ദാമ്പത്യത്തിലെ ഏഴാം വർഷം: കെട്ടുകഥയും യാഥാർത്ഥ്യവും

ദാമ്പത്യത്തിലെ ഏഴാം വർഷം: കെട്ടുകഥയും യാഥാർത്ഥ്യവും

മാറ്റങ്ങൾക്ക് പിന്നിലെ ശാസ്ത്രീയ വശം

നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിൽ ഇല്ലെങ്കിലും പടിഞ്ഞാറൻ രാജ്യങ്ങളിൽ കാലങ്ങളായി ഉപയോഗിച്ചു വരുന്ന ശൈലിയാണ്,’The Seven – Year Itch’ എന്നത്. വിവാഹിതരായി ഏകദേശം ഏഴു വർഷമാകുമ്പോൾ, ദമ്പതികൾക്കിടയിൽ രൂപപ്പെടുന്ന വൈകാരിക മാറ്റത്തെ സൂചിപ്പിക്കുന്നതിനായാണ് ഈ ശൈലി പ്രയോഗിക്കുന്നത്. ദാമ്പത്യത്തിൽ ഉണ്ടാകുന്ന സന്തോഷക്കുറവ്, മടുപ്പ്, അടുപ്പമില്ലായ്മ, അല്ലെങ്കിൽ അതൃപ്തി തുടങ്ങിയ പ്രയാസങ്ങളെ വിവരിക്കാൻ പൊതുവായി ഉപയോഗിക്കുന്ന ഒരു ശൈലിയാണിത്. 1955-ൽ പുറത്തിറങ്ങിയ മെർലിൻ മൺറോ അഭിനയിച്ച ‘ദി സെവൻ ഇയർ ഇച്ച്’ എന്ന ചിത്രത്തിലൂടെയാണ് ഈ പ്രയോഗം ജനകീയമായതെങ്കിലും,  സിനിമ പുറത്തിറങ്ങുന്നതിനും എത്രയോ മുൻപുതന്നെ ഈ ശൈലി നിലനിന്നിരുന്നു. വിവാഹം കഴിഞ്ഞ് ആറേഴു വർഷങ്ങൾ കഴിയുന്നതോടെ ദമ്പതികൾക്കിടയിലെ ബന്ധത്തിൻ്റെ ഊഷ്മളത കുറഞ്ഞു തുടങ്ങുന്നുവെന്ന് പറയാനായി കളിയായും കാര്യമായും  ഈ ശൈലി ഉപയോഗിച്ചുവരുന്നു.

എന്നാൽ ഇത് വെറുമൊരു പ്രയോഗം മാത്രമാണോ, അതോ ഇതിൽ എന്തെങ്കിലും ശാസ്ത്രീയ വശമുണ്ടോ ?

കണക്കുകൾ പറയുന്നത്: ഏഴൊരു മാന്ത്രിക സംഖ്യയാണോ?

വിവാഹബന്ധത്തിന്റെ ദൈർഘ്യത്തെയും വിവാഹമോചന നിരക്കുകളെയും കുറിച്ചുള്ള പഠനങ്ങൾ  ചില യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കുന്നുണ്ട്:

  • വിവാഹമോചന സാധ്യത ഏറ്റവും കൂടുതൽ എപ്പോൾ?

യു.എസ്. സെൻസസ് ബ്യൂറോയുടെയും അമേരിക്കൻ സോഷ്യോളജിക്കൽ റിവ്യൂവിന്റെയും പഠനങ്ങൾ സൂചിപ്പിക്കുന്നത്, വിവാഹമോചനത്തിനുള്ള സാധ്യത ഏറ്റവും കൂടുതൽ കാണുന്നത്, വിവാഹം കഴിഞ്ഞ് 5-നും 8-നും ഇടയിലുള്ള വർഷങ്ങളിലാണ് എന്നാണ്. ദാമ്പത്യത്തിലെ കല്ലുകടിയും അനിഷ്ടങ്ങളും ഏകദേശം ഏഴാം വർഷത്തിൽ  കൂടുതൽ പ്രകടമാകുന്നു എന്ന ആശയത്തിന് ഇത് ശക്തി പകരുന്നു.

  • ഇന്ത്യയിലെ സാഹചര്യം

നമ്മുടെ രാജ്യത്ത്  ഈ വിഷയത്തിൽ ഔദ്യോഗിക പഠനങ്ങൾ കുറവാണെങ്കിലും, വിവാഹ ശേഷമുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ, കുട്ടികളെ വളർത്തുന്നതിലെ സമ്മർദ്ദങ്ങൾ എന്നിവയെല്ലാം പൊതുവെ 5-നും 8-നും ഇടയിലുള്ള വർഷങ്ങളിൽ ഉയർന്നുവരാറുണ്ട് എന്നാണ് ഫാമിലി കൗൺസിലർമാരുടെ അനുഭവത്തിൽ നിന്ന് വ്യക്തമാകുന്നത്.

  • ആഗോളതലത്തിലെ കണക്ക്

2012ൽ ‘ജേണൽ ഓഫ് മാര്യേജ് ആൻഡ് ഫാമിലി’ എന്ന ഗവേഷണ പ്രസിദ്ധീകരണത്തിൽ വന്ന പഠനമനുസരിച്ച്, ഒരു ബന്ധത്തിലെ സംതൃപ്തി ആദ്യത്തെ 7-10 വർഷങ്ങളിൽ ക്രമേണ കുറയുകയും, അതിനുശേഷം വേർപിരിയാതെ ജീവിക്കുന്ന ദമ്പതികളിൽ ആ സംതൃപ്തി നിലനിൽക്കുകയോ     മെച്ചപ്പെടുകയോ ചെയ്യുന്നുണ്ട് എന്നാണ്.

വിരസതയ്ക്ക് പിന്നിൽ 

മനുഷ്യസഹജമായ പൊരുത്തപ്പെടലുകളും കാലക്രമേണ ബന്ധങ്ങളിൽ വരുന്ന മാറ്റങ്ങളും കൊണ്ടാണ് വിരസത ഉണ്ടാകുന്നത്.

1.സുഖങ്ങളോടുള്ള പൊരുത്തപ്പെടൽ 

 ബന്ധത്തിലെ പുതുമയും ആവേശവും ക്രമേണ കുറയാൻ തുടങ്ങും. വിവാഹജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽ തലച്ചോറിൽ സന്തോഷത്തിൻ്റെ ഹോർമോൺ ആയ ഡോപമിൻ ധാരാളമായി ഉണ്ടാകുന്നു. എന്നാൽ ക്രമേണ  ഈ അവസ്ഥയുമായി മസ്തിഷ്ക്കം പൊരുത്തപ്പെടുകയും ഡോപമിന്റെ അളവ് സാധാരണ നിലയിലാവുകയും ചെയ്യുന്നു. ഇത്,വിവാഹബന്ധത്തിൻ്റെ ആദ്യഘട്ടതിൽ അനുഭവപ്പെടുന്ന ആനന്ദം  കുറയ്ക്കാൻ ഇടയാക്കുന്നു.

2.ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ സമ്മർദ്ദങ്ങൾ

വിവാഹം കഴിഞ്ഞ് 5-8 വർഷം ആകുമ്പോഴേക്കും ദമ്പതികൾക്ക് ജോലിയിലെ സമ്മർദ്ദങ്ങൾ, കുട്ടികളെ വളർത്തുന്നതിന്റെ ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ, പ്രായമാകുന്ന മാതാപിതാക്കളുടെ കാര്യങ്ങൾ എന്നിവ ഒരേസമയം കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. ഈ സമ്മർദ്ദങ്ങൾ ദമ്പതികൾക്ക് ഒരുമിച്ച് ചെലവഴിക്കാൻ ലഭിക്കുന്ന സമയം കുറയ്ക്കുകയും അത് അവരുടെ അടുപ്പത്തെയും വൈകാരിക ബന്ധത്തെയും മോശമായി ബാധിക്കുകയും ചെയ്യും.

3.സഫലീകരിക്കാത്ത പ്രതീക്ഷകൾ

ബന്ധത്തിന്റെ തുടക്കത്തിൽ പ്രകടമല്ലാതിരുന്ന സ്വഭാവസവിശേഷതകൾ,, ആശയവിനിമയ രീതികൾ, ജീവിത ലക്ഷ്യം സംബന്ധിച്ച കാഴ്ച്ചപ്പാടിലെ പൊരുത്തമില്ലായ്മ എന്നിവയെല്ലാം വർഷങ്ങൾ മുന്നോട്ടു പോകുമ്പോഴാകും തിരിച്ചറിയുക. ഇത് പ്രതീക്ഷകൾക്ക് എതിരാകുന്നതോടെ അതൃപ്തിയും ഉടലെടുക്കുന്നു.

4.ബന്ധങ്ങളുടെ രസതന്ത്രം

പ്രണയത്തിന്റെ ആദ്യഘട്ടങ്ങളിൽ ഡോപമിൻ, നോർഎപിനെഫ്രിൻ തുടങ്ങിയ ഹോർമോണുകളാണ് ബന്ധത്തെ നിയന്ത്രിക്കുന്നത്. എന്നാൽ ദീർഘകാല ബന്ധങ്ങൾക്ക് ദൃഢത നൽകുന്നത്  ഓക്സിടോസിൻ, വാസോപ്രസിൻ തുടങ്ങിയ ഹോർമോണുകളാണ്. ദമ്പതികൾക്കിടയിൽ വൈകാരികമായ അടുപ്പം പരിപോഷിപ്പിച്ചില്ലെങ്കിൽ, ഈ മാറ്റം സംഭവിക്കുമ്പോൾ ബന്ധത്തിലെ ആവേശവും ഊർജവും പൊയ്പ്പോയതായി അനുഭവപ്പെടാം.

ശാസ്ത്രീയ സിദ്ധാന്തങ്ങളും തെളിവുകളും

  • പരിണാമ ശാസ്ത്രം: ചില നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, പുരാതന സമൂഹങ്ങളിൽ  ഒരു കുട്ടിക്ക് സ്വയംപര്യാപ്തനാകാൻ ഏകദേശം 4-7 വർഷമായിരുന്നു വേണ്ടിയിരുന്നത്. അതായത്, കുഞ്ഞ് സ്വയംപര്യാപ്തത കൈവരിക്കുന്നതുവരെ മാതാപിതാക്കളുടെ ബന്ധം നിലനിൽക്കേണ്ടത് ആവശ്യമായിരുന്നു എന്നർത്ഥം. ഏഴുവർഷത്തെ കണക്കിന് ഇക്കാര്യവുമായി ബന്ധമുണ്ടെന്നാണ് ചില ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.  ഈ സിദ്ധാന്തത്തിൽ വ്യക്തത കുറവാണെങ്കിലും,  ഈ വിഷയത്തിന് ഇത് പരിണാമപരമായ കാഴ്ചപ്പാട് നൽകുന്നു.
  • ബന്ധങ്ങളെക്കുറിച്ചുള്ള ശാസ്ത്രം: ഗോട്ട്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ജോൺ ഗോട്ട്മാൻ നൽകുന്ന വിശദീകരണം അനുസരിച്ച്, ബന്ധങ്ങൾ തകരാൻ കാരണം സമയമല്ല, മറിച്ച് ദമ്പതികൾക്കിടയിലെ പരിഹരിക്കപ്പെടാത്ത  പൊരുത്തക്കേടുകളാണ് എന്നാണ്. ഒരുപക്ഷേ, ഇഷ്ടക്കേടുകളും അതൃപ്തിയും കൂടിക്കൂടി ഒരു പൊട്ടിത്തെറിയിലെത്തുന്ന  സമയമാകാം ഈ ഏഴാം വർഷം.

ഈ പ്രതിസന്ധി എങ്ങനെ മറികടക്കാം?

അവഗണനയും മാനസിക സമ്മർദ്ദവും പരിഗണിക്കപ്പെടാത്ത ആവശ്യങ്ങളുമാണ് ഈ മടുപ്പിന് അടിസ്ഥാനം എങ്കിൽ, ബോധപൂർവമായ പരിശ്രമത്തിലൂടെ അത് പരിഹരിക്കാനും ഒരു പരിധി വരെ ഒഴിവാക്കാനും കഴിയും.

1.തുറന്നു സംസാരിക്കുക

പ്രശ്നങ്ങൾ മനസ്സിൽക്കിടന്ന് വലുതാകുന്നതിന് മുമ്പ് എല്ലാം തുറന്നു സംസാരിക്കാനായി ആഴ്ചയിലോ മാസത്തിലോ സമയം കണ്ടെത്തുക. ഇത് തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ സഹായിക്കും.

2.അടുപ്പത്തിന് പ്രാധാന്യം നൽകുക

ശാരീരികമായ സാമീപ്യം, സ്നേഹത്തോടെയുള്ള സ്പർശനം, മാനസിക ഇഴയടുപ്പം എന്നിവ ദീർഘകാല ബന്ധം ഊട്ടിയുറപ്പിക്കുന്ന ഓക്സിടോസിൻ എന്ന ഹോർമോണിന്റെ അളവ് നിലനിർത്താൻ സഹായിക്കുന്നു.

3.പുതുമ കണ്ടെത്താം, ഒരുമിച്ച് യാത്ര പോകാം

ഒരുമിച്ച് പുതിയ കാര്യങ്ങൾ ചെയ്യുകയോ പുതിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുകയോ ചെയ്യുന്നത് തലച്ചോറിൽ ഡോപമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കാൻ സഹായിക്കും. ഇത് വിവാഹത്തിൻ്റെ ആദ്യദിവസങ്ങളിലെ ആവേശം തിരികെ കൊണ്ടുവരാൻ ഗുണം ചെയ്തേക്കാം.

4.ജോലിയും ജീവിതവും സന്തുലിതമാക്കാം

ജോലിയിലെയും കുടുംബത്തിലെയും സമ്മർദ്ദങ്ങൾക്കിടയിലും ദമ്പതികൾ എന്ന നിലയിൽ ഒരുമിച്ച് ചെലവഴിക്കാൻ സമയം കണ്ടെത്തണം.

5.വിദഗ്ദ്ധ സഹായം തേടുക 

ബന്ധത്തിൽ ചെറിയ വിള്ളലുകൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഒരു കൗൺസിലറുടെ സഹായം തേടി,നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്, പ്രശ്നങ്ങൾ ഗുരുതരമാകുന്നത് ഒഴിവാക്കാൻ സഹായിക്കും.

കേട്ടുകേൾവിക്കുമപ്പുറം

“ഏഴാം വർഷത്തെ പ്രതിസന്ധി” എന്നത് ഒരു പ്രവചനമല്ല, അതൊരു ഓർമ്മപ്പെടുത്തലാണ്. ബന്ധങ്ങൾ അമൂല്യമാണ്; അത് വളരാനും ശക്തമാകാനും നിരന്തരമായ ശ്രദ്ധയും പരിപാലനവും പൊരുത്തപ്പെടലും ആവശ്യമാണ്. പല ദമ്പതികളും വിവാഹത്തിന്റെ 5-നും 8-നും ഇടയിലുള്ള വർഷങ്ങളിൽ ബന്ധം തകരുന്ന തരത്തിൽ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  

ദമ്പതികൾ എങ്ങനെയെങ്കിലും, എത്ര തിരക്കുകളുണ്ടെങ്കിലും ഒരുമിച്ചിരിക്കാൻ, തുറന്ന് സംസാരിക്കാൻ, ഒരുമിച്ച് സ്വപ്നങ്ങൾ കാണാൻ –  കുറച്ച് സമയം നീക്കിവെയ്ക്കണം. അതിലൂടെ, വിരസതയെ സ്നേഹമാക്കി മാറ്റാൻ കഴിയും. ഏഴാം വർഷം എന്നത്  തകർച്ചയുടെ സമയമല്ല, മറിച്ച് ബന്ധം ഊഷ്മളമാക്കാനുള്ള അവസരമാണെന്ന് തെളിയിക്കാം .

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe