അതിജീവിതയുടെ പോരാട്ടം:കാലം മായ്ക്കാത്ത മുറിവുകൾ

അതിജീവിതയുടെ പോരാട്ടം:കാലം മായ്ക്കാത്ത മുറിവുകൾ

ലൈംഗികപീഡനത്തിന് ഇരയാക്കപ്പെടുന്നവരുടെ മനസ്സിലും ശരീരത്തിലുമേൽക്കുന്ന ആഘാതത്തിൻ്റെ തീവ്രത വാക്കുകളിൽ ഒതുക്കാനാവില്ല. മനസ്സിൽ ബാക്കിയാകുന്ന വേദനകളുമായുള്ള പോരാട്ടമാണ് ആദ്യം. പീഡനത്തെ അതിജീവിച്ചവർ നീതിക്ക് വേണ്ടി മുന്നേറാൻ തീരുമാനിക്കുന്നതോടെ പോരാട്ടത്തിനും പുതിയ രൂപം കൈവരും. നിശബ്ദമായി കരഞ്ഞും കരയാതെയും തളർന്നും തളരാതെയും ദിവസങ്ങൾ നീങ്ങുമ്പോഴും അപമാനത്തിൻ്റെ വേദനകളുടെ, ആത്മരോഷത്തിൻ്റെ കനലുകൾ ഉള്ളു പൊള്ളിച്ചുകൊണ്ടേയിരിക്കും.  

ലൈംഗിക പീഡനം എന്നത് ശാരീരിക അതിക്രമത്തിനുമപ്പുറം അവളുടെ സുരക്ഷിതബോധത്തെയും ആത്മവിശ്വാസത്തെയും സഹജീവികളിലുള്ള വിശ്വാസത്തെയും തകർക്കുന്ന അധിനിവേശം കൂടിയാണ്. അതിജീവിതയുടെ (survivor) മാനസികാവസ്ഥ മനസ്സിലാക്കുക എന്നതാണ് അവരെ ശാീരിക-മാനസിക ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആദ്യപടി.

1. മാനസികമായ ആഘാതങ്ങൾ

ശാരീരിക ചൂഷണത്തിന് ശേഷം ഭയം, ദേഷ്യം, കുറ്റബോധം, നാണക്കേട്, ഒന്നും തിരിച്ചറിയാനാകാത്ത വിധം മനസ്സ് മരവിച്ചുപോകുന്ന അവസ്ഥ എന്നിങ്ങനെ സങ്കീർണ്ണമായ വികാരങ്ങളിലൂടെയാകും അതിജീവിത കടന്നുപോകുന്നത്.

മനഃശാസ്ത്രജ്ഞയായ ആൻ ബർഗസ് ഇതിനെ ‘റേപ്പ് ട്രോമ സിൻഡ്രോം’ (RTS) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് പ്രധാനമായും രണ്ട് ഘട്ടങ്ങളുണ്ട്:

  • അതിതീവ്ര ഘട്ടം (Acute Phase): ഈ ഘട്ടത്തിൽ കടുത്ത ആശയക്കുഴപ്പം, പരിഭ്രാന്തി, മാനസികമായ മരവിപ്പ് എന്നിവ അനുഭവപ്പെടാം. ചിലപ്പോൾ പുറമെ ശാന്തതയോ ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയോ കാണിച്ചേക്കാം. കഠിനമായ വേദനയെ അതിജീവിക്കാൻ മസ്തിഷ്കം സ്വയം കണ്ടെത്തുന്ന ഒരു പ്രതിരോധ മാർഗ്ഗമാണിത്.
  • മാറ്റങ്ങളുടെ ഘട്ടം (Reorganization Phase): പേടിസ്വപ്നങ്ങൾ കാണുക, പഴയ കാര്യങ്ങൾ വീണ്ടും ഓർമ്മ വരിക (flashbacks), മറ്റുള്ളവരുമായി ഇടപഴകാൻ മടി തോന്നുക, വിശ്വാസം നഷ്ടപ്പെടുക എന്നിവ ഈ ഘട്ടത്തിൽ ഉണ്ടായേക്കാം.

ഇത്തരം ആക്രമണങ്ങൾ നേരിട്ട ഏകദേശം 94% പേർക്കും PTSD (Post-Traumatic Stress Disorder) അഥവാ ആഘാതാനന്തര സമ്മർദ്ദം എന്ന മാനസികാവസ്ഥ ഉണ്ടായേക്കാമെന്ന് പഠനങ്ങൾ പറയുന്നു.

2. ആഘാതത്തിന് ആക്കം കൂടുമ്പോൾ

പീഡനം എന്നത് മറ്റൊരാൾക്ക് മേൽ അധികാരം സ്ഥാപിക്കാനുള്ള ക്രൂരമായ പ്രവൃത്തിയാണ്. ഇത് അതിജീവിതയുടെ സ്വത്വബോധത്തെയും അഭിമാനത്തെയും തകർക്കുന്നു. 

നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ചാലോചിച്ച് മനസ്സ് വീണ്ടും വീണ്ടും വേദനിച്ചുകൊണ്ടിരിക്കും. ഇതിന്റെ ഫലമായി എപ്പോഴും അതീവജാഗ്രത പാലിക്കാനുള്ള തോന്നലുണ്ടാകും. ചെറിയൊരു ശബ്ദം കേട്ടാലോ, ആരെങ്കിലും സ്പർശിച്ചാലോ, ഇരുട്ടുള്ള സ്ഥലങ്ങൾ കണ്ടാലോ അവർക്ക് ഭയമുണ്ടാകുന്നു. അക്രമം നേരിടേണ്ടിവന്ന സാഹചര്യത്തിൽ തനിക്ക് മറ്റെന്തെങ്കിലും മാർഗ്ഗമുപയോഗിച്ച് രക്ഷപെടാമായിരുന്നു എന്ന തെറ്റായ കുറ്റബോധവും (Survivor’s Guilt) ഇവർക്ക് തോന്നാനിടയുണ്ട്.

3. സാമൂഹിക സാഹചര്യം: നാണക്കേടും ഒറ്റപ്പെടലും

പല സമൂഹങ്ങളിലും അതിജീവിതർ നേരിടേണ്ടി വരുന്നത് കുറ്റപ്പെടുത്തലുകളും (Victim-blaming) ഒറ്റപ്പെടുത്തലുമാണ്. എന്ത് വസ്ത്രം ധരിച്ചു, എവിടെയായിരുന്നു, എന്തുകൊണ്ട് പ്രതികരിച്ചില്ല തുടങ്ങി ചുറ്റും ഉയരുന്ന ചോദ്യങ്ങൾ അവരെ കൂടുതൽ കൂടുതൽ വേദനിപ്പിക്കുന്നു.

സമൂഹത്തിന്റെ വിധിതീർപ്പുകൾ, നേരിട്ട ക്രൂരകൃത്യത്തേക്കാൾ ആഴത്തിൽ അവളെ മുറിവേൽപ്പിച്ചേക്കാം. ചുറ്റുമുള്ളവർക്ക് സഹാനുഭൂതിയോടെ പെരുമാറാൻ കഴിയാതെ വരുമ്പോൾ, അവർ കൂടുതൽ ഒറ്റപ്പെടുകയും ആ നാണക്കേട് ഉള്ളിലൊതുക്കുകയും ചെയ്യുന്നു. ഈ നിശബ്ദത പിന്നീട് വിഷാദം (Depression), സ്വയം മുറിവേൽപ്പിക്കൽ, വേദന മറക്കാൻ ലഹരി ഉപയോഗം തുടങ്ങിയ അവസ്ഥകളിലേക്ക് അവരെ എത്തിച്ചേക്കാം.

4. മനസ്സിൻ്റെ മുറിവുകൾ ഉണങ്ങാൻ 

കഴിഞ്ഞുപോയ അനുഭവങ്ങളെല്ലാം മറന്ന് ജീവിക്കുക എന്നതല്ല; മറിച്ച് സ്വന്തം ജീവിതത്തിന്മേൽ വീണ്ടും നിയന്ത്രണം നേടിയെടുക്കുക എന്നതാണ് പ്രധാനം. മാനസികാരോഗ്യം വീണ്ടെടുക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സഹായിക്കും:

a. മനഃശാസ്ത്രപരമായ ചികിത്സകൾ (Psychological Therapy)

  • CBT (കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി): സ്വയം കുറ്റപ്പെടുത്തുന്ന ചിന്താഗതി മാറ്റിയെടുക്കാൻ സഹായിക്കുന്നു.
  • EMDR: പഴയ ആഘാതങ്ങൾ വീണ്ടും ഓർമ്മ വരുന്ന അവസ്ഥ കുറയ്ക്കാൻ സഹായിക്കുന്ന ഫലപ്രദമായ രീതിയാണിത്.
  • ഗ്രൂപ്പ് തെറാപ്പി: താൻ ഒറ്റയ്ക്കല്ലെന്നും സമാനമായ അവസ്ഥയിലൂടെ കടന്നുപോയ മറ്റുള്ളവരുണ്ടെന്നും തിരിച്ചറിയുന്നത് ആശ്വാസം നൽകും.

b. വൈകാരിക സുരക്ഷിതത്വം

അതിജീവിതയോട് വിമർശനാത്മക സമീപനം പുലർത്താത്ത

തെറാപ്പിസ്റ്റുകൾ, വിശ്വസിക്കാനാകുന്ന കുടുംബാംഗങ്ങൾ, അതിജീവിതരുടെ കൂട്ടായ്മകൾ എന്നിവ മാനസികമായ ഉണർവ് നൽകും.

മനസ്സ് തുറന്നു പറയുന്ന കാര്യങ്ങൾ കേൾക്കാൻ വേണ്ടപ്പെട്ട ഒരാളുണ്ടാകുക എന്നത് അതിജീവിതയ്ക്ക് അഭിമാനം വീണ്ടെടുക്കാൻ വലിയ രീതിയിൽ സഹായകമാകും. 

c. ശരീരത്തെ തിരിച്ചറിയുക 

മാനസികാഘാതം പലപ്പോഴും ശരീരത്തിലും മായാതെ നിൽക്കും. യോഗ, ശ്വസന വ്യായാമങ്ങൾ, മെഡിറ്റേഷൻ എന്നിവയിലൂടെ ഭീതിയില്ലാതെ സ്വന്തം ശരീരത്തെ വീണ്ടും സ്നേഹിക്കാനും തിരിച്ചറിയാനും സാധിക്കും.

d. നിയമപരവും വൈദ്യശാസ്ത്രപരവുമായ പിന്തുണ

തനിക്കുണ്ടായ ദുരനുഭവത്തിനെതിരെ പോരാടുമ്പോൾ, നീതി കിട്ടുമ്പോൾ, അതിജീവിതയെ വേറിട്ടു കാണാതെ സമൂഹത്തിൻ്റെ ഭാഗമായി ഉൾക്കൊള്ളുമ്പോൾ, അത് അവളുടെ മുറിവുകൾ ഉണക്കാൻ സഹായിക്കും. പരിശോധനകൾക്കും നിയമനടപടികൾക്കുമിടയിൽ അതിജീവിതർ വീണ്ടും മാനസികമായി തളരാതിരിക്കാൻ സഹാനുഭൂതിയോടെയുള്ള സമീപനം അത്യന്താപേക്ഷിതമാണ്.

5. ചേർത്തുനിർത്തുന്നതിൽ സമൂഹത്തിന്റെ പങ്ക്

സമൂഹത്തിന് കൃത്യമായ അവബോധമുണ്ടായാൽ അതിജീവിതരെ ഒരിക്കലും ഒറ്റപ്പെടുത്താൻ തോന്നില്ല. നിയമങ്ങൾക്കൊപ്പം തന്നെ, പരസ്പര സമ്മതത്തെക്കുറിച്ചും (Consent) സഹാനുഭൂതിയെക്കുറിച്ചുമുള്ള വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണെന്ന് എല്ലാ രക്ഷിതാക്കളും അധ്യാപകരും നയരൂപീകരണ വിദഗ്ധരും തിരിച്ചറിയണം.

വ്യക്തിപരമായ അതിരുകളെക്കുറിച്ചും വികാരങ്ങളെ കൈകാര്യം ചെയ്യാനുള്ള രീതികളെക്കുറിച്ചും കുട്ടികളെ സ്കൂളുകളിൽ ചെറുപ്പത്തിലേ പഠിപ്പിക്കണം.

തൊഴിലിടങ്ങളിൽ പരാതികൾ തുറന്നു പറയാൻ കഴിയുന്ന സുരക്ഷിതമായ സാഹചര്യം ഒരുക്കണം.

മാദ്ധ്യമങ്ങൾ അതിജീവിതരുടെ അനുഭവങ്ങളും സംഘർഷങ്ങളും വിൽപ്പനച്ചരക്കാക്കാതെ  മാന്യമായ രീതിയിൽ കൈകാര്യം ചെയ്യണം.

6. അതിജീവനത്തിലേക്കുള്ള പാത

പല അതിജീവിതരും വർഷങ്ങൾക്കപ്പുറം തങ്ങളുടെ വേദനയെ മറ്റുള്ളവർക്കുള്ള കരുത്താക്കി മാറ്റാറുണ്ട്—ദുരനുഭവങ്ങൾ ശക്തിയുക്തം എതിർത്ത് അവർ സമൂഹത്തിന്റെ തന്നെ ശബ്ദമായി മാറുന്നു.

ആശങ്കകളുടെയും അനിശ്ചിതത്വത്തിൻ്റെയും തീച്ചൂളയിൽ ഉരുകി ജ്വലിച്ചാണ് അവളുടെ മനസ്സിന് കാഠിന്യം കൈവരിക. 

ചിലപ്പോൾ നിശബ്ദമായും മറ്റു ചിലപ്പോൾ കണ്ണീരണിഞ്ഞും അവൾ ജീവിതത്തെ നേരിടാൻ തുടങ്ങുന്നു.

സഹാനുഭൂതിയോടെയുള്ള തെറാപ്പിയും സമൂഹത്തിന്റെ പിന്തുണയും ലഭിക്കുമ്പോൾ, അതിജീവിതർ സ്വയം സ്നേഹിക്കാനും ധീരതയോടെ പോരാടാനുമുള്ള ആർജവം നേടും. അങ്ങനെ, അവർ സ്വന്തം ജീവിതം തിരിച്ചുപിടിക്കും.

അമേരിക്കൻ സൈക്യാട്രിസ്റ്റും ട്രോമ വിദഗ്ദ്ധയുമായ ഡോ. ജൂഡിത്ത് ഹെർമൻ പറയുന്നതുപോലെ: “ഏകാന്തതയിലല്ല, ഊഷ്മളമായ ബന്ധങ്ങളിലൂടെ മാത്രമേ ആഘാതത്തിൽ നിന്നുള്ള മോചനം സാധ്യമാകൂ.”

നിയമയുദ്ധത്തിനും ആൾക്കൂട്ട വിചാരണകൾക്കുമപ്പുറം, ലൈംഗിക പീഡനം  അതിജീവിതയുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ നിറയ്ക്കും.  

എങ്കിലും മുറിവേറ്റ മനസ്സിനും സുഖപ്പെടാനുള്ള അത്ഭുതകരമായ കഴിവുണ്ട്. കുറ്റപ്പെടുത്തലുകളിൽ നിന്ന് സഹാനുഭൂതിയിലേക്കും ഒറ്റപ്പെടുത്തലിൽ നിന്ന് പിന്തുണയിലേക്കും നമ്മൾ മാറുമ്പോൾ അത് അതിജീവിതർക്ക് ഏറെ ആശ്വാസം നൽകും.

മുൻവിധി കൂടാതെ അവരെ വിശ്വസിക്കാനും അവർ പറയുന്നത് കേൾക്കാനും തയ്യാറാകുമ്പോൾ ആ മുറിവുകളും ഉണങ്ങാൻ തുടങ്ങും.

References

  1. Rape Trauma Syndrome. American Journal of Psychiatry.
  2. Trauma and Recovery: The Aftermath of Violence. Basic Books.
  3. PTSD and Sexual Assault.
  4. Violence against women prevalence estimates, 2018.

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe