രക്താതിമർദ്ദം: നേരത്ത തിരിച്ചറിയാം

ഹൃദയത്തെ സംരക്ഷിക്കാം
ഉയർന്ന രക്തസമ്മർദ്ദം, അതായത് ഹൈപ്പർടെൻഷൻ, ‘നിശ്ശബ്ദ കൊലയാളി’ എന്നാണറിയപ്പെടുന്നത്. പേരു പ്രതിഫലിപ്പിക്കുന്നത് പോലെതന്നെ, വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ, പതിയെപ്പതിയെ നമ്മുടെ ശരീരത്തിൽ പിടിമുറുക്കുന്ന രോഗാവസ്ഥയാണിത്. ഹൃദയം, മസ്തിഷ്ക്കം, രക്തക്കുഴലുകൾ എന്നീ ശരീരഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തി മുന്നേറുകയും ഹൃദയാഘാതമോ പക്ഷാഘാതമോ പോലെയുള്ള സങ്കീർണ്ണമായ ആരോഗ്യപ്രശ്നമായി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സമ്മർദ്ദം നിറഞ്ഞ ജീവിതശൈലി, ആരോഗ്യം നഷ്ടമാക്കുന്ന തരം ഭക്ഷണരീതി, വ്യായാമമില്ലായ്മ എന്നിവ പതിവുരീതിയായ ഈ കാലഘട്ടത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ച് മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്താണ് ഉയർന്ന രക്തസമ്മർദ്ദം?
നമ്മുടെ ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ, അത് രക്തക്കുഴലുകളുടെ ഭിത്തികളിൽ ചെലുത്തുന്ന ശക്തിയാണ് രക്തസമ്മർദ്ദം. ഇത് സ്വാഭാവികമായി ദിവസത്തിൽ കൂടുകയും കുറയുകയും ചെയ്യും. എന്നാൽ ഈ മർദ്ദം തുടർച്ചയായി ഉയർന്ന നിലയിൽ നിൽക്കുമ്പോൾ, അത് ധമനികൾക്കും ശരീരത്തിലെ പ്രധാന അവയവങ്ങൾക്കും ദീർഘകാലത്തേക്ക് ദോഷമുണ്ടാക്കും.
രക്താതിമർദ്ദം: നിർവചനം
രക്തസമ്മർദ്ദം രണ്ട് സംഖ്യകളിലായാണ് അളക്കുന്നത്:
- സിസ്റ്റോളിക് പ്രഷർ (മുകളിലെ സംഖ്യ): ഹൃദയം രക്തം പമ്പ് ചെയ്യുന്ന സമയത്തെ മർദ്ദം.
- ഡയസ്റ്റോളിക് പ്രഷർ (താഴത്തെ സംഖ്യ): സ്പന്ദനങ്ങൾക്കിടയിൽ ഹൃദയം വിശ്രമിക്കുമ്പോഴുള്ള മർദ്ദം.
സാധാരണ രക്തസമ്മർദ്ദം: 120/80 mmHg-യിൽ താഴെ
ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം): തുടർച്ചയായി 130/80 mmHgയോ അതിൽ കൂടുതലോ.
രോഗനിർണയം
ഉയർന്ന രക്തസമ്മർദ്ദം പതിവായി അളന്നുനോക്കിയാൽ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. ഒരു തവണ മാത്രം ഉയർന്ന റീഡിംഗ് കാണിക്കുന്നത് മാനസിക സമ്മർദ്ദമോ അല്ലെങ്കിൽ എന്തെങ്കിലും കഠിനമായ പ്രവൃത്തി ചെയ്തതുകൊണ്ടോ ആകാനിടയുണ്ട്. ഇതിനായി ഡോക്ടർമാർ സാധാരണയായി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഇനിപ്പറയുന്നു:
- ആംബുലേറ്ററി ബിപി മോണിറ്ററിംഗ്: 24 മണിക്കൂറും രക്തസമ്മർദ്ദം നിരീക്ഷിക്കുക.
- വീട്ടിലെ പരിശോധന: കൃത്യമായ വിവരങ്ങൾ ലഭിക്കാൻ വീട്ടിൽ വെച്ച് രക്തസമ്മർദ്ദം പരിശോധിക്കുന്നത്.
- ഒറ്റത്തവണത്തെ പരിശോധനയല്ല, ആഴ്ചകളോളം തുടർച്ചയായി നടത്തുന്ന പരിശോധനകളുടെ ഫലമാണ് നിർണ്ണായകമാകുക.
ലക്ഷണങ്ങളും സൂചനകളും
ഉയർന്ന രക്തസമ്മർദ്ദമുള്ള മിക്കവർക്കും പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും പ്രകടമാകാറില്ല. രക്തസമ്മർദ്ദം അമിതമായി ഉയരുമ്പോൾ, അപൂർവ്വമായി, താഴെ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാം:
- കഠിനമായ തലവേദന
- മൂക്കിൽ നിന്ന് രക്തം വരുക
- കാഴ്ച മങ്ങുക
- ശ്വാസം മുട്ടൽ
ഈ കാരണങ്ങൾകൊണ്ടാണ്, പ്രത്യേകിച്ച് 40 വയസ്സിന് ശേഷം, അല്ലെങ്കിൽ അമിതവണ്ണം, പുകവലി, കുടുംബത്തിലെ രോഗ ചരിത്രം തുടങ്ങിയ അപകടസാധ്യതകൾ ഉള്ളവർക്ക് സ്ഥിരമായ പരിശോധനകൾ നിർബന്ധമാക്കുന്നത്.
ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള കാരണങ്ങൾ
- ജീവിതശൈലി: ഉപ്പിന്റെ അമിതോപയോഗം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, മദ്യപാനം, പുകവലി, മാനസിക സമ്മർദ്ദം.
- മറ്റ് രോഗങ്ങൾ: വൃക്കരോഗങ്ങൾ, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ, സ്ലീപ് അപ്നിയ.
- പ്രായവും പാരമ്പര്യവും: പ്രായം കൂടുമ്പോൾ രോഗസാധ്യത കൂടുന്നു, ഒപ്പം കുടുംബ ചരിത്രവും ഒരു പ്രധാന ഘടകമാണ്.
- അമിതവണ്ണം: ശരീരഭാരം കൂടുമ്പോൾ ഹൃദയത്തിന് കൂടുതൽ അദ്ധ്വാനം ചെയ്യേണ്ടിവരുന്നു.
രക്താതിമർദ്ദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം അവഗണിക്കുന്ന പക്ഷം അത് ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കും:
1.ഹൃദയാഘാതവും മറ്റ് ഹൃദ്രോഗങ്ങളും
അമിതമായ രക്തസമ്മർദ്ദം രക്തധമനികളുടെ കട്ടി കൂട്ടാനിടയാക്കുകയും അവയുടെ വ്യാസം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കും. തത്ഫലമായി കൊറോണറി ആർട്ടറി ഡിസീസ് ഉണ്ടാകുകയും ഹൃദയാഘാതത്തിനും ഹൃദയസ്തംഭനത്തിനും സാധ്യത കൂടുകയും ചെയ്യും.
2.പക്ഷാഘാതവും തലച്ചോറിലെ പ്രശ്നങ്ങളും
സ്ട്രോക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന രക്തസമ്മർദ്ദമാണ്. കൂടാതെ, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതു കാരണം ഓർമ്മശക്തിയെയും ചിന്താശേഷിയെയും ബാധിക്കുന്ന വാസ്കുലാർ ഡിമൻഷ്യ പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകും.
3.ഹൃദയ വാൽവ് രോഗം
തുടർച്ചയായ ഉയർന്ന മർദ്ദം ഹൃദയത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്ന വാൽവുകൾക്ക് കേടുപാടുകൾ വരുത്തുകയും അവയെ കട്ടിയുള്ളതാക്കുകയോ രക്തം ചോർന്നുപോകുന്നതിന് കാരണമാകുകയോ ചെയ്യാം.
4.വൃക്കയിലെയും കണ്ണുകളിലെയും പ്രശ്നങ്ങൾ
ഉയർന്ന രക്തസമ്മർദ്ദം വൃക്കകളിലെയും കണ്ണുകളിലെയും അതിലോലമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തി വൃക്കരോഗങ്ങൾക്കും കാഴ്ച നഷ്ടപ്പെടുന്നതിനും ഇടയാക്കും.
പ്രതിരോധം: സ്വയം എങ്ങനെ സംരക്ഷിക്കാം
ഉയർന്ന രക്തസമ്മർദ്ദം തടയാനും നിയന്ത്രിക്കാനും കഴിയുമെന്നത് ഏറെ ആശ്വാസകരമാണ്. ജീവിതശൈലിയില ലളിതമായ മാറ്റങ്ങളിലൂടെ രോഗസാദ്ധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും:
- പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കുക: കൂടുതൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുക; ഉപ്പിന്റെയും സംസ്കരിച്ച ഭക്ഷണത്തിന്റെയും ഉപയോഗം കുറയ്ക്കുക.
- സജീവമായിരിക്കുക: ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക (നടത്തം, സൈക്ലിംഗ്, യോഗ).
- മാനസിക സമ്മർദ്ദം നിയന്ത്രിക്കുക: ധ്യാനം, ശ്വസന വ്യായാമങ്ങൾ, കുറച്ച് നേരം എല്ലാ തിരക്കുകളിൽ നിന്നും മാറി മനസ്സിനും ശരീരത്തിനും വിശ്രമം നൽകുക.
- പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക.
- ആരോഗ്യകരമായ ഭാരം നിലനിർത്തുക.
- പതിവായി രക്തസമ്മർദ്ദം പരിശോധിക്കുക: പ്രത്യേകിച്ചും 40 വയസ്സിന് ശേഷം, അല്ലെങ്കിൽ അപകടസാധ്യതകൾ ഉണ്ടെങ്കിൽ.
ഉയർന്ന രക്തസമ്മർദ്ദം അപായ സൂചനയൊന്നും തന്നെ നൽകാതെ നിശ്ശബ്ദമായി പ്രവർത്തിക്കുന്നു, പക്ഷേ ശ്രദ്ധിക്കാതിരുന്നാൽ, അത് നമ്മെ ഗുരുതര പ്രശ്നങ്ങളിലേക്കെത്തിക്കും. കൃത്യമായ അവബോധം, നേരത്തെയുള്ള രോഗനിർണയം, പ്രതിരോധം എന്നിവ പ്രധാനമാണ്. നേരത്തെ കൈക്കൊള്ളുന്ന തീരുമാനങ്ങളിലൂടെ ഹൃദയത്തെയും തലച്ചോറിനെയും ഭാവിജീവിതത്തെയും സംരക്ഷിക്കാം.




