വീട്ടമ്മമാരിലെ മെന്റൽ ബേൺഔട്ട്. മനസ്സ് തകർക്കുന്ന മഹാമാരി !!!

തിരക്കുപിടിച്ച ഇന്നത്തെ ജീവിത സാഹചര്യത്തിൽ, ഓരോ വ്യക്തിയും ശ്രദ്ധയോടെ ചെയ്തു തീർക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ജോലിയിലെ ഉത്തരവാദിത്തങ്ങൾ, രാവിലെയും വൈകുന്നേരവും ജോലിസ്ഥലത്തേക്കും വീട്ടിലേക്കുമുള്ള യാത്ര, മീറ്റിംഗുകൾ തുടങ്ങി ഒരുപാടൊരുപാട് കാര്യങ്ങൾ. അങ്ങനെ തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുന്ന പലരും വീട്ടമ്മമാരുടെ ജീവിതം വളരെ സന്തോഷകരമാണ് എന്ന് തെറ്റിദ്ധരിക്കാറുമുണ്ട്.
യഥാർത്ഥത്തിൽ ഉദ്യോഗസ്ഥ എന്ന പദവിയില്ലാതെ, അതുകൊണ്ടുതന്നെ സ്വന്തമായി വരുമാനമില്ലാതെ, വീടുകൾക്കുള്ളിൽ കഴിയുന്ന സ്ത്രീകളുടെ ദിവസങ്ങൾ എങ്ങനെയാണ് അവർ ജീവിച്ചുതീർക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ഓരോ ദിവസവും ശ്രദ്ധയോടെ നിർവ്വഹിക്കുന്ന, നിരീക്ഷിക്കുന്ന വിഷയങ്ങളിൽ, വീട്ടിൽ ‘ വെറുതെയിരിക്കുന്ന‘വർ ഒരിക്കലെങ്കിലും കയറി വരാറുണ്ടോ ? ഇല്ല എന്ന് പറയുന്നവർ തന്നെയാണ് ഭൂരിഭാഗവും.
ബേൺ ഔട്ട് അഥവാ കത്തിത്തീരൽ
അധികമാരും വില കൽപ്പിക്കാത്ത, എന്നാൽ എല്ലാവരുടേയും ദൈനംദിന കാര്യങ്ങളിൽ പരോക്ഷമായി വലിയ പങ്ക് വഹിക്കുന്ന സ്ത്രീകളാണ് ആധുനിക കാലത്ത് ഹോം മേക്കർ പദവിയിലേക്ക് ഉയർത്തപ്പെട്ട വീട്ടമ്മമാർ. ഹാഫ് ഡേ എന്നോ എട്ട് മണിക്കൂർ ജോലി എന്നോ ഉള്ള അതിരുകളില്ലാത്ത, ശാരീരികവും മാനസികവുമായ ഊർജം ഊറ്റിക്കളയുന്ന ഉത്തരവാദിത്തങ്ങൾക്കിടയിൽ മനസ്സ് തകർക്കുന്ന ബേൺ ഔട്ടിലൂടെ നമുക്ക് ചുറ്റുമുള്ള പല സ്ത്രീകളും നിശബ്ദരായി കടന്നുപോകുന്നുണ്ട്.
വാക്ക് വന്ന വഴി
അമേരിക്കൻ സൈക്കോളജിസ്റ്റായ ഹെർബർട്ട് ഫ്രൂഡെൻബെർഗർ ആണ് 1970കളുടെ തുടക്കത്തിൽ ബേൺ ഔട്ട് എന്ന മനോനിലയെക്കുറിച്ച് ആദ്യമായി ലോകത്തോട് പറഞ്ഞത്. പ്രശസ്ത എഴുത്തുകാരനായ ഗ്രഹാം ഗ്രീൻ ഒരു നോവലിൽ കഥാപാത്രത്തിൻ്റെ അവസ്ഥ വെളിപ്പെടുത്താൻ ഉപയോഗിച്ച വാക്കിൽ നിന്നാണ് ഫ്രൂഡെൻബെർഗർ ബേൺ ഔട്ട് കടം കൊണ്ടത്. സ്വന്തമായി സമയം കണ്ടെത്താനാകാതെ, എല്ലായ്പ്പോഴും ജോലിയിൽ മുഴുകേണ്ടി വരുന്ന വ്യക്തികളുടെ മാനസിക സംഘർഷത്തെക്കുറിച്ച് പ്രതിപാദിക്കാനായാണ്, ഫ്രൂഡെൻബെർഗർ ഈ പദം ഉപയോഗിച്ചത്.
എന്താണ് ബേൺ ഔട്ട് ?
ഒരേ സമയം തിരക്കുപിടിച്ച് പലകാര്യങ്ങളും ചെയ്യേണ്ടി വരുന്നവർക്ക് സ്വന്തം താൽപ്പര്യങ്ങൾക്കോ ഇഷ്ടങ്ങൾക്കോ സമയം നൽകാനാകാതെ വരുന്നു. ദിവസത്തിൻ്റെ ഏറിയ പങ്കും ഇത്തരത്തിൽ ചെലവഴിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക-മാനസിക തളർച്ച, താൽപ്പര്യക്കുറവ്, ജീവിതത്തോടുള്ള വിരക്തി തുടങ്ങിയ അവസ്ഥകൾ ബേൺ ഔട്ടിൽ ഉൾപ്പെടും.
- വീട്ടമ്മമാരിലെ ബേൺ ഔട്ടും തളർച്ചയും
വർത്തമാനകാലത്ത്, വീട്ടമ്മമാർ അനുഭവിക്കുന്ന മാനസിക വ്യഥകളെ അന്വർത്ഥമാക്കാൻ ബേൺ ഔട്ട് എന്ന പദം എന്തുകൊണ്ടും ഉചിതമാണ്.[1] കൂടുതൽ സമയവും ആവർത്തന വിരസമായ ജോലികളിൽ മുഴുകി, വീട്ടിലെ മറ്റംഗങ്ങൾക്കായി ഇടതടവില്ലാതെ പണിയെടുത്ത് കഴിയുന്ന വീട്ടമ്മമാരിൽ പലരും ഈ അവസ്ഥ അനുഭവിക്കുന്നുണ്ട്. വളരെ അധികം സമയം വേണ്ടിവരുന്ന ഉദ്യോഗസ്ഥ പദവിയിൽ ഇരിക്കുന്നവർക്ക് മാത്രമല്ല, എല്ലാ സമയവും കുടുംബാംഗങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്ന വീട്ടമ്മമാരിലും ബേൺ ഔട്ട് പ്രതിസന്ധി സൃഷ്ടിക്കും.
- ബേൺ ഔട്ടിലേക്ക് നയിക്കുന്ന ഘടകങ്ങൾ
കൊവിഡ് കാലത്തും ശേഷവും നടത്തിയ ചില പഠനങ്ങൾ, വീട്ടമ്മമാരിൽ ബേൺ ഔട്ട് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കാരണങ്ങളും കണ്ടെെത്തിയിട്ടുണ്ട്.
- വൈകാരിക സമ്മർദ്ദവും ഒറ്റപ്പെടലും : 2022ൽ ഇന്ത്യയിൽ നടത്തിയ പഠനം അനുസരിച്ച് അമിതമായ വൈകാരിക അദ്ധ്വാനം, വീട്ടുചെലവുകൾ സംബന്ധിച്ച കണക്കുകൂട്ടലും ആശങ്കയും, കുടുംബാംഗങ്ങളുടെ കാര്യങ്ങളിലെല്ലാം കരുതൽ നൽകുന്നതിൻ്റെ അമിതക്ഷീണം, നാലു ചുമരുകൾക്കുള്ളിൽ ഒറ്റപ്പെട്ടു പോകുന്നതിൻ്റെ സങ്കടം – ഇതെല്ലാം വീട്ടമ്മമാരിൽ പ്രയാസങ്ങൾക്ക് കാരണമാകുന്നുണ്ട്.
- തീരാത്ത ജോലിയും അവഗണനയും : വീട്ടിലെ ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണമൊരുക്കി, വിളമ്പിക്കൊടുത്ത്, പാത്രങ്ങൾ കഴുകി, വീടും പരിസരവും വൃത്തിയാക്കി, തുണികൾ കഴുകിയുണക്കിത്തേച്ച് – അങ്ങനെ ഉണരുമ്പോൾ മുതൽ രാത്രി കിടക്കുംവരെ ഓരോരോ കാര്യങ്ങൾ ചെയ്തു തീർക്കേണ്ട അവസ്ഥയിൽ, കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് അവഗണന മാത്രം പ്രതിഫലമായിക്കിട്ടുമ്പോൾ, അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കും. നിസ്സംഗതയും മരവിപ്പും അവരെ വിഷാദത്തിലേക്കെത്തിക്കും.[2]
- വയ്യാത്തവർക്ക് താങ്ങാകുമ്പോൾ: വീട്ടിലെ കാര്യങ്ങൾക്ക് 24 മണിക്കൂർ മതിയാകാത്ത തിരക്കിനിടയിൽ പ്രായമായ കുടുംബാംഗങ്ങളുടെ സംരക്ഷണം കൂടി ഏറ്റെടുക്കേണ്ടി വരുന്നതോടെ സ്ത്രീകൾ മനസ്സു മരവിച്ച അവസ്ഥയിലെത്തുന്നു. [3]
- സൂപ്പർ വുമൺ സിൻഡ്രോം : എല്ലാക്കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തു തീർക്കേണ്ടി വരുന്ന വീട്ടമ്മമാരിൽ, ജോലിയും വീട്ടുകാര്യങ്ങളും ഒരുമിച്ച് മാനേജ് ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥകളായ അമ്മമാരിൽ കാണുന്ന അതേ സമ്മർദ്ദവും ബേൺ ഔട്ട് അവസ്ഥയും ഉണ്ടാകാറുണ്ട്. [4]
- ബേൺ ഔട്ടിൻ്റെ ദോഷഫലങ്ങൾ :
- വിശ്രമം ഇല്ലാത്തതിനാൽ ക്ഷീണം മാറാത്ത അവസ്ഥ
- ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോഴും ദേഷ്യം വരിക
- ഏകാഗ്രത നഷ്ടപ്പെടുക, ചെറിയ കാര്യങ്ങൾ പോലും മറന്നുപോകുക
- എല്ലാത്തിലും താൽപ്പര്യം നഷ്ടപ്പെടുക
- ആത്മാഭിമാനത്തിന് ക്ഷതമേറ്റതായി തോന്നുക, മനസ്സ് മരവിച്ച അവസ്ഥ
ഈ ലക്ഷണങ്ങളല്ലാം വൈകാരിക അപചയത്തിൻ്റെ പ്രതിഫലനമാകാം. ബേൺഔട്ടിൻ്റെ പ്രധാന ഘട്ടമാണിത്. [5]
- മറികടക്കാം ബേൺ ഔട്ട്
ബേൺ ഔട്ടും മാനസിക തളർച്ചയും തിരിച്ചറിഞ്ഞ് അതിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ നടത്തണം. വിഷാദത്തിലേക്കും ഒറ്റപ്പെടലിൻ്റെ ഭീകരതയിലേക്കും മനസ്സ് മുങ്ങിപ്പോകും മുമ്പുതന്നെ.
- കൃത്യമായ ഇടവേളകൾ : മണിക്കൂറുകളോളം ജോലികൾ ചെയ്തുകൊണ്ടേയിരുന്നാൽ മനസ്സും ശരീരവും തളർന്നുപോകും. ജോലിക്കിടയിൽ കുറച്ച് സമയത്തെ ബ്രേക്ക് എടുക്കുന്നത് മനോമാന്ദ്യത്തിൽ നിന്ന് രക്ഷനേടാൻ സഹായിക്കും. [6]
- ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകാം : കുടുംബത്തിലെ മറ്റംഗങ്ങളെയും കുറച്ചു ജോലികൾ ഏൽപ്പിക്കാം. എല്ലാ ഭാരവും ഒറ്റക്ക് ചുമക്കുമ്പോഴത്തെ ബുദ്ധിമുട്ട് അങ്ങനെ ഒഴിവാക്കാനാകും.
- സാമൂഹിക പിന്തുണ: കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ സജീവമാകുന്നതിനോടൊപ്പം വീട്ടിലുള്ളവരുമായി കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാം. ഇത് ഒറ്റയ്ക്കാണ് എന്ന തോന്നൽ മാറ്റാൻ സഹായകമാകും. [7]
- മനസ്സ് ശാന്തമാക്കാനുള്ള വഴി തേടാം: വ്യായാമം ചെയ്യുകയും അവരവർക്കായി അൽപ്പസമയം മാറ്റി വെക്കുകയും മനസ്സ് പറയുന്നത് കേൾക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെ ബേൺ ഔട്ട് കുറയ്ക്കാൻ കഴിയും.
- ബേൺ ഔട്ട് ആകുന്നതിനൊപ്പം തന്നെ വിഷാദവും അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധ സഹായം തേടണം. ഈ അവസ്ഥയിൽ കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി പോലുള്ള ചികിൽസകൾ ഗുണം ചെയ്യും.
- വീട്ടമ്മമാരും കുടുംബാംഗങ്ങളും അറിയാൻ ചില നിർദ്ദേശങ്ങൾ
- വീട്ടമ്മമാർ എല്ലാ ദിവസവും, ചുരുങ്ങിയത് ആഴ്ച്ചയിൽ ഒരിക്കലെങ്കിലും , സ്വന്തം ഇഷ്ടങ്ങൾക്ക് സമയം നീക്കിവെക്കണം. മാനസിക സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാൻ ഇത് സഹായിക്കും.
- വീട്ടിലെ ജോലികളും ഉത്തരവാദിത്തങ്ങളും പങ്കിട്ട് ചെയ്യാം. ഇതിലൂടെ മാനസികമായ ഉൻമേഷം നിലനിർത്താനാകും. വൈകാരിക സമ്മർദ്ദം കുറയും.
- സുഹൃത്തുക്കൾക്കൊപ്പം അൽപ്പസമയം ചെലവഴിക്കാം. ഏകാന്തതയുടെ ഭാരം ഒഴിവാക്കി മാനസികോല്ലാസം നേടാനാകും.
- ആവശ്യമെങ്കിൽ വിദഗ്ധ സഹായം തേടാം. മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും വിഷാദത്തിലേക്ക് കൂപ്പുകുത്താതിരിക്കാനും തെറാപ്പികൾ സഹായിക്കും.
- ചെറിയ വിജയങ്ങളും ആഘോഷിക്കാം. ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനും ജീവിതത്തിൽ സന്തോഷം തിരികെക്കിട്ടാനും ഇത് ഏറെ ഗുണം ചെയ്യും.
വീട്ടമ്മമാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം നിസ്സാരമായി കാണരുത്. ഒറ്റപ്പെടൽ വേട്ടയാടുമ്പോൾ, അവഗണിക്കപ്പെടുന്നതായി തോന്നുമ്പോൾ, ആത്മാഭിമാനം നഷ്ടമായെന്ന തോന്നൽ വരുമ്പോൾ, മാനസിക മരവിപ്പുണ്ടാകുമ്പോൾ- ബേൺ ഔട്ട് ആണോയെന്ന് പരിശോധിക്കണം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സന്തോഷം തിരികെപ്പിടിക്കാവുന്നതാണെന്ന് മനസ്സിലാക്കണം.
കുടുംബാംഗങ്ങളും ഉത്തരവാദിത്തങ്ങൾ പങ്കിട്ട് ചെയ്യണം. വീട്ടമ്മമാർക്ക് കുറച്ചുസമയം വിശ്രമിക്കാൻ ഇട നൽകണം. വാസ്തവത്തിൽ അവരുടെ സുഖത്തിലും സന്തോഷത്തിലുമാണ് വീടിൻ്റെയാകെ ക്ഷേമം എന്ന് എല്ലാവരും തിരിച്ചറിയുമ്പോൾ മാത്രമാണ് ബേൺ ഔട്ട് എന്ന നിശബ്ദ വേദന തുടച്ചുനീക്കാനാവുക.




