ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം?
നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.
30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി ഇത് മാറിക്കഴിഞ്ഞു.
ഹൃദയത്തെ ബാധിക്കുന്ന അസുഖങ്ങളിൽ അസ്കെമിക് രോഗം എന്നറിയപ്പെടുന്ന കൊറോണറി ആർട്ടറി ഡിസീസ് ആണ് പെട്ടെന്നുള്ള ഹൃദയസ്തംഭന മരണങ്ങൾക്ക് ഹേതുവാകുന്ന ഏറ്റവും സാധാരണമായ കാരണം.
പലപ്പോഴും വളരെ നിശ്ശബ്ദമായാണ് ഈ അസുഖം ആരംഭിക്കുക. ചെറിയ ക്ഷീണം, കിതപ്പ്, അല്ലെങ്കിൽ ‘എന്തോ ഒരു സുഖമില്ലായ്മ’ എന്ന തോന്നൽ മാത്രമാവാം ആദ്യ ലക്ഷണം.
ലക്ഷണങ്ങൾ നേരത്തെ മനസ്സിലാക്കുകയും ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
എന്താണ് യഥാർത്ഥത്തിൽ അസ്കെമിക് ഹൃദ്രോഗം?
ശരീരത്തിലെ മറ്റെല്ലാ പേശികളെയും പോലെ, ഹൃദയത്തിനു പ്രവർത്തിക്കാനും ഓക്സിജൻ ആവശ്യമാണ്.
കൊറോണറി ധമനികൾ (Coronary Arteries) വഴിയാണ് ഓക്സിജനും പോഷകങ്ങളും നിറഞ്ഞ രക്തം ഹൃദയത്തിലെത്തുന്നത്.
അസ്കെമിക് ഹൃദ്രോഗത്തിൽ, കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് വസ്തുക്കൾ എന്നിവ ചേർന്നുണ്ടാകുന്ന പ്ലാക്ക് (Plaque) അടിഞ്ഞുകൂടുന്നത് കാരണം ഈ ധമനികൾ ഇടുങ്ങിപ്പോകുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുന്നു.
അതായത്, ഹൃദയപേശികളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതാകുന്നു. ഇത് നെഞ്ചുവേദന (ആൻജൈന), ഹൃദയാഘാതം, കാലക്രമേണ ഹൃദയസ്തംഭനം എന്നിവയിലേക്കും നയിക്കുന്നു.
ഒരുദാഹരണത്തിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം:
ഹൃദയം ഒരു എഞ്ചിൻ ആണെന്ന് സങ്കൽപ്പിക്കുക.
ധമനികൾ എഞ്ചിനിലേക്കുള്ള ഇന്ധന പൈപ്പുകളും.
പൈപ്പുകളിൽ തടസ്സം സംഭവിച്ച് അടഞ്ഞു പോകുമ്പോൾ, എഞ്ചിന് വേണ്ടവിധത്തിൽ പ്രവർത്തിക്കാൻ അമിതമായി അദ്ധ്വാനിക്കേണ്ടി വരുന്നു. അതാണ് അസ്കെമിയ (Ischaemia).
അവഗണിക്കരുതാത്ത മുന്നറിയിപ്പ് ലക്ഷണങ്ങൾ
അസ്കെമിക് ഹൃദ്രോഗം എപ്പോഴും വലിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കണമെന്നില്ല.
ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധിക്കുക. അവ നിസ്സാരമായി തള്ളിക്കളയരുത്:
- നെഞ്ചിൽ അസ്വസ്ഥത, ഭാരം കയറ്റിവെച്ചതുപോലെ തോന്നുക: (പ്രത്യേകിച്ച് കായികാധ്വാനം ചെയ്യുമ്പോഴും മാനസിക സമ്മർദ്ദം അനുഭവിക്കുമ്പോഴും)
- താടിയിലേക്കോ തോളിലേക്കോ കൈയിലേക്കോ പടരുന്ന വേദന.
- വിശ്രമിക്കുമ്പോൾ പോലും ഉണ്ടാകുന്ന ശ്വാസംമുട്ട് (കിതപ്പ്).
- അകാരണമായ ക്ഷീണം അല്ലെങ്കിൽ തലകറക്കം.
- തണുക്കുക, വിയർക്കുക അല്ലെങ്കിൽ ഓക്കാനം വരിക.
പുരുഷന്മാരിൽ കാണുന്നതുപോലെയുള്ള കഠിനമായ നെഞ്ചുവേദനയ്ക്ക് പകരം, സ്ത്രീകളിൽ പലപ്പോഴും കിതപ്പ്, ഓക്കാനം, പുറംവേദന, അല്ലെങ്കിൽ അമിതമായ ക്ഷീണം എന്നിങ്ങനെ നിസ്സാരമെന്ന് തോന്നുന്ന ലക്ഷണങ്ങളാണ് കാണപ്പെടാറ്.
സർവ്വസാധാരണമാകാൻ കാരണം?
ജീവിതശൈലിയും മാനസിക സമ്മർദ്ദവുമാണ് അസ്കെമിക് ഹൃദ്രോഗത്തിൻ്റെ പരോക്ഷ കാരണങ്ങൾ.
ഇന്ത്യയിൽ, നഗരജീവിതം നൽകുന്ന സമ്മർദ്ദം, നിലവാരമില്ലാത്ത ഭക്ഷണം, വായു മലിനീകരണം, ജനിതക സാധ്യതകൾ എന്നിവയെല്ലാം ചേരുമ്പോൾ, ജീവനപഹരിക്കുന്ന പ്രധാന കാരണങ്ങളിലൊന്നായി ഈ രോഗം മാറുന്നു.
പ്രധാന അപകട ഘടകങ്ങൾ :
- ഉയർന്ന തോതിലുള്ള കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ
- ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure)
- പ്രമേഹം (Diabetes)
- പുകവലിയും മദ്യപാനവും
- അമിതവണ്ണം അല്ലെങ്കിൽ വ്യായാമമില്ലാത്ത ജീവിതശൈലി
- വിട്ടുമാറാത്ത സമ്മർദ്ദം (Chronic Stress) അല്ലെങ്കിൽ ഉറക്കമില്ലായ്മ
- പാരമ്പര്യമായി ഹൃദ്രോഗം ഉണ്ടാകുന്നത്
നിങ്ങൾക്കറിയാമോ?
ലോകാരോഗ്യ സംഘടനയുടേയും ഐ സി എം ആറിൻ്റെയും റിപ്പോർട്ടുകൾ അനുസരിച്ച്, ഹൃദ്രോഗം, ഇന്ത്യയിലെ നാലിൽ ഒരാളുടെ മരണത്തിന് കാരണമാകുന്നുണ്ട്. അതിൽ പകുതിയിലധികം പേരുടേയും മരണകാരണമാകുന്നതാകട്ടെ, അസ്കെമിക് ഹൃദ്രോഗവും.
അവഗണിച്ചാൽ എന്ത് സംഭവിക്കും?
ചികിത്സിക്കാതിരുന്നാൽ, അസ്കെമിക് ഹൃദ്രോഗം നിശ്ശബ്ദമായി വഷളാകും. അത് താഴെ പറയുന്ന ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം:
- മയോകാർഡിയൽ ഇൻഫാർക്ഷൻ (ഹൃദയാഘാതം)
- അരിത്മിയ (ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ)
- ഹൃദയസ്തംഭനം
- ഹൃദയാഘാതത്തെത്തുടർന്ന് പെട്ടെന്നുള്ള മരണം.
മിക്ക കേസുകളും തടയാൻ സാധിക്കുന്നവയാണ് എന്നത് ആശ്വാസമേകുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും കൃത്യസമയത്തുള്ള ചികിൽസയിലൂടെയും ഇതിൽ പല അസുഖങ്ങളും പൂർണ്ണമായി ഭേദപ്പെടുത്താനാകും.
ഹൃദയാരോഗ്യത്തിലേക്കുള്ള പാത
നമ്മുടെ ഹൃദയം ആരോഗ്യത്തോടെയിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:
1. അളവുകൾ അറിയുക:
രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര, ബിഎംഐ (BMI) എന്നിവ കൃത്യമായി പരിശോധിക്കുക.
2. ഹൃദയത്തിന് ഗുണകരമായ ഭക്ഷണം കഴിക്കുക:
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, ഒലിവ് അല്ലെങ്കിൽ കടുകെണ്ണ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകൾ എന്നിവ ശീലമാക്കുക.
ഉപ്പ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കുക.
3. സജീവമാകുക:
30 മിനിറ്റ് വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ വലിയ മാറ്റങ്ങൾ വരുത്തും.
വ്യായാമം രക്തയോട്ടം മെച്ചപ്പെടുത്തുകയും സമ്മർദ്ദ ഹോർമോണുകൾ കുറയ്ക്കുകയും ചെയ്യുന്നു.
4. പുകവലി നിർത്തുക, മദ്യം പരിമിതപ്പെടുത്തുക:
സിഗററ്റ് വലിച്ച ശേഷം അതിൻ്റെ പ്രവർത്തനം മണിക്കൂറുകളോളം ധമനികളെ ചുരുക്കുന്നു. ഈ ദുശ്ശീലം ഉടൻ നിർത്തുക.
5. ഉറക്കവും സമ്മർദ്ദ നിയന്ത്രണവും:
7-8 മണിക്കൂർ സ്വസ്ഥമായുറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, ദിവസേനയുള്ള മൈൻഡ്ഫുൾനെസ്, ധ്യാനം, അല്ലെങ്കിൽ ഡയറി എഴുത്ത് എന്നിവ ‘സമ്മർദ്ദ ഹോർമോൺ’ ആയ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
6. പതിവു പരിശോധനകൾ ഒഴിവാക്കരുത്:
പ്രായം 35 വയസ്സിന് മുകളിലാണെങ്കിൽ അല്ലെങ്കിൽ അപകട ഘടകങ്ങൾ ഉണ്ടെങ്കിൽ, ഇ.സി.ജി, ലിപിഡ് പ്രൊഫൈൽ, സ്ട്രെസ് ടെസ്റ്റ് എന്നിവ വർഷം തോറും നടത്തുന്നത് ശീലമാക്കുക.
എപ്പോഴാണ് അടിയന്തര സഹായം തേടേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറുമായോ അടിയന്തര സഹായ സേവനങ്ങളുമായോ ബന്ധപ്പെടുക:
- നെഞ്ചിൽ പെട്ടെന്ന് ഭാരം തോന്നുക, വേദന അനുഭവപ്പെടുക. അസ്വസ്ഥതകൾ ഏതാനും മിനിറ്റുകളിലധികം നീണ്ടുനിൽക്കുക.
- ശ്വാസംമുട്ട് അല്ലെങ്കിൽ ബോധക്ഷയം(Fainting).
- വേദന കൈകളിലേക്കോ കഴുത്തിലേക്കോ പുറത്തേക്കോ പടരുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ വരുമ്പോൾ, ഓരോ മിനിറ്റും വിലപ്പെട്ടതാണ്. അതിനാൽ എത്രയും പെട്ടെന്ന് ചികിൽസ തേടേണ്ടത് അനിവാര്യമാണ്.
“ഗോൾഡൻ അവർ” (ആദ്യ 60 മിനിറ്റിനുള്ളിൽ) ആശുപത്രിയിൽ എത്തുന്നത് ഹൃദയപേശിയെയും ജീവൻ തന്നെയും രക്ഷിക്കാൻ നിർണായകമാകും.
പ്രതിരോധമെന്ന പുതിയ ചികിത്സ
അവബോധമാണ് പ്രഥമൗഷധം എന്ന് nellikka.life വിശ്വസിക്കുന്നു.
നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കുക,
മനസ്സിനെ നിയന്ത്രിക്കുക,
ഹൃദയം പറയുന്നത് കേൾക്കുക
ഇവയാണ് സ്വാസ്ഥ്യം കാക്കാനുള്ള അടിസ്ഥാന ഘടകങ്ങൾ.
നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ ഉണ്ടെങ്കിൽ, ഡോക്ടറുമായി സംസാരിക്കുക, ജീവിതശൈലി മാർഗ്ഗനിർദ്ദേശങ്ങൾക്കും പോഷകാഹാര ഉപദേശങ്ങൾക്കും പ്രതിരോധ പരിശോധനകൾക്കുമായി ഞങ്ങളുടെ മെഡിക്കൽ പാനലുമായി കൺസൾട്ടേഷൻ ബുക്ക് ചെയ്യാവുന്നതാണ്.




