തൊണ്ടയിൽ അസ്വസ്ഥതയുണ്ടോ? നെഞ്ചെരിച്ചിലില്ലാതെ വരുന്ന ആസിഡ് റിഫ്ലക്സ് ആകാം

നെഞ്ചെരിച്ചിലിന് കാരണമാകുന്ന ആസിഡ് റിഫ്ളക്സിനെക്കുറിച്ച് മിക്കവർക്കും അറിയാം. എന്നാൽ നെഞ്ചിൽ പുകച്ചിലും പ്രയാസവും സൃഷ്ടിക്കാതെ വരുന്ന ഒരുതരം ആസിഡ് റിഫ്ളസുമുണ്ട്. നെഞ്ചെരിച്ചിൽ ഇല്ലാത്തതുകൊണ്ടുതന്നെ, പലപ്പോഴും ഈ പ്രശ്നം, മറ്റെന്തെങ്കിലും അസുഖമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.
തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെയുള്ള തോന്നൽ, ഇടയ്ക്കിടെ കണ്ഠശുദ്ധി വരുത്താൻ, അഥവാ തൊണ്ട ക്ലിയറാക്കാനുള്ള പ്രവണത (Throat clearing), ശബ്ദത്തിൽ പ്രകടമാകുന്ന മാറ്റം എന്നിവയൊക്കെ ഇതിന്റെ സൂചനകളാകാം.
നമ്മൾ പൊതുവെ ശ്രദ്ധ നൽകാത്ത ഈ അവസ്ഥയെ ലാരിംഗോഫാരിഞ്ചിയൽ റിഫ്ലക്സ് (Laryngopharyngeal Reflux – LPR) എന്നാണ് പറയുന്നത്. ‘സൈലന്റ് റിഫ്ലക്സ്‘ (Silent Reflux) എന്നും ഈ അസുഖം അറിയപ്പെടുന്നു. സാധാരണ കാണുന്ന അസിഡിറ്റിയിൽ നിന്നും വ്യത്യസ്തമായി, ലാരിംഗോഫാരിഞ്ചിയൽ റിഫ്ലക്സിൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നില്ല . അതുകൊണ്ടുതന്നെ, മിക്കവരും ഇത് ഗൗരവമായി എടുക്കാറുമില്ല, അങ്ങനെ രോഗനിർണ്ണയവും വൈകുന്നു.
എന്താണ് യഥാർത്ഥത്തിൽ എൽ പി ആർ (L P R)?
ആമാശയത്തിലുണ്ടാകുന്ന ആസിഡ്, അന്നനാളവും (Esophagus) കടന്ന് മുകളിലേക്ക് വന്ന് സ്വനതന്തുക്കളെയും (Larynx) തൊണ്ടയെയും (Pharynx) ബാധിക്കുന്ന അവസ്ഥയാണ് എൽ പി ആർ. ആമാശയത്തിന്റെ ഉൾഭിത്തിയിൽ ഉള്ളതുപോലുള്ള സുരക്ഷാ ആവരണങ്ങൾ ഈ ഭാഗങ്ങൾക്കില്ല. നമ്മുടെ ശരീരത്തിലെ ഏറ്റവും മൃദുവായ കോശങ്ങളാണിവ.
അതുകൊണ്ട് തന്നെ, ഈ ഭാഗങ്ങളിലേക്ക് തീരെ ചെറിയ അളവിൽ ആസിഡ് എത്തുമ്പോൾ പോലും അസ്വസ്ഥതകൾ ആരംഭിക്കുന്നു. സാധാരണ അസിഡിറ്റിയിൽ അനുഭവപ്പെടാറുള്ള നെഞ്ചെരിച്ചിൽ ഇല്ലാതെ തന്നെ, തൊണ്ടയിൽ വിട്ടുമാറാത്ത വേദനയും അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകുന്നു.
അവഗണിക്കപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ
മറ്റ് രോഗങ്ങളെപ്പോലെ എൽ പി ആർ പെട്ടെന്ന് ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. അലർജിയോ മലിനീകരണ പ്രശ്നമോ, മാനസിക സമ്മർദ്ദമോ ആണെന്ന് കരുതി നമ്മൾ അവഗണിക്കുന്ന ചില ചെറിയ സൂചനകളാണ് എൽ പി ആർ നൽകുക :
- തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നതിനാൽ ഇടയ്ക്കിടെ കണ്ഠശുദ്ധി വരുത്തുക.
- വിഴുങ്ങാൻ തടസ്സമില്ലെങ്കിലും തൊണ്ടയിൽ മുഴയോ മറ്റോ ഉണ്ടെന്ന തോന്നൽ (ഗ്ലോബസ് സെൻസേഷൻ).
- ശബ്ദത്തിൽ പതർച്ച അല്ലെങ്കിൽ പെട്ടെന്ന് ശബ്ദം തളർന്നുപോകുന്ന അവസ്ഥയോ.
- വിട്ടുമാറാത്ത ചുമ, പ്രത്യേകിച്ച് രാവിലെ
- വായുടെ ഉൾഭാഗത്ത് നേരിയ കയ്പ്പോ പുളിപ്പോ കലർന്ന ചുവ അനുഭവപ്പെടുക.
- ആഹാരമിറക്കുമ്പോൾ തൊണ്ടയിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ട്.
- തൊണ്ടയിൽ അമിതമായി കഫം ഉണ്ടാകുക.
ഈ ലക്ഷണങ്ങൾ നേരിയ തോതിലായതുകൊണ്ട് തന്നെ, പലരും വർഷങ്ങളോളം ഈ പ്രശ്നം അവഗണിക്കാറുണ്ട്.
എൽ പി ആർ തിരിച്ചറിയപ്പെടാതെ പോകാൻ കാരണം?
സാധാരണ ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്നങ്ങളിൽ (GERD) ഉണ്ടാകാറുള്ളത് പോലെ, എൽ പി ആറിൽ നെഞ്ചുവേദനയോ നെഞ്ചെരിച്ചിലോ ഉണ്ടാകാറില്ല. അതിനാൽ തന്നെ, മറ്റു പ്രശ്നങ്ങളാണെന്നു കരുതി, രോഗികൾ ഇ.എൻ.ടി (ENT) ഡോക്ടർമാരെയോ, അലർജി വിദഗ്ധരെയോ, മാനസികാരോഗ്യ വിദഗ്ധരെയോ സമീപിക്കാറുണ്ട്.
എൽ പി ആർ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. അവയിൽ ചിലത് താഴെ പറയുന്നവയാണ്:
- അലർജി സംബന്ധമായ മൂക്കടപ്പും തുമ്മലും (Allergic rhinitis)
- വിട്ടുമാറാത്ത സൈനസൈറ്റിസ് (Chronic sinusitis)
- ഉത്കണ്ഠ മൂലമുള്ള തൊണ്ടയിലെ മുറുക്കം (Anxiety-related throat tightness)
- ശബ്ദത്തിനുണ്ടാകുന്ന അമിത ആയാസം (Vocal strain)
കൃത്യമായി രോഗനിർണ്ണയം നടത്താത്ത പക്ഷം, തൊണ്ടയിലെ ഈ അസ്വസ്ഥതകൾ തുടർന്നുകൊണ്ടേയിരിക്കും.
എന്താണ് സൈലന്റ് റിഫ്ലക്സിന് കാരണമാകുന്നത്?
ജീവിതശൈലിയും ശരീരത്തിന്റെ പ്രത്യേകതകളുമാണ് പൊതുവെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്:
- രാത്രി വൈകിയുള്ള ഭക്ഷണം കഴിച്ച് ഉടനെ കിടക്കുന്നത് ആസിഡ് മുകളിലേക്ക് വരാൻ കാരണമാകും.
- അമിതമായ അളവിൽ കാപ്പി, ചായ (Caffeine), മദ്യം, എരിവുള്ള ആഹാരങ്ങൾ എന്നിവ ഉപയോഗിക്കുന്നത്.
- അമിതമായ സ്ട്രെസ്സും കൃത്യസമയത്ത് ഉറക്കം ലഭിക്കാത്തതും ദഹനപ്രക്രിയയെ ബാധിക്കുന്നു.
- പൊണ്ണത്തടി മൂലം വയറിലെ അമിതമായ മർദ്ദം ആസിഡിനെ മുകളിലേക്ക് തള്ളാൻ ഇടയാക്കുന്നു.
- അന്നനാളത്തിലെ പേശികളുടെ ബലക്കുറവ്
- ശബ്ദത്തിന് നൽകുന്ന അമിത ആയാസം
ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ, സമാധാനമായി ഭക്ഷണം കഴിക്കാൻ സമയം കണ്ടെത്താത്തതും അമിതമായ ജോലി സമ്മർദ്ദവുമാണ് പലരിലും ഈ അവസ്ഥയുണ്ടാകാൻ ഇടയാക്കുന്നത്.
നേരത്തെ ശ്രദ്ധിക്കേണ്ടതിൻ്റെ പ്രസക്തി
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, എൽ പി ആർ താഴെ പറയുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാം:
- സ്വനതന്തുക്കളിലെ കടുത്ത വീക്കം
- ശബ്ദവൈകല്യങ്ങൾ
- ശ്വാസതടസ്സം
- വിട്ടുമാറാത്ത ചുമ
രോഗം തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ തേടുന്നത്, തുടർന്ന് അനുഭവപ്പെട്ടേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
തിരിച്ചറിവ് സൗഖ്യത്തിന് തുടക്കം കുറിയ്ക്കും
ദൈനംദിന ജീവിതത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വലിയ ആശ്വാസം നൽകും:
ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
ഉറങ്ങുമ്പോൾ തലഭാഗം അല്പം ഉയർത്തി വെച്ച് കിടക്കുക.
ശരീരം എപ്പോഴും ജലാംശമുള്ളതായി നിലനിർത്തുക.
കാപ്പി, ചായ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിതമായി പുളിയുള്ള ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക.
ലഘുവായ ശ്വസന വ്യായാമങ്ങൾ (Breathing exercises) ശീലിക്കുക.
അമിതമായി ഒച്ചവെയ്ക്കാതെ ശബ്ദം കുറച്ച് സംസാരിക്കാൻ ശ്രമിക്കുക.
ഡോക്ടറുടെ നിർദ്ദേശാനുസരണം ജീവിതശൈലിയിലെ മാറ്റങ്ങൾക്കൊപ്പം മരുന്നുകളും സ്വരചികിൽസയും (Voice Therapy) വേണ്ടി വന്നേക്കാം.
നമ്മുടെ ശബ്ദം നമ്മുടെ വ്യക്തിത്വമാണ്. നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പുറംലോകം അറിയുന്നത് തൊണ്ടയിലൂടെ പുറത്തെത്തുന്ന സ്വരങ്ങളിലൂടെയും. അതിനാൽത്തന്നെ സ്വന്തം വ്യക്തിത്വത്തോളം പ്രാധാന്യമുള്ള അവയവങ്ങൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ എന്താണെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് ചികിൽസിക്കേണ്ടത് ഏറെ അനിവാര്യമാണ്.
കൃത്യമായ തിരിച്ചറിവിലൂടെയാണ് രോഗശാന്തി ആരംഭിക്കുന്നത് എന്ന് നെല്ലിക്ക.ലൈഫ് വിശ്വസിക്കുന്നു.




