. ഏകദേശം 5–10% കേസുകൾ മാത്രമാണ് സെക്കൻഡറി ഹൈപ്പർടെൻഷനിൽ ഉൾപ്പെടുക. സെക്കൻഡറി ഹൈപ്പർടെൻഷൻ കൂടുതൽ ഗുരുതരമാണ്. പ്രൈമറിയിൽ നിന്ന് വ്യത്യസ്തമായി, ഇതിന് പ്രത്യക്ഷത്തിലുള്ളതും തിരിച്ചറിയാൻ കഴിയുന്നതുമായ ഒരു കാരണം ഉണ്ടാകും. കാരണം കണ്ടത്തി ചികിത്സിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കുകയോ പൂർണ്ണമായി ഇല്ലാതാക്കുകയോ ചെയ്യാം.
കാരണങ്ങൾ
- വൃക്കരോഗങ്ങൾ: ശരീരത്തിലെ ദ്രാവകങ്ങളുടെയും ഉപ്പിന്റെയും അളവ് നിയന്ത്രിക്കാനുള്ള വൃക്കകളുടെ ശേഷിക്കുറവ്.
- ഹോർമോൺ വ്യതിയാനങ്ങൾ: തൈറോയ്ഡ് പ്രശ്നങ്ങൾ, അഡ്രീനൽ ഗ്രന്ഥിയിലെ മുഴകൾ, അല്ലെങ്കിൽ കുഷിംഗ് സിൻഡ്രോം പോലുള്ള ഹോർമോൺ തകരാറുകൾ.
- സ്ലീപ്പ് അപ്നിയ: ഉറങ്ങുമ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും, അത് ഹൃദയസംബന്ധമായ സമ്മർദ്ദമുണ്ടാക്കുകയും ചെയ്യുന്നു.
- ചില മരുന്നുകൾ: ഗർഭനിരോധന ഗുളികകൾ, മൂക്കടപ്പിനുള്ള മരുന്നുകൾ, സ്റ്റിറോയ്ഡുകൾ തുടങ്ങിയവ.
- ലഹരിവസ്തുക്കളുടെ ഉപയോഗം: അമിതമായ മദ്യപാനം, പുകവലി, മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗം.
പ്രത്യാഘാതങ്ങൾ
സെക്കൻഡറി ഹൈപ്പർടെൻഷൻ പലപ്പോഴും പെട്ടെന്ന് വഷളാകുകയും പ്രൈമറി ഹൈപ്പർടെൻഷനേക്കാൾ ഗുരുതരമാകുകയും ചെയ്യാം. ഇതിന് പിന്നിൽ ഒരു അടിസ്ഥാന കാരണം ഉള്ളതുകൊണ്ട്, ആ കാരണം കണ്ടെത്തി ചികിത്സിക്കുന്നത് ആരോഗ്യാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കും.
പ്രൈമറി, സെക്കൻഡറി ഹൈപ്പർടെൻഷനുകൾ: പ്രധാന വ്യത്യാസങ്ങൾ
| സവിശേഷത | പ്രൈമറി ഹൈപ്പർടെൻഷൻ | സെക്കൻഡറി ഹൈപ്പർടെൻഷൻ |
| വ്യാപനം | 90–95% കേസുകളിൽ | 5–10% കേസുകളിൽ |
| ആരംഭം | ക്രമേണ, വർഷങ്ങൾ കൊണ്ട് | ദ്രുതഗതിയിൽ, പലപ്പോഴും കൂടുതൽ തീവ്രമായി |
| കാരണം | വ്യക്തമായ ഒരു കാരണമില്ല (പല ഘടകങ്ങൾ ചേർന്നുള്ളതാകാം) | ഒരു പ്രത്യേക രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു |
| ചികിത്സ | ജീവിതശൈലി മാറ്റങ്ങളും മരുന്നുകളും | അടിസ്ഥാന രോഗാവസ്ഥ ചികിത്സിക്കുക + മരുന്നുകൾ |
| പരിണിതഫലം | ജീവിതകാലം മുഴുവൻ നിയന്ത്രിക്കേണ്ടി വരും | കാരണം കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായി ഭേദമാക്കാൻ സാധ്യതയുണ്ട് |
തിരിച്ചറിയേണ്ടത് സുപ്രധാനം
രക്താതിമർദ്ദം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയേണ്ടത് വളരെ നിർണായകമാണ്:
- ഡോക്ടർമാർക്ക്: കൃത്യമായ ചികിത്സാരീതി തെരഞ്ഞെടുക്കാൻ സഹായിക്കുന്നു.
- രോഗികൾക്ക്: പ്രൈമറി ഹൈപ്പർടെൻഷൻ ഉള്ളവർക്ക് ജീവിതശൈലിയിലെ മാറ്റങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. സെക്കൻഡറി ഹൈപ്പർടെൻഷൻ ഉള്ളവർക്ക് അതിന്റെ മൂലകാരണം കണ്ടെത്താൻ വൈദ്യസഹായം ആവശ്യമാണെന്നും മനസ്സിലാക്കാം.
- ദീർഘകാല ആരോഗ്യത്തിന്: ശരിയായ തരം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നത് രോഗം മൂലമുണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങളെ കുറയ്ക്കാൻ കഴിയും. അങ്ങനെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യാം.
ഉയർന്ന രക്തസമ്മർദ്ദം എല്ലാവരിലും ഒരുപോലെയല്ല. ജീവിതശൈലിയും ജനിതക ഘടകങ്ങളും കാരണം പ്രൈമറി ഹൈപ്പർടെൻഷൻ പതിയെ വരുമ്പോൾ, സെക്കൻഡറി ഹൈപ്പർടെൻഷൻ മറ്റൊരു രോഗാവസ്ഥ കാരണം പെട്ടെന്ന് ഉണ്ടാവാം. രണ്ടും സമയബന്ധിതമായി കണ്ടെത്തുകയും വൈദ്യോപദേശം തേടുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ നിയന്ത്രിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുക, അപകടസാധ്യതാ ഘടകങ്ങൾ മനസ്സിലാക്കുക, പെട്ടെന്നുള്ള മാറ്റങ്ങൾ അവഗണിക്കാതെ ഇരിക്കുക. എല്ലാവർക്കും ഹൈപ്പർടെൻഷനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ സംശയമില്ല.
References :




