തെറ്റായ വിവരങ്ങൾക്ക് തടയിടാം: അസത്യ പ്രചാരണങ്ങൾക്കെതിരെ പോരാടാനുള്ള 8 ശാസ്ത്രീയ മാർഗ്ഗങ്ങൾ

തെറ്റായ വാർത്തകൾ കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. വസ്തുതകളെന്ന പേരിൽ വളച്ചൊടിച്ച വാർത്തകളാൽ സമ്പന്നമാണ് നമ്മുടെ സാമൂഹ്യ മാദ്ധ്യമങ്ങൾ. കെട്ടിച്ചമച്ച ആരോഗ്യ ഉപദേശങ്ങൾ മുതൽ വികാരങ്ങൾ വ്രണപ്പെടുത്തുന്ന വ്യാജവാർത്തകൾ വരെ വിരൽത്തുമ്പിൽ സുലഭമാകുമ്പോൾ, വേഗതയേയും ആവർത്തനത്തേയും ആശ്രയിച്ച് അവ തഴച്ചു വളരുന്നു.
അത്ഭുതകരമായ ചികിത്സകളെക്കുറിച്ചുള്ള ഒരു വൈറൽ പോസ്റ്റോ, തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഒരു സ്ക്രീൻഷോട്ടോ, തൽക്ഷണ ഫലങ്ങൾ എന്നവകാശപ്പെടുന്ന വാട്ട്‌സ്ആപ്പ് ഫോർവേഡോ ആകട്ടെ — തെറ്റായ വിവരങ്ങൾ പൊതുജനങ്ങളുടെ വിശ്വാസത്തെയും ആരോഗ്യത്തെയും മാത്രമല്ല, ജനാധിപത്യത്തെ പോലും തകർക്കുന്നു.
അസത്യപരാമർശങ്ങളെ തിരിച്ചറിയാനും എതിർക്കാനും പ്രതികരിക്കാനും ശാസ്ത്രീയ പിന്തുണയുള്ള അറിവുകൾ കൂടിയേ തീരൂ. തികഞ്ഞ അവബോധമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാൻ, അത് അത്യന്താപേക്ഷിതമാണ്.
1. പങ്കുവെയ്ക്കുന്നതിന് മുൻപ് ചിന്തിക്കുക
അതിവേഗം പ്രചരിക്കുന്നതിലാണ് തെറ്റായ വിവരങ്ങൾ തഴച്ചുവളരുന്നത്.
വസ്തുതാപരമായ വാർത്തകളേക്കാൾ ആറ് മടങ്ങ് വേഗത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു എന്നാണ് എം.ഐ.ടി. (MIT) 2023ൽ നടത്തിയ ഗവേഷണങ്ങളിൽ വെളിപ്പെട്ടത്. എന്താണ് തങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് കൃത്യമായി പരിശോധിക്കാതെ, ആളുകൾ പൊടുന്നനെ അവ പങ്കുവെയ്ക്കുന്നതാണ് ഇതിന് പ്രധാന കാരണം.
ഒരു പോസ്റ്റ് ഫോർവേഡ് ചെയ്യുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ മുൻപ്:
- സ്വയം ചോദിക്കുക: ആരാണ് ഇത് ഉണ്ടാക്കിയത്, എന്തിനാണത്?
- പോസ്റ്റ് സൃഷ്ടിച്ച സമയം, ഉറവിടം, തെളിവുകൾ എന്നിവ പരിശോധിക്കുക.
- ഓർക്കുക — പ്രചരിപ്പിക്കുന്നതിൽ ഒന്നാമതാകുക എന്നതിനേക്കാൾ പ്രാധാന്യം ശരിയായി പ്രചരിപ്പിക്കുക എന്നതിനാണ്.
തെറ്റായ വിവരങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് പോസ് ബട്ടൺ.
2. ഉള്ളടക്കം മാത്രമല്ല, ഉറവിടങ്ങളും അറിയണം
മനോഹരമായി രൂപകൽപ്പന ചെയ്ത ഒരു ഇൻഫോഗ്രാഫിക്കോ കാതിനിമ്പം പകരുന്ന ശബ്ദമോ ഉള്ളടക്കത്തിൽ ഉണ്ടെങ്കിലും അത് വിശ്വസനീയമായിക്കൊള്ളണമെന്നില്ല.
യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമായ വിവരങ്ങളുടെ ഉറവിടം സുതാര്യമായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വിശ്വസ്തരായ ആരോഗ്യ സ്ഥാപനങ്ങൾ (WHO, ICMR, CDC, MoHFW)
- പിയർ-റിവ്യൂഡ് പഠനങ്ങൾ (PubMed, Lancet, NEJM പോലുള്ള ശാസ്ത്ര ജേണലുകൾ)
- വിശ്വാസ്യതയുള്ള മാദ്ധ്യമങ്ങൾ (The Hindu, BBC, Reuters)
ഒഴിവാക്കേണ്ടവ:
- രചയിതാവിന്റെ അംഗീകാരം ഇല്ലാത്തവ.
- ഭയത്തെ അടിസ്ഥാനമാക്കിയുള്ളതോ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതോ ആയ തലക്കെട്ടുകൾ ഉപയോഗിക്കുന്നവ.
- “ഒരു ഡോക്ടറുടെ സുഹൃത്ത്” അല്ലെങ്കിൽ “ഒരു വൈറൽ ക്ലിപ്പ്” എന്ന തരത്തിൽ തെളിവുകളില്ലാതെ പരാമർശിക്കുന്നവ.
3. തെറ്റായ വിവരങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു?
വ്യാജ വിവരങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നതല്ല — അവ കൃത്യമായ മുന്നൊരുക്കത്തോടെ കെട്ടിച്ചമയ്ക്കുന്നവയാണ്.
നമ്മുടെ ധാരണയിലുള്ള പക്ഷപാതങ്ങളെ (Cognitive Biases) അവ ഉപയോഗപ്പെടുത്തുന്നു:
- ദൃഢീകരണ പക്ഷപാതം (Confirmation Bias): നമ്മുടെ മുൻധാരണകളുമായി ചേർന്നു നിൽക്കുന്ന തരത്തിലുള്ള വാർത്തകളോ അറിവുകളോ നൽകി അവയെ വിശ്വാസയോഗ്യമാക്കുന്ന രീതി.
- വൈകാരിക പക്ഷപാതം (Emotional Bias): വസ്തുതകളേക്കാൾ അതുളവാക്കുന്ന ഭീതിയോടോ രോഷത്തോടോ പ്രതികരിക്കുക.
- ആധിപത്യ പക്ഷപാതം(Authority Bias): “വിദഗ്ദ്ധരെപ്പോലെ” സംസാരിക്കുന്നവരെ വിശ്വസിക്കാനുള്ള തോന്നലിനെ മുതലെടുക്കുക.
ഈ മാനസിക ബോധ്യങ്ങളെ തിരിച്ചറിയാൻ പഠിക്കുന്നതിലൂടെ, നമുക്ക് വ്യാജവിവരങ്ങളെ വേരോടെ പിഴുതെറിയാനാകും.
4. പ്രകോപനം വേണ്ട, സംവദിക്കാം
മിഥ്യാധാരണകൾ തിരുത്തുന്നതിന് തുറന്ന ചർച്ചയാണ് എപ്പോഴും നല്ലത്. തെറ്റിദ്ധാരണ തിരുത്തണമെന്ന് കടുത്ത ഭാഷയിൽ വിമർശനാത്മകമായി ആജ്ഞാപിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കാനേ വഴിയൊരുക്കൂ. സമചിത്തതയോടെ സൗമ്യമായി സംസാരിച്ച് കാര്യങ്ങളിൽ വ്യക്തത വരുത്താം.
മിഥ്യാധാരണ കൊണ്ടു നടക്കുന്നവരെ കടന്നാക്രമിക്കുന്ന തരത്തിലുള്ള സംവാദം, പലപ്പോഴും ആ ധാരണകൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇടയാക്കുമെന്ന് ജേണൽ ഓഫ് കോഗ്നിറ്റീവ് സൈക്കോളജി അഭിപ്രായപ്പെടുന്നു.
അതിന് പകരം:
- ചോദിച്ചറിയുക (“ഇത് എവിടെ നിന്നാണ് കേട്ടത്?”)
- വിശ്വസനീയമായ ലിങ്കുകൾ നൽകുക.
- അവരുടെ വികാരങ്ങളെ അംഗീകരിച്ചുകൊണ്ട് മാത്രം തെളിവുകൾ അവതരിപ്പിക്കുക.
ബഹുമാനപൂർവ്വം പറയുമ്പോൾ വസ്തുതകൾ സ്വീകരിക്കാനുള്ള താല്പര്യവും വർദ്ധിക്കും.
5. തെളിവുകൾ അടിസ്ഥാനമാക്കി ആശയവിനിമയം നടത്താം
ആരോഗ്യത്തെയോ ശാസ്ത്രത്തെയോ സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കുമ്പോൾ, വിശ്വസനീയമായ തെളിവുകൾ നിരത്തുക.
വ്യക്തതയുള്ള വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന ദൃശ്യങ്ങളും നൽകുമ്പോൾ, അത് മറ്റുള്ളവർക്ക് വിശ്വസിക്കാനുള്ള പ്രേരണ നൽകും.
ഉത്തരവാദിത്തത്തോടെ പങ്കുവെയ്ക്കാൻ ഇനിപ്പറയുന്നവ ശ്രദ്ധിക്കാം:
- ശരിയായ റഫറൻസുകളോടുകൂടിയ ഇൻഫോഗ്രാഫിക്സുകൾ ഉപയോഗിക്കുക.
- വ്യക്തമായ ഉറവിടങ്ങൾ ഉൾപ്പെടുത്തുക (ഉദാഹരണത്തിന്: WHO, CDC).
- സാങ്കേതിക പദങ്ങൾ ഒഴിവാക്കുക — സങ്കീർണ്ണമാകുന്നതിനേക്കാൾ, ലളിതമായി പറയുന്നതാണ് ഉചിതം.
ഓർക്കുക, യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്താനും മികച്ച അവതരണം ആവശ്യമാണ്.
6. ഫോർവേഡ് ചെയ്യുന്നതിന് മുൻപ് വസ്തുതാപരമായ പരിശോധന നടത്തുക
ഇന്ത്യയിൽ വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കാനുള്ള നിരവധി പ്ലാറ്റ്‌ഫോമുകൾ ഉണ്ട്:
- PIB Fact Check (പ്രസ് ഇൻഫർമേഷൻ ബ്യൂറോ)
- Alt News
- Boom Live
- Factly
ഇത്തരം പ്ളാറ്റ്ഫോമുകളിൽ വെറും 30 സെക്കൻഡ് നേരം തെരഞ്ഞാൽ, അത്, തെറ്റായ വിവരങ്ങൾ 300 പേരിലേക്ക് ഷെയർ ചെയ്യുന്നത് തടയാൻ സഹായകമാകും.
ശ്രദ്ധിക്കുക: സംശയാസ്പദമായ ഉള്ളടക്കം തിരിച്ചറിയാൻ വസ്തുതാപരമായ പരിശോധന നൽകുന്ന ബ്രൗസർ എക്സ്റ്റൻഷനുകളോ ആപ്ലിക്കേഷനുകളോ ഇൻസ്റ്റാൾ ചെയ്യാം.
7. വീടുകളിലും സ്കൂളുകളിലും ഡിജിറ്റൽ സാക്ഷരത വളർത്തുക
വിശ്വാസ്യതയുള്ള വിവരങ്ങൾ എങ്ങനെ തിരിച്ചറിയാം എന്ന് കുട്ടികളെയും മുതിർന്നവരെയും പഠിപ്പിക്കുന്നത്, ശുചിത്വത്തെക്കുറിച്ച് അവബോധം നൽകുന്നതു പോലെ തന്നെ പ്രധാനമാണ്.
പ്രോത്സാഹിപ്പിക്കേണ്ട കാര്യങ്ങൾ:
- ഫോർവേഡുകൾ വിശ്വസിക്കുന്നതിന് മുൻപ് ഉറവിടങ്ങൾ കൃത്യമായി പരിശോധിക്കുക .
- കുടുംബാംഗങ്ങളോട് വാർത്തകളെക്കുറിച്ച് ചർച്ച ചെയ്യുക.
- വിശ്വസനീയമായ വിദ്യാഭ്യാസ ചാനലുകൾ കാണാം.
ആരോഗ്യമുള്ള വീടിന്, ഡിജിറ്റൽ സാക്ഷരതയും അനിവാര്യമാണ്.
8. വിദഗ്ദ്ധരിലും സ്ഥാപനങ്ങളിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തുക
വിശ്വാസമാണ് തെറ്റായ വിവരങ്ങൾക്കുള്ള മറുമരുന്ന്.
വിദഗ്ദ്ധരായവരോട് അകൽച്ച വരുമ്പോൾ, സാധാരണ ജനങ്ങൾ ഇൻഫ്ലുവൻസർമാരിലേക്കോ ഗൂഢാലോചന പ്രചരിപ്പിക്കുന്നവരിലേക്കോ അടുത്തേക്കാം.
വിശ്വാസം പുനഃസ്ഥാപിക്കാൻ:
- വിദഗ്ദ്ധർ സഹാനുഭൂതിയോടെയും എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലും ആശയവിനിമയം നടത്തണം.
- സ്ഥാപനങ്ങൾ സുതാര്യവും സ്ഥിരതയുള്ളതുമായി നിലകൊള്ളണം.
- ബ്രേക്കിംഗ് ന്യൂസിനോടൊപ്പം തന്നെ മാധ്യമങ്ങൾ തിരുത്തലുകൾക്കും പ്രാധാന്യം നൽകണം.
ചുരുക്കിപ്പറഞ്ഞാൽ, വിവരങ്ങൾ അനുനിമിഷം കുമിഞ്ഞുകൂടുന്ന ഈ കാലഘട്ടത്തിൽ, സത്യത്തിന് ആരവങ്ങളുടെ കരുത്തുണ്ടാകണമെന്നില്ല.
നമുക്ക് ശാന്തതയോടെ പരിശോധിക്കാൻ കഴിയുന്ന, സുതാര്യമായ, തെളിവുകളുടെ പിൻബലമുള്ള വസ്തുതയാണത്.
നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ അവബോധം നിലനിർത്താനുള്ള ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമുണ്ട്.
അതുകൊണ്ട്, ഇനിമുതൽ, വിവരങ്ങൾ പങ്കുവെക്കുന്നതിന് മുൻപ് കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താം. മിഥ്യാധാരണകളുടെ ഒഴുക്കിനെ തടയാൻ അത് വലിയ തോതിൽ സഹായിക്കും.
References :
Vosoughi, S. et al., Science Journal (2023) — “The Spread of True and False News Online.”
UNESCO Global Report (2024): Media and Information Literacy for All.
Journal of Cognitive Psychology (2021): How Emotional Reactions Reinforce Misinformation.
WHO Infodemic Management Framework (2023).
MIT Media Lab (2022): Digital Literacy in the Age of Algorithms.




