ആരോഗ്യ-ചികിൽസാരംഗത്തെ മൂന്ന് പ്രധാന വാർത്തകൾ

1. ഇന്ത്യയിൽ ആദ്യമായി റോബോട്ട് സഹായത്തോടെ വാസോവാസോസ്റ്റമി [1]
വാസെക്ടമി റിവേഴ്സൽ ശസ്ത്രക്രിയാരംഗത്ത് പുതിയ നേട്ടം കൈവരിച്ച് ഭാരതം. ചണ്ഡീഗഢിലെ പിജിഐഎംഇആറിലെ ഡോക്ടർമാരാണ് ജൂലൈ 9 ന് റോബോട്ടിൻ്റെ സഹായത്തോടെയുള്ള വാസെക്ടമി റിവേഴ്സൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.ഡാവിഞ്ചി ശസ്ത്രക്രിയാ രീതി ഉപയോഗിച്ച്, അത്യന്തം കൃത്യതയോടെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞതായി അധികൃതർ അറിയിച്ചു. രാജ്യത്തെ പ്രത്യുൽപ്പാദന ചികിൽസാമേഖലയിലെ പുതിയ ചുവടുവെയ്പ്പാണിത്. വാസോവാസോസ്റ്റമി എന്നറിയപ്പെടുന്ന, റോബോട്ടിക് സഹായത്തോടെയുള്ള ഈ ശസ്ത്രക്രിയയിലൂടെ പുരുഷൻമാരിലെ പ്രത്യുൽപ്പാദന ക്ഷമത വീണ്ടെടുക്കാനാവും.
2. ബ്രിട്ടനിൽ വരുകാലങ്ങളിൽ അമിതോഷ്ണം മൂലമുള്ള ജീവഹാനി കൂടുമെന്ന് പഠനങ്ങൾ [2]
2070 ആകുമ്പോഴേക്കും യു കെയിൽ, അന്തരീക്ഷ താപം താങ്ങാനാകാതെ പ്രതിവർഷം 30000 പേർക്കെങ്കിലും ജീവൻ നഷ്ടമാകുമെന്ന് മുന്നറിയിപ്പ്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലേയും ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻറ് ട്രോപ്പിക്കൽ മെഡിസിനിലേയും ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 1981- 2021 കാലഘട്ടത്തിൽ,, വർഷത്തിൽ ഏകദേശം 634 മരണങ്ങളാണ് വേനൽ കടുക്കുന്നതോടെ സംഭവിക്കാറുള്ളതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള നടപടികൾ ത്വരിതഗതിയിലാക്കണമെന്നും രോഗികൾ, കുട്ടികൾ, പ്രായമേറിയവർ തുടങ്ങിയവരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകണമെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
3. അപൂർവ്വ ജനിതക രോഗം ബാധിച്ച കുഞ്ഞിന് പരീക്ഷണ മരുന്നിലൂടെ രോഗമുക്തി [3]
എച്ച് പി ഡി എൽ ജനിതക ന്യൂനത മൂലം വീൽചെയറിൽ ജീവിതം തള്ളിനീക്കിയിരുന്ന കുട്ടിക്ക് പരീക്ഷണ മരുന്നിലൂടെ ചലനശേഷി തിരിച്ചുകിട്ടിയതായി എൻ വൈ യു വിലെ ഡോക്ടർമാർ അറിയിച്ചു. കായിക മേഖലയിൽ മികവു കാട്ടിയിരുന്ന 8 വയസ്സുകാരന് 2023 ലാണ് ചലനശേഷി നഷ്ടമായത്. പരീക്ഷണ മരുന്നുകൾ ഫലപ്രദമായതോടെ ഈ മേഖലയിൽ കൂടുതൽ ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞർ.അപൂർവ്വ ജനിതക രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ വാർത്ത.




