സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

സ്ത്രീകളുടെ ലൈംഗികാഭിലാഷം: വിവിധ ഘട്ടങ്ങളിൽ വരുന്ന മാറ്റങ്ങൾ 

 സ്ത്രീലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ സമൂഹം പലപ്പോഴും യാഥാർത്ഥ്യങ്ങളെക്കാൾ കൂടുതൽ മിഥ്യാധാരണകളിൽ വിശ്വസിക്കാനാണ് താൽപ്പര്യം പ്രകടിപ്പിക്കുന്നത്. ലൈംഗികതയെപ്പറ്റി തുറന്നു സംസാരിക്കാൻ സങ്കോചം കാണിക്കുന്നവർ ഏറെയുള്ള നമ്മുടെ നാട്ടിൽ വിഷയം  സ്ത്രീലൈംഗികതയാണെങ്കിൽ, പിന്നെ പറയുകയേ വേണ്ട. എന്നാൽ ശാസ്ത്രം ഇക്കാര്യത്തെ വിശദമായി നിർവ്വചിക്കുന്നുണ്ട്. സ്ത്രീകളുടെ ലൈംഗികാഭിലാഷം പല ഘട്ടങ്ങളിലും മാറിമാറിവരും. ജീവശാസ്ത്രപരവും മാനസികവും സാംസ്കാരികവുമായ പല ഘടകങ്ങളുമായി അത് ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതുമാണെന്നാണ് ശാസ്ത്ര ഭാഷ്യം. ഇതൊരു “സ്ഥിരമായ” അവസ്ഥയല്ല, മറിച്ച് കൗമാരം മുതൽ ആർത്തവവിരാമം വരെയും അതിനുശേഷവും സ്ത്രീകളുടെ ലൈംഗികാരോഗ്യം വിവിധ ജീവിതഘട്ടങ്ങളിലൂടെ വികസിച്ചുവരുന്നു. ഈ മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നത് സമഗ്രമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ലൈംഗികാഭിലാഷത്തിന്റെ ജീവശാസ്ത്രം

ഹോർമോണുകൾ, നാഡീവ്യൂഹത്തിലെ രാസവസ്തുക്കൾ (neurotransmitters), മാനസികാരോഗ്യം –  ഇക്കാര്യങ്ങളുടെയെല്ലാം സങ്കീർണ്ണമായ പ്രവർത്തനങ്ങൾ സ്ത്രീയുടെ ലൈംഗികാഭിലാഷത്തെ സ്വാധീനിക്കുന്നുണ്ട്.

  • ഈസ്ട്രജനും പ്രൊജസ്റ്ററോണും: ആർത്തവചക്രത്തിൽ ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ ലൈംഗിക ഉത്തേജനത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു.
  • ടെസ്റ്റോസ്റ്റിറോൺ (സ്ത്രീകൾക്കും ഇതുണ്ട്): ലൈംഗികാഭിലാഷത്തിൽ ഈ ഹോർമോൺ പ്രധാന പങ്ക് വഹിക്കുന്നു.
  • തലച്ചോറിലെ രാസപ്രവർത്തനങ്ങൾ: ഡോപമിൻ (സന്തോഷം), ഓക്സിടോസിൻ (ബന്ധത്തിൻറെ ഇഴയടുപ്പം), സെറോടോണിൻ (മാനസികാവസ്ഥയെ സ്വാധീനിക്കുന്നു) എന്നിവയെല്ലാം ലൈംഗികാഭിലാഷം എങ്ങനെ അനുഭവപ്പെടുന്നു എന്നതിന് കാരണമാകുന്നു.
  • ഒന്നാംഘട്ടം: കൗമാരവും യുവത്വവും

ഈ ഘട്ടത്തിൽ ഹോർമോൺ തോത് കൂടുന്നത് ആകാംക്ഷയ്ക്കും സംവേദനക്ഷമതയ്ക്കും കാരണമാകുന്നു. സ്വന്തം ശരീരത്തെ തിരിച്ചറിയുന്നതിനും കൂട്ടുകാരുടെ സ്വാധീനത്തിനും ആദ്യകാല ബന്ധങ്ങൾക്കുമനുസരിച്ച് ഈ സമയത്തെ ലൈംഗികാഭിലാഷം മാറുന്നു. സമ്മതം, സുരക്ഷിതത്വം, ശരീരത്തോടുള്ള നല്ല സമീപനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഈ ഘട്ടത്തിൽ വളരെ പ്രധാനമാണ്.

  • രണ്ടാംഘട്ടം: ഗർഭകാലവും പ്രസവാനന്തരകാലവും

ഗർഭകാലത്തെ ഹോർമോൺ വ്യതിയാനങ്ങൾ ലൈംഗികാഭിലാഷം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ശരീരഭാരത്തെക്കുറിച്ചുള്ള ആശങ്കകൾ, മാനസിക സമ്മർദ്ദം, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ഈ സമയത്തെ ചിന്തകളെ സ്വാധീനിക്കാം. പ്രസവത്തിനുശേഷം ഓക്സിടോസിൻ (ബന്ധം ഊട്ടിയുറപ്പിക്കുന്ന ഹോർമോൺ) മാനസിക അടുപ്പം വർദ്ധിപ്പിക്കുമെങ്കിലും, പ്രസവത്തത്തുടർന്നുണ്ടാകുന്ന ക്ഷീണവും പ്രയാസങ്ങളും കുഞ്ഞിനെ പരിചരിക്കേണ്ടതിൻ്റെ ആവശ്യകതയുമെല്ലാമാകുമ്പോൾ അത് ലൈംഗികബന്ധം കുറയ്ക്കാൻ ഇടയാക്കും.

  • മൂന്നാംഘട്ടം: മദ്ധ്യവയസ്സും ആർത്തവവിരാമവും

ഈ ഘട്ടത്തിൽ ഈസ്ട്രജന്റെ അളവ് കുറയുന്നു. ഇത് യോനീ വരൾച്ചയ്ക്കും ലൈംഗിക ഉത്തേജനം കുറയുന്നതിനും കാരണമായേക്കാം. അതേസമയം, പല സ്ത്രീകളും ഈ ഘട്ടത്തിൽ കൂടുതൽ ആത്മവിശ്വാസവും മാനസിക ഇഴയടുപ്പവും അനുഭവിക്കുന്നുണ്ട്. ഗർഭധാരണത്തെക്കുറിച്ചുള്ള ആശങ്കകളില്ലാത്ത സ്വാതന്ത്ര്യവും ഈ ഘട്ടത്തിൽ ഉണ്ടാകുന്നു. ഇത് ലൈംഗിക സംതൃപ്തി വർദ്ധിപ്പിക്കാൻ സഹായിക്കും. യോനിയിലെ വരൾച്ച കുറയ്ക്കുന്ന മോയ്സ്ചറൈസറുകൾ, ജീവിതശൈലിയിലെ മാറ്റങ്ങൾ, അല്ലെങ്കിൽ ഹോർമോൺ ചികിത്സകൾ തുടങ്ങിയവ ഈ അവസ്ഥയിൽ സഹായകമാകും.

ആർത്തവവിരാമത്തിന് ശേഷം: ലൈംഗികതയുടെ പുതിയ വശം

  • ആർത്തവവിരാമത്തിനുശേഷം ലൈംഗികാഭിലാഷം ഇല്ലാതാകുകയല്ല, വാസ്തവത്തിൽ അത് രൂപാന്തരം പ്രാപിക്കുകയാണ് ചെയ്യുന്നത്.  
  • ഈ സമയത്തെ ലൈംഗികതയെ ശാരീരിക ബന്ധം എന്നതിലുപരി, മാനസികതലത്തിന് പ്രധാന്യം നൽകുന്ന സവിശേഷ ബന്ധമായാണ് സ്ത്രീകൾ കാണാൻ താൽപ്പര്യപ്പെടുക. സ്പർശനാനുഭൂതിക്കും പങ്കാളിയുമായുള്ള ബന്ധത്തിൻ്റെ ആസ്വാദനത്തിനും കൂടുതൽ പ്രാധാന്യമുള്ളതായി സ്ത്രീകൾ കണ്ടെത്തുന്നു. 
  • ആർത്തവ വിരാമത്തിനു ശേഷമുള്ള ഈ ഘട്ടത്തിൽ മാനസികാരോഗ്യം, ആശയവിനിമയം, പങ്കാളിയുടെ പിന്തുണ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്.

മാനസികവും സാംസ്കാരികവുമായ തലങ്ങൾ

മാനസിക സമ്മർദ്ദം, മാനസികാരോഗ്യ പ്രശ്നങ്ങൾ, സാമൂഹികമായ വിലക്കുകൾ എന്നിവയെല്ലാം ലൈംഗികാഭിലാഷത്തെ ഇല്ലാതാക്കിയേക്കാം. തുറന്ന സംഭാഷണങ്ങൾ, തെറാപ്പി, പിന്തുണ നൽകുന്ന ബന്ധങ്ങൾ എന്നിവ ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന സമൂഹങ്ങളിൽ കൂടുതൽ ആരോഗ്യകരമായ ലൈംഗിക ജീവിതം ഉണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

സ്ത്രീലൈംഗികത, എല്ലാക്കാലത്തും ഒരേപോലെ ഒഴുകുന്ന നദിയല്ല. ശാരീരിക മാനസിക ഘടകങ്ങൾ സ്വാധീനിക്കുന്നതിനനുസരിച്ച് വേഗം കൂടിയും കുറഞ്ഞും ആർത്തിരമ്പിയും ശാന്തമായുമൊക്കെ അതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. പ്രായത്തിനനുസരിച്ചും അനുഭവങ്ങൾക്കനുസരിച്ചും മാനസികാരോഗ്യത്തിനനുസരിച്ചും അത് മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളെ തിരിച്ചറിയുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് സ്ത്രീകൾക്കും പങ്കാളികൾക്കും കൂടുതൽ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ സഹായകമാകുന്നു.

സ്ത്രീകളുടെ ലൈംഗിക സ്വാസ്ഥ്യം,അവരുടെ സമഗ്രമായ ആരോഗ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് nellikka.life വിശ്വസിക്കുന്നു. നിശബ്ദതയെ മാറ്റിനിർത്തി ശാസ്ത്രപിന്തുണയോടെയുള്ള തുറന്ന ചർച്ചകൾക്ക് നമുക്കിടം നൽകാം.   

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe