ഭാരതീയരുടെ ഭക്ഷണരീതി മാറുന്നു:  ആഹാരപ്പാക്കറ്റുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാം

ഭാരതീയരുടെ ഭക്ഷണരീതി മാറുന്നു:  ആഹാരപ്പാക്കറ്റുകൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മനസ്സിലാക്കാം

ആധുനിക കാലത്തെ ഇന്ത്യൻ ഭക്ഷണരീതിയിൽ അടിമുടി മാറ്റങ്ങൾ വന്നിട്ടുണ്ട്. പരമ്പരാഗതമായി കഴിച്ചിരുന്ന ആഹാരപദാർത്ഥങ്ങളിൽ നിന്ന് ആകർഷകമായ പാക്കറ്റുകളിൽ ‘ആരോഗ്യകരം’ എന്ന മുദ്ര ചാർത്തി വിപണിയിലെത്തുന്ന ഭക്ഷണത്തിന് ഇത്ര വ്യാപ്തിയിൽ നമ്മളെ എങ്ങനെ സ്വാധീനിക്കാൻ കഴിഞ്ഞു എന്ന ചോദ്യത്തിന് ഇന്നേറെ പ്രസക്തിയുണ്ട്. 

നമ്മുടെ രാജ്യത്തെ ഏതു സൂപ്പർമാർക്കറ്റിൽ പോയാലും “ആരോഗ്യകരമായത്” എന്ന വിശേഷണം നൽകി പ്രദർശിപ്പിച്ചിരിക്കുന്ന ആഹാരപദാർത്ഥങ്ങളുടെ വലിയ നിരകൾ കാണാം. ഏതെടുക്കണമെന്ന് ആശയക്കുഴപ്പം തോന്നുന്ന തരത്തിൽ അടുക്കി ചിട്ടപ്പെടുത്തിയിരിക്കുന്ന വിവിധ കമ്പനികളുടെ ആകർഷകമായ പാക്കറ്റുകൾ നിറച്ചുവെച്ചിരിക്കുന്ന ഷെൽഫുകൾ. ഹൃദയത്തിന് നല്ലതെന്ന് അവകാശപ്പെടുന്ന കാർട്ടൂൺ ചിത്രങ്ങളുള്ള ധാന്യങ്ങൾ (Cereals), കരുത്ത് പകരുന്ന പ്രോട്ടീൻ ബാറുകൾ, ഷുഗർ-ഫ്രീ ബിസ്‌ക്കറ്റുകൾ, കൊഴുപ്പ് കുറഞ്ഞ ലഘുഭക്ഷണങ്ങൾ, ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന എണ്ണകൾ… നഗരങ്ങളിൽ ജീവിക്കുന്നവർ മുമ്പത്തേക്കാളും കൂടുതലായി ഇത്തരം “ഹെൽത്ത് ഫുഡുകൾ” ഇപ്പോൾ വാങ്ങിക്കഴിക്കുന്നുണ്ട്.

ആരോഗ്യകരമെന്നവകാശപ്പെടുന്ന ആഹാരം കഴിച്ചിട്ടും നമ്മുടെ നാട്ടിൽ അമിതവണ്ണം, പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾ റെക്കോർഡ് വേഗത്തിലാണ് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പൊരുത്തക്കേടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

ഈ വൈരുദ്ധ്യത്തിന് പിന്നിൽ നമ്മെ അസ്വസ്ഥമാക്കുന്ന ഒരു യാഥാർത്ഥ്യമുണ്ട്. ആരോഗ്യകരം എന്ന് ലേബൽ ചെയ്ത് വിൽക്കുന്ന പല ഭക്ഷണങ്ങളും യഥാർത്ഥത്തിൽ നമ്മുടെ മെറ്റബോളിസത്തെയും ദഹനത്തെയും ഹോർമോൺ സന്തുലിതാവസ്ഥയെയും പരോക്ഷമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മൾ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല, ലാഭത്തിനും സൗകര്യത്തിനുമായി ഭക്ഷണങ്ങളെ എങ്ങനെയാണ് പുതിയ രൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത് എന്നത് കൂടി മനസ്സിലാക്കുമ്പോഴാണ് പ്രശ്നത്തിൻ്റെ തീവ്രത വ്യക്തമാകുക.

ആധുനിക ഇന്ത്യൻ ഭക്ഷണരീതിയിൽ നമ്മൾ വീണുപോകുന്ന ചതിക്കുഴികൾ ഏതെല്ലാമാണെന്ന് ഒന്നു പരിശോധിക്കാം.

ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ: പോഷകങ്ങളുടെ മറയ്ക്കു പിന്നിലെ മധുരച്ചതി 

“നാരുകൾ ധാരാളമുള്ളത്,” “വിറ്റാമിനുകൾ അടങ്ങിയത്,” “കുട്ടികൾക്ക് ഏറ്റവും മികച്ചത്” എന്നിങ്ങനെയുള്ള അവകാശവാദങ്ങളുമായാണ് സിറിയലുകൾ വിപണിയിലെത്തുന്നത്. എന്നാൽ ഇവയുടെ പാക്കറ്റിന് പിന്നിലെ ലേബൽ ശ്രദ്ധിച്ചു വായിച്ചാൽ സത്യം മനസ്സിലാകും.

ഭൂരിഭാഗം സിറിയലുകളിലും അടങ്ങിയിരിക്കുന്നത് ഇവയാണ്:

  • ശുദ്ധീകരിച്ച ധാന്യങ്ങൾ (Refined grains): പോഷകങ്ങൾ നീക്കം ചെയ്തവ
  • പഞ്ചസാര അല്ലെങ്കിൽ ഗ്ലൂക്കോസ് സിറപ്പ്: അമിതമായ മധുരവും കാലറിയും
  • കൃത്രിമ രുചികൾ (Artificial flavors): സ്വാദു കൂട്ടാൻ ചേർക്കുന്ന രാസവസ്തുക്കൾ
  • സംസ്കരിച്ച അന്നജം (Processed starch)
  • കുറഞ്ഞ അളവിൽ മാത്രം നാരുകൾ

“മൾട്ടിഗ്രെയ്ൻ” (Multigrain) എന്നോ “ഹോൾ ഗ്രെയ്ൻ” (Whole grain) എന്നോ ലേബൽ ചെയ്തിട്ടുണ്ടെങ്കിലും, പലപ്പോഴും അവ പൊടിച്ചെടുത്ത് ശുദ്ധീകരിച്ച് പ്രിസർവേറ്റീവുകൾ ചേർത്ത് പുനർനിർമ്മിച്ചാണ് പാക്കറ്റുകളിൽ നിറച്ച് നമുക്കു മുന്നിലെത്തുന്നത്.

ഇത് നമ്മുടെ ശരീരത്തിൽ വരുത്തുന്ന പ്രശ്നങ്ങൾ:

ഇത്തരം സിറിയലുകൾ വളരെ വേഗത്തിൽ ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ഇതിന്റെ ഫലമായി:

  • പെട്ടെന്ന് ഊർജ്ജം കൈവന്നതുപോലെ അനുഭവപ്പെടുമെങ്കിലും വൈകാതെ തന്നെ കടുത്ത ക്ഷീണം അനുഭവപ്പെടുന്നു
  • പെട്ടെന്ന് വിശപ്പ് തോന്നുന്നു
  • മധുരം കഴിക്കാനുള്ള ആഗ്രഹം കൂടുന്നു
  • ക്രമേണ ഇത് ഇൻസുലിൻ പ്രതിരോധത്തിന് (Insulin resistance) കാരണമാകുന്നു

നമ്മുടെ നാടൻ പ്രഭാതഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, കഞ്ഞി, പുട്ട്, ഉപ്പുമാവ്, ചെറുധാന്യങ്ങൾ (Millets) എന്നിവ സാവധാനം ദഹിക്കുന്നവയും പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയവയുമായിരുന്നു. എന്നാൽ വിപണികളിൽ പാക്കറ്റിലാക്കി കിട്ടുന്ന സിറിയലുകൾ വെറും അന്നജം (Carbohydrates) മാത്രമാണ്.

പുതിയ തലമുറ ആരോഗ്യകരമാണെന്നു വിശ്വസിച്ച് കഴിക്കുന്ന പ്രാതലിൽ നിറയെ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.  

പ്രോട്ടീൻ ബാറുകളും എനർജി ബാറുകളും: വേഷം മാറിയെത്തുന്ന മിഠായികൾ

ആരോഗ്യസംരക്ഷകർക്കിടയിൽ ഇന്ന് പ്രോട്ടീൻ ബാറുകൾക്ക് വലിയ പ്രചാരമുണ്ട്. അവ പ്രധാനമായും നൽകുന്ന വാഗ്ദാനങ്ങൾ:

  • ഉയർന്ന അളവിൽ പ്രോട്ടീൻ
  • നേരിയ തോതിൽ മാത്രം പഞ്ചസാര
  • പേടി കൂടാതെ കഴിക്കാവുന്ന ലഘുഭക്ഷണം

എന്നാൽ ഇവയിലെ യഥാർത്ഥ ചേരുവകൾ പരിശോധിച്ചാൽ കാണാവുന്നത്:

  • സംസ്കരിച്ച പ്രോട്ടീനുകൾ: ഫാക്ടറികളിൽ നിർമ്മിച്ചെടുത്ത വേ (Whey) അല്ലെങ്കിൽ സോയ പ്രോട്ടീനുകൾ
  • പഞ്ചസാരയുടെ വകഭേദങ്ങൾ: ഷുഗർ ആൽക്കഹോളുകൾ അല്ലെങ്കിൽ സിറപ്പുകൾ
  • കൃത്രിമ മധുരങ്ങൾ: സ്വാഭാവികമല്ലാത്ത മധുരപദാർത്ഥങ്ങൾ
  • രാസവസ്തുക്കൾ: ഭക്ഷണത്തിന് ഘടന നൽകാനുള്ള എമൽസിഫയറുകളും കേടാകാതിരിക്കാനുള്ള പ്രിസർവേറ്റീവുകളും

ആരോഗ്യം നേടാൻ നമ്മൾ കഴിക്കുന്ന പല പ്രോട്ടീൻ ബാറുകളിലും ഒരു സാധാരണ ചോക്ലേറ്റ് ബാറിലുള്ള അത്രയും തന്നെ പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് വാസ്തവം.

ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ:

  • കുടലിന്റെ ആരോഗ്യം നശിപ്പിക്കുന്നു: ഇതിലെ രാസവസ്തുക്കൾ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു
  • ഇൻസുലിൻ വർദ്ധിപ്പിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു
  • പാക്കറ്റ് ഭക്ഷണങ്ങളോട് അടിമത്തം ഉണ്ടാക്കുന്നു

പ്രോട്ടീൻ നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. എന്നാൽ ലാബുകളിൽ നിർമ്മിച്ച് കവറിൽ പൊതിഞ്ഞുവരുന്ന പ്രോട്ടീനുകളേക്കാൾ നമ്മുടെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യുന്നത് പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, തൈര്, നട്‌സ്, മീൻ എന്നിവയിൽ നിന്നുള്ള പ്രകൃതിദത്ത പ്രോട്ടീനുകളാണ്.

സീഡ് ഓയിലുകൾ: തെറ്റിദ്ധാരണ പരത്തുന്ന ഉൽപ്പന്നങ്ങൾ

സൺഫ്ലവർ ഓയിൽ, സോയാബീൻ ഓയിൽ, കനോല ഓയിൽ, റൈസ് ബ്രാൻ ഓയിൽ തുടങ്ങിയ ശുദ്ധീകരിച്ച സസ്യ എണ്ണകൾ സാന്ദ്രത കുറഞ്ഞതും ഹൃദയത്തിന് നല്ലതുമാണെന്ന പരസ്യവാചകങ്ങളോടെയാണ്  വിപണിയിലെത്തിയത്. 

എന്നാൽ ഈ എണ്ണകൾ:

  • അമിതമായ ശുദ്ധീകരണം (Highly Refined): പലതരം രാസപ്രക്രിയകളിലൂടെ കടന്നുപോകുന്നതിനാൽ ഇവയിലെ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെടുന്നു
  • ചൂടാക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം: ഉയർന്ന താപനിലയിൽ ഇവ വേഗത്തിൽ വിഘടിക്കുന്നു 
  • ശരീരത്തിൽ നീർക്കെട്ടുകൾ (Inflammation) ഉണ്ടാക്കാൻ കാരണമാകുന്ന ഒമേഗ-6 ഫാറ്റി ആസിഡുകൾ ഇതിൽ കൂടുതലാണ്.
  • ഓക്സിഡേഷൻ: വായുവുമായും വെളിച്ചവുമായും സമ്പർക്കം ഉണ്ടാകുമ്പോൾ ഇവ വേഗത്തിൽ രാസമാറ്റത്തിന് വിധേയമാകുന്നു

നമ്മുടെ പഴയ തലമുറകൾ നെയ്യ്, വെളിച്ചെണ്ണ, കടുകെണ്ണ, എള്ളെണ്ണ എന്നിവയാണ് പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇവ ചൂടാക്കുമ്പോഴും ഗുണമേന്മ കുറയാത്തവയാണ്.

ഇന്ന് സീഡ് ഓയിലുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതു മൂലം വിഷാംശമുള്ള ഉപോൽപ്പന്നങ്ങൾ (Toxic byproducts) ഉണ്ടാകുന്നു. ഇവ:

  • രക്തക്കുഴലുകളെ നശിപ്പിക്കുന്നു
  • ശരീരത്തിൽ ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുന്നു
  • രക്തത്തിലെ കൊഴുപ്പിന്റെ (Lipid) സന്തുലിതാവസ്ഥ തകർക്കുന്നു
  • ഫാറ്റി ലിവർ ഉണ്ടാകാൻ പ്രധാന കാരണമാകുന്നു

പഞ്ചസാരയുടെ ലേബലുകൾ: വഞ്ചനയുടെ കല പകർത്തിയ പൊതികൾ

പല ഭക്ഷണപ്പൊതികളിലും “No added sugar” (പഞ്ചസാര ചേർത്തിട്ടില്ല) എന്ന് എഴുതിയിരിക്കുന്നത് കണ്ട് അത് സുരക്ഷിതമാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ സത്യമതല്ല. പഞ്ചസാര എന്ന വാക്കിന് പകരം മറ്റ് പല പേരുകളിലാണ് ഇവ ഭക്ഷണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

പഞ്ചസാരയുടെ മറ്റ് രൂപങ്ങൾ:

  • മാൾട്ടോഡെക്‌സ്‌ട്രിൻ (Maltodextrin)
  • ഫ്രക്ടോസ് (Fructose)
  • കോൺ സിറപ്പ് (Corn syrup)
  • ഡെക്‌സ്‌ട്രോസ് (Dextrose)
  • ഗ്ലൂക്കോസ് സോളിഡ്‌സ് (Glucose solids)
  • ഫ്രൂട്ട് ജ്യൂസ് കോൺസെൻട്രേറ്റ് (പഴച്ചാറുകളുടെ സത്ത്)

ഭക്ഷണത്തിൽ ബ്രൗൺ ഷുഗർ, ശർക്കര സിറപ്പ് എന്നിവ ചേർത്തിട്ടുണ്ടെങ്കിലും അവയും ഒരുതരം പഞ്ചസാര തന്നെയാണ്.

മറ്റ് അന്നജങ്ങൾ: ഇവയ്ക്ക് പുറമെ, സംസ്കരിച്ച അന്നജം (Refined starch), മൈദ (White flour) എന്നിവയും പാക്കറ്റ് ഭക്ഷണങ്ങളിൽ ധാരാളമായി ചേർക്കുന്നു. ഇവ ദഹിച്ചു കഴിയുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെ അതേ ഫലമുണ്ടാക്കുന്നു.

ഇവയുടെ ഉപയോഗം  മൂലം:

  • കൊഴുപ്പ് അടിയുന്നു
  • ഹോർമോൺ വ്യതിയാനം
  • ഫാറ്റി ലിവർ
  • ഇൻസുലിൻ പ്രതിരോധം
  • സ്വഭാവ മാറ്റങ്ങൾ

നഗരങ്ങളിലെ ഭക്ഷണരീതി: വിവേകത്തേക്കാൾ പ്രാധാന്യം വേഗതയ്ക്ക് 

ആധുനിക സംസ്കാരം, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയെയും പൂർണ്ണമായി മാറ്റിമറിച്ചിട്ടുണ്ട്. ഇന്നത്തെ രീതികൾ:

  • ഫോണിൽ സ്‌ക്രോൾ ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കുന്നു
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നു
  • രാത്രി വളരെ വൈകി അത്താഴം കഴിക്കുന്നു
  • ഇടവേളകളില്ലാതെ ലഘുഭക്ഷണങ്ങൾ (Snacking) കഴിച്ചുകൊണ്ടേയിരിക്കുന്നു
  • ഓൺലൈൻ ഫുഡ് ഡെലിവറി സംവിധാനത്തെ അമിതമായി ആശ്രയിക്കുന്നു

നമ്മുടെ പൂർവ്വികർ പിന്തുടർന്ന രീതികൾ :

  • കൃത്യസമയത്ത് ഭക്ഷണം കഴിച്ചിരുന്നു
  • അപ്പപ്പോൾ പാകം ചെയ്ത ശുദ്ധമായ ആഹാരം മാത്രം
  • അതതു കാലങ്ങളിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും
  • ഇടവേളകളിൽ അനാവശ്യമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല

നമ്മുടെ പുതിയ ഭക്ഷണശീലങ്ങൾ ശരീരത്തിലെ പല സുപ്രധാന പ്രവർത്തനങ്ങളെയും താളംതെറ്റിക്കുന്നു:

  • ദഹനരസങ്ങൾ: കൃത്യസമയത്ത് ദഹനരസങ്ങൾ ഉല്പാദിപ്പിക്കപ്പെടാതെ വരുന്നു
  • കുടലിന്റെ താളം: ദഹനപ്രക്രിയയുടെ സ്വാഭാവികമായ താളം നഷ്ടപ്പെടുന്നു
  • പഞ്ചസാരയുടെ അളവിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകുന്നു
  • ഹോർമോൺ സന്തുലിതാവസ്ഥ തകരുന്നു

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെയും ഇൻസുലിൻ പ്രവർത്തനത്തെയും ബാധിക്കും. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും. പകൽ മുഴുവൻ പട്ടിണി കിടന്നിട്ട് രാത്രി വയറുപൊട്ടുന്നതുപോലെ ഭക്ഷണം കഴിക്കുന്നത് കരളിലെ (Liver) കോശങ്ങൾക്ക് വലിയ സമ്മർദ്ദം ഉണ്ടാക്കും.

ഇത്തരം ഭക്ഷണങ്ങളോട് അമിത താൽപ്പര്യം തോന്നാൻ കാരണം?

അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ (Ultra-processed foods) കൃത്യമായ പ്ലാനിംഗോടെ നിർമ്മിക്കപ്പെടുന്നവയാണ്. നമ്മുടെ മനസ്സിനെയും ശരീരത്തെയും അവ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് നോക്കാം:

  • സൂപ്പർ സ്വാദ്: ഉപ്പും മധുരവും കൊഴുപ്പും കൃത്യമായ അളവിൽ ചേർത്ത് രസമുകുളങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത രുചി നൽകുന്നു
  • ഡോപമിൻ (Dopamine) ഉല്പാദനം: ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തലച്ചോറിൽ സന്തോഷം നൽകുന്ന ഡോപമിൻ എന്ന രാസവസ്തു ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും വീണ്ടും അത് കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നു.
  • വയർ നിറഞ്ഞെന്ന സന്ദേശം തടയുന്നു: വയർ നിറഞ്ഞുവെന്ന തലച്ചോറിന്റെ സ്വാഭാവികമായ സന്ദേശങ്ങളെ മറികടക്കാൻ ഇത്തരം ഭക്ഷണങ്ങൾക്ക് സാധിക്കും.

ഈ ഭക്ഷണങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഉപഭോക്താക്കളുടെ നൻമയ്ക്കായല്ല, കമ്പനികളുടെ ലാഭത്തിനു വേണ്ടിയാണ്. 

പ്രകൃതിദത്ത ഭക്ഷണത്തിൻ്റെ പ്രത്യകതകൾ

  • ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു
  • ചവച്ചരച്ച് കഴിക്കേണ്ടി വരുന്നു
  • കയ്പ്പും പുളിയും ഉൾപ്പെടെ ഷഡ് രസങ്ങൾ കലർന്ന രുചികൾ
  • സാവധാനം ദഹിക്കുന്നു

പാക്കറ്റ് ഭക്ഷണത്തിൻ്റെ പ്രത്യേകതകൾ

  • നാരുകൾ ഒട്ടുമില്ല
  • വളരെ മൃദുവായതിനാൽ പെട്ടെന്ന് കഴിക്കാം
  • അമിതമായ തോതിൽ മധുരവും ഉപ്പും 
  • അതിവേഗം ദഹിക്കുന്നു

അതുകൊണ്ടാണ് കുറച്ച് പച്ചക്കറികളോ തൈരോ കഴിക്കുമ്പോൾ തന്നെ നമുക്ക് വയർ നിറഞ്ഞതായി തോന്നുന്നത്. എന്നാൽ ഒരു പാക്കറ്റ് ബിസ്‌ക്കറ്റോ ചിപ്‌സോ കഴിക്കുമ്പോൾ എത്ര കഴിച്ചാലും നമുക്ക് മതിവരികയുമില്ല.

ശരീരത്തിന്റെ താളം തെറ്റുമ്പോൾ

തെറ്റായ ഭക്ഷണശീലങ്ങൾ പെട്ടെന്നൊരു ദിവസം നമ്മെ രോഗികളാക്കി മാറ്റില്ല. അവ വളരെ സാവധാനത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ഇതിന്റെ ഫലമായി ഉണ്ടാകാവുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്:

  • കലോറി കുറച്ചു കഴിച്ചാൽ പോലും ശരീരഭാരം കുറയാത്ത അവസ്ഥയുണ്ടാകുന്നു
  • മദ്യം ഉപയോഗിക്കാത്തവരിൽ പോലും കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥ (Non-alcoholic fatty liver) 
  • ചെറുപ്പത്തിൽ തന്നെ പ്രമേഹസാധ്യത (Early diabetes) വർദ്ധിക്കുന്നു
  • വിട്ടുമാറാത്ത നീർക്കെട്ട് (Chronic inflammation)
  • ഹോർമോൺ വ്യതിയാനങ്ങൾ
  • ദഹനപ്രശ്നങ്ങൾ
  • ഹൃദ്രോഗ സാധ്യത

ഭക്ഷണപ്പൊതിയുടെ പുറത്ത് വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നതുകൊണ്ടുമാത്രം അത് ആരോഗ്യകരമായ ഭക്ഷണമാകില്ല ആരോഗ്യകരമായ ഭക്ഷണം തിരിച്ചറിയാൻ ചില എളുപ്പവഴികളുണ്ട്:

  • പഴയ തലമുറയിലുള്ളവർക്ക് കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാനാകുന്ന തരം ഭക്ഷണങ്ങൾ
  • വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്നത്
  • അമിതമായ രാസപ്രക്രിയകൾക്ക് വിധേയമാകാത്തത്
  • കൃത്രിമമായ പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ സ്വാഭാവികമായി കേടാകാൻ സാധ്യതയുള്ളത്
  • നമ്മുടെ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കപ്പെടുന്നതും ലഭ്യമാകുന്നതുമായ ഭക്ഷണങ്ങൾ

യഥാർത്ഥ ആരോഗ്യം കൈവരിക്കാൻ വേണ്ടത്:

  • വീട്ടിൽ തന്നെ പാകം ചെയ്ത ഭക്ഷണങ്ങൾ
  • തവിടോടു കൂടിയ ധാന്യങ്ങൾ (Whole grains)
  • പരിപ്പ് വർഗ്ഗങ്ങളും പയറുകളും
  • സീസണുകൾക്കനുസരിച്ച് ലഭ്യമാകുന്ന പച്ചക്കറികൾ
  • പ്രകൃതിദത്തമായ നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ കൊഴുപ്പുകൾ
  • മിതമായ അളവിൽ പഴങ്ങൾ
  • ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ (മുട്ട, മത്സ്യം, പരിപ്പ് എന്നിവയിലൂടെ).

ഓർക്കുക: “കൊഴുപ്പ് കുറഞ്ഞത്” (Low-fat), “സീറോ ഷുഗർ”, അല്ലെങ്കിൽ “ഹൈ പ്രോട്ടീൻ” എന്നീ ലേബലുകൾ ആരോഗ്യം നൽകില്ല. അതിന് പ്രകൃതിദത്തമായ ഭക്ഷണങ്ങൾ തന്നെ കഴിക്കേണ്ടതുണ്ട്.

മാറ്റമുണ്ടാക്കുന്ന ലളിതമായ ശീലങ്ങൾ

നമ്മുടെ ശീലങ്ങൾ പൂർണ്ണമായി മാറ്റണമെന്നില്ല, പകരം അവയെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായാൽ മതി. ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ചില ലളിതമായ ചുവടുവെയ്പ്പുകൾ ഇതാ:

  • പ്രഭാതഭക്ഷണമായി പാക്കറ്റിൽ വരുന്ന സിറിയലുകൾക്ക് പകരം മുട്ട, ഇഡ്ഡലി, ദോശ, ഓട്‌സ് അല്ലെങ്കിൽ പഴങ്ങളും നട്‌സും ശീലമാക്കുക
  • പ്രോട്ടീൻ ബാറുകൾക്ക് പകരം നിലക്കടല, പുഴുങ്ങിയ മുട്ട, വറുത്ത കടല എന്നിവ ഉപയോഗിക്കുക
  • ചിപ്‌സ് പോലെയുള്ള പാക്കറ്റ് പലഹാരങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമായി പരിമിതപ്പെടുത്തുക
  • പാചകത്തിന് കുറഞ്ഞ അളവിൽ വെളിച്ചെണ്ണയോ നെയ്യോ ഉപയോഗിക്കുക
  • ഭക്ഷണപ്പൊതിയിലെ കലോറി മാത്രം നോക്കാതെ, അതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ (Ingredients) എന്തൊക്കെയാണെന്ന് വായിച്ചു നോക്കുക
  • ഫോണോ ടിവിയോ നോക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കഴിക്കുക
  • ഭക്ഷണത്തിന് കൃത്യമായ ഒരു സമയം നിശ്ചയിക്കുകയും അത് പാലിക്കാൻ ശ്രമിക്കുകയും ചെയ്യുക

നെല്ലിക്ക.ലൈഫ് വീക്ഷണം

നമ്മുടെ ഭക്ഷണശീലങ്ങളിലെ ചതിക്കുഴികൾ പലപ്പോഴും തിരിച്ചറിയാൻ പ്രയാസമാണ്. അത് വെറും ജങ്ക് ഫുഡുകളിലൂടെ മാത്രമല്ല നമ്മുടെ മുന്നിലെത്തുന്നത്; ‘ആരോഗ്യകരം’ എന്ന വ്യാജേനയാണ് അവ വേഷംമാറി വരുന്നത്.

  • ബ്രേക്ക്ഫാസ്റ്റ് സിറിയലുകൾ
  • പ്രോട്ടീൻ ബാറുകൾ
  • സീഡ് ഓയിലുകൾ (ശുദ്ധീകരിച്ച സസ്യ എണ്ണകൾ)
  • പഞ്ചസാര ഇല്ലാത്ത ലഘുഭക്ഷണങ്ങൾ

ഇവയെല്ലാം നമുക്ക് നൽകുന്നത് ആരോഗ്യത്തിന്റെ വാഗ്ദാനങ്ങളാണ്. എന്നാൽ പലപ്പോഴും അവ സമ്മാനിക്കുന്നതാകട്ടെ, രോഗങ്ങളും

പ്രകൃതിദത്തമായ യഥാർത്ഥ ഭക്ഷണങ്ങളെ ഉൾക്കൊള്ളാൻ പാകത്തിനാണ്  നമ്മുടെ ശരീരം രൂപപ്പെട്ടിരിക്കുന്നത്. മനോഹരമായി പാക്ക് ചെയ്ത ഫാക്ടറി ഉൽപ്പന്നങ്ങൾ ഒരിക്കലും അതിനു പകരമാകില്ല.

വർണ്ണവൈവിദ്ധ്യമാർന്ന പാക്കറ്റും ലേബലും ആരോഗ്യം നൽകില്ലെന്ന് നെല്ലിക്ക. ലൈഫ് വിശ്വസിക്കുന്നു. ആരോഗ്യത്തിൻ്റെ ഉറവിടം നമ്മുടെ അടുക്കളകൾ തന്നെയാണ്. 

Related News

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

സ്മാർട്ടായി പരീക്ഷയെഴുതണ്ടേ?

ഉൻമേഷത്തോടെ പഠിക്കാനും  വിജയം നേടാനും നല്ലാഹാരം കഴിക്കാം വീണ്ടും പരീക്ഷാക്കാലമെത്തിക്കഴിഞ്ഞു.  വേനൽച്ചൂടും പരീക്ഷാച്ചൂടും ഒന്നിച്ചനുഭവിക്കുകയാണ് കുട്ടികളും രക്ഷിതാക്കളും. മുൻകാലങ്ങളിൽ നിന്ന് പരീക്ഷകളിലും പഠനരീതികളിലും ഇന്നേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.  ...

ഫെബ്രുവരി 25, 2026 1:02 am
അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

അന്തസ്സോടെ മുന്നേറാം വാർദ്ധക്യത്തിലേക്ക് : വയോജന പരിചരണത്തിൽ വേണം കരുതലും അവബോധവും

പ്രായമായവരോട് നാം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുക. ശാരീരികമായും മാനസികമായും സാമൂഹികമായും അവരുടെ വാർദ്ധക്യകാലം എത്രത്തോളം ആരോഗ്യകരമാണ് എന്നു തീരുമാനിക്കപ്പെടുന്നതും...

ഫെബ്രുവരി 24, 2026 10:05 pm
ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ഡയറ്റ് പ്ളാൻ പിന്തുടരാനാകുന്നില്ലേ? സ്വയം കുറ്റപ്പെടുത്താൻ വരട്ടെ;

ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടായാൽ ഡയറ്റിംഗ് എളുപ്പമാക്കാം  കൃത്യമായ തയ്യാറെടുപ്പുകളോടെ, അടുക്കും ചിട്ടയും പാലിച്ചുകൊണ്ട്,  ആഹാരം, ഉറക്കം, ജോലി, ക്രിയാത്മകത തുടങ്ങിയവയ്ക്കെല്ലാം വേണ്ടത്ര പ്രാധാന്യം നൽകുന്ന ഒരു പട്ടിക തയ്യാറാക്കി,...

ഫെബ്രുവരി 23, 2026 10:39 pm
വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

വാട്ടർമെലൺ ഫെറ്റ സാലഡ് – വേനൽച്ചൂടിനെ ചെറുക്കാൻ ഒരുഗ്രൻ വിഭവം!

ഫെബ്രുവരി തീരുംമുമ്പേ ചൂടു കഠിനമായിക്കഴിഞ്ഞു. വേനൽച്ചൂടിൽ  ശരീരത്തിന് കുളിർമ്മ  നൽകുന്ന തരം ആഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. മധുരവും ഉപ്പും ചേർന്ന രുചിക്കൂട്ടുകളും ഫ്രഷ് ആയ ചേരുവകളും ചേർത്തുണ്ടാക്കുന്ന...

ഫെബ്രുവരി 20, 2026 11:34 pm
Top
Subscribe