രോഗങ്ങളെ തുരത്താനുള്ള  ആന്തരിക കവചം: പ്രതിരോധം പരമപ്രധാനമെന്നോർമ്മിപ്പിച്ച്  ലോക ഇമ്മ്യൂണൈസേഷൻ ദിനം

രോഗങ്ങളെ തുരത്താനുള്ള  ആന്തരിക കവചം: പ്രതിരോധം പരമപ്രധാനമെന്നോർമ്മിപ്പിച്ച്  ലോക ഇമ്മ്യൂണൈസേഷൻ ദിനം

പ്രതിരോധശേഷിയെ ആഘോഷമാക്കാം. തലമുറകളെ സംരക്ഷിക്കാം

പുതിയതരം അണുബാധകൾ, ആൻ്റിബയോട്ടിക്കുകളെ അതിജീവിക്കാൻ ശേഷിയുള്ള  ബാക്ടീരിയകൾ, രോഗങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ എന്നിവയെല്ലാം നിരന്തരം വെല്ലുവിളിയുയർത്തുന്ന ഈ ലോകത്ത്, മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായി ഇമ്മ്യൂണൈസേഷൻ അഥവാ പ്രതിരോധ കുത്തിവയ്പ്പ് നിലകൊള്ളുന്നു. 

ഭൂമുഖത്തു നിന്നും പല മാരക രോഗങ്ങളേയും തുരത്താൻ സഹായകമായത് പ്രതിരോധ കുത്തിവയ്പ്പുകളാണ്. ജീവൻ സംരക്ഷിക്കാനുള്ള വാഗ്ദാനം നൽകുന്ന ഈ വാക്സിനുകൾ, നമുക്ക് രോഗം ബാധിക്കുന്നതിന്  മുമ്പുതന്നെ അവയെ തടയാനുള്ള കവചമായി പ്രവർത്തിക്കുന്നു.

എല്ലാ വർഷവും നവംബർ 10 ലോക ഇമ്മ്യൂണൈസേഷൻ ദിനമായി ആചരിക്കുന്നു. വസൂരി, അഞ്ചാംപനി, പോളിയോ തുടങ്ങിയ രോഗങ്ങളെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടച്ചു നീക്കാൻ നമുക്കായെങ്കിലും ഭൂമിയിൽ ജീവിക്കുന്ന സമസ്ത ജനതയ്ക്കും പ്രതിരോധശേഷി കൈവരിക്കാനായുള്ള പോരാട്ടം അവസാനിച്ചിട്ടില്ല എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

എന്താണ് ഇമ്മ്യൂണൈസേഷൻ?

രോഗങ്ങൾക്കെതിരായ ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധശേഷിയെ വാക്സിനുകൾ ഉപയോഗിച്ച് ശക്തിപ്പെടുത്തുന്ന പ്രക്രിയയാണ് ഇമ്മ്യൂണൈസേഷൻ. ഒരു വാക്സിൻ, രോഗത്തിന് കാരണമാകുന്ന സൂക്ഷ്മാണുവിൻ്റെ (വൈറസ് അല്ലെങ്കിൽ ബാക്ടീരിയ) ദോഷകരല്ലാത്ത തരത്തിലുള്ളതോ അല്ലെങ്കിൽ വീര്യം കുറച്ചതോ ആയ പതിപ്പിനെ ശരീരത്തിനുള്ളിലേക്ക് എത്തിക്കുന്നു. പിന്നീടെപ്പോഴെങ്കിലും യഥാർത്ഥ രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ, അതിനെ തിരിച്ചറിയാനും പോരാടാനും കുത്തിവയ്പ്പിലൂടെ ശരീരത്തിലെത്തിയ ഈ പതിപ്പ്, നമ്മുടെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുന്നു.

ലളിതമായി പറഞ്ഞാൽ, നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സേനയെ വാക്സിനുകൾ മുൻകൂട്ടി തയ്യാറാക്കി നിർത്തുന്നു. യഥാർത്ഥ ശത്രു (രോഗാണു) എത്തുമ്പോഴേക്കും നമ്മുടെ ശരീരം അതിനെ പരാജയപ്പെടുത്താൻ തക്ക ശേഷി നേടിയിരിക്കും.

കുത്തിവെയ്പ്പിന് പിന്നിലെ ശാസ്ത്രം

ഒരു വ്യക്തിക്ക് വാക്സിൻ നൽകുമ്പോൾ, ആ വ്യക്തിയുടെ പ്രതിരോധ സംവിധാനം:

1.ആൻ്റിജനെ (രോഗാണുവിൻ്റെ നിരുപദ്രവകാരിയായ ഭാഗം) തിരിച്ചറിയുന്നു.

2.പ്രത്യേകതരം ‘മെമ്മറി സെല്ലുകൾ’ ഉപയോഗിച്ച് അതിനെ ഓർത്തെടുക്കുന്നു.

3.യഥാർത്ഥ അണുബാധ ഉണ്ടാകുമ്പോൾ അതിവേഗം, ശക്തമായി പ്രതികരിക്കുന്നു.

പ്രതിരോധ സംവിധാനത്തിൻ്റെ ഈ “ഓർമ്മശക്തി” വർഷങ്ങളോളം, പതിറ്റാണ്ടുകളോളം, ചിലപ്പോൾ ജീവിതകാലം മുഴുവൻ നിലനിൽക്കും.

ഉദാഹരണത്തിന്:

  • അഞ്ചാംപനിക്കെതിരെ (Measles) കുത്തിവയ്പ്പെടുത്ത ഒരു വ്യക്തിയിൽ രൂപപ്പെടുന്ന ആൻ്റിബോഡികൾ പതിറ്റാണ്ടുകളോളം ശരീരത്തിൽ നിലനിൽക്കും.
  • ടെറ്റനസ് അല്ലെങ്കിൽ കൊവിഡ്-19 പോലുള്ള ‘ബൂസ്റ്റർ ഷോട്ടുകൾ’, നമ്മുടെ പ്രതിരോധ സംവിധാനത്തിൻ്റെ ശക്തി നിലനിർത്താൻ അതിനെ ഓർമ്മപ്പെടുത്തുന്നു.

പ്രതിരോധ കുത്തിവയ്പ്പിൻ്റെ ചരിത്രം

വാക്സിനേഷൻ്റെ വേരുകൾ 18-ാം നൂറ്റാണ്ടിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുന്നു. വസൂരി (Smallpox) രോഗത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ ഡോ. എഡ്വേർഡ് ജെന്നർ പശുക്കളിൽ കണ്ടുവന്നിരുന്ന ‘കൗപോക്സ്’ (Cowpox) രോഗത്തിൻ്റെ സ്രവം ഉപയോഗിച്ചു. ‘പശു’ എന്നർത്ഥം വരുന്ന ‘വാക്ക’ (Vacca) എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് “വാക്സിൻ” എന്ന പദം രൂപം കൊണ്ടത്.

തുടർന്നിങ്ങോട്ട്, മറ്റേതൊരു വൈദ്യശാസ്ത്ര ആവിഷ്ക്കാരത്തേക്കാളും കൂടുതൽ മനുഷ്യജീവനുകൾ രക്ഷിച്ചത് ഇമ്മ്യൂണൈസേഷൻ തന്നെയാണ്.

ചില നാഴികക്കല്ലുകൾ:

  • വസൂരി നിർമാർജനം (1980): ലോകത്തിൽ നിന്ന് ആദ്യമായി പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട ഒരേയൊരു രോഗം.
  • പോളിയോ നിർമാർജനം: ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിൽ നിന്നും പോളിയോ ഇല്ലാതാക്കാൻ കഴിഞ്ഞു (2014-ൽ ഇന്ത്യ പോളിയോ മുക്തമായി പ്രഖ്യാപിക്കപ്പെട്ടു).
  • കുത്തനെ കുറഞ്ഞ രോഗങ്ങൾ: ആഗോളതലത്തിൽ അഞ്ചാംപനി, ഡിഫ്തീരിയ, റുബെല്ല, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾ ഗണ്യമായി കുറഞ്ഞു.

എങ്കിലും അവബോധമില്ലായ്മയും വാക്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വാക്സിൻ ലഭ്യമാകാത്ത സാഹചര്യവും മൂലം ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ഇന്നും പതിവ് കുത്തിവയ്പ്പുകൾ ലഭ്യമാകുന്നില്ല.

ഇമ്മ്യൂണൈസേഷൻ പ്രധാനമാകാൻ കാരണം (പ്രത്യേകിച്ച് കുട്ടികളിൽ)

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ, അവരുടെ പ്രതിരോധ സംവിധാനം പൂർണ്ണമായും വികാസം പ്രാപിച്ചിട്ടുണ്ടാകില്ല. ഇത് കുഞ്ഞുങ്ങളിൽ അണുബാധകൾ പെട്ടെന്ന് വ്യാപിക്കാനുള്ള സാഹചര്യം ഒരുക്കുന്നു. ആരോഗ്യകരമായ വളർച്ചയ്ക്കും അതിജീവനത്തിനും ജീവിതത്തിലെ ആദ്യ അഞ്ച് വർഷത്തിനുള്ളിലെ കൃത്യസമയത്തുള്ള വാക്സിനേഷൻ അതീവ പ്രധാനമാണ്.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്:

  • വാക്സിനുകൾ ഓരോ വർഷവും 40 മുതൽ 50 ലക്ഷം വരെ മരണങ്ങൾ തടയുന്നു.
  • ജീവൻ അപകടത്തിലാക്കുന്ന 25ൽ അധികം രോഗങ്ങളെ ഇന്ന് വാക്സിനേഷൻ വഴി തടയാനാകും.
  • വാക്സിനേഷനായി ചെലവഴിക്കുന്ന ഓരോ ഒരു രൂപയ്ക്കും പകരമായി, ആരോഗ്യ സംരക്ഷണത്തിലും മറ്റ് സാമൂഹിക ചെലവുകളിലുമായി 16 രൂപ ലാഭിക്കാൻ സാധിക്കുന്നു.

ഇന്ത്യയിൽ, സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പരിപാടി (UIP) വഴി 12 തരം രോഗങ്ങൾക്കെതിരായ വാക്സിനുകൾ സൗജന്യമായി നൽകുന്നു. പോളിയോ, ക്ഷയം (TB), ഹെപ്പറ്റൈറ്റിസ് ബി, ഡിഫ്തീരിയ, വില്ലൻ ചുമ, ടെറ്റനസ്, റോട്ടാവൈറസ്, മീസിൽസ്-റുബെല്ല എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കുട്ടിക്കാലം പിന്നിട്ടാലും പ്രതിരോധം വേണം – മുതിർന്നവർക്കും ഇത് പ്രധാനം

വാക്സിനുകൾ കുട്ടികൾക്ക് മാത്രമുള്ളതല്ല. മുതിർന്നവർക്കും പ്രായമായവർക്കും യാത്ര ചെയ്യുന്നവർക്കും രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം നിലനിർത്താൻ കുത്തിവയ്പ്പുകൾ ആവശ്യമാണ്.

മുതിർന്നവർക്ക് ആവശ്യമായ പ്രധാന വാക്സിനുകൾ:

  • ഇൻഫ്ലുവൻസ വാക്സിൻ: (എല്ലാ വർഷവും എടുക്കേണ്ടത്, പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ളവർ)
  • ടെറ്റനസ് ബൂസ്റ്റർ: (ഓരോ 10 വർഷത്തിലും)
  • HPV വാക്സിൻ: (യുവാക്കളിലും യുവതികളിലും സെർവിക്കൽ കാൻസർ തടയുന്നതിന്)
  • ഹെപ്പറ്റൈറ്റിസ് ബി, എ വാക്സിനുകൾ: (ആരോഗ്യ പ്രവർത്തകർക്കും രോഗസാധ്യത കൂടുതലുള്ളവർക്കും)
  • കൊവിഡ്-19 ബൂസ്റ്ററുകൾ: (ദേശീയ ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്)

പ്രായമാകുന്തോറും ശരീരത്തിൻ്റെ പ്രതിരോധശേഷി കുറയാൻ സാധ്യതയുണ്ട്. മുതിർന്നവർ കൃത്യസമയത്ത് വാക്സിനുകൾ എടുക്കുന്നത് സമൂഹത്തെ ഒന്നാകെയും പ്രത്യേകിച്ച് ദുർബലരായവരെയും സംരക്ഷിക്കാൻ സഹായിക്കുന്നു.

                   വാക്സിനേഷൻ: മിഥ്യാധാരണകളും വസ്തുതകളും

 മിഥ്യാധാരണ                  വസ്തുത
വാക്സിനുകൾ രോഗം തടയുന്നതിന് പകരം രോഗം വരുത്തുന്നുവാക്സിനുകളിൽ നിർവീര്യമാക്കിയതോ നിരുപദ്രവകരമായതോ ആയ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. അവയ്ക്ക് രോഗമുണ്ടാക്കാൻ കഴിയില്ല
വാക്സിൻ എടുക്കുന്നതിനേക്കാൾ നല്ലത് അസുഖം വന്ന് ഭേദമാകുന്നതാണ്അസുഖം വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കോ മരണത്തിനോ കാരണമായേക്കാം. വാക്സിനുകൾ സുരക്ഷിതമായി പ്രതിരോധശേഷി നൽകുന്നു
വാക്സിനുകൾ രോഗപ്രതിരോധ സംവിധാനത്തിന് അമിതഭാരം നൽകുന്നുനമ്മുടെ പ്രതിരോധ സംവിധാനം ദിവസവും ഒട്ടനവധി ആൻ്റിജനുകളെ കൈകാര്യം ചെയ്യുന്നുണ്ട്. അതുമായി താരതമ്യം ചെയ്യുമ്പോൾ വാക്സിനുകൾ തീരെ ചെറുതാണ്
വാക്സിനുകൾ കുട്ടികൾക്ക് മാത്രം മതിബൂസ്റ്റർ ഡോസുകളും മറ്റ് പ്രതിരോധ കുത്തിവയ്പ്പുകളും മുതിർന്നവർക്കും  ആവശ്യമാണ്
വാക്സിനുകൾക്ക് അപകടകരമായ പാർശ്വഫലങ്ങളുണ്ട്മിക്ക പാർശ്വഫലങ്ങളും നിസ്സാരമാണ് (പനി, കുത്തിവച്ച ഭാഗത്ത് വേദന). ഗുരുതരമായ പ്രത്യാഘാതങ്ങൾ അത്യപൂർവ്വമാണ്

ലോകാരോഗ്യ സംഘടന (WHO), സിഡിസി (CDC), ഐസിഎംആർ (ICMR) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം ശാസ്ത്രീയമായ പൊതു അഭിപ്രായം ഒന്ന് മാത്രമാണ്:

വാക്സിനേഷൻ മൂലമുണ്ടാകുന്ന നിസ്സാരമായ അപകടസാധ്യതകളേക്കാൾ എത്രയോ വലുതാണ് അതുകൊണ്ടുള്ള പ്രയോജനങ്ങൾ.

ബോധവൽക്കരണത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും പങ്ക്

ലോക ഇമ്മ്യൂണൈസേഷൻ ദിനം ആരോഗ്യപ്രവർത്തകർക്ക് മാത്രമുള്ളതല്ല – അത് എല്ലാവർക്കും വേണ്ടിയുള്ള ഒരു അവശ്യ പ്രവർത്തനമാണ്.

വാക്സിനുകളുടെ അഭാവമല്ല, മറിച്ച്  തെറ്റായ വിവരങ്ങളുടെ വ്യാപനമാണ് ഇന്ന് നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി. സമൂഹ മാധ്യമങ്ങളിലെ കെട്ടുകഥകൾ, വാക്സിനെടുക്കുന്നതിൽ കാണിക്കുന്ന വിമുഖത, അനാവശ്യ ഭയം എന്നിവ പലപ്പോഴും പൊതുജനാരോഗ്യ രംഗത്തെ വിജയങ്ങൾക്ക് തടസ്സമാകുന്നു.

‘വാക്സിൻ സാക്ഷരത’ (Vaccine Literacy) പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്താണ് വാക്സിനുകൾ, അവ എങ്ങനെ പ്രവർത്തിക്കുന്നു, എന്തുകൊണ്ടാണ് അവ സുരക്ഷിതമായിരിക്കുന്നത് എന്നെല്ലാം മനസ്സിലാക്കുന്നത് രോഗവ്യാപനം തടയാനും ജീവൻ രക്ഷിക്കാനും സഹായിക്കും.

ഇന്ത്യയിലെ സാഹചര്യം

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടികളിൽ ഒന്നാണ് ഇന്ത്യയുടേത്. ഓരോ വർഷവും 2.7 കോടിയിലധികം കുഞ്ഞുങ്ങളിലേക്കും 2.9 കോടി ഗർഭിണികളിലേക്കും ഈ പരിപാടികളുടെ പ്രയോജനം എത്തിച്ചേരുന്നു.

സമീപകാലത്ത് നടപ്പിലാക്കിയ ദൗത്യങ്ങളായ:

  • മിഷൻ ഇന്ദ്രധനുഷ്: 90% വാക്സിനേഷൻ കവറേജ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ.
  • തീവ്ര മിഷൻ ഇന്ദ്രധനുഷ് (IMI 5.0): കുത്തിവയ്പ്പ് നൽകുന്നതിനുള്ള അവസാന തടസ്സങ്ങളും ഇല്ലാതാക്കാൻ.

ഈ സംരംഭങ്ങൾ, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിലും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളിലും വാക്സിൻ ലഭ്യത ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.

nellikka.lifeൻ്റെ വീക്ഷണത്തിൽ, കുത്തിവയ്പ്പെന്നത് കൂട്ടായ ഉത്തരവാദിത്തമാണ്.

ഒരാൾ വാക്സിൻ എടുക്കുമ്പോൾ, ആ വ്യക്തി മാത്രമല്ല സംരക്ഷിക്കപ്പെടുന്നത്. വാക്സിൻ എടുക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾ, കാൻസർ രോഗികൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ള ഒരു സമൂഹം മുഴുവനും അതിലൂടെ സംരക്ഷിക്കപ്പെടുന്നു.

ഇമ്മ്യൂണൈസേഷൻ,  ശാസ്ത്രത്തിനപ്പുറം പ്രവൃത്തിയിലൂടെയുള്ള സ്നേഹവും കരുതലും കൂടിയാണ്.

“ഇന്നത്തെ ചെറിയ കുത്തിവയ്പ്പിന് നാളെ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും.”

References

  1. World Health Organization (WHO). Global Vaccine Action Plan and 2025 Coverage Report.
  2. UNICEF India. Universal Immunization Programme (UIP) Progress Report.
  3. Centers for Disease Control and Prevention (CDC). Vaccine Safety and Effectiveness Data.
  4. The Lancet Global Health (2023). Global Estimates of Vaccine-Preventable Deaths.
  5. Ministry of Health and Family Welfare, Government of India. Mission Indradhanush Overview and Outcomes.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe