ചെവിയിൽ എപ്പോഴും മുഴക്കം കേൾക്കുന്നുണ്ടോ?

ചെവിയിൽ എപ്പോഴും മുഴക്കം കേൾക്കുന്നുണ്ടോ?

ടിനൈറ്റസിനെക്കുറിച്ച് മനസ്സിലാക്കാം

ചെവിയിൽ തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം, അല്ലെങ്കിൽ ഒരുതരം മൂളൽ പോലെ അനുഭവപ്പെടുന്നുണ്ടോ?  ടിനൈറ്റസ് എന്ന അവസ്ഥയാണത്.  ചെവിയിലെ ഈ മൂളൽ കേൾക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾ ലോകത്താകമാനം ഉണ്ട്. ടിനൈറ്റസ് എന്നത് ഒരു അസുഖമല്ലെങ്കിലും,  രോഗാവസ്ഥയുടെ ലക്ഷണമാണിത്. നിസ്സാരമെന്ന് കരുതി അവഗണിക്കേണ്ട ഒരവസ്ഥയല്ല ഇത് എന്ന് നമ്മൾ ആദ്യം തന്നെ മനസ്സിലാക്കാണം. കാരണം, നമ്മുടെ ജീവിതനിലവാരത്തെ തന്നെ ദോഷകരമായി ബാധിക്കാൻ ഈ അവസ്ഥ വഴിവെച്ചേക്കാം എന്നതുതന്നെ. ചെറിയ പ്രയാസങ്ങൾ  മുതൽ ഉറക്കക്കുറവ്, വൈകാരികമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും ടിനൈറ്റസ് കാരണമാകാം.

ടിനൈറ്റസിൻ്റെ കാരണങ്ങൾ, ഇത് സംബന്ധിച്ച് ശാസ്ത്രം നൽകുന്ന നിർവചനം, ലഭ്യമായ ചികിത്സാ രീതികൾ, നേരിടാനുള്ള മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായി പരിശോധിക്കാം.

എന്താണ് ടിനൈറ്റസ്?

ബാഹ്യമായ ശബ്ദങ്ങൾ  ഇല്ലാത്തപ്പോഴും ചെവിയിൽ മുഴക്കമോ മൂളലോ ഇരമ്പമോ കേൾക്കുന്ന ഒരവസ്ഥയാണ് ടിനൈറ്റസ്. പലർക്കും പലരീതിയിലാണ് ഇത് അനുഭവപ്പെടുക. മൂളൽ, ചൂളംവിളി, ഇരമ്പൽ, ക്ലിക്ക് ശബ്ദം, മുഴക്കം – അങ്ങനെയെല്ലാം. ഇത് ഇടയ്ക്കിടെ മാത്രമായോ തുടർച്ചയായോ ഉണ്ടാകാം. ഒരു ചെവിയിലോ ഇരുചെവികളിലോ ഈ ശബ്ദം കേൾക്കാം.

ടെനൈറ്റസിന് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട്:

1. സബ്ജക്ടീവ് ടിനൈറ്റസ് (Subjective Tinnitus)

ഏറ്റവും സാധാരണമായി കാണുന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണിത്. ഈ അവസ്ഥയിൽ, അതനുഭവിക്കുന്ന  വ്യക്തിക്ക് മാത്രമേ ഇത്തരം ശബ്ദങ്ങൾ കേൾക്കാൻ കഴിയൂ.

2. ഒബ്ജക്ടീവ് ടിനൈറ്റസ് (Objective Tinnitus)

വളരെ അപൂർവ്വമായി മാത്രം കാണുന്ന അവസ്ഥയാണ് ഒബ്ജക്റ്റീവ് ടിനൈറ്റസ്. രക്തക്കുഴലുകളിലോ പേശികളിലോ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം.ഡോക്ടർക്ക് പരിശോധനയ്ക്കിടയിൽ ഈ ശബ്ദം കേൾക്കാൻ സാധിക്കും.

ടിനൈറ്റസ് സാധാരണമാണോ?

അമേരിക്കൻ ടിനൈറ്റസ് അസോസിയേഷൻ (ATA)  നൽകുന്ന വിവരങ്ങൾ അനുസരിച്ച്,  ആകെ ജനസംഖ്യയുടെ 15 മുതൽ 20 ശതമാനം വരെ ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള ടിനൈറ്റസ് അനുഭവപ്പെടുന്നുണ്ട്. പ്രായമായവരിലും സൈനിക സേവനം അനുഷ്ഠിച്ചവരിലും  തുടർച്ചയായി വലിയ ശബ്ദം കേൾക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.

കാരണങ്ങൾ

ശാരീരികവും നാഡീസംബന്ധവുമായ പലതരം പ്രശ്നങ്ങൾ മൂലം  ടിനൈറ്റസ് ഉണ്ടാകാം. ഏറ്റവും സാധാരണമായ ചില കാരണങ്ങൾ ഇനിപ്പറയുന്നു:

1. കേൾവിക്കുറവ്

പ്രായം കൂടുമ്പോഴുള്ള സ്വാഭാവിക കേൾവിക്കുറവും  അമിതമായ ശബ്ദം മൂലം ചെവിക്കുണ്ടാകുന്ന പ്രശ്നങ്ങളും പ്രധാന കാരണങ്ങളാണ്. ചെവിക്കുള്ളിലെ കോക്ലിയയിലെ സൂക്ഷ്മമായ ഹെയർസെല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ, ഈ നഷ്ടം നികത്താനായി മസ്തിഷ്ക്കം, സ്വയം ശബ്ദങ്ങൾ സൃഷ്ടിക്കാൻ  തുടങ്ങുന്നു.

2. മരുന്നുകൾ (ഓട്ടോടോക്സിക് മരുന്നുകൾ)

ചില മരുന്നുകളുടെ ഉപയോഗം ടിനൈറ്റസിന് കാരണമാകുകയോ അസ്വസ്ഥത  വർദ്ധിപ്പിക്കുകയോ ചെയ്യാനിടയുണ്ട്.  അത്തരം ചില മരുന്നുകൾ ഇനിപ്പറയുന്നു:

  • ആസ്പിരിൻ (കൂടിയ അളവിൽ ആണങ്കിൽ)
  • നോൺ-സ്റ്റിറോയ്ഡൽ ആൻ്റി-ഇൻഫ്ലമേറ്ററി മരുന്നുകൾ (NSAIDs)
  • ചില ആൻ്റിബയോട്ടിക്കുകൾ (ഉദാഹരണത്തിന്: ജെൻ്റാമൈസിൻ)
  • ലൂപ്പ് ഡയൂറെക്ടിസ്
  • കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ

3. നാഡീവ്യൂഹത്തിലേയും രക്തചംക്രമണ വ്യവസ്ഥയിലേയും തകരാറുകൾ

  • മെനിയേഴ്സ് രോഗം 
  • അക്കോസ്റ്റിക് ന്യൂറോമ
  • ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തയോട്ടത്തിലെ ക്രമക്കേടുകൾ
  • ടെമ്പറോമാൻഡിബുലാർ ജോയിൻ്റ് (TMJ) തകരാറുകൾ

4. തലയ്ക്കും കഴുത്തിനും ഏൽക്കുന്ന ക്ഷതങ്ങൾ

തലയ്ക്കും കഴുത്തിനും ഏൽക്കുന്ന കേടുപാടുകൾ മൂലം ടിനൈറ്റസ് ഉണ്ടാകാം. ഇത്തരം പരിക്കുകൾ ശ്രവണസഹായികളായ നാഡികളേയോ, ചെവിയുടെ ആന്തരിക ഘടനയേയോ, തലച്ചോറിൻ്റെ പ്രവർത്തനത്തേയോ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.

ശാസ്ത്രം നിർവ്വചിക്കുന്നത്:

ചെവിയുടെ മൂന്നു ഭാഗങ്ങളാണ് ബാഹ്യ കർണ്ണം, മധ്യ കർണ്ണം, ആന്തര കർണ്ണം എന്നിവ. ഇതിൽ മധ്യ കർണ്ണത്തിലോ ആന്തര കർണ്ണത്തിലോ ഉണ്ടാകുന്ന അസുഖങ്ങൾ മൂലമോ അണുബാധ കൊണ്ടോ ടിനൈറ്റസ് അനുഭവപ്പെടാം. അതുപോലെതന്നെ, വെസ്റ്റിബുലാർ കോക്ളിയർ നാഡിക്കുണ്ടാകുന്ന ക്ഷതങ്ങൾ ടിനൈറ്റസിന് കാരണമാകാറുണ്ട്. ഈ നാഡികൾക്കടുത്തുള്ള അതിസൂക്ഷ്മ രക്തക്കുഴലുകളിലെ സ്തരങ്ങൾക്ക് വീക്കം ഉണ്ടാകുന്നത്, ടിനൈറ്റസിന് ഇടവരുത്തും.

അപൂർവ്വമായി, തലച്ചോറിൻ്റെ പ്രവർത്തനങ്ങളിൽ വരുന്ന ചില അസ്വാഭാവികമായ വ്യതിയാനങ്ങളുടെ ഫലമായും ടിനൈറ്റസ് ഉണ്ടാകാം. കേൾവിക്കുറവ് പോലുള്ള പ്രശ്നങ്ങൾ കാരണം ചെവിയിൽ നിന്ന് തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ കുറയുമ്പോൾ, ആ നിശ്ശബ്ദതയെ മാറ്റാൻ മസ്തിഷ്ക്കം ശ്രമിക്കുകയും, അതിൻ്റെ ഫലമായി നമ്മൾ ഇല്ലാത്ത ശബ്ദം കേൾക്കുകയും ചെയ്യുന്നു.

ഫങ്ഷണൽ എംആർഐ (fMRI) പഠനങ്ങളിൽ, ടിനൈറ്റസ് അനുഭവിക്കുന്നവരുടെ മസ്തിഷ്ക്കത്തിൽ,  താഴെ പരാമർശിക്കുന്ന  ഭാഗങ്ങളിൽ അസാധാരണമായ പ്രവർത്തനം കണ്ടെത്തിയിട്ടുണ്ട്:

  • ഓഡിറ്ററി കോർട്ടെക്സ് (കേൾവിയുമായി ബന്ധപ്പെട്ട ഭാഗം)
  • ലിംബിക് സിസ്റ്റം (വികാരങ്ങളെയും ഓർമ്മകളെയും നിയന്ത്രിക്കുന്ന ഭാഗം)
  • ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക് (DMN)

ടിനൈറ്റസ് എന്നത്, കേവലം കേൾവിയുമായി ബന്ധപ്പെട്ട ഒരു പ്രയാസം മാത്രമല്ല, അതിന് വൈകാരികവും ബൌദ്ധികവുമായ തലം കൂടിയുണ്ട് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

ടിനൈറ്റസ് എങ്ങനെ നിർണ്ണയിക്കാം?

ടിനൈറ്റസ്  കണ്ടെത്താൻ പ്രത്യേക പരിശോധന നിലവിലില്ല. എങ്കിലും, ആരോഗ്യ വിദഗ്ദ്ധർ സാധാരണയായി, ഇനിപ്പറയുന്ന പരിശോധനകൾ നിർദ്ദേശിക്കാറുണ്ട്:

  • കേൾവി പരിശോധന (ഓഡിയോഗ്രാം)
  • നാഡീപരമായ പ്രശ്നങ്ങൾ സംശയിക്കുന്നുവെങ്കിൽ ഇമേജിംഗ് (എംആർഐ അല്ലെങ്കിൽ സിടി സ്കാൻ)
  • തൈറോയ്ഡ് പ്രവർത്തനം, ഇരുമ്പിൻ്റെ അളവ്, ഓട്ടോഇമ്മ്യൂൺ ഘടകങ്ങൾ എന്നിവ കണ്ടെത്താനുള്ള രക്തപരിശോധന
  • ടിഎംജെ (TMJ) അല്ലെങ്കിൽ താടിയെല്ലിൻ്റെ ഘടന വിലയിരുത്താനുള്ള പരിശോധന.

ചികിത്സയും പരിപാലനവും

ടിനൈറ്റസിന് എല്ലാവർക്കും അനുയോജ്യമായ സമഗ്ര പ്രതിവിധി ഇല്ലെങ്കിലും, പലതരം ചികിത്സാരീതികൾ സംയോജിപ്പിച്ച്  ചികിൽസിക്കുന്നതിലൂടെ പലർക്കും ആശ്വാസം കണ്ടെത്താനും അസ്വസ്ഥതകളെ നിയന്ത്രിക്കാനും സാധിക്കുന്നുണ്ട്:

1. സൗണ്ട് തെറാപ്പി

വൈറ്റ് നോയ്സ് മെഷീനുകൾ, കേൾവി സഹായികൾ, അല്ലെങ്കിൽ ഓരോരുത്തർക്കും അനുയോജ്യമായ സൗണ്ട് മാസ്കിംഗ് എന്നിവ ഉപയോഗിച്ച് ചെവിയിലെ മുഴക്കം എന്ന തോന്നലിൻ്റെ കാഠിന്യം കുറയ്ക്കുന്ന രീതിയാണിത്.

2.ടിനൈറ്റസ് റീട്രെയ്നിംഗ് തെറാപ്പി(TRT)

രോഗിക്ക് ടിനൈറ്റിസ്  മൂലമുള്ള അസ്വസ്ഥതകൾ കുറച്ചുകൊണ്ടുവരാനായി, ശബ്ദത്തെക്കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാൻ പരിശീലിപ്പിക്കുന്നു. ഇതിലൂടെ, രോഗി, ടിനൈറ്റസിനെ അവഗണിക്കാൻ തുടങ്ങുകയും അങ്ങനെ ബുദ്ധിമുട്ടുകൾ കുറയുകയും ചെയ്യുന്നു. 

3. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി

ടിനൈറ്റസുമായി ബന്ധപ്പെട്ട വൈകാരിക പ്രതിസന്ധി  കൈകാര്യം ചെയ്യാനും, അനുഭവപ്പെടുന്ന ശബ്ദത്തിൻ്റെ കാഠിന്യം കുറയ്ക്കാനും CBT സഹായിക്കുന്നു.

4. മരുന്നുകൾ 

രോഗികളിൽ ടിനൈറ്റിസിനൊപ്പം തന്നെ ഉത്കണ്ഠയും വിഷാദവും അനുഭവപ്പെടുന്നുണ്ടെങ്കിൽ, വിഷാദരോഗത്തിനോ ഉത്കണ്ഠയ്‌ക്കോ ഉപയോഗിക്കുന്ന മരുന്നുകൾ നൽകാറുണ്ട്. ടിനൈറ്റസ് രൂക്ഷമായവരിൽ ഇത് ആശ്വാസം നൽകാൻ സഹായിച്ചേക്കാം.

5. ശ്രവണ സഹായികൾ 

കേൾവിക്കുറവുള്ളവരിൽ, ഹിയറിംഗ് എയ്ഡിലൂടെ ബാഹ്യ ശബ്ദങ്ങൾ വ്യക്തമായി കേൾപ്പിക്കുകയും, അതുവഴി ഉള്ളിലെ മുഴക്കവും പുറത്തെ ശബ്ദവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുകയും ചെയ്യുന്നു.

6. ജീവിതശൈലിയിലെ മാറ്റങ്ങൾ 

  • കഫീൻ, മദ്യം എന്നിവയുടെ ഉപയോഗം കുറയ്ക്കുക.
  • മാനസിക സമ്മർദ്ദം നിയന്ത്രിക്കുക, ഉറക്കം മെച്ചപ്പെടുത്തുക.
  • ഉറക്കെയുള്ള ശബ്ദങ്ങൾ ഒഴിവാക്കുക, ചെവിക്ക് സംരക്ഷണമേകുക .

ആധുനിക ചികിത്സകളും ഗവേഷണങ്ങളും

ടിനൈറ്റസിൻ്റെ അസ്വസ്ഥതകൾ പൂർണ്ണമായും നീക്കുന്നതിനായി 

ഗവേഷകർ പുതിയ മാർഗ്ഗങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്:

  • ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് സ്റ്റിമുലേഷൻ (TMS) പോലുള്ള ന്യൂറോമോഡുലേഷൻ വിദ്യകൾ.
  • കേൾവിയുടെ നാഡീവ്യൂഹങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നുകൾ.
  • കേൾവി വീണ്ടെടുക്കുന്നതിനുള്ള ജീൻ തെറാപ്പി.
  • മൈൻഡ്ഫുൾനെസ് ആധാരമാക്കിയുള്ള സ്ട്രെസ് റിഡക്ഷൻ (MBSR).

അമേരിക്കൻ ടിനൈറ്റസ് അസോസിയേഷൻ (ATA), എൻഐഎച്ച് (NIH) പോലുള്ള സ്ഥാപനങ്ങൾ കൂടുതൽ മെച്ചപ്പെട്ട ചികിത്സകൾ കണ്ടെത്താനായുള്ള ഗവേഷണങ്ങൾക്ക് ധനസഹായം നൽകുന്നുണ്ട്.

ടിനൈറ്റസിനെ നേരിടാൻ

  • രോഗത്തെക്കുറിച്ച് അറിയുക: അസുഖത്തെക്കുറിച്ച് പൂർണ്ണമായും മനസ്സിലാക്കുന്നത് ഈ അവസ്ഥയെ നേരിടാൻ  രോഗികൾക്ക് ആത്മവിശ്വാസം നൽകുന്നു.
  • പിന്തുണയ്ക്കായി കൂട്ടായ്മകൾ: ടിനൈറ്റസ് ബാധിതർ അനുഭവങ്ങൾ പങ്കുവെക്കുന്നത് മാനസിക പ്രയാസം  കുറയ്ക്കാൻ സഹായിക്കും.
  • മൈൻഡ്ഫുൾനെസും ധ്യാനവും: വൈകാരികമായ നിയന്ത്രണത്തിനും ശബ്ദതീവ്രത കുറഞ്ഞതായി തോന്നാനും സഹായിക്കും.

ടിനൈറ്റസ് പുറമേക്ക് പ്രകടമാകാത്ത  ഒരു അവസ്ഥയാണ് എങ്കിലും, അതിൻ്റെ പ്രത്യാഘാതങ്ങൾ കഠിനമാണ്. നേരത്തെയുള്ള രോഗനിർണ്ണയം, ജീവിതശൈലിയിലെ മാറ്റങ്ങൾ, പിന്തുണ, പരിചരണം എന്നിവയാണ് പ്രധാനം. തുടർച്ചയായി ചെവിയിൽ മുഴക്കമോ മറ്റ് ശബ്ദങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ആരോഗ്യ വിദഗ്ദ്ധനെ സമീപിച്ച് പരിശോധന നടത്തേണ്ടതാണ്.

🔗 References:

  1. American Tinnitus Association
  2. NIH Tinnitus Information
  3. Baguley D., McFerran D., Hall D. (2013). “Tinnitus.” Lancet, 382(9904), 1600-1607.
  4. Stressful events

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe