ബൈക്ക് അപകടങ്ങൾ സംഭവിച്ചാൽ: നിർബന്ധമായും നടത്തേണ്ട ആരോഗ്യ പരിശോധനകൾ

ഇന്ത്യയിലെ ഏറ്റവും സാധാരണമായ ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ് ഇരുചക്ര വാഹനങ്ങൾ (Two-wheelers). സൗകര്യപ്രദവും ലാഭകരവുമാണെങ്കിലും, കാറുകളേക്കാളും മറ്റ് വലിയ വാഹനങ്ങളേക്കാളും അപകട സാധ്യത ഇതിന് കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകളും ഇന്ത്യൻ റോഡ് സുരക്ഷാ സ്ഥിതിവിവരക്കണക്കുകളും അനുസരിച്ച്, റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരിൽ അധികവും ഇരുചക്രവാഹന യാത്രക്കാരാണ് എന്നതാണ് സത്യം.
ഇരുചക്രവാഹന അപകടം സംഭവിച്ച ശേഷമുള്ള ആദ്യ മിനിറ്റുകൾ വളരെ നിർണ്ണായകമാണ്. അപകടമുണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്, എങ്ങനെ പ്രതികരിക്കണം, എപ്പോൾ അടിയന്തിര സഹായം തേടണം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ് ദ്രുതഗതിയിലുള്ള നടപടികൾക്കും ചികിൽസയ്ക്കും സഹായകമാകും. മാത്രമല്ല, ദീർഘകാല സങ്കീർണ്ണതകൾ ഒഴിവാക്കാനും കഴിയും.
1. ശാന്തരാകുക, ആദ്യം സ്വയം വിലയിരുത്തുക
അപകടത്തിന് ശേഷമുള്ള പരിഭ്രമവും അഡ്രിനാലിൻ (Adrenaline) ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതും മൂലം വേദന തിരിച്ചറിയാത വരാം. നമുക്ക് കുഴപ്പമൊന്നും പറ്റിയിട്ടില്ല എന്ന് സ്വയം തോന്നിയാലും, പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത ചില പരിക്കുകൾ ശരീരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കുറച്ച് സമയം സാവധാനം ശ്വാസമെടുക്കുകയും ഒപ്പം സ്വയം പരിശോധിക്കുകയും ചെയ്യുക. ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
- കൈകളും കാലുകളും സാധാരണ രീതിയിൽ ചലിപ്പിക്കാൻ കഴിയുന്നുണ്ടോ?
- തലകറക്കം, ബോധക്ഷയം, അല്ലെങ്കിൽ അസാധാരണമായ ബലഹീനത എന്നിവ അനുഭവപ്പെടുന്നുണ്ടോ?
- ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് രക്തസ്രാവം, നീർക്കെട്ട്, അല്ലെങ്കിൽ കഠിനമായ വേദന എന്നിവയുണ്ടോ?
പ്രത്യേക ശ്രദ്ധയ്ക്ക്: നിങ്ങൾക്ക് തലയ്ക്കോ കഴുത്തിനോ നട്ടെല്ലിനോ പരിക്ക് പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത് വരെ, പെട്ടെന്നുള്ള ചലനങ്ങൾ ഒഴിവാക്കുക.
2. തലയ്ക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുക (തലച്ചോറിലെ ആഘാതങ്ങളും തലയോട്ടിയിലെ മുറിവുകളും)
ഹെൽമറ്റ് ധരിച്ചാൽ പോലും, ഇരുചക്രവാഹനാപകടങ്ങളിലെ ഏറ്റവും ഗുരുതരമായ പരിക്കുകളിൽ ഒന്നാണ് തലയിലെ ക്ഷതം. ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
- മാറാത്ത തലവേദന അല്ലെങ്കിൽ തലയോട്ടിയിൽ സമ്മർദ്ദം അനുഭവപ്പെടുക
- ഓക്കാനം (Nausea) അല്ലെങ്കിൽ ഛർദ്ദി
- സംശയങ്ങൾ, ഓർമ്മക്കുറവ്, അല്ലെങ്കിൽ ബോധക്ഷയം (താൽക്കാലികമാണെങ്കിൽ പോലും)
- കാഴ്ച മങ്ങൽ, ചെവിയിൽ മുഴക്കം, അല്ലെങ്കിൽ സംസാരത്തിൽ വ്യക്തതയില്ലായ്മ
പ്രധാനമായും ശ്രദ്ധിക്കേണ്ടത്: തലച്ചോറിലെ ആഘാതമോ രക്തസ്രാവമോ ഉണ്ടായാൽ ഉടൻ ലക്ഷണങ്ങൾ പ്രകടമായെന്ന് വരില്ല. എങ്കിലും ചികിത്സിക്കാതെ അവഗണിച്ചാൽ ഇത് ജീവന് തന്നെ ഭീഷണിയാകാം. അടിയന്തര വൈദ്യസഹായം (ആവശ്യമെങ്കിൽ CT സ്കാൻ ഉൾപ്പെടെ) നിർബന്ധമാണ്.
3. നട്ടെല്ലിനും കഴുത്തിനും ഉള്ള പരിക്കുകൾ ശ്രദ്ധിക്കുക
വീഴുക, തിരിയുക അല്ലെങ്കിൽ പെട്ടെന്ന് ആഘാതമുണ്ടാകുക എന്നിവയെല്ലാം നട്ടെല്ലിന് പരിക്കേൽക്കാൻ കാരണമായേക്കാം. അപകട സൂചനകൾ:
- കഴുത്തിലോ പുറം ഭാഗത്തോ കഠിനമായ വേദന
- കൈകളിലും കാലുകളിലും മരവിപ്പ്, ബലഹീനത അല്ലെങ്കിൽ ഉറുമ്പരിക്കുന്ന പോലെ തോന്നുക
- ശരീരഭാഗങ്ങൾ സാധാരണ രീതിയിൽ ചലിപ്പിക്കാൻ കഴിയാത്ത അവസ്ഥ
എന്തുചെയ്യണം?: നട്ടെല്ലിന് പരിക്കേറ്റതായി സംശയം തോന്നുന്നുണ്ടെങ്കിൽ, ഒരിക്കലും സ്വയം കുനിയുകയോ, തിരിയുകയോ, എഴുന്നേൽക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. സഹായം ആവശ്യപ്പെടുക, അടിയന്തര പരിചരണം തേടുക. സങ്കീർണ്ണ ചലനങ്ങൾ പരിക്ക് കൂടുതൽ വഷളാക്കാൻ ഇടയാക്കും.
4. ഒടിവുകളും സന്ധിയിലെ പരിക്കുകളും പരിശോധിക്കുക
ഇരുചക്രവാഹന അപകടങ്ങളിൽ സാധാരണയായി സംഭവിക്കുന്നത് കൈകളിലോ, കാലുകളിലോ, കൈത്തണ്ടയിലോ, അല്ലെങ്കിൽ തോളെല്ലിലോ ഉണ്ടാകുന്ന ഒടിവുകളാണ്. വീഴ്ചയുടെ ആഘാതം കുറയ്ക്കാൻ, അപകടത്തിൽപ്പട്ടവർ, കൈകൾ ഉപയോഗിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- പ്രകടമായ രൂപമാറ്റം അല്ലെങ്കിൽ വീക്കം (നീര്)
- കൈകാലുകളിൽ ഭാരം താങ്ങാൻ കഴിയാത്ത അവസ്ഥ
- ചലിക്കുമ്പോൾ നിരന്തരമായ കഠിന വേദന
പ്രധാന ശ്രദ്ധയ്ക്ക്: വൈദ്യസഹായം ലഭിക്കുന്നതുവരെ, പരിക്കേറ്റ ഭാഗം ഒരു താൽക്കാലിക സ്പ്ലിന്റ് (Splint) ഉപയോഗിച്ച് ചലിക്കാത്ത രീതിയിൽ ഉറപ്പിക്കുക. അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുക.
5. ആന്തരിക പരിക്കുകൾ നിരീക്ഷിക്കുക
അപകടകരമായ എല്ലാ പരിക്കുകളും പുറത്ത് കാണണമെന്നില്ല. റോഡിലോ, വാഹനത്തിന്റെ ഹാൻഡിൽ ബാറിലോ, അല്ലെങ്കിൽ മറ്റൊരു വാഹനത്തിലോ തട്ടിയുണ്ടാകുന്നആഘാതം ആന്തരിക രക്തസ്രാവത്തിന് കാരണമായേക്കാം. അപകട സൂചനകൾ ഇവയാണ്:
- വയറുവേദന അല്ലെങ്കിൽ വയറിലെ വീക്കം
- വിളറിയതും തണുത്തതുമായ ചർമ്മം
- വേഗത്തിലുള്ള ഹൃദയമിടിപ്പ് അല്ലെങ്കിൽ കിതപ്പ്
- ബോധക്ഷയം, തണുപ്പ്, അല്ലെങ്കിൽ ആശയക്കുഴപ്പം തോന്നുക
ഇത് പ്രധാനം: അപകടത്തിൽപ്പെട്ടയാൾക്ക് ആന്തരിക രക്തസ്രാവം ഉണ്ടായാലും അത് തിരിച്ചറിയാൻ കഴിയില്ല. ഇത് ജീവൻ നഷ്ടമാകാൻ വരെ കാരണമാകാം. ഉടൻ തന്നെ അടിയന്തിര ചികിത്സ തേടുക.
6. തൊലിപ്പുറത്തെ പരിക്കുകളും മറ്റ് മുറിവുകളും തിരിച്ചറിയുക
ചർമ്മത്തിലുണ്ടാകുന്ന പോറലുകളും ഉരസലുകളും റോഡ് റാഷ് (Road Rash) എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. ഇവ നിസ്സാരമെന്ന് തോന്നാമെങ്കിലും, ചികിത്സിച്ചില്ലെങ്കിൽ അണുബാധയ്ക്ക് കാരണമാകും.
- വൃത്തിയുള്ള വെള്ളം കൊണ്ട് മുറിവുകൾ മൃദുവായി കഴുകുക.
- മുറിവിൽ അണുബാധയില്ലാത്ത (Sterile) ഡ്രസ്സിംഗ് ഉപയോഗിച്ച് കെട്ടുക
- മുറിവിൽ അണുബാധയുടെ ലക്ഷണങ്ങൾ (ചുവപ്പ്, പഴുപ്പ്) ഉണ്ടോയെന്ന് ശ്രദ്ധിക്കുക. പനിയുണ്ടോ എന്നും പരിശോധിക്കുക.
ആഴത്തിലുള്ള മുറിവുകൾക്ക് തുന്നലുകളും ടെറ്റനസ് കുത്തിവെപ്പും ആവശ്യമായി വന്നേക്കാം.
7. ശ്വാസതടസ്സവും നെഞ്ചിലെ പരിക്കുകളും
വാഹനമിടിച്ചുള്ള ആഘാതം നെഞ്ചിലാണ് സംഭവിച്ചതെങ്കിൽ, താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക:
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വേദന
- ചുമയ്ക്കുമ്പോൾ രക്തം വരുക
- നെഞ്ചിൽ പ്രകടമായ രൂപവ്യത്യാസം
നെഞ്ചിലെ ആഘാതം, വാരിയെല്ലുകൾ ഒടിയുന്നതിനോ ശ്വാസകോശം, ഹൃദയം എന്നിവയ്ക്ക് പരിക്കേൽക്കാനോ കാരണമായേക്കാം—ഇങ്ങനെ സംഭവിച്ചാൽ അടിയന്തരമായി ആശുപത്രിയിൽ ചികിൽസ തേടണം.
8. അപകടത്തിന് ശേഷമുള്ള മാനസികാഘാതം
അപകടങ്ങൾ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബാധിക്കും. അപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന പലരും താഴെ പറയുന്ന അവസ്ഥകളിലൂടെ കടന്നുപോയേക്കാം:
- പഴയ കാര്യങ്ങൾ വീണ്ടും വീണ്ടും ഓർമ്മവരുക അല്ലെങ്കിൽ പേടിസ്വപ്നങ്ങൾ കാണുക
- വീണ്ടും വാഹനം ഓടിക്കുന്നതിലുള്ള ഉത്കണ്ഠ
- വിഷാദമോ അല്ലെങ്കിൽ പെട്ടെന്നുള്ള ദേഷ്യമോ
കൗൺസിലിംഗോ മാനസികാഘാതം മാറ്റാനായുള്ള തെറാപ്പിയോ (ഉദാഹരണത്തിന്, CBT അല്ലെങ്കിൽ EMDR) മാനസികാരോഗ്യം വീണ്ടടുക്കാൻ സഹായിക്കും. അപകടത്തിന് ശേഷമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അവഗണിക്കുന്നത് ദുരിതം വർദ്ധിപ്പിക്കാൻ ഇടയാക്കും.
9. അടിയന്തിര ചികിത്സാ വിഭാഗത്തിലേക്ക് എപ്പോൾ പോകണം?
താഴെ പറയുന്ന സാഹചര്യങ്ങളിൽ ഒട്ടും മടിക്കാതെ ഉടൻ തന്നെ എമർജൻസി റൂമിലേക്ക് പോകുക:
- തലയ്ക്ക് പരിക്കേറ്റതിന്റെ ലക്ഷണങ്ങൾ (ആശയക്കുഴപ്പം, ഛർദ്ദി, ബോധക്ഷയം)
- നിൽക്കാത്ത കഠിനമായ രക്തസ്രാവം
- ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ നെഞ്ചുവേദന
- ഒടിവുകൾ ഉണ്ടെന്ന സംശയം, അല്ലെങ്കിൽ ചലിക്കാൻ കഴിയാത്ത അവസ്ഥ
- ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണങ്ങൾ (വയറുവേദന, ബോധക്ഷയം, ഹൃദയമിടിപ്പ് ഉയരുക)
സുവർണ്ണ സമയ തത്വം (Golden Hour Principle): ഒരു അപകടം സംഭവിച്ചതിന് ശേഷം ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ലഭിക്കുന്ന ചികിത്സ അതിജീവന സാധ്യത ഗണ്യമായി മെച്ചപ്പെടുത്തുകയും സങ്കീർണ്ണതകൾ കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട്, അപകടമുണ്ടായാലുടൻ തന്നെ വൈദ്യസഹായം തേടണം.
10. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
- കൃത്യമായി ഇണങ്ങുന്ന, അംഗീകൃത ഹെൽമറ്റ് എപ്പോഴും ധരിക്കുക.
- സംരക്ഷണ ഉപകരണങ്ങൾ (കൈയുറകൾ, ജാക്കറ്റുകൾ, കാൽമുട്ട്/കൈമുട്ട് പാഡുകൾ) ഉപയോഗിക്കുക.
- വാഹനമോടിക്കുന്നതിന് മുമ്പ് മദ്യം, മയക്കത്തിന് കാരണമാകുന്ന മരുന്നുകൾ എന്നിവ ഒഴിവാക്കുക.
- വേഗപരിധി പാലിക്കുകയും പെട്ടെന്നുള്ള ലൈൻ മാറ്റങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
- അടിയന്തിര കോൺടാക്റ്റ് നമ്പറുകളും മെഡിക്കൽ വിവരങ്ങളും എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുക.
വാഹനാപകടങ്ങൾ പരിഭ്രമവും ഭീതിയും സൃഷ്ടിച്ചേക്കാം. എങ്കിലും, അപകടത്തിൽപ്പെടുന്നവർ, സ്വന്തം ആരോഗ്യസ്ഥിതി എങ്ങനെ വിലയിരുത്തണമെന്ന് അറിഞ്ഞിരിക്കുന്നത്, വിവേകത്തോടെ, ഉടനടി പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കും. ഗുരുതരമായ പല പരിക്കുകളും പുറമേ ദൃശ്യമാകണമെന്നില്ല. സംശയമുണ്ടെങ്കിൽ, ചെറിയ വീഴ്ചാണെങ്കിൽപ്പോലും വൈദ്യസഹായം തേടുക.
വാഹനം ഓടിക്കുന്നതിന് മുമ്പ് വേണ്ട മുൻകരുതലുകൾ എടുക്കുന്നതും അപകടത്തിന് ശേഷം ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നതും നമ്മുടേയും മറ്റുള്ളവരുടേയും ജീവൻ രക്ഷിക്കാൻ ഏറെ സഹായിക്കും.




