കുഞ്ഞുങ്ങൾ ടിഫിൻ ബോക്സ് കാലിയാക്കുന്നില്ലേ? പോഷകസമൃദ്ധവും രുചികരവുമായ വിഭവങ്ങൾ നൽകാം

ഉച്ചഭക്ഷണപ്പാത്രത്തിൽ കൊടുത്തുവിടുന്നത് അൽപ്പം മാത്രം കഴിച്ച് മതിയാക്കുന്ന, ഒട്ടും കഴിക്കാതെ കളയുന്ന, ധാരാളം കുട്ടികളുണ്ട്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ദിവസേന ടിഫിൻ ബോക്‌സിൽ എന്തുകൊടുത്തു വിടണം എന്ന ആശയക്കുഴപ്പമുണ്ടാകും. കുഞ്ഞുങ്ങളുടെ ആഹാരം പോഷകസമൃദ്ധമായിരിക്കണം എന്ന് നിർബന്ധമുള്ളവരാണ് എല്ലാ രക്ഷിതാക്കളും. അതേസമയം കുഞ്ഞുങ്ങളെ സംബന്ധിച്ച്, അത് രുചികരമാകണം എന്നേയുള്ളൂ. ദിവസേനയുള്ള പഠനത്തിനും കളികൾക്കും ആവശ്യമായ ഊർജ്ജം അതിൽ നിന്ന് ലഭിക്കണം എന്നാണ് അദ്ധ്യാപകരുടെ ആഗ്രഹം. എന്നാൽ പലപ്പോഴും ടിഫിൻ ബോക്‌സ് കാലിയാകാതെ തന്നെ വീട്ടിലേക്കെത്തുന്നു. പോഷണവും രുചിയും ഒരുമിച്ച് കൊണ്ടുപോകുന്നത് എളുപ്പമല്ല എന്നതാണ് ഇതിൻ്റെ പ്രധാനകാരണം. ശാസ്ത്രവും സർഗ്ഗാത്മകതയും ചേർന്നാൽ, പോഷണവുമായി, രുചിയുമായി.
ടിഫിൻ ബോക്‌സിലെ പോഷണം പ്രധാനമാകാൻ കാരണം
ഒരു കുട്ടിയുടെ തലച്ചോറ് ഒരു ദിവസം ശരീരത്തിന്റെ മൊത്തം ഗ്ലൂക്കോസ് വിതരണത്തിന്റെ 50% വരെ ഉപയോഗിക്കുന്നുണ്ട്. സമീകൃതമായ ഉച്ചഭക്ഷണം ഒഴിവാക്കുമ്പോൾ, ശ്രദ്ധ, ഓർമ്മശക്തി, പഠനം എന്നിവയ്ക്ക് ആവശ്യമായ ഊർജ്ജം തലച്ചോറിന് ലഭിക്കാതെ വരുന്നു.
ഐ.സി.എം.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (ICMR-NIN) നൽകുന്ന വിവരമനുസരിച്ച്, സ്കൂൾ ഉച്ചഭക്ഷണത്തിൽ താഴെ പറയുന്ന കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം:
- ദിവസേന വേണ്ട കലോറിയുടെ 30–40%
- മാക്രോ ന്യൂട്രിയന്റുകളുടെ സമ്മിശ്രണം: ഊർജ്ജത്തിനായി കാർബോഹൈഡ്രേറ്റുകൾ, വളർച്ചയ്ക്ക് പ്രോട്ടീനുകൾ, തലച്ചോറിന്റെ വികാസത്തിന് കൊഴുപ്പുകൾ എന്നിവ.
- പ്രതിരോധശേഷിക്കും ഏകാഗ്രതയ്ക്കുമായി ഇരുമ്പ്, കാൽസ്യം, സിങ്ക്, വിറ്റാമിനുകൾ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ.
ഈ സന്തുലനം നഷ്ടമാകുമ്പോൾ, കുട്ടികൾക്ക് ക്ഷീണം, ശ്രദ്ധക്കുറവ്, ഇടയ്ക്കിടെയുള്ള അസുഖങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്.
തൃപ്തിയുടെയും രുചിയുടെയും ശാസ്ത്രം
കാണാൻ രസമില്ല, രുചിയില്ല എന്നൊക്കെ പറഞ്ഞ് കുട്ടികൾ ഭക്ഷണം കഴിക്കാതെ വെക്കാറുണ്ട്. എന്നാൽ, ഭക്ഷണത്തിന്റെ തൃപ്തിയും കാഴ്ചയിലുള്ള ആകർഷണീയതയും കുട്ടികളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കിയാൽ, ഇതെളുപ്പമാകും:
- പ്രോട്ടീൻ + ഫൈബർ കോംബോ: ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും കുട്ടികളെ കൂടുതൽ നേരം വയറ് നിറഞ്ഞ അവസ്ഥയിൽ നിലനിർത്തുകയും ഊർജ്ജം പെട്ടെന്ന് കുറഞ്ഞുപോകുന്നത് തടയുകയും ചെയ്യുന്നു. (ഉദാഹരണത്തിന്: പരിപ്പ് പറാത്ത ,കൂടെ വെള്ളരിക്ക കഷ്ണങ്ങൾ).
- നിറങ്ങളും ഘടനയും: തിളക്കമുള്ളതും, കടിക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നതും വർണ്ണാഭമായതുമായ ഭക്ഷണം കുട്ടികളിൽ താൽപ്പര്യം സൃഷ്ടിക്കും. (കാരറ്റ് സ്റ്റിക്ക്സ്, ബീറ്റ്റൂട്ട് റൊട്ടി, അല്ലെങ്കിൽ ഫ്രൂട്ട് സാലഡുകൾ എന്നിവ).
- അളവുകൾ: കുട്ടികളുടെ വയറ് ചെറുതാണ്— വലിയ അളവിലുള്ള ഭക്ഷണത്തോടുള്ള ഇഷ്ടക്കേട്, കുഞ്ഞുവായിൽകൊള്ളുന്ന തരത്തിലുള്ള ആഹാരം നൽകി മാറ്റാനാകും.
ടിഫിൻ ബോക്സിൽ കുറഞ്ഞത് മൂന്ന് വ്യത്യസ്ത നിറങ്ങളെങ്കിലുമുള്ള ഭക്ഷണം ഉണ്ടെങ്കിൽ കുട്ടികൾ കഴിക്കാനുള്ള സാദ്ധ്യത 30% കൂടുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
മികച്ചതും രുചികരവുമായ ടിഫിനുകൾ
ശാസ്ത്രവും സ്വാദും സമന്വയിപ്പിക്കുന്ന ആഹാരം തയ്യാറാക്കാനുള്ള ചില പ്രായോഗിക വിവരങ്ങൾ താഴെ നൽകുന്നു:
1.മിനി സ്റ്റഫ്ഡ് പറ്റാത്ത
1.പനീർ, ഗ്രീൻപീസ്, അല്ലെങ്കിൽ കാരറ്റ് എന്നിവ നിറച്ച ഗോതമ്പ് പറാത്ത
2.പ്രോട്ടീൻ ഊർജ്ജം നിലനിർത്തുന്നു; ഫൈബർ ദഹനത്തെ സഹായിക്കുന്നു
3.പ്രോബയോട്ടിക്സിനായി തൈര് അല്ലെങ്കിൽ പുതിന ചട്‌നി എന്നിവയ്‌ക്കൊപ്പം നൽകാം.
2.ഇഡ്ഡലിയും വെജിറ്റബിൾ സാമ്പാറും
1.പുളിപ്പിച്ച മാവ് കൊണ്ടുള്ള ഇഡ്ഡലി = കുടലിന് പ്രോബയോട്ടിക്സ്
2.സാമ്പാർ = പരിപ്പ് പ്രോട്ടീൻ + പച്ചക്കറി വിറ്റാമിനുകൾ.
3ഇഡ്ഡലി മാവിൽ അല്പം ഗ്രേറ്റ് ചെയ്ത കാരറ്റോ ചീരയോ ചേർത്ത് നിറം കൂട്ടാം.
3.റാഗി (മുത്താറി) ദോശയും ചട്‌നിയും
1.കാൽസ്യത്താൽ സമ്പന്നം, എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം.
2.ലൈക്കോപീൻ (ആന്റിഓക്‌സിഡന്റ്) ധാരാളമുള്ള തക്കാളി ചട്‌നിയും കൂടെ നൽകാം.
4.ഓട്‌സ് & വെജിറ്റബിൾ കട്ട്ലറ്റ്
1.ഓട്‌സ് കൊളസ്‌ട്രോൾ കുറയ്ക്കുകയും പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.
2.പുഴുങ്ങിയ ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, ബീറ്റ്റൂട്ട് എന്നിവ ചേർത്ത് നല്ല ക്രഞ്ചി കട്ട്ലറ്റ് ഉണ്ടാക്കുക.
5.ഹോൾ-വീറ്റ് ചപ്പാത്തി റോൾസ്
1. കയ്യിൽ പിടിക്കാനും കഴിക്കാനും എളുപ്പം.
2.പുഴുങ്ങിയ മുട്ട ചിക്കിയത്, പനീർ ബുർജി, അല്ലെങ്കിൽ ചിക്കൻ എന്നിവ ചേർത്ത് റോൾ ചെയ്യുക.
3.ചെറിയ ഇടവേളകളിൽ കഴിക്കാൻ ഇത് എളുപ്പമാണ്.
6.ഫ്രൂട്ട് + നട്ട് ബോക്സ്
1.ആപ്പിൾ കഷ്ണങ്ങൾ, പഴം, അല്ലെങ്കിൽ പപ്പായ എന്നിവ ഉൾപ്പെടുന്ന ഒരു ചെറിയ ബോക്സ്.
2.ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന ഒമേഗ-3 ലഭിക്കുന്നതിനായി 4-5 കുതിർത്ത ബദാമോ വാൽനട്ടോ കൂടെ ചേർക്കുക.
ഭക്ഷണം ആസ്വാദ്യകരമാക്കാം: കഴിക്കുന്നതിന്റെ മനഃശാസ്ത്രം
ചിപ്‌സും ബിസ്‌ക്കറ്റും കുട്ടികൾക്ക് പ്രിയങ്കരമാകുന്നത് എന്തുകൊണ്ടാണ്? കുഞ്ഞുങ്ങൾക്ക് ആകർഷണം തോന്നുന്ന തരത്തിൽ, രസകരമായ രീതിയിലാണ് അവ വിപണനം ചെയ്യുന്നത് എന്നതുതന്നെ. ടിഫിൻ ബോക്സിലും അതേരീതി നടപ്പാക്കാം!
- ചപ്പാത്തി, സാൻഡ്‌വിച്ച് അല്ലെങ്കിൽ പഴങ്ങൾ എന്നിവയ്ക്ക് വിവിധ രൂപങ്ങൾ നൽകാൻ കുക്കീ കട്ടറുകൾ ഉപയോഗിക്കുക.
- എന്തെങ്കിലും ഒരു “സർപ്രൈസ് ഘടകം” ചേർക്കുക (ഉദാഹരണത്തിന്: കട്ട്ലറ്റിന്റെ ഉള്ളിൽ ഒരു ഈന്തപ്പഴം അല്ലെങ്കിൽ ഉണക്കമുന്തിരി വെക്കുക).
- കുട്ടികളെ അവരുടെ ഉച്ചഭക്ഷണം പാത്രത്തിൽ നിറയ്ക്കാൻ പങ്കാളികളാക്കുക — അവർ ഉണ്ടാക്കാൻ സഹായിച്ച ഭക്ഷണം കഴിക്കാൻ അവർക്ക് കൂടുതൽ താൽപ്പര്യമുണ്ടാകും.
ടെൻഷനില്ലാതെ ടിഫിൻ ബോക്സ് നിറയ്ക്കാം
- തലേദിവസം തയ്യാറെടുക്കുക: പച്ചക്കറികൾ അരിഞ്ഞ് വെയ്ക്കാം, മുട്ട പുഴുങ്ങി വെയ്ക്കാം.ഇങ്ങനെ നേരത്തെ ഒരുക്കിവെക്കാൻ കഴിയുന്ന കാര്യങ്ങൾ തലേദിവസം രാത്രി ചെയ്യാം.
- പൂർണ്ണത നോക്കണ്ട, സന്തുലിതമായാൽ മതി: എല്ലാ ബോക്സും എല്ലാം തികഞ്ഞതായിയിരിക്കണമെന്നില്ല. പോഷകങ്ങളുടെയും രുചിയുടേയും കാര്യത്തിൽ അൽപ്പം ശ്രദ്ധയുണ്ടാകണമെന്നതിലാണ് കാര്യം.
- വെള്ളം: കുട്ടികളോട് അവരുടെ വാട്ടർ ബോട്ടിൽ നിറച്ച് കൊണ്ടുപോകാനും അതിലെ വെള്ളം മുഴുവൻ കുടിക്കാനും ഓർമ്മിപ്പിക്കുക.
- വിരസത ഒഴിവാക്കുക: ധാന്യങ്ങളും (അരി, ഗോതമ്പ്, ചെറുധാന്യങ്ങൾ) പ്രോട്ടീനുകളും (പനീർ, പയറുവർഗ്ഗങ്ങൾ, മുട്ട) മാറിമാറി ഉപയോഗിച്ച് വിഭവങ്ങൾ തയ്യാറാക്കാം.
പോഷകഗുണങ്ങൾ കൊണ്ട് സന്തുലിതമാവുകയും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കുകയും ചെയ്യുമ്പോൾ, അവർക്ക് കഴിക്കാൻ താൽപ്പര്യമുണ്ടാകും, ഒപ്പം പോഷകങ്ങൾ,ശരീരത്തിന് ഊർജ്ജം പകരുന്നതോടൊപ്പം ഏകാഗ്രത വർദ്ധിപ്പിച്ച് മാനസികനില മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇനി മുതൽ കുഞ്ഞ് ലഞ്ച് ബോക്സ് തുറക്കുമ്പോൾ, അവർക്ക് കഴിക്കാനുള്ള താൽപ്പര്യം ഉണ്ടാകട്ടെ. അതിനായി വർണ്ണാഭമായ, രുചി നിറച്ച,നല്ല ഭക്ഷണം തയ്യാറാക്കാം!




