ശരിയായ ബ്രാ തെരഞ്ഞെടുക്കാം: ആരോഗ്യവും സൗന്ദര്യവും നിലനിർത്താം

സ്ത്രീയുടെ ആശ്വാസം, ആത്മവിശ്വാസം, സ്തനാരോഗ്യം എന്നിവയെല്ലാം ചർമ്മത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന വസ്ത്രത്തിൽ നിന്ന് തുടങ്ങുന്നു
മിക്ക സ്ത്രീകൾക്കും ബ്രേസിയർ എന്ന ഉൾവസ്ത്രം അവശ്യ ഘടകമാണ്. ആത്മവിശ്വാസവും സൗന്ദര്യവും നൽകുന്ന നിശബ്ദ താങ്ങാണത്.
ആരോഗ്യസംബന്ധിയായ കാര്യങ്ങളിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വസ്ത്രങ്ങളിൽ ഒന്ന് കൂടിയാണ് ബ്രേസിയർ.
ശരിയായ ബ്രാ എങ്ങനെ തിരഞ്ഞെടുക്കണം?
എത്ര തവണ അത് മാറ്റണം?
കൂടാതെ, കറുത്ത ബ്രാ ധരിക്കുന്നത് ദോഷകരമാണ് എന്ന ധാരണയിൽ എന്തെങ്കിലും സത്യമുണ്ടോ?
ബ്രാകളെയും സ്തനാരോഗ്യത്തെയും കുറിച്ചുള്ള ശാസ്ത്രം, കെട്ടുകഥകൾ, വസ്തുതകൾ എന്നിവയെല്ലാം നമുക്ക് പരിശോധിക്കാം.
1. ബ്രായുടെ പങ്ക്: സൗന്ദര്യത്തിനുമപ്പുറം
കൃത്യമായ അളവിലുള്ള ബ്രാ, സ്തനത്തിലെ കോശങ്ങളെയും ലിഗമെൻ്റുകളെയും താങ്ങിനിർത്തുന്നു. ഇത് സ്തനം തൂങ്ങുന്നതും ചർമ്മം വലിഞ്ഞു പോകുന്നതും അസ്വസ്ഥതയും തടയാൻ സഹായിക്കും — പ്രത്യേകിച്ച് വലിയ സ്തനങ്ങളുള്ളവർക്കും ശാരീരികമായി സജീവമായവർക്കും.
ശാസ്ത്രീയമായി പറഞ്ഞാൽ, സ്തനത്തിൽ പേശികൾ ഇല്ല; കൊഴുപ്പ്, ബന്ധിത കോശങ്ങൾ, പാൽ ഗ്രന്ഥികൾ എന്നിവയാലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ശരിയായ താങ്ങു നൽകാത്ത പക്ഷം, സ്തനങ്ങൾക്ക് രൂപഘടന നൽകുന്ന നേർത്ത കൂപ്പേഴ്സ് ലിഗമെൻ്റുകൾ (Cooper’s ligaments) കാലക്രമേണ വലിഞ്ഞുപോകുന്നു, ഇത് സ്തനത്തിൻ്റെ ദൃഢത നഷ്ടപ്പെടുത്താൻ ഇടയാക്കും.
പ്രൊഫസർ ജീൻ-ഡെനിസ് റൂയിലൺ 2013 ൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്, ബ്രാ ധരിക്കാത്ത സ്ത്രീകൾക്ക് സ്തനങ്ങളുടെ ദൃഢത വർദ്ധിക്കുന്നില്ലെങ്കിലും, തെറ്റായ അളവിലുള്ള ബ്രാ ധരിച്ചവർക്ക് പലപ്പോഴും ശാരീരികപ്രശ്നങ്ങളും അസ്വസ്ഥതയും അനുഭവപ്പെട്ടു എന്നാണ്.
2. ശരിയായ ബ്രാ ശാസ്ത്രീയമായി എങ്ങനെ തിരഞ്ഞെടുക്കാം
a) ഊഹിക്കരുത്, കൃത്യമായ അളവെടുക്കുക
Chiropractic & Osteopathy Journal-ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 80 ശതമാനത്തിലധികം സ്ത്രീകൾ തെറ്റായ അളവിലുള്ള ഉൾവസ്ത്രമാണ് ധരിക്കുന്നത്.
കൃത്യമായ അളവ് കണ്ടെത്താൻ:
- നെഞ്ചിനു താഴെ,കപ്പിനടിയിൽ (Under the Bust) ടേപ്പ് ചുറ്റി അളവെടുക്കുക: ഇത് ബാൻഡ് സൈസ് (Band Size) അറിയാൻ സഹായിക്കും.
- സ്തനങ്ങളുടെ ഏറ്റവും വണ്ണമുള്ള ഭാഗത്തിന് ചുറ്റും(മുലക്കണ്ണിന് മുകളിലൂടെ) അളവെടുക്കുക: ഇത് കപ്പ് സൈസ് (Cup Size) കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും.
- ഈ രണ്ട് അളവുകൾ തമ്മിലുള്ള വ്യത്യാസമാണ് നിങ്ങളുടെ കപ്പ് നിർണ്ണയിക്കുന്നത് (1 ഇഞ്ച് വ്യത്യാസം = A, 2 ഇഞ്ച് = B, 3 ഇഞ്ച് = C എന്നിങ്ങനെ).
b) തുണിത്തരങ്ങൾ ശ്രദ്ധിക്കുക
പ്രത്യേകിച്ച് ഇന്ത്യയിലെ കാലാവസ്ഥയിൽ, കോട്ടൺ, മുള (Bamboo), അല്ലെങ്കിൽ മൈക്രോഫൈബർ പോലുള്ള വായുസഞ്ചാരമുള്ളതും ചർമ്മത്തിന് യോജിച്ചതുമായ തുണിത്തരങ്ങൾ തിരഞ്ഞെടുക്കുക. ഇവ വിയർപ്പ് കുറയ്ക്കുകയും ഫംഗസ്/ബാക്ടീരിയ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
സിന്തറ്റിക്, ലേസ് ബ്രാകൾ ദൈനംദിന ഉപയോഗത്തിന് ഒഴിവാക്കുക, കാരണം അവ ചൂടും ഈർപ്പവും നിലനിർത്താൻ സാധ്യതയുണ്ട്.
c) പ്രവർത്തനത്തിനനുസരിച്ചുള്ള ബ്രാ
- സ്പോർട്സ് ബ്രാ: ചലനത്തിന് വേണ്ടി രൂപകൽപ്പന ചെയ്തത്; വ്യായാമം ചെയ്യുമ്പോൾ ഇത് അത്യാവശ്യമാണ്.
- ടീ-ഷർട്ട് ബ്രാ: മിനുസമാർന്നത്, ദൈനംദിന ഉപയോഗത്തിന് അനുയോജ്യം.
- വയർ രഹിത സോഫ്റ്റ് ബ്രാ: ഉറങ്ങുമ്പോഴും ഗർഭകാലത്തും സുഖപ്രദമാണ്.
- അണ്ടർവയേർഡ് ബ്രാ: ധരിക്കുന്നതിൽ പ്രശ്നമില്ല, പക്ഷേ കൃത്യമായ അളവായിരിക്കണം — അല്ലെങ്കിൽ ചർമ്മത്തിൽ തറച്ച് വേദനയുണ്ടാകാൻ സാദ്ധ്യതയുണ്ട്.
3. എത്ര തവണ മാറ്റണം?
തുണിയുടെയും സ്ട്രാപ്പുകളുടെയും ഇലാസ്തികത ക്രമേണ കുറയും. സ്തനങ്ങൾക്ക് ലഭിക്കുന്ന താങ്ങ് നഷ്ടമാകുകയും ചെയ്യും.
മാറ്റേണ്ടതെപ്പോൾ:
ഉപയോഗവും സൂക്ഷിക്കുന്ന രീതിയും അനുസരിച്ച്, ആറുമാസം, പരമാവധി ഒരു വർഷം കടുമ്പോൾ പഴയ ബ്രാ ഉപേക്ഷിക്കണം.
മാറ്റാനുള്ള സമയം തിരിച്ചറിയാൻ:
- ഏറ്റവും ഇറുകിയ ഹുക്കിൽ ഇട്ടാലും ബാൻഡ് അയഞ്ഞതായി തോന്നുക.
- സ്ട്രാപ്പുകൾ തെന്നിമാറുകയോ കുത്തിനോവിക്കുകയോ ചെയ്യുക.
- കപ്പുകളിൽ ചുളിവുകൾ വീഴുകയോ വിടവ് വരികയോ ചെയ്യുക.
- ബ്രായുടെ യഥാർത്ഥ ആകൃതിയോ ഇലാസ്തികതയോ നഷ്ടപ്പെടുക.
കഴുകേണ്ട രീതി:
- 2–3 തവണ ഉപയോഗിച്ചതിന് ശേഷം കഴുകുക (കൂടുതൽ വിയർക്കുന്നെങ്കിൽ പതിവായി കഴുകുക).
- വീര്യം കുറഞ്ഞ ഡിറ്റർജൻ്റ് ഉപയോഗിച്ച് കൈകൊണ്ട് കഴുകുക; ചൂട്, വലിയുന്ന തരം നാരുകളെ നശിപ്പിക്കുന്നതിനാൽ തണലത്ത് ഉണക്കുക.
4. കറുത്ത ബ്രാ ധരിക്കുന്നത് അപകടകരമാണോ?
ഇതാണ് സത്യം:
കറുത്ത ബ്രാ കാൻസർ, സ്തനത്തിലെ സിസ്റ്റ് (Cysts), അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു എന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല.
ഇരുണ്ട നിറത്തിലുള്ള ചായങ്ങളിലെ രാസവസ്തുക്കൾ ചർമ്മത്തിന് ദോഷം ചെയ്യുമെന്ന പഴയ ചിന്തകളിൽ നിന്നാകാം ഇങ്ങനെയൊരു ധാരണ വന്നത് — എന്നാൽ ആധുനികകാലത്ത് വസ്ത്ര നിർമ്മാണം, കർശനമായ ഡെർമറ്റോളജിക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്.
ജേണൽ ഓഫ് ദി യൂറോപ്യൻ അക്കാദമി ഓഫ് ഡെർമറ്റോളജി ആൻഡ് വെനിറോളജിയിൽ പ്രസിദ്ധീകരിച്ച ഡെർമറ്റോളജി ഗവേഷണമനുസരിച്ച്, ചായങ്ങളുമായി ബന്ധപ്പെട്ട അലർജി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്, പ്രത്യേകിച്ച് സർട്ടിഫൈഡ് തുണിത്തരങ്ങളിൽ.
എങ്കിലും, ശ്രദ്ധിക്കുക:
- നിലവാരമില്ലാത്ത, നോൺ-സർട്ടിഫൈഡ് സിന്തറ്റിക് ബ്രാകളിൽ (പ്രത്യേകിച്ച് നിയന്ത്രണമില്ലാത്ത വിപണികളിൽ നിന്ന് വാങ്ങുന്നവ) അസോ ഡൈകൾ (Azo dyes) അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് സെൻസിറ്റീവ് ചർമ്മം ഉള്ളവരിൽ ചില അസ്വസ്ഥതകൾക്ക് കാരണമായേക്കാം.
- രാസവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ OEKO-TEX® അല്ലെങ്കിൽ ഡെർമറ്റോളജിക്കലി ടെസ്റ്റഡ് ലേബലുകൾ എപ്പോഴും പരിശോധിക്കുക.
കറുത്ത ബ്രാ ഉപയോഗിക്കുന്നത് ദോഷം ചെയ്യില്ല. പക്ഷെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത, നിലവാരം കുറഞ്ഞ ബ്രാകൾ വാങ്ങുന്നത് ദോഷകരമായേക്കാം.
5. ബ്രാകൾ സ്തനാർബുദത്തിന് കാരണമാകുമോ?
വയറുള്ള ബ്രാകളോ (Underwired) മുറുക്കമുള്ള ബ്രാകളോ സ്തനാർബുദത്തിന് കാരണമാകുന്നു എന്നൊരു മിഥ്യാധാരണയുണ്ട്. ഈ ധാരണയിൽ കഴമ്പില്ലെന്ന്
ശാസ്ത്രീയമായ പഠനങ്ങൾ വ്യക്തമാക്കുന്നു.
ആർത്തവവിരാമം വന്ന സ്ത്രീകളിൽ ബ്രാ ധരിക്കുന്നതും സ്തനാർബുദ സാധ്യതയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നാണ്, ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെൻ്റർ (സിയാറ്റിൽ) നടത്തിയ ഒരു പഠനം കണ്ടെത്തിയത്.
ജനിതക, ഹോർമോൺ, പാരിസ്ഥിതിക ഘടകങ്ങളിൽ നിന്നാണ് കാൻസർ ഉണ്ടാകുന്നത് — വസ്ത്രത്തിൻ്റെ സമ്മർദ്ദത്തിൽ നിന്നോ വയറിൻ്റെ സ്ഥാനത്തിൽ നിന്നോ അല്ല.
6. സ്തനാരോഗ്യത്തിനായുള്ള ആരോഗ്യ-ജീവിതശൈലീ നുറുങ്ങുകൾ
- ചർമ്മം ശ്വസിക്കട്ടെ: ആരോഗ്യപരമായ കാരണങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ കൂടുതൽ ആശ്വാസം തോന്നുകയാണെങ്കിലോ മാത്രം ഉറങ്ങുമ്പോൾ ബ്രാ ധരിക്കാം. അല്ലാത്ത പക്ഷം, ഉറങ്ങുമ്പോൾ ബ്രാ ധരിക്കുന്നത് ഒഴിവാക്കുക.
- മസ്സാജും ഈർപ്പവും: പതിവായുള്ള സൗമ്യമായ മസാജ്, ലിംഫാറ്റിക് ഡ്രെയിനേജ് മെച്ചപ്പെടുത്തുകയും ചർമ്മത്തിൻ്റെ സ്വാഭാവികത നിലനിർത്തുകയും ചെയ്യും.
- ശരീരനില ശ്രദ്ധിക്കുക: കൂനിക്കൂടി ഇരിക്കുന്നത് സ്തനങ്ങൾ തൂങ്ങാനും കഴുത്തുവേദന ഉണ്ടാക്കാനും കാരണമാകും.
- പതിവാക്കാം സ്വയം പരിശോധന: മുഴകളോ അസാധാരണമായ മാറ്റങ്ങളോ നേരത്തെ കണ്ടെത്താൻ മാസം തോറും സ്തനങ്ങൾ സ്വയം പരിശോധിക്കുക.
7. ബ്രായുടെ അളവ് ശരിയല്ലെങ്കിൽ
| ലക്ഷണം | സാദ്ധ്യത | പരിഹാരം |
| തോൾ/ കഴുത്ത് വേദന | സ്ട്രാപ്പുകൾ അമിതമായി ഭാരം വഹിക്കുന്നത് മൂലം | കൃത്യമായ അളവ് ഉറപ്പ് വരുത്തുക |
| ചൊറിച്ചിൽ അല്ലെങ്കിൽ ചുവപ്പ് | സിന്തറ്റിക് തുണിത്തരങ്ങൾ അല്ലെങ്കിൽ ഈർപ്പം കെട്ടിക്കിടക്കുന്നതിനാൽ | കോട്ടൺ/മൈക്രോഫൈബർ പോലുള്ള തുണിത്തരങ്ങൾ ധരിക്കുക |
| നെഞ്ചിൽ മുറുക്കം | ബാൻഡ് (താഴത്തെ ഭാഗം) വല്ലാതെ ഇറുകിയിരിക്കുന്നത് | ബാൻഡ് അളവ് ഒരു സൈസ് വർദ്ധിപ്പിക്കുക. |
| കപ്പ് പുറത്തേക്ക് തള്ളുകയോ വിടവ് വരികയോ ചെയ്യുക | തെറ്റായ കപ്പ് അളവ് | വീണ്ടും അളവെടുത്ത് കൃത്യത ഉറപ്പാക്കുക. ശരിയായ അളവിലുള്ളത് ഉപയോഗിക്കുക |
ബ്രാ ഒരു ഉൾവസ്ത്രം എന്നതിലുപരി, ആരോഗ്യത്തിൽ ഉൾച്ചേർന്ന ഘടകമാണ്.
തെറ്റായ അളവിലുള്ള ബ്രാ ധരിക്കുന്നത്, പുറംവേദനയ്ക്കും ചർമ്മത്തിലെ തിണർപ്പുകൾക്കും ശരീരനില മോശമാക്കാനും കാരണമാവാം.
എന്നാൽ ശരിയായ അളവിലുള്ള ബ്രാ ആത്മവിശ്വാസവും സ്വസ്ഥതയും വർദ്ധിപ്പിക്കുന്നു.
നിറമല്ല സുരക്ഷ നിർണ്ണയിക്കുന്ന ഘടകം — കൃത്യമായ അളവ്, നിലവാരമുള്ള തുണി, ശുചിത്വം എന്നിവയാണ്.
References
- Scurr, J. C., et al. “Breast support implications for sports bra design.” Journal of Biomechanics, 2014.
- Jean-Denis Rouillon, Université de Franche-Comté, Long-term effects of bras on breast firmness, 2013.
- National Cancer Institute (NCI): Bra Wearing and Breast Cancer Factsheet
- ScienceDirect: Breast Support Biomechanics Study




