സ്നേഹം മുറിവുകൾ നൽകുന്നുണ്ടോ? ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയാം 

 സ്നേഹം മുറിവുകൾ നൽകുന്നുണ്ടോ? ടോക്സിക് ബന്ധങ്ങൾ തിരിച്ചറിയാം 

വീട്ടിലും ഓഫീസിലും സൗഹൃദങ്ങളിലുമെല്ലാം സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് നമ്മളെല്ലാവരും ബന്ധങ്ങൾ നിലനിർത്തുന്നത്.  സാമൂഹ്യജീവിയായ മനുഷ്യന്, സന്തോഷവും സങ്കടവും പങ്കിടാനും ജീവിതം ഊഷ്മളമാകാനും ബന്ധങ്ങൾ വേണം. നമ്മുടെ ജീവിതത്തിൽ തണലാകുന്ന ഇടങ്ങളാണത്.  

ബന്ധങ്ങളിൽ നിരന്തരമായി പിരിമുറുക്കം അനുഭവപ്പെടുമ്പോൾ, അത് 

വേദനയുടെ മുള്ളുകൾ തീർക്കും. സ്നേഹത്തിനു പകരം ഭീതിയും സ്വസ്ഥതയ്ക്ക് പകരം ആശങ്കയും നൽകുന്ന ബന്ധങ്ങളുടെ തടവറയിലാകുമ്പോൾ, അത് ശ്വാസം മുട്ടിക്കാൻ തുടങ്ങും, ഉള്ളുലയ്ക്കാൻ തുടങ്ങും.ഇത്തരം ബന്ധങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ബാഹ്യ തലത്തിൽ പെട്ടെന്ന് ദൃശ്യമാകില്ല. അവ നിശബ്ദമായി നമ്മുടെ ഉള്ളിൽ അടിഞ്ഞുകൂടുകയും പതിയെപ്പതിയെ നമ്മെ തകർക്കുകയും ചെയ്യുന്നു.

രോഗങ്ങൾ വരാതെ പ്രതിരോധിക്കുന്നതിനെക്കുറിച്ച് നെല്ലിക്ക.ലൈഫ് പലപ്പോഴും പ്രതിപാദിക്കാറുണ്ട്. നമ്മുടെ വൈകാരിക ചുറ്റുപാടുകളും ആ ചർച്ചയുടെ  ഭാഗമാകേണ്ടതുണ്ട്. കാരണം, ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക സമ്മർദ്ദം ഒരിക്കലും മനസ്സിൽ മാത്രം ഒതുങ്ങിനിൽക്കില്ല; അത് പതുക്കെ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെയും ബാധിച്ചു തുടങ്ങും.

എന്താണ് ടോക്സിക് റിലേഷൻഷിപ്പ്?

ഇടയ്ക്കു വല്ലപ്പോഴും ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങളോ വഴക്കുകളോ 

ബന്ധങ്ങളിൽ സ്വാഭാവികമാണ്. പക്ഷെ ബന്ധങ്ങൾ വിഷലിപ്തമാകുമ്പോൾ, വഴക്കുകൾ നിത്യസംഭവമാകുന്നു. പ്രശ്നങ്ങൾ പരിഹാരമില്ലാതെ അനന്തമായി നീളുന്നു.  പൊട്ടിത്തെറികളുടെ ശ്രേണി തന്നെ രൂപപ്പെടാൻ തുടങ്ങുന്നു.

ഇത്തരം ബന്ധങ്ങളിൽ സംഭവിക്കുന്നത്:

  • ബഹുമാനം ഇല്ലാതാകുന്നു
  • മാനസിക സുരക്ഷിതത്വമില്ലായ്മ ഉടലെടുക്കുന്നു
  • അമിതമായി അധികാരം ചെലുത്താൻ തുടങ്ങുന്നു 
  • തെറ്റുകൾ സമ്മതിക്കാതിരിക്കുന്നു
  • ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നത് വല്ലാതെ തളർത്തുന്നതായി അനുഭവപ്പെടുന്നു

ചുരുക്കത്തിൽ, ഒരു ബന്ധത്തിൽ തുടരുമ്പോൾ നിങ്ങൾക്ക് നിരന്തരമായി ഭയമോ ആശങ്കയോ സ്വത്വപ്രതിസന്ധിയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആ ബന്ധം ആരോഗ്യകരമല്ലെന്ന് ഉറപ്പാക്കാം.

തുടക്കം എങ്ങനെ? തിരിച്ചറിയാൻ വൈകുന്നത് എന്തുകൊണ്ട്?

ബന്ധങ്ങൾ ടോക്സിക്കാകുന്നത് ക്രൂരമായ പെരുമാറ്റത്തോടെയാകണമെന്നില്ല.

വാസ്തവത്തിൽ അമിതമായ സ്നേഹപ്രകടനങ്ങളോടെയാണത് തുടങ്ങുന്നുണ്ടാവുക.ഈ ഘട്ടത്തിൽ  ഇതൊരു വലിയ ഭാഗ്യമായി നമുക്ക് തോന്നും.

ആദ്യ ഘട്ടങ്ങളിൽ അനുഭവപ്പെടുന്നത്:

  • അമിതമായ സ്നേഹം
  • എപ്പോഴും ഫോണിലൂടെയോ നേരിട്ടോ കൂടെത്തന്നെയുണ്ടെന്ന ബോധ്യം വരുത്തുക
  • വളരെ വേഗത്തിൽ വൈകാരികമായി അടുക്കുക
  •  വലിയ വാഗ്ദാനങ്ങൾ നൽകുക

എന്നാൽ പതുക്കെ, ഗൗരവകരമായ  സൂചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും:

  • അമിതശ്രദ്ധ നൽകുന്നുവെന്ന വ്യാജേന നിങ്ങളെ സംശയിക്കാൻ തുടങ്ങുക
  • കടുത്ത നിയന്ത്രണങ്ങൾ: നിങ്ങളുടെ ഫോൺ പരിശോധിക്കുകയോ നിങ്ങൾ എവിടെയാണെന്ന് എപ്പോഴും നിരീക്ഷിക്കുകയോ ചെയ്യുക
  • സുഹൃത്തുക്കളോടോ വീട്ടുകാരോടോ സമയം ചെലവഴിക്കുന്നത് തടയുകയോ അതിൽ അനിഷ്ടം പ്രകടിപ്പിക്കുകയോ ചെയ്യുക
  • അവരുടെ മോശം മാനസികാവസ്ഥയ്ക്ക് നിങ്ങളെ ഉത്തരവാദിയാക്കുക
  • നിങ്ങളുടെ വികാരങ്ങളെ നിസ്സാരമായി കാണുകയും പരിഹസിക്കുകയും ചെയ്യുക

പലപ്പോഴും നമ്മൾ ഇതിനെ ന്യായീകരിക്കും; “അവർക്ക് എന്നെ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടല്ലേ” എന്ന് കരുതും. പക്ഷേ, നിയന്ത്രണങ്ങളെ ഒരിക്കലും സ്നേഹത്തിൻ്റെ പ്രതിഫലനമായി കാണാനാകില്ല.

മാനസികാഘാതം: ഇത് മസ്തിഷ്ക്കത്തെ എങ്ങനെ ബാധിക്കുന്നു?

ഒരു വ്യക്തി നിരന്തരമായ വൈകാരിക സമ്മർദ്ദത്തിൽ ജീവിക്കുമ്പോൾ,  നാഡീവ്യൂഹം (Nervous system) എപ്പോഴും തൊട്ടടുത്തെന്തോ അപകടം സംഭവിക്കാൻ പോകുന്നു എന്ന ജാഗ്രതാവസ്ഥയിലായിരിക്കും.  ഇത് തുടർന്നുപോകുമ്പോൾ, കാലക്രമേണ ശരീരത്തെയും മനസ്സിനെയും ഗുരുതരമായി ബാധിക്കും.

നിരന്തര സമ്മർദ്ദം മൂലം  ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ:

  • വിട്ടുമാറാത്ത ഉത്കണ്ഠ (Chronic Anxiety)
  • ഉറക്കമില്ലായ്മ
  • വിഷാദം (Depression)
  • വികാരങ്ങൾ മരവിച്ച അവസ്ഥ (Emotional Numbness)
  • പരിഭ്രാന്തി
  • ആത്മവിശ്വാസം നഷ്ടപ്പെടുക

എപ്പോഴും മോശമായത് എന്തോ സംഭവിക്കാൻ പോകുന്നു എന്നു ചിന്തിക്കാൻ മസ്തിഷ്ക്കം  ശീലിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ വന്നേക്കാം:

  • എപ്പോഴും ജാഗ്രത
  • അനാവശ്യ വിശദീകരണങ്ങൾ
  • മാപ്പ് ചോദിക്കൽ
  • സ്വന്തം ഓർമ്മയെ സംശയിക്കുക

ഇത് നിങ്ങളുടെ മനസ്സിന്റെ ബലഹീനതയല്ല. മറിച്ച്, അമിതമായ സമ്മർദ്ദത്തോട് പൊരുത്തപ്പെടാൻ ശരീരം കാണിക്കുന്ന ഒരു പ്രതികരണം മാത്രമാണ്.

ട്രോമ ബോണ്ടിംഗ്: പുറത്തുകടക്കാൻ പ്രയാസമാകുന്നതിന് കാരണം

വേദനിപ്പിക്കുന്ന പെരുമാറ്റത്തിന് പിന്നാലെ പെട്ടെന്ന് സ്നേഹപ്രകടനമോ ക്ഷമാപണമോ ഉണ്ടാകുമ്പോൾ നമ്മുടെ തലച്ചോറിന് വലിയൊരു ആശ്വാസം ലഭിക്കുന്നു. ആ നിമിഷം തലച്ചോറിൽ ഡോപമിൻ (Dopamine), ഓക്സിറ്റോസിൻ (Oxytocin) എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ആ വ്യക്തിയോടുള്ള നമ്മുടെ അടുപ്പം വീണ്ടും ശക്തമാക്കാൻ കാരണമാകുന്നു.

ഇതൊരു ചക്രം പോലെ ആവർത്തിച്ചുകൊണ്ടേയിരിക്കും:

1.വഴക്ക് അല്ലെങ്കിൽ വൈകാരികമായ മുറിപ്പെടുത്തൽ: പങ്കാളി നിങ്ങളെ മാനസികമായി വേദനിപ്പിക്കുന്നു

2.അകൽച്ച അല്ലെങ്കിൽ പിരിമുറുക്കം: രണ്ടാളും തമ്മിൽ മിണ്ടാതിരിക്കുന്നു, കടുത്ത സമ്മർദ്ദം അനുഭവപ്പെടുന്നു

3.ക്ഷമാപണം അല്ലെങ്കിൽ സ്നേഹം: പങ്കാളി വന്ന് ക്ഷമ ചോദിക്കുന്നു അല്ലെങ്കിൽ പെട്ടെന്ന് അമിതമായ സ്നേഹം കാണിക്കുന്നു

4.വൈകാരികമായ അടുപ്പം: എല്ലാം ശരിയായെന്ന് കരുതി നിങ്ങൾ വീണ്ടും ആ വ്യക്തിയോടടുക്കുന്നു

5.ആവർത്തനം: കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇതേ കാര്യങ്ങൾ വീണ്ടും സംഭവിക്കുന്നു.

ഈ അനിശ്ചിതത്വം (Unpredictability) വാസ്തവത്തിൽ ബന്ധം തകർക്കുന്നതിന് പകരം ആ വ്യക്തിയുമായുള്ള നിങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഉപദ്രവിക്കുന്ന വ്യക്തിയാണെന്ന് അറിഞ്ഞിട്ടും അവരെ വിട്ടുപോകാൻ വല്ലാത്ത പ്രയാസം അനുഭവപ്പെടുന്നത്.

ആരോഗ്യത്തെ ബാധിക്കുന്ന രീതി: ശരീരം കണക്കുചോദിക്കും 

വൈകാരികമായ സമ്മർദ്ദം ഒരിക്കലും മനസ്സിൽ മാത്രം ഒതുങ്ങിനിൽക്കില്ല. അത് നമ്മുടെ ശരീരത്തെയും നേരിട്ട് ബാധിക്കും.

വിഷലിപ്തമായ ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദീർഘകാല സമ്മർദ്ദം താഴെ പറയുന്ന ശാരീരിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം:

  • കോർട്ടിസോൾ അളവ് കൂടുന്നു
  • രക്തസമ്മർദ്ദം വർദ്ധിക്കുന്നു
  • ഇൻസുലിൻ പ്രതിരോധം
  • ഹോർമോൺ വ്യതിയാനങ്ങൾ
  • ദഹനപ്രശ്നങ്ങൾ
  • തലവേദനയും പേശീവലിവും
  • രോഗപ്രതിരോധ ശേഷി കുറയുന്നു

വിട്ടുമാറാത്ത വൈകാരിക പ്രയാസങ്ങൾ ശരീരത്തിനുള്ളിൽ നീർവീക്കം (Systemic Inflammation) ഉണ്ടാക്കുന്നു. മെറ്റബോളിക് രോഗങ്ങളിൽ കാണപ്പെടുന്നത് പോലുള്ള അവസ്ഥയാണിത്.

ചുരുക്കത്തിൽ, ഓരോ വ്യക്തിയും ജീവിക്കുന്ന വൈകാരിക ചുറ്റുപാടുകൾ അവരുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ തോതിൽ നിയന്ത്രിക്കുന്നുണ്ട്.

വിഷാംശമുള്ള ബന്ധങ്ങളിലെ  രീതികൾ

എല്ലാ ടോക്സിക് ബന്ധങ്ങളും ഒരേപോലെയാകില്ല. ചിലപ്പോൾ വളരെ നിശബ്ദമായ രീതിയിലായിരിക്കും അത് സംഭവിക്കുന്നത്.

1. നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന രീതി 

  • സാമ്പത്തിക നിയന്ത്രണം: പണത്തിന് വേണ്ടി പൂർണ്ണമായി ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാക്കുക
  • ഒറ്റപ്പെടുത്തുക: സുഹൃത്തുക്കളോടോ ബന്ധുക്കളോടോ സംസാരിക്കാൻ അനുവദിക്കാതെ ഒറ്റപ്പെടുത്തുക
  • തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം പിടിച്ചെടുക്കുക

2. സ്വയം കേന്ദ്രീകൃതമായ രീതി 

  • അനുകമ്പയില്ലായ്മ: നിങ്ങളുടെ വേദനയോ പ്രയാസമോ മനസ്സിലാക്കാൻ അവർക്ക് കഴിയില്ല
  • തുടർച്ചയായി പുകഴ്ത്തേണ്ടി വരിക : എപ്പോഴും മറ്റുള്ളവർ തന്നെ പുകഴ്ത്തണമെന്ന് ഇവർ ആഗ്രഹിക്കും
  • മറ്റുള്ളവരെ പഴിചാരുക: സ്വന്തം തെറ്റുകൾക്ക് പോലും മറ്റു വ്യക്തികളെ കുറ്റപ്പെടുത്തുക

3. പരോക്ഷമായ ഉപദ്രവം 

  • മിണ്ടാതിരിക്കുക (Silent Treatment): പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ ദിവസങ്ങളോളം മിണ്ടാതിരുന്ന് മാനസികമായി ശിക്ഷിക്കുക
  • പരോക്ഷമായ അപമാനം: നേരിട്ടല്ലാതെ കുത്തുവാക്കുകൾ പറയുക
  • സ്നേഹം നിഷേധിക്കുക: ശിക്ഷ എന്ന നിലയിൽ സ്നേഹപ്രകടനങ്ങളിൽ നിന്നും സംസാരത്തിൽ നിന്നും മാറിനിൽക്കുക

4. പൊട്ടിത്തെറിക്കുന്ന രീതി

  • അമിതമായ ദേഷ്യം
  • അതിരൂക്ഷമായ വഴക്കുകൾ
  • ക്ഷമാപണം: തെറ്റ് ആവർത്തിക്കുകയും എന്നാൽ ഉടനെ തന്നെ ക്ഷമ ചോദിക്കുകയും ചെയ്യുക (പക്ഷേ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ല)

ചിലപ്പോൾ ഒരാൾ മാത്രമായിരിക്കും ഇത്തരത്തിൽ പെരുമാറുന്നത്. മറ്റു ചിലപ്പോൾ രണ്ടുപേരും അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു ശൈലിയിലേക്ക് വീണുപോകാം.

ഇത്തരം ബന്ധങ്ങളിൽ തുടരുന്നതിൻ്റെ കാരണം 

ഇത്രയും കഷ്ടപ്പാടാണെങ്കിൽ പിന്നെന്തിനാണ് അവിടെ തുടരുന്നത് എന്ന് കേൾക്കുന്നവർക്ക് തോന്നാം. അതിനു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം:

  • സാമ്പത്തിക പരാധീനത
  • മക്കൾ
  • സാമൂഹിക സമ്മർദ്ദം
  • സംസ്കാരവും വിശ്വാസങ്ങളും
  • ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം
  • വൈകാരികമായ അടുപ്പം
  • മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ

ബുദ്ധിമുട്ടുണ്ടാക്കുന്ന ബന്ധങ്ങളും വിഷലിപ്ത ബന്ധങ്ങളും: വ്യത്യാസങ്ങൾ

എല്ലാ ബന്ധങ്ങളിലും പ്രതിസന്ധികളുണ്ടാകാറുണ്ട്. ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസം തോന്നുന്നു എന്നതിനർത്ഥം അത് ‘ടോക്സിക്’ ആണെന്നല്ല. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ നോക്കാം:

ബുദ്ധിമുട്ടുള്ള ബന്ധം (Difficult Relationship):

  • തുറന്ന സംസാരം: പ്രശ്നങ്ങളെക്കുറിച്ച് സത്യസന്ധമായി സംസാരിക്കാൻ സാധിക്കും
  • ഉത്തരവാദിത്തം ഏൽക്കാൻ തയ്യാർ: തെറ്റുകൾ സംഭവിക്കുമ്പോൾ അത് അംഗീകരിക്കാൻ പങ്കാളികൾ തയ്യാറാകും
  • മാറ്റത്തിനായുള്ള ശ്രമം: പ്രശ്നങ്ങൾ പരിഹരിക്കാനും ബന്ധം മെച്ചപ്പെടുത്താനും രണ്ടുപേരും ഒന്നിച്ച് ശ്രമിക്കും
  • സുരക്ഷിതത്വം: വഴക്കിടുമ്പോൾ പോലും മാനസികമായി സുരക്ഷിതത്വം അനുഭവപ്പെടും

വിഷലിപ്തമായ ബന്ധം (Toxic Relationship):

  • ആവർത്തിക്കുന്ന മുറിവുകൾ: ഒരേ രീതിയിലുള്ള ഉപദ്രവങ്ങളും വേദനിപ്പിക്കലുകളും മാറ്റമില്ലാതെ തുടരുന്നു
  • ഉത്തരവാദിത്തം നിഷേധിക്കുന്നു: സ്വന്തം തെറ്റുകൾ ഒരിക്കലും സമ്മതിക്കില്ല, പകരം കുറ്റപ്പെടുത്തും
  • ഭയം ജനിപ്പിക്കുന്നു: സംസാരിക്കാനോ പ്രതികരിക്കാനോ ഭയം തോന്നുന്ന വിധത്തിൽ അന്തരീക്ഷം വഷളാകുന്നു
  • ആത്മവിശ്വാസം തകർക്കുന്നു: ഇടിച്ചു താഴ്ത്തുന്ന രീതിയിലുള്ള പെരുമാറ്റമുണ്ടാകുന്നു

ഗ്യാസ്‌ലൈറ്റിംഗ് : യാഥാർത്ഥ്യങ്ങളെ ഇല്ലാതാക്കുന്ന നിശബ്ദ വഞ്ചന

ഒരു വ്യക്തിയുടെ ചിന്തകളെയും ബോധ്യങ്ങളെയും തെറ്റാണെന്ന് വരുത്തിത്തീർത്ത്, സ്വന്തം വിവേകത്തെപ്പോലും അവരെക്കൊണ്ട് സംശയിപ്പിക്കുന്ന തരത്തിലുള്ള മാനസികമായ ചതിയാണിത്.

ഇത്തരം സന്ദർഭങ്ങളിൽ സ്ഥിരമായി കേൾക്കാറുള്ള വാചകങ്ങൾ:

  • “അതൊക്കെ നിന്റെ വെറും തോന്നലാണ്.”
  • “അങ്ങനെ ഒരു കാര്യമേ നടന്നിട്ടില്ല, നീ വെറുതെ ഉണ്ടാക്കി പറയുന്നതാണ്.”
  • “നീ വളരെ സെൻസിറ്റീവാണ്.”
  • “പ്രശ്നം മുഴുവൻ നീ തന്നെ സൃഷ്ടിക്കുന്നതാണ്.”

കാലക്രമേണ, ഇരയാക്കപ്പെടുന്ന വ്യക്തി സ്വന്തം ബുദ്ധിയെയും ഓർമ്മയെയും വിശ്വസിക്കുന്നതിന് പകരം ഉപദ്രവിക്കുന്ന വ്യക്തിയെ വിശ്വസിച്ചു തുടങ്ങുന്നു. ഇത് ഇരയുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും വേരോടെ പിഴുതെറിയുന്നു.

അവഗണിക്കരുതാത്ത മുന്നറിയിപ്പുകൾ

താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം സത്യസന്ധമായി ചോദിച്ചുനോക്കൂ:

  • എനിക്ക് ഈ ബന്ധത്തിൽ വൈകാരികമായി സുരക്ഷിതത്വം തോന്നുന്നുണ്ടോ?
  • അഭിപ്രായവ്യത്യാസങ്ങൾ എനിക്ക് പേടിയില്ലാതെ  തുറന്നുപറയാൻ കഴിയുന്നുണ്ടോ?
  • ഈ ബന്ധം ആരംഭിച്ച ശേഷം എന്റെ ആത്മവിശ്വാസം കൂടുകയാണോ കുറയുകയാണോ ചെയ്തത്?
  • സംസാരത്തിന് ശേഷം ഞാൻ മാനസികമായി വല്ലാതെ തളർന്നുപോകുന്നുണ്ടോ?
  • വഴക്കുകൾ ഒഴിവാക്കാൻ വേണ്ടി ഞാൻ പല കാര്യങ്ങളും മറച്ചുവെയ്ക്കുന്നുണ്ടോ?

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ, ആ ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നർത്ഥം.

തിരിച്ചുപിടിക്കാം ജീവിതം: എവിടെ നിന്ന് തുടങ്ങണം?

ടോക്സിക് ബന്ധങ്ങളിൽ നിന്ന് മോചനം നേടുന്നത്  ആ ബന്ധം ഉപേക്ഷിക്കുമ്പോഴാകണമെന്നില്ല. കാര്യങ്ങൾ വ്യക്തമായി തിരിച്ചറിയാൻ തുടങ്ങുമ്പോൾ മോചനവും ആരംഭിക്കും.

പ്രായോഗികമായി ആദ്യം ചെയ്യേണ്ട കാര്യങ്ങൾ:

  • പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കാതെ, നിലവിലുള്ള യാഥാർത്ഥ്യം തിരിച്ചറിയുക
  • നിങ്ങളെ വിശ്വസിക്കുന്ന, നിങ്ങൾക്ക് പിന്തുണ നൽകുന്ന സുഹൃത്തുക്കളുമായും ബന്ധുക്കളുമായും വീണ്ടും അടുക്കുക
  • വിദഗ്ദ്ധ സഹായം തേടുക
  • സാമ്പത്തിക ഭദ്രത നേടുക
  • അതിർവരമ്പുകൾ നിശ്ചയിക്കുക

വൈകാരികമോ ശാരീരികമോ ആയ ഉപദ്രവങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടത് ഏറെ  പ്രധാനമാണ്.

മാതാപിതാക്കൾ ശ്രദ്ധിക്കാൻ: മുതിർന്നവർ ചെയ്യുന്നത് കുട്ടികൾ അനുകരിക്കും

ടോക്സിക് ചുറ്റുപാടുകളിൽ വളരുന്ന കുട്ടികൾ പലപ്പോഴും തെറ്റായ പാഠങ്ങളാണ് ജീവിതകാലം മുഴുവൻ മനസ്സിൽ കൊണ്ടുനടക്കുക. അവർ അറിഞ്ഞോ അറിയാതെയോ താഴെ പറയുന്ന കാര്യങ്ങൾ സ്വാഭാവികമാണെന്ന് കരുതി അതു ശീലിക്കുന്നു:

  • നിരന്തരമായ കലഹവും ബഹളങ്ങളും ഒരു ബന്ധത്തിന്റെ സാധാരണ ഭാഗമാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു
  • സ്വന്തം സങ്കടമോ ദേഷ്യമോ പ്രകടിപ്പിച്ചാൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഭയന്ന് അവർ വികാരങ്ങൾ ഉള്ളിലൊതുക്കാൻ പഠിക്കുന്നു
  • ബഹുമാനത്തിന് പകരം ഭയം മൂലമുള്ള അനുസരണയാണ് ശരിയെന്ന് അവർ വിശ്വസിക്കുന്നു
  • മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാനോ സ്വന്തം വ്യക്തിത്വം സംരക്ഷിക്കാനോ അവർക്ക് കഴിയാതെ പോകുന്നു

ടോക്സിക് ബന്ധങ്ങളിൽ നിന്ന് മോചനം നേടേണ്ടത് നിങ്ങളുടെ സുരക്ഷിതത്ത്വത്തിനു മാത്രമല്ല ഗുണം ചെയ്യുക. വരുംതലമുറകളുടെ സ്വൈര ജീവിതത്തിലും അത് നിർണ്ണായകമാകും.

നെല്ലിക്ക.ലൈഫ് വീക്ഷണം: വൈകാരിക ആരോഗ്യം ഒരു പ്രതിരോധൗഷധം

രക്തസമ്മർദ്ദവും രക്തത്തിലെ ഗ്ളൂക്കോസ് നിലയും കൃത്യമായി പരിശോധിക്കാറുള്ളതുപോലെ തന്നെ, നാം ജീവിക്കുന്ന വൈകാരിക ചുറ്റുപാടുകളും വിലയിരുത്തപ്പെടേണ്ടതുണ്ട്.

സ്വയം ഒന്ന് ചോദിച്ചു നോക്കൂ:

  • എന്റെ മനസ്സ് ശാന്തമാണോ?
  • എനിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ടോ?
  • എനിക്ക് അർഹമായ ബഹുമാനം ലഭിക്കുന്നുണ്ടോ?
  • ഈ ബന്ധം എൻ്റെ വളർച്ചയ്ക്ക് സഹായിക്കുന്നുണ്ടോ?

നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അവശ്യം വേണ്ടതാണ് സമാധാനം. 

ഓർത്തുവെയ്ക്കാൻ

സ്നേഹം ഒരിക്കലും നിരന്തരമായ ആശങ്കയോ ഭീതിയോ നൽകുന്നതാകരുത്. അത് നമ്മുടെ വ്യക്തിത്വത്തെ നശിപ്പിക്കാനോ നമ്മളെ തളർത്താനോ വേണ്ടിയുള്ളതുമാകരുത്. 

ആരോഗ്യകരമായ സ്നേഹം:

  • സ്ഥിരതയുള്ളത്: പെരുമാറ്റങ്ങളിൽ വ്യക്തതയും വിശ്വാസവുമുണ്ടാകും
  • ബഹുമാനമുള്ളത്: നിങ്ങളുടെ വ്യക്തിത്വത്തെയും തീരുമാനങ്ങളെയും അംഗീകരിക്കും
  • പിന്തുണ നൽകുന്നത്: പ്രയാസങ്ങളിൽ തണലായി കൂടെയുണ്ടാകും
  • വളർച്ചയ്ക്ക് സഹായിക്കുന്നത്: നിങ്ങളെ മികച്ച വ്യക്തിയാക്കാൻ പ്രേരിപ്പിക്കും
  • സുരക്ഷിതമായത്: മാനസികമായും ശാരീരികമായും നിങ്ങൾക്ക് സമാധാനം ലഭിക്കും

വൈകാരികമായ സുരക്ഷിതത്വം നമ്മുടെ  അവകാശമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും നല്ല ഭാവി അതിൽ അധിഷ്ഠിതമാണ്. 

Related News

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

വാർദ്ധക്യ കാലത്തെ സങ്കീർണ്ണതകൾ: മൂത്രനിയന്ത്രണമില്ലായ്മ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പരിഹാരമാർഗ്ഗങ്ങളും

പ്രായമായ പല വ്യക്തികൾക്കും സാധാരണയായുണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ് മൂത്രച്ചോർച്ച അഥവാ മൂത്രനിയന്ത്രണമില്ലായ്മ.  തികച്ചും സാധാരണമാണെങ്കിലും മാനസികമായി ഏറെ തളർത്തുന്ന ഒരവസ്ഥയാണിത്. പലരും ഈ ബുദ്ധിമുട്ട് തുറന്നുപറയാനും ചികിൽസ...

ഫെബ്രുവരി 25, 2026 12:21 am
കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

കുട്ടികളിലെ മാനസിക സമ്മർദ്ദം: കൗൺസിലിംഗും തെറാപ്പിയും നൽകി എങ്ങനെ മനസ്സിലെ മുറിവുണക്കാം?

മാനസിക സമ്മർദ്ദം മുതിർന്നവർ മാത്രം അനുഭവിക്കുന്ന പ്രശ്നമാണെന്നാണ് നമ്മൾ പൊതുവെ കരുതുന്നത്. നമ്മുടെ ജോലിത്തിരക്കുകൾ, സാമ്പത്തിക ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ… ഇതൊന്നും കുട്ടികൾക്ക് ചിന്തിക്കേണ്ട കാര്യങ്ങളല്ലാത്തതുകൊണ്ട് അവർക്ക് ടെൻഷനുണ്ടാകില്ല...

ഫെബ്രുവരി 23, 2026 12:55 am
ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ഉപാധികളും ഉടമ്പടികളും നിറയുന്ന ബന്ധങ്ങൾ

ആധുനിക കാലത്ത് ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങൾ ഉപാധികളില്ലാത്ത സ്നേഹവും കരുതലും ബന്ധങ്ങളിൽ വേരോടുമ്പോഴാണ് അതു കരുത്തുറ്റതാകുക എന്നാണ് പൊതുവെ പറയാറുള്ളത്. സ്നേഹം, പ്രണയം, സൗഹൃദം, വാൽസല്യം എല്ലാം...

ഫെബ്രുവരി 18, 2026 10:33 pm
Top
Subscribe