കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

കുഞ്ഞിൻ്റെ വളർച്ചാഘട്ടങ്ങൾ കൃത്യമാണോ? 

വളർച്ചാവികാസങ്ങളെക്കുറിച്ച് എല്ലാം അറിഞ്ഞിരിക്കാം

കുഞ്ഞു ജനിക്കുന്നതു മുതൽക്കേ രക്ഷിതാക്കൾ, പുതിയ അതിഥി വളർച്ചയുടെ നാഴികക്കല്ലുകൾ പിന്നിടുന്നതു കാണാൻ കാത്തിരിക്കും. ആദ്യമായി കമിഴ്ന്നു വീഴുന്നത്, മുട്ടിലിഴയുന്നത്, എഴുന്നേറ്റിരിക്കുന്നത്, പതുക്കെ നടക്കാൻ പഠിക്കുന്നത്- ഇതെല്ലാം രക്ഷിതാക്കൾക്ക് ഏറെ സന്തോഷം നൽകുന്ന കാഴ്ച്ചയാണ്.  

എന്നാൽ, വളർച്ചയിൽ എന്തെങ്കിലും വ്യത്യാസം കാണുമ്പോൾ, കുഞ്ഞ് വളരെ വേഗത്തിലോ അല്ലെങ്കിൽ വളരെ സാവധാനത്തിലോ വളർച്ചയുടെ പടവുകൾ പിന്നിടുന്നു എന്നു സംശയം തോന്നുമ്പോൾ, സ്വാഭാവികമായും മാതാപിതാക്കളിൽ ആശങ്ക ഉടലെടുക്കും.

കുഞ്ഞിൻ്റെ ഉയരവും തൂക്കവും കൂടുന്നതു മാത്രമല്ല വളർച്ച എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ശരിയായ വളർച്ച എന്നത്, കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം, പോഷകാഹാരം, ഹോർമോണുകൾ, ജനിതക ഘടകങ്ങൾ എന്നിവയുടെ പ്രതിഫലനമാണ്. സാധാരണ രീതിയിൽ ഇതെങ്ങനെയാണെന്നും എപ്പോഴാണ് ഡോക്ടറുടെ സഹായം തേടേണ്ടതെന്നും അറിഞ്ഞിരിക്കുന്നത്, മാതാപിതാക്കളുടെ അനാവശ്യ ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കും. 

വളർച്ചയെ ശരിയായി മനസ്സിലാക്കുക: 

ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, പോഷകാഹാരം, ഉറക്കം, മാനസികാരോഗ്യം എന്നിവയുടെ സങ്കീർണ്ണമായ പ്രവർത്തനഫലമായാണ് കുഞ്ഞുങ്ങൾ വളർച്ചാഘട്ടങ്ങൾ പിന്നിടുന്നത്.

  • ജനിതക ഘടകങ്ങൾ (Genetics): കുട്ടിയുടെ ഉയരവും ശരീരഘടനയും നിശ്ചയിക്കുന്നത് ജനിതക ഘടകങ്ങളാണ്.
  • ഹോർമോണുകൾ (Hormones): വളർച്ചാ ഹോർമോൺ (Growth Hormone), തൈറോയ്ഡ് ഹോർമോണുകൾ, ലൈംഗിക ഹോർമോണുകൾ എന്നിവ വളർച്ചയുടെ സമയവും വേഗതയും നിയന്ത്രിക്കുന്നു.
  • പോഷകാഹാരം (Nutrition): വളർച്ചയ്ക്ക് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് പോഷകാഹാരത്തിൽ നിന്നാണ്.  പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, അയേൺ, സിങ്ക് എന്നിവ പ്രധാനമാണ്.
  • ഉറക്കം (Sleep): വളർച്ചാ ഹോർമോൺ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നത് ഉറങ്ങുമ്പോഴാണ്. അതുകൊണ്ടുതന്നെ കൃത്യമായ ഉറക്കം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.
  • മാനസികാരോഗ്യം (Emotional well-being): നല്ല മാനസികാവസ്ഥയും സമ്മർദ്ദമില്ലാത്ത സാഹചര്യവും ഹോർമോണുകളെ സന്തുലിതമാക്കുന്നു.

ഓരോ കുട്ടിക്കും അവരുടേതായ ഒരു വളർച്ചാ താളമുണ്ട്. ചിലർ ചെറുപ്പത്തിലേ വേഗത്തിൽ വളരും, ചിലർ പിന്നീട് വികസിക്കും — ഇവ രണ്ടും സാധാരണമായ അവസ്ഥകൾ ആകാം.

നേരത്തെയുള്ള പ്രായപൂർത്തിയാകൽ: വേഗത്തിൽ വളരുന്നത് പ്രശ്നമാകുമ്പോൾ

പെൺകുട്ടികളിൽ 8 വയസ്സിന് മുൻപും ആൺകുട്ടികളിൽ 9 വയസ്സിന് മുൻപും പ്രായപൂർത്തിയാകലിന്റെ ലക്ഷണങ്ങൾ (puberty signs) തുടങ്ങുന്ന അവസ്ഥയെയാണിത്. 

ഈ അവസ്ഥ പെൺകുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്, ഇതിനുള്ള കാരണങ്ങൾ ഇവയാകാം:

  • തലച്ചോറിലെ ഹോർമോൺ കേന്ദ്രം (ഹൈപ്പോതലാമസ്-പിറ്റ്യൂട്ടറി ആക്സിസ്) നേരത്തേ സജീവമാകുന്നത്.
  • തൈറോയ്ഡ് അല്ലെങ്കിൽ അഡ്രീനൽ ഗ്രന്ഥികളുടെ തകരാറുകൾ.
  • ബാഹ്യ ഹോർമോണുകളുമായുള്ള സമ്പർക്കം (എൻഡോക്രൈൻ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന ക്രീമുകളിലോ പ്ലാസ്റ്റിക്കുകളിലോ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ).
  • അപൂർവമായ ജനിതക വൈകല്യം അല്ലെങ്കിൽ തലച്ചോറിലെ അസ്വാഭാവികതകൾ.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

  • പെൺകുട്ടികളിൽ 8 വയസ്സിന് മുൻപ് സ്തനവളർച്ച ആരംഭിക്കുക.
  • ആൺകുട്ടികളിൽ 9 വയസ്സിന് മുൻപ് വൃഷണങ്ങൾ വികസിക്കുക.
  • പെട്ടെന്ന് ഉയരം കൂടുക, മനോനിലയിൽ മാറ്റങ്ങൾ വരിക.
  • ശരീര ദുർഗന്ധമോ (body odor) മുഖക്കുരുവോ (acne) നേരത്തേ പ്രത്യക്ഷപ്പെടുക.

പ്രധാനമാകാൻ കാരണം:

നേരത്തെ പ്രായപൂർത്തിയാകുന്നത് കുട്ടികളിൽ മാനസിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. മാത്രമല്ല, എല്ലുകൾ വേഗത്തിൽ വളരുന്നതുകൊണ്ട് മുതിരുമ്പോൾ ഉയരം കുറയാനും ചിലപ്പോൾ ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവിനും സമ്മർദ്ദത്തിനും കാരണമായേക്കാം.

മാതാപിതാക്കൾക്ക് എന്തുചെയ്യാൻ കഴിയും:

  • ശിശുരോഗ വിദഗ്ധന്റെ (pediatrician) പരിശോധന ഉറപ്പാക്കുക; ഡോക്ടർ എല്ലിന്റെ വളർച്ച കണ്ടെത്താനുള്ള എക്‌സ്-റേയോ അല്ലെങ്കിൽ ഹോർമോൺ ടെസ്റ്റുകളോ നിർദ്ദേശിച്ചേക്കാം.
  • സമീകൃതാഹാരം (balanced meals) കഴിക്കാനും ശരീരത്തിന് ആയാസം നൽകുന്ന കളികളിലും വ്യായാമങ്ങളിലും ഏർപ്പെടാനും  പ്രോത്സാഹിപ്പിക്കുക; രുചിയും ഘടനയും മെച്ചപ്പെടുത്താൻ ചേർക്കുന്ന അഡിറ്റീവുകളുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ (processed foods) ഉപയോഗം പരിമിതപ്പെടുത്തുക.
  • ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് മാനസിക പക്വത വരാൻ സാധ്യതയില്ലാത്തതിനാൽ, സ്‌ക്രീൻ ഉപയോഗവും കൂട്ടുകാരുടെ സ്വാധീനവും ശ്രദ്ധിക്കണം.
  • ആവശ്യമെങ്കിൽ, വൈദ്യസഹായത്തോടെ കുട്ടിയെ ഹോർമോൺ നിയന്ത്രിത ചികിത്സ (hormone-modulating therapy) ക്ക് വിധേയമാക്കിയാൽ നേരത്തെയുള്ള വളർച്ചയ്ക്ക് താൽക്കാലികമായി വിരാമമിടാൻ സാധിക്കും.

മന്ദഗതിയിൽ വളരുന്നവർ: പ്രായപൂർത്തിയാകാൻ വൈകുമ്പോൾ

മറ്റൊരു ഭാഗത്ത്, സാവധാനത്തിൽ മാത്രം വളർച്ചാവികാസമുണ്ടാകുന്ന കുട്ടികളുമുണ്ട്. സമപ്രായക്കാർ ശാരീരികമായും മാനസികമായും വളരുമ്പോഴും ഈ കുട്ടികളിൽ പ്രായപൂർത്തിയാകുന്നതിൻ്റെ ലക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ടാകില്ല.

പ്രായപൂർത്തിയാകാൻ വൈകുന്ന (Delayed Puberty) പെൺകുട്ടികളിൽ 13 വയസ്സിനുള്ളിൽ സ്തനവളർച്ച ഇല്ലാതിരിക്കുകയോ ആൺകുട്ടികളിൽ 14 വയസ്സിനുള്ളിൽ വൃഷണങ്ങൾ വലുതാകാതിരിക്കുകയോ ചെയ്യാം.

സാധാരണ കാരണങ്ങൾ:

  • കുടുംബത്തിൽ വൈകി പ്രായപൂർത്തിയാകുന്ന അംഗങ്ങൾ ഉണ്ടായിട്ടുള്ള ചരിത്രം.
  • ശരിയായ പോഷകാഹാരം ലഭിക്കാത്ത അവസ്ഥ (Under-nutrition) അല്ലെങ്കിൽ ഭക്ഷണ ക്രമക്കേടുകൾ (eating disorders).
  • ദീർഘകാല രോഗങ്ങൾ (ഉദാഹരണത്തിന്: സീലിയാക് രോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ).
  • അമിതമായ കായിക പരിശീലനമോ സമ്മർദ്ദമോ.
  • ഹോർമോൺ കുറവുകൾ (Hormonal deficiencies).

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:

  • 11-12 വയസ്സിന് ശേഷം വളർച്ചയുടെ വേഗം കുറയുക.
  • പ്രായപൂർത്തിയാകലിന്റെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുക.
  • സാമൂഹികമായി ഒറ്റപ്പെടുകയോ അല്ലെങ്കിൽ “പിന്നിലായിപ്പോകുന്നു” എന്ന തോന്നൽ ഉണ്ടാവുകയോ ചെയ്യുക.

സഹായകരമാകുന്ന വസ്തുതകൾ:

  • സാവധാനം വളർച്ച പ്രാപിക്കുന്ന പലരും സ്വാഭാവികമായിത്തന്നെ വൈകി പൂർണ്ണവളർച്ചയിലെത്തുകയും സാധാരണ ഉയരം കൈവരിക്കുകയും ചെയ്യും.
  • ഡോക്ടർമാർ വളർച്ചാ ചാർട്ടുകളും എല്ലിന്റെ വളർച്ച കണ്ടെത്താനുള്ള സ്കാനുകളും ഉപയോഗിച്ച് വളർച്ചാരീതി നിരീക്ഷിക്കും.
  • ഭക്ഷണം, ഉറക്കം, സമ്മർദ്ദം എന്നിവ സംബന്ധിച്ച താളപ്പിഴകളുണ്ടെങ്കിൽ അത് സാധാരണ ഗതിയിലാക്കുക.

ചില കേസുകളിൽ,  സുരക്ഷിതമായി പ്രായപൂർത്തിയാകൽ ആരംഭിക്കാൻ ഹ്രസ്വകാല ഹോർമോൺ ചികിത്സ (short-term hormonal treatment) വേണ്ടിവന്നേക്കാം.

മാതാപിതാക്കൾ ആശങ്കപ്പെടേണ്ടത് എപ്പോൾ?

താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു ഡോക്ടറുടെ അഭിപ്രായം തേടണം:

  • 3 വയസ്സിനു ശേഷം വർഷത്തിൽ 4–5 സെൻ്റീമീറ്ററിൽ താഴെ മാത്രം വളർച്ച.
  • പെൺകുട്ടികളിൽ 8 വയസ്സിന് മുൻപോ, ആൺകുട്ടികളിൽ 9 വയസ്സിന് മുൻപോ പ്രായപൂർത്തിയാകുന്നതിൻ്റെ ലക്ഷണങ്ങൾ കാണുക. അല്ലെങ്കിൽ പെൺകുട്ടികളിൽ 13 വയസ്സിനുള്ളിലോ ആൺകുട്ടികളിൽ 14 വയസ്സിനുള്ളിലോ ഒരു ലക്ഷണവും പ്രകടമാകാതിരിക്കുക.
  • അകാരണമായി ശരീരഭാരം കുറയുക (weight loss), സ്ഥിരമായ ക്ഷീണം (chronic fatigue), അല്ലെങ്കിൽ മാനസികമായ പിൻവലിയുന്ന സ്വഭാവം  (emotional withdrawal) എന്നിവ.
  • വളർച്ചാ ചാർട്ടുകളിൽ കുട്ടി മുമ്പ് ഉണ്ടായിരുന്ന ഉയര ശതമാനത്തിൽ നിന്ന് താഴേക്ക് പോകുക.

ശിശുരോഗ വിദഗ്ധനെയോ അല്ലെങ്കിൽ പീഡിയാട്രിക് എൻഡോക്രൈനോളജിസ്റ്റിനെയോ സമീപിച്ച് പതിവായി പരിശോധനകൾ നടത്തുന്നത് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താനും വളർച്ച ക്രമാനുഗതമാക്കാനും സഹായിക്കും.

വളർച്ചാ മാറ്റങ്ങളിൽ കുട്ടിയെ പിന്തുണയ്ക്കാൻ

1.വ്യത്യസ്തത ആഘോഷിക്കുക: ഓരോ ശരീരവും അതിൻ്റേതായ സമയമനുസരിച്ചാണ് വളരുന്നത്. ഏറ്റക്കുറച്ചിലുകൾ മനസ്സിനെ ബാധിക്കാതെ ശ്രദ്ധിക്കുക.

2.സന്തുലിതമായ ഭക്ഷണം നൽകുക: മുഴുധാന്യങ്ങൾ (whole grains), പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണം നൽകുക.

3.പുറത്ത് കളിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും പ്രോത്സാഹിപ്പിക്കുക: സൂര്യപ്രകാശം വിറ്റാമിൻ ഡി വർദ്ധിപ്പിക്കും.

4.ഉറക്കത്തിന് മുൻഗണന നൽകുക: ഗാഢനിദ്രയിലാണ് വളർച്ചാ ഹോർമോൺ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നത്.

5.സംഭാഷണങ്ങളിൽ രഹസ്യാത്മകത ഒഴിവാക്കാം: നേരത്തെയോ വൈകിയോ പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക് ഒറ്റപ്പെടൽ അനുഭവപ്പെടാം. അവരെ സംഭാഷണങ്ങളുടെ ഭാഗമാക്കുക.

6.ഹോർമോൺ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുള്ള വിഷവസ്തുക്കളും പ്ലാസ്റ്റിക്കുകളും പരിമിതപ്പെടുത്തുക.

7.ശാന്തരായിരിക്കുക, അറിവുള്ളവരായിരിക്കുക: മാതാപിതാക്കളുടെ ആശങ്ക പലപ്പോഴും കുട്ടികളിലേക്കും വ്യാപിക്കും.

വളർച്ച ഒരു മത്സരമല്ല.  ഓരോ കുട്ടിയും അവരവരുടെ രീതിയ്ക്കനുസൃതമായാണ് വളരുക. കുട്ടി നേരത്തേ വളർന്നാലും വൈകി വളർന്നാലും ശരാശരി വളർച്ചയായാലും, ആരോഗ്യം, പോഷകാഹാരം, വൈകാരിക പിന്തുണ എന്നിവയിലാണ് ശ്രദ്ധ നൽകേണ്ടത്. 

ഒരല്പം ഉയരം കൂടുതലോ കുറവോ, അല്ലെങ്കിൽ ഏതാനും മാസങ്ങളുടെ വ്യത്യാസമോ അവരുടെ കഴിവുകളെ ബാധിക്കില്ല.  ക്ഷമയും സ്നേഹവും അവബോധവുമാണ് ഏറ്റവും  പ്രധാനം.

References

  1. Styne DM et al. Pediatric Endocrinology, 5th ed. Elsevier.
  2. Kaplowitz PB. “Update on Precocious Puberty.” Advances in Pediatrics
  3. American Academy of Pediatrics. “Evaluating Growth and Pubertal Development in Children and Adolescents.”

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe