പുരുഷൻമാരിലെ വിഷാദമെന്ന നിശബ്ദ യുദ്ധം :  ജീവിത സന്തുലനം വീണ്ടെടുക്കാൻ വേണ്ടത്

പുരുഷൻമാരിലെ വിഷാദമെന്ന നിശബ്ദ യുദ്ധം :  ജീവിത സന്തുലനം വീണ്ടെടുക്കാൻ വേണ്ടത്

 അതിശക്തരും പ്രതികരണശേഷിയുള്ളവരും വൈകാരിക സ്ഥിരതയുള്ളവരുമായിരിക്കണം പുരുഷൻമാർ എന്നതാണ് വർത്തമാനകാലത്തെ അലിഖിത നിയമം എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. സംസ്കാരത്തിലൂടെയും പാരമ്പര്യത്തിലൂടെയുമൊക്കെ  ആഴത്തിൽ സഞ്ചരിച്ചെത്തുന്ന  ഇത്തരം സാമൂഹ്യ ധാരണകൾ,    പുരുഷന്മാർക്ക്  വൈകാരിക പ്രശ്നങ്ങൾ നേരിടുമ്പോൾ അത്  പ്രകടിപ്പിക്കുന്നതിനും  സഹായം തേടുന്നതിനും മറ്റുമുള്ള   

വിലങ്ങുതടിയായി മാറുന്നു. തൽഫലമായി, പുരുഷന്മാരിലെ വിഷാദം ആരാലും ശ്രദ്ധിക്കപ്പെടാതെയും, അത് ചികിത്സ ആവശ്യമുള്ള  രോഗാവസ്ഥയാണെന്ന്  തിരിച്ചറിപ്പെടാതെ പോകുകയും  ചെയ്യുന്നു. ഇത് പുരുഷന്മാരിൽ മാനസികവും ശാരീരികവും വൈകാരികവുമായ  ഗുരുതരമായ  പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. 

പുരുഷന്മാരിൽ  വിഷാദമുണ്ടാക്കുന്ന സങ്കീർണ്ണതകൾ എന്തെല്ലാമാണ് , അത് ഒളിച്ചു വെക്കേണ്ടി വരുന്നതിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ് എന്നും സമാധാനപരമായി ജീവിതം നയിക്കാനും  വിഷാദത്തെ നേരിടാനും സ്വാസ്ഥ്യം നേടാനുമുള്ള ചില പ്രായോഗിക വഴികൾ എന്തെല്ലാമാണെന്നും വിശദമായി നോക്കാം. 

പുരുഷന്മാരിലെ വിഷാദം: പ്രകടമാകാത്ത പ്രതിസന്ധി

വിഷാദം  ഒരിക്കലും ബലഹീനതയുടെ ലക്ഷണമല്ല. ചിന്തകളെയും വികാരങ്ങളെയും ശാരീരികക്ഷമതയേയും ബാധിക്കുന്ന ഗുരുതരമായ ഒരു മാനസികാരോഗ്യ പ്രശ്നമാണത്. സ്ത്രീ പുരുഷഭേദമെന്യേ വിഷാദരോഗം അനുഭവിക്കുന്നുണ്ടെങ്കിലും  പുരുഷന്മാർ അതിനെക്കുറിച്ച് തുറന്നു പറയാനോ ചികിത്സ തേടാനോ ഉള്ള സാധ്യത  പൊതുവെ കുറവായാണ് കണ്ടുവരുന്നത് .എല്ലാം ഉള്ളലൊതുക്കിയൊതുക്കി, ക്രമേണ, ഇത് ആരാലും തിരിച്ചറിയപ്പെടാത്ത മഹാമാരിയായി മാറുന്നു.

പുരുഷന്മാർ എന്തുകൊണ്ട് തുറന്നു പറയുന്നില്ല ? 

  • സാംസ്കാരികമായ കണ്ടീഷനിംഗ്: 

നിസ്സഹായത പരസ്യമായി വെളിപ്പെടുത്തുക എന്നത് , ധൈര്യവും ശക്തിയുമുള്ള പുരുഷൻ്റെ ലക്ഷണമല്ല എന്ന സാമൂഹ്യ ധാരണ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ,  കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അത് കഴിവുകേടായി മറ്റുള്ളവർ തെറ്റിദ്ധരിക്കുമോ എന്ന ആശങ്ക അവനെ മഥിക്കാൻ തുടങ്ങും.  

  • മറ്റുള്ളവർ എന്തു കരുതും എന്ന ധാരണ

പ്രയാസങ്ങൾ തുറന്നു പറഞ്ഞാൽ, കേൾക്കുന്നവർ, തന്നെ ദുർബലനായി വ്യാഖ്യാനിക്കും എന്ന ചിന്ത മനസ്സിൽ എത്തുന്നതോടെ പുരുഷൻ പലതും തുറന്ന് പറയാതെ സാഹചര്യവുമായി പൊരുത്തപ്പെട്ട് നിശ്ശബ്ദനാകുന്നതാണ് സാധാരണ കാണാനാകുന്നത് .

  • വ്യത്യസ്ത ലക്ഷണങ്ങൾ:

സങ്കടത്തിൻ്റെയോ കരച്ചിലിന്റെയോ മുഖ്യ ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ക്ഷിപ്രകോപം, എപ്പോഴും ദേഷ്യം, ലഹരിവസ്തുക്കളുടെ ഉപയോഗം, അപകടകരമായ പെരുമാറ്റം എന്നിവയൊക്കെയാണ് പുരുഷന്മാരിൽ  കണ്ടുവരുന്നത്. ഈ അവസ്ഥ  ഇവരിലെ വിഷാദം മനസ്സിലാക്കാൻ പ്രയാസമമുക്കുന്നു.

  • രോഗം തിരിച്ചറിയാനാകാതെ  

പുരുഷന്മാരിലെ വിഷാദരോഗത്തെക്കുറിച്ചുള്ള സമൂഹത്തിൻ്റെ അജ്ഞത,  പലപ്പോഴും അത്  അവഗണിക്കപ്പെടുന്നതിനോ  തെറ്റായി നിർണ്ണയിക്കപ്പെടുന്നതിനോ കാരണമാകും. പലപ്പോഴും ആരോഗ്യ പ്രവർത്തകർക്ക് പോലും ഇത് തിരിച്ചറിയാനാകണമെന്നില്ല. 

പുരുഷന്മാരിലെ വിഷാദത്തിന്റെ ലക്ഷണങ്ങൾ

വിഷാദ രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വത്യസ്തമായിരിക്കുമെങ്കിലും പുരുഷന്മാർക്ക് മാത്രമായുള്ള ചില സാധാരണ ലക്ഷണങ്ങൾ ഇനിപ്പറയാം. 

  • എപ്പോഴും ക്ഷീണം. അല്ലെങ്കിൽ ശക്തിയില്ലായ്മ
  • ഉറങ്ങാൻ ഉള്ള പ്രയാസം അല്ലെങ്കിൽ അമിതമായ ഉറക്കം
  • ക്ഷിപ്രകോപം അല്ലെങ്കിൽ ദേഷ്യം നിറഞ്ഞ പെരുമാറ്റം
  • ജോലി, ഹോബികൾ, ലൈംഗികത എന്നിവയിൽ താൽപ്പര്യക്കുറവ്
  • കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും വൈമുഖ്യം
  • വ്യക്തമായ കാരണമില്ലാത്ത  സ്ഥിരമായ ശരീരവേദന
  • കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഉള്ള  ഉൾവലിയൽ
  • ലഹരിവസ്തുക്കളുടെയോ മദ്യത്തിന്റെയോ ദുരുപയോഗം
  • ആത്മഹത്യയെക്കുറിച്ചോ സ്വയം വേദനിപ്പിക്കുന്നതിനെക്കുറിച്ചോ ഉള്ള ചിന്തകൾ

നമുക്കോ നമ്മുടെ പരിചയത്തിലള്ളതോ ആയ  ആർക്കെങ്കിലുമൊക്കെ  ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അവർക്ക് പിന്തുണ നൽകേണ്ടത് ഒരു ആവശ്യമായി തിരിച്ചറിയണം. 

വൈകാരിക ആഘാതം: പുരുഷന്മാർക്ക് വിഷാദം എങ്ങനെ അനുഭവപ്പെടുന്നു?

ഇരുണ്ട ഒരു ഗുഹയിൽ കുടുങ്ങിപ്പോയതുപോലെയാണ്   വിഷാദത്തിൽ പെട്ടുപോയ പുരുഷൻ്റെ അവസ്ഥ. 

രക്ഷപ്പെടാൻ ഒരു വഴിയുമില്ലാതെ, മരവിച്ചു പോയ വികാരങ്ങളുമായി ശൂന്യമായ മനസ്സോടെ, താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന എല്ലാക്കാര്യങ്ങളിൽ നിന്നും അയാൾ പിൻവലിയുന്നു.  ജോലി സമ്മർദ്ദം, സാമ്പത്തിക ഉത്തരവാദിത്തങ്ങൾ, കുടുംബത്തിൻ്റെ പ്രതീക്ഷകൾ, ബന്ധങ്ങളിലെ വിള്ളൽ എന്നിവ വൈകാരിക ഭാരം വർദ്ധിപ്പിക്കും. ഇത് പലപ്പോഴും ഇനിപ്പറയുന്നതിലേക്ക് നയിക്കുന്നു:

  • ജോലി ചെയ്യുമ്പോൾ തളർച്ച
  • ബന്ധങ്ങളിൽ വിള്ളൽ
  • ശാരീരികക്ഷമത കുറയുക
  • സാമൂഹ്യമായ ഒറ്റപ്പെടൽ
  •  ലക്ഷ്യബോധം നഷ്ടപ്പെടുക 

 സമനില വീണ്ടെടുക്കാം :  പുരുഷന്മാർ ചെയ്യേണ്ടത് 

 മനസ്സ് വിഷാദത്തിന് വഴങ്ങുമ്പോൾ, എല്ലാം അവസാനിച്ചു എന്ന് തോന്നാമെങ്കിലും സൗഖ്യം സാദ്ധ്യമാണ് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്  .

 വിഷാദം നേരിടാൻ  പുരുഷന്മാർ ചെയ്യേണ്ട ലളിതവും ഫലപ്രദവുമായ ചില പോംവഴികൾ ഇതാ:

1. നിശബ്ദത ഭേദിക്കുക

  • ഒരു സുഹൃത്തിനോടോ പങ്കാളിയോടോ വിദഗ്ദ്ധനോടോ തുറന്ന്  സംസാരിക്കുക.
  •  ഡയറി എഴുതുന്നതും ചിന്തകൾ രേഖപ്പെടുത്തി വയ്ക്കുന്നതും  വൈകാരിക സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും.

2. വിദഗ്ധ സഹായം തേടുക

  • ഒരു മനഃശാസ്ത്രഞ്ജനെ സമീപിക്കുക – സൈക്കോതെറാപ്പിക്ക് വിധേയമാകുന്നത്  ബലഹീനതയായി കാണാതിരിക്കുക.  അത് ആത്മവിശ്വാസം വളർത്താനുള്ള മികച്ച  മാർഗ്ഗമാണ്.
  • കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ എന്നിവ  ഫലപ്രാപ്തി തെളിയിക്കപ്പെട്ട ചികിത്സാ രീതികളാണ്.

3. ശാരീരികക്ഷമതയ്ക്കായി സജീവമാകാം

  • പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ എൻഡോർഫിനുകളുടെ അളവ് വർദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • യോഗ, ഓട്ടം, നീന്തൽ, അല്ലെങ്കിൽ ദിവസേനയുള്ള നടത്തം ഇവയെല്ലാം  വിഷാദ രോഗത്തിന് ഫലപ്രദമായ ചികിത്സയാണ് 

4. ഉറക്കവും പോഷകാഹാരവും

  • ഉറക്കമില്ലായ്മയും  ജങ്ക് ഫുഡും വിഷാദരോഗ ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുന്നു.
  • 7-8 മണിക്കൂർ നീളുന്ന ഗാഢനിദ്ര ഉറപ്പാക്കുക. ഒപ്പം ഒമേഗ-3, പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കാൻ ശ്രമിക്കുക.

5. ബന്ധങ്ങൾ മങ്ങാതെ നിലനിർത്തുക 

  •  ഒറ്റപ്പെടൽ ഒഴിവാക്കുക, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അല്ലെങ്കിൽ കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവരുമായി എപ്പോഴും ബന്ധം നിലനിർത്തുക.
  • തുറന്നു സംസാരിക്കുന്നത് മനസ്സിൻ്റെ ഭാരം കുറയ്ക്കുകയും തെറ്റിദ്ധാരണകൾ മാറ്റുകയും ചെയ്യും.

6. ലഹരിവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുക

  • മദ്യം, നിക്കോട്ടിൻ, അല്ലെങ്കിൽ മയക്കുമരുന്നുകൾ എന്നിവ താൽക്കാലിക ആശ്വാസം നൽകിയേക്കാം, പക്ഷേ അതെല്ലാം കാലക്രമേണ വിഷാദ രോഗത്തിനടിമയാക്കും 

7. സന്തോഷം കണ്ടെത്തുക

  • ഹോബികളിലോ  സന്നദ്ധസേവനത്തിലോ ആത്മീയ പരിശീലനങ്ങളിലോ മുഴുകുക.
  • ലക്ഷ്യബോധമുള്ള, മൂല്യവത്തായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക

സാമൂഹ്യ ബോധ്യങ്ങളെ മാറ്റിയെഴുതുക:

പുരുഷൻ വികാരങ്ങളെ നിശബ്ദമായി ഉള്ളിൽ ഒതുക്കണമെന്ന പഴഞ്ചൻ ചിന്താഗതി മാറ്റാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. വിഷാദത്തിന് ലിംഗഭേദമില്ല, അത് മനുഷ്യസഹജമാണ്. 

മനസ്സിനെ അലട്ടുന്ന ബുദ്ധിമുട്ടുകൾ തുറന്നു പറയാനും സങ്കടങ്ങളിൽ കരയാനും മാനസിക സംഘർഷങ്ങൾ  സുഖപ്പെടുത്താനും വീണ്ടും ആ പഴയ സന്തോഷത്തിലേക്ക് തിരികെപ്പോകാനുമുള്ള അവകാശം എല്ലാ മനുഷ്യർക്കുമുണ്ട്. 

നിങ്ങളുടെ  സുഹൃത്തിനെയോ  പങ്കാളിയെയോ സഹപ്രവർത്തകനെയോ വിഷാദം തകർക്കുന്നുണ്ടെങ്കിൽ, അയാളെ വിധിക്ക് വിട്ടുകൊടുക്കാതിരിക്കാൻ  ശ്രദ്ധിക്കുക ,ചേർത്ത് പിടിക്കുക. സഹായം തേടാനുള്ള അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുക.

ജീവിതം പ്രവചനാതീതമാണ്. കൊടുങ്കാറ്റിനെതിരെയുള്ള പ്രയാണം തന്നെയാണ് എല്ലാവർക്കും ജീവിതം .  അതുകൊണ്ട് തന്നെ വിഷാദം ജീവിത യാത്രയുടെ അവസാനമല്ല. വിഷാദ ചിന്തകളെ തടഞ്ഞു നിർത്തി ബോധപൂർവ്വം ചിന്തിച്ച്  നമ്മെത്തന്നെ പുനർനിർമ്മിക്കാനുള്ള  ഉണർത്തുപാട്ടായി അതിനെ കാണാനാകണം. 

ശരിയായ മാനസിക പിന്തുണ നൽകി പുരുഷന്മാരെ അതിജീവനത്തിൽ നിന്ന് അഭിവൃദ്ധിയിലേക്കും നിരാശയിൽ നിന്ന് ലക്ഷ്യത്തിലേക്കും ഒറ്റപ്പെടലിൽ നിന്ന് ആത്മബന്ധങ്ങളിലേക്കും നയിക്കാൻ കഴിയണം.

മാനസിക ബലമെന്നാൽ ഒരു  വൈകാരിക അവസ്ഥയാണ് . നിസ്സഹായതയോടെ തുറന്ന മനസ്സുമായി ഒരാൾക്ക് നിൽക്കേണ്ടി വരുന്നത്  ബലഹീനതയുടെ അടയാളമായി ഇനിയെങ്കിലും നാം കാണരുത് ,മറിച്ച് ധൈര്യത്തോടെ, ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള  സംസ്ക്കാരമായി നാം അതിനെ തിരിച്ചറിയണം,വളർത്തിയെടുക്കണം. 

References :

1.Gendered Manifestations of Depression and Help Seeking Among Men

2.New directions in male-tailored psychotherapy for depression

3.Male depression: Understanding the issues

Related News

ലോക പൊണ്ണത്തടി ദിനം

ലോക പൊണ്ണത്തടി ദിനം

അമിതവണ്ണം എന്ന ആധുനികവിപത്തിനെക്കുറിച്ച് അറിഞ്ഞിരിക്കാം എല്ലാ വർഷവും മാർച്ച് 4-ാം തിയതി നമ്മൾ ലോക പൊണ്ണത്തടി ദിനമായി ആചരിക്കുന്നുണ്ട്. അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന സങ്കീർണ്ണമായ ആരോഗ്യ...

മാർച്ച്‌ 4, 2026 11:03 pm
 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

 സമ്മർദ്ദം ഒഴിവാക്കി ഓർമ്മശക്തി കൂട്ടാം: പരീക്ഷയ്ക്ക് അതിവേഗം ഓർത്തെടുക്കാൻ ഡോക്ടർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ

“ഡോക്ടർ, എല്ലാം പഠിച്ചതാണ്… പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ ഒന്നും ഓർമ്മ കിട്ടുന്നില്ല.” പരീക്ഷാക്കാലത്ത് ക്ലിനിക്കുകളിൽ എത്തുന്ന വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു...

മാർച്ച്‌ 1, 2026 4:10 pm
പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

പരീക്ഷാപ്പേടിയിൽ നിന്ന് ജയിച്ചുകേറാം

ആശങ്കകളെ തോൽപ്പിക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ പരീക്ഷകൾ വിദ്യാർത്ഥികളുടെ മനസ്സിൽ പലതരത്തിലുള്ള വികാരങ്ങൾ സൃഷ്ടിക്കാറുണ്ട്. ആകാംക്ഷ, ഭീതി, ആശങ്ക അങ്ങനെയങ്ങനെ. വാസ്തവത്തിൽ ചെറിയൊരു പേടിയുള്ളത്, പഠനത്തിൽ കൂടുതൽ ശ്രദ്ധ...

മാർച്ച്‌ 1, 2026 12:24 am
വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

വളർത്തുനായ നക്കിയാൽ സെപ്സിസ് വരുമോ?

നായ്ക്കുട്ടിയെ വളർത്തുന്നവർ ഡോഗ് മാസ്റ്ററിൽ നിന്ന്, ഡോഗ് ഓണറിൽ നിന്ന് പെറ്റ് പാരൻ്റിലേക്ക് വളർന്നെത്തിയ കാലമാണിത്. ഒരുകാലത്ത്  വീടിനുപുറത്തുമാത്രം കഴിഞ്ഞിരുന്ന നായ്ക്കുട്ടികൾ ഇന്ന് നമ്മുടെ സന്തതസഹചാരികളായി മാറിക്കഴിഞ്ഞു. ...

ഫെബ്രുവരി 25, 2026 11:21 pm
Top
Subscribe