രാജ്യത്തെ നവീന ആഹാരരീതികൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകൾ:

അനാരോഗ്യത്തിലേക്ക് നയിക്കുന്ന പരിവർത്തനം
ഭാരതത്തിലെ പരമ്പരാഗത ആഹാരസംസ്ക്കാരത്തിൽ നിന്ന് വർത്തമാനകാലത്തെ ഭക്ഷണരീതികൾ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആഹാരം കഴിക്കുന്ന സമയം, കായികാദ്ധ്വാനം, ആഹരിക്കുന്ന പദാർത്ഥങ്ങൾ – എല്ലാം അടിമുടി മാറിക്കഴിഞ്ഞു.
ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ചും സമതുലിതാവസ്ഥയെക്കുറിച്ചും കൃത്യമായ ധാരണയുള്ള ഒരു ഭക്ഷണസംസ്കാരമായിരുന്നു പണ്ട് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ, കമ്പനികളോ പരസ്യങ്ങളോ ആയിരുന്നില്ല ഭക്ഷണരീതികൾ നിശ്ചയിച്ചിരുന്നത്. കാലാവസ്ഥയും ദഹനപ്രക്രിയയും ശാരീരിക അദ്ധ്വാനവും അടിസ്ഥാനമാക്കി രൂപപ്പെട്ട, തലമുറകളായി കൈമാറി വന്ന അറിവുകളായിരുന്നു അത്. ശരീരത്തെ പോഷിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും രോഗങ്ങളിൽ നിന്ന് പ്രതിരോധം കൈവരിക്കാനുമായാണ് അന്ന് ഭക്ഷണം കഴിച്ചിരുന്നത്.
എന്നാലിന്നു കാലം മാറി. പഴയ തലമുറ അനുഭവിച്ചിരുന്ന ക്ഷാമമില്ലാതായി, ആഹാരപദാർത്ഥങ്ങൾ വൈവിദ്ധ്യപൂർണ്ണമായി. മൺമറഞ്ഞ മനുഷ്യർക്കുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം നമുക്ക് ലഭ്യമാണെങ്കിലും ഇന്ത്യക്കാർക്കിടയിൽ ക്ഷീണവും കുടൽ സംബന്ധമായ അസ്വസ്ഥതകളും പോഷകാഹാരക്കുറവും വർദ്ധിച്ചുവരികയാണ് എന്നതാണ് യാഥാർത്ഥ്യം. ചെറുപ്പക്കാർക്കിടയിൽ പോലും അമിതമായ തളർച്ചയും ദഹനപ്രശ്നങ്ങളും ഇന്ന് സാധാരണമായിരിക്കുന്നു. ഇതിനെല്ലാം നിദാനം, നമ്മൾ കഴിക്കുന്ന രീതിയിൽ വന്ന മാറ്റം തന്നെയാണ്.
തളികയിൽ നിന്ന് പാക്കറ്റുകളിലേക്ക്
പഴയകാലത്തെ ഇന്ത്യൻ ഭക്ഷണരീതി മിതത്വത്തിലും സന്തുലിതാവസ്ഥയിലുമാണ് ശ്രദ്ധ നൽകിയിരുന്നത്. ഊർജ്ജത്തിനായി ധാന്യങ്ങൾ, പേശീബലത്തിന് പരിപ്പ് വർഗ്ഗങ്ങൾ (പ്രോട്ടീൻ), ദഹനത്തിന് നാരുകൾ അടങ്ങിയ പച്ചക്കറികളും പുളിപ്പിച്ച ഭക്ഷണങ്ങളും (തൈര് പോലുള്ളവ), പിന്നെ രോഗപ്രതിരോധത്തിനായി ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനങ്ങളും—ഇതൊക്കെ അടങ്ങിയതായിരുന്നു അന്നത്തെ ഒരു ശരാശരി ഊണ്. വീട്ടിൽ അപ്പപ്പോൾ പാകം ചെയ്ത ഇത്തരം വിഭവങ്ങൾ കൃത്യസമയത്ത് കുടുംബാംഗങ്ങൾക്കൊപ്പം ഇരുന്നായിരുന്നു അവർ കഴിച്ചിരുന്നത്.
എന്നാൽ ഇന്ന് കാര്യങ്ങൾ പാടേ മാറി. ഭക്ഷണത്തിന് നാം ആശ്രയിക്കുന്നത് പലപ്പോഴും പാക്കറ്റുകളെയും കവറുകളെയും ആണ്. പ്രഭാതഭക്ഷണം ഒരു പ്ലാസ്റ്റിക് കവറിൽ നിന്നാണെങ്കിൽ, ലഘുഭക്ഷണം കടയിലെ ഷെൽഫിൽ നിന്നും രാത്രി ഭക്ഷണം മൊബൈൽ ആപ്പിലൂടെയുമാണ് നമ്മുടെ പക്കലെത്തുന്നത്. വീട്ടിലുണ്ടാക്കുന്ന പരിപ്പുകറിക്കും പച്ചക്കറികൾക്കും തൈരിനും പകരം ഇൻസ്റ്റന്റ് നൂഡിൽസും ബേക്കറിപ്പലഹാരങ്ങളും പാക്കറ്റ് മിശ്രിതങ്ങളും മധുരപാനീയങ്ങളും വറുത്തതും പൊരിച്ചതുമായ വിവിധതരം ഭക്ഷണങ്ങളും ഇന്ന് നമ്മുടെ തീൻമേശകൾ കീഴടക്കിയിരിക്കുന്നു. വയറു നിറയ്ക്കാൻ ഇവ ധാരാളമാണെങ്കിലും ശരീരകോശങ്ങളിലേക്ക് വേണ്ട അവശ്യ പോഷകങ്ങൾ എത്തിക്കാൻ ഇത്തരം ഭക്ഷണങ്ങൾക്കാവില്ല.
അൾട്രാപ്രോസസ് ചെയ്ത ഭക്ഷണങ്ങൾ: ഊർജ്ജം കവർന്നെടുക്കുന്ന അപകടകാരികൾ
മൈദ, ശുദ്ധീകരിച്ച എണ്ണകൾ (Refined oils), കൃത്രിമ രുചികൾ, കേടു കൂടാതെ ദീർഘകാലം സൂക്ഷിക്കാനുള്ള പ്രിസർവേറ്റീവുകൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന ആഹാരപദാർത്ഥങ്ങളാണിവ. നല്ല രുചി തോന്നിക്കാനും കേടുവരാതിരിക്കാനും കുറഞ്ഞ വിലയ്ക്ക് വിൽക്കാനും വേണ്ടിയാണ് ഇവ ഇത്തരത്തിൽ രൂപപ്പെടുത്തിയെടുക്കുന്നത്.
രുചിവൈവിദ്ധ്യമുണ്ടെങ്കിലും അൾട്രാ പ്രോസസ് ചെയ്ത ആഹാരത്തിൽ യഥാർത്ഥ പോഷകങ്ങളുണ്ടാകില്ല. നാരുകൾ (Fiber) വളരെ കുറഞ്ഞതും സൂക്ഷ്മപോഷകങ്ങളും എൻസൈമുകളും തീരെയില്ലാത്തതുമാണ് ഇത്തരം ഭക്ഷണങ്ങൾ. ഇത് സ്ഥിരമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാനും ശരീരത്തിനുള്ളിൽ നീർവീക്കത്തിനും ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കാനും കാരണമാകുന്നു. കാലക്രമേണ, ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാൻ ശരീരം നന്നേ പാടുപെടേണ്ട അവസ്ഥയുണ്ടാകുന്നു. നമ്മൾ പഴയ തലമുറയേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും അവരെ അപേക്ഷിച്ച് കൂടുതൽ ക്ഷീണിതരും തളർച്ചയുള്ളവരുമായി മാറുന്നു.
പഞ്ചസാര: മടുപ്പു സൃഷ്ടിക്കുന്ന നിശബ്ദ വില്ലൻ
മധുരപലഹാരങ്ങളിൽ മാത്രമല്ല, ബിസ്ക്കറ്റ്, ബ്രെഡ്, ബ്രേക്ക്ഫാസ്റ്റ് ആയി ഉപയോഗിക്കുന്ന, പാക്കറ്റുകളിൽ ലഭ്യമായ ധാന്യക്കൂട്ടുകൾ, സോസുകൾ, ഫ്രൂട്ട് ജ്യൂസുകൾ, ഫ്ലേവേഡ് യോഗർട്ട് തുടങ്ങി എരിവുള്ള പലഹാരങ്ങളിൽ പോലും പഞ്ചസാര ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമെ നമ്മൾ കുടിക്കുന്ന ചായയിലും കാപ്പിയിലുമുള്ള പഞ്ചസാര കൂടി കണക്കാക്കുമ്പോൾ, ഒരു ദിവസം അപകടകരമായ തരത്തിൽ നമ്മൾ ശരീരത്തിന് മധുരം നൽകുന്നു.
ഓരോ തവണ ശരീരത്തിൽ പഞ്ചസാരയെത്തുമ്പോഴും പെട്ടെന്ന് ഊർജ്ജം കൂടുകയും തൊട്ടുപിന്നാലെ അത് കുത്തനെ താഴുകയും ചെയ്യുന്നു. ഇത് നമ്മളെ വീണ്ടും മധുരം കഴിക്കാൻ പ്രേരിപ്പിക്കുകയും പെട്ടെന്ന് ദേഷ്യം വരാനും ഏകാഗ്രത കുറയാനും ഇടവരുത്തുകയും ചെയ്യുന്നു. പഞ്ചസാരയുടെ അമിതോപയോഗം കാലക്രമേണ ഇൻസുലിൻ റെസിസ്റ്റൻസ്, കുടവയർ, വിട്ടുമാറാത്ത ക്ഷീണം, മാനസിക അസ്വസ്ഥതകൾ എന്നിവയിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരത്തിലുള്ള ഊർജ്ജത്തെ (കൊഴുപ്പ്) കാര്യക്ഷമമായി ഉപയോഗിക്കാൻ ശീലിക്കുന്നതിന് പകരം, പൊടുന്നനെ അമിതമായി ഗ്ളൂക്കോസ് ആഗിരണം ചെയ്യുന്ന രീതിയിലേക്ക് ശരീരം മാറുന്നു. ഇത് നമ്മുടെ മെറ്റബോളിസത്തെ താറുമാറാക്കുകയും ക്രമേണ ഊർജ്ജം ഇല്ലാതാക്കുകയും ചെയ്യുന്നു.
പുറത്തുനിന്നുള്ള ഭക്ഷണം: ആരോഗ്യത്തേക്കാൾ പ്രാധാന്യം രുചിക്ക് നൽകുമ്പോൾ
ഒരുകാലത്ത് പുറത്തുപോയി ഭക്ഷണം കഴിക്കുക എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമായിരുന്നു. എന്നാൽ ഇന്നത്തെ നഗരജീവിതത്തിൽ, ഹോട്ടൽ ഭക്ഷണവും ഡെലിവറി ആപ്പുകളും നമ്മുടെ ജീവിതത്തിൻ്റെ തന്നെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ഭക്ഷണത്തിന്റെ ഗുണത്തേക്കാളേറെ, വേഗതയ്ക്കും രുചിക്കും കാഴ്ചയിലെ ഭംഗിക്കുമാണ് നമ്മളിന്ന് മുൻഗണന നൽകുന്നത്.
ഭക്ഷണത്തിന് മികച്ച രുചിയും ആകർഷണീയതയും നൽകാൻ ഹോട്ടലുകൾ അമിതമായ അളവിൽ എണ്ണ, മൈദ, പഞ്ചസാര, രുചി വർദ്ധിപ്പിക്കുന്ന കൃത്രിമ പദാർത്ഥങ്ങൾ (Flavour enhancers) എന്നിവയെയാണ് ആശ്രയിക്കുന്നത്. വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് കൂടുതലായിരിക്കുമെങ്കിലും അതിൽ പോഷകങ്ങൾ വളരെ കുറവായിരിക്കും. ‘ആരോഗ്യകരം’ (Healthy) എന്ന് പരസ്യം ചെയ്യുന്ന വിഭവങ്ങളിൽ പോലും രഹസ്യമായി കൊഴുപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ടാകാം. സ്ഥിരമായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് അമിതവണ്ണം, വയറു വീർക്കൽ (Bloating), ദഹനക്കേട്, ശരീരത്തിൽ അമിതമായി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. ശരീരത്തിനാവശ്യമായ ഊർജവും കരുത്തും പോഷകങ്ങളും നൽകുന്ന അമൃതായി മാറുന്നതിന് പകരം രസമുകുളങ്ങളുടെ താൽക്കാലികാനന്ദം മാത്രമായി ആഹാരം ചുരുങ്ങിപ്പോകുന്നു.
പരമ്പരാഗത ഭക്ഷണരീതിയുടെ മേൻമ
ദഹനപ്രക്രിയയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിലാണ് നമ്മുടെ രാജ്യത്തെ പരമ്പരാഗത ഭക്ഷണക്രമങ്ങൾ രൂപപ്പെട്ടിരുന്നത്. അതതു കാലത്ത് ലഭ്യമായ പ്രാദേശിക വിഭവങ്ങൾക്കാണ് അന്ന് മുൻഗണന നൽകിയിരുന്നത്. ധാന്യങ്ങൾ കുതിർക്കുന്നതും മാവ് പുളിപ്പിക്കുന്നതും (Fermentation) ചെറിയ തീയിൽ സാവധാനം പാകം ചെയ്യുന്നതും ശാസ്ത്രതത്വങ്ങളിൽ അധിഷ്ഠിതമായിട്ടായിരുന്നു എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അരി അല്ലെങ്കിൽ ഏതെങ്കിലും ചെറുധാന്യങ്ങൾ (Millets), പ്രോട്ടീൻ നിറഞ്ഞ പരിപ്പ് വർഗ്ഗങ്ങൾ, വേവിച്ച പച്ചക്കറികൾ, കുറച്ച് തൈരോ മോരോ, ചമ്മന്തി, ഉപ്പിലിട്ടത്, അല്പം നെയ്യ്—ഇതൊക്കെയായിരുന്നു പണ്ടത്തെ ഒരു സാധാരണ ഊണിലെ വിഭവങ്ങൾ. ഈ ഒരു ക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും വയറിലെ നല്ല ബാക്ടീരിയകളെ സജീവമാക്കാനും ശരീരത്തിന് ആവശ്യമായ മിനറലുകൾ നൽകാനും നീർവീക്കം കുറയ്ക്കാനും സഹായിച്ചിരുന്നു. പാരമ്പര്യ ഭക്ഷണരീതിയിൽ കലോറി കുറവായിരുന്നില്ല, പക്ഷെ അവ പോഷകസമൃദ്ധമായിരുന്നു. വയറു നിറയ്ക്കുന്നതിലുപരിയായി, ശരീരത്തിന് യഥാർത്ഥ കരുത്ത് നൽകുന്നതായിരുന്നു അന്നത്തെ ആഹാരരീതി.
പ്രോട്ടീൻ ഉൾപ്പെടുത്താത്ത പുതിയ കാല ആഹാരം
ആധുനിക ഭക്ഷണരീതിയിൽ സംഭവിച്ച ഏറ്റവും വലിയ തിരിച്ചടികളിലൊന്ന് പ്രോട്ടീൻ്റെ അളവിൽ വന്ന കുറവാണ്. നമ്മുടെ ഓരോ നേരത്തെ ഭക്ഷണത്തിലും അരിയോ ഗോതമ്പോ നൂഡിൽസോ ഉരുളക്കിഴങ്ങോ ഒക്കെയാണ് പ്രധാനമായി അടങ്ങിയിട്ടുള്ളത്. ശരീരത്തിന് അത്യാവശ്യമായ പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, തൈര്, പനീർ എന്നിവ വളരെ കുറഞ്ഞ അളവിൽ മാത്രമേ നമ്മൾ കഴിക്കുന്നുള്ളൂ.
പേശികളുടെ ബലത്തിനും ഹോർമോൺ ഉത്പാദനത്തിനും രോഗപ്രതിരോധ ശേഷിക്കും, മനസ്സിന്റെ തെളിച്ചത്തിനുമെല്ലാം പ്രോട്ടീൻ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ ഭക്ഷണം കഴിച്ച ഉടനെ തന്നെ ക്ഷീണം അനുഭവപ്പെടും. ഇടയ്ക്കിടെ വിശക്കുകയും തളർച്ചയും ശ്രദ്ധക്കുറവും ഉണ്ടാവുകയും ചെയ്യും. സാധാരണ ക്ഷീണമാണെന്നു കരുതി നമ്മൾ അവഗണിക്കുമെങ്കിലും വാസ്തവത്തിൽ, ഭക്ഷണത്തിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ തെറ്റുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.
പുളിപ്പിച്ച ആഹാരങ്ങളുടെ പ്രധാന്യം
നമ്മുടെ പഴയകാല ഭക്ഷണരീതികൾ കുടലിൻ്റെ ആരോഗ്യത്തെ വേണ്ടതരത്തിൽ സംരക്ഷിച്ചിരുന്നു. ഇഡ്ഡലി, ദോശ എന്നിവയുടെ മാവ് പുളിപ്പിക്കുന്നത് വഴിയും തൈര്, മോര്, കഞ്ഞി, പഴങ്കഞ്ഞി, സ്വാഭാവികമായ രീതിയിൽ തയ്യാറാക്കിയ അച്ചാറുകൾ എന്നിവയിലൂടെയുമൊക്കെ ധാരാളം നല്ല ബാക്ടീരിയകൾ (Beneficial bacteria) നമ്മുടെ ദഹനവ്യവസ്ഥയിലേക്ക് എത്തിയിരുന്നു.
ഇത്തരം ഭക്ഷണങ്ങൾ പോഷകങ്ങളെ വലിച്ചെടുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി കൂട്ടുകയും ഉദരസ്തംഭനം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആധുനികകാലത്ത്, നമ്മൾ പാസ്ചറൈസ് ചെയ്തതും പ്രിസർവേറ്റീവുകൾ ചേർത്തതും ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നതുമായ ഭക്ഷണങ്ങളെയാണ് അമിതമായി ആശ്രയിക്കുന്നത്. ഇത് വയറിലെ നല്ല ബാക്ടീരിയകളുടെ വൈവിധ്യത്തെ നശിപ്പിക്കുകയും ദഹനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുകയും ചെയ്യുന്നു. എന്തിനേറെ, നമ്മുടെ മാനസികാവസ്ഥയെ പോലും ഇത് ദോഷകരമായി ബാധിക്കാം.
ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ തളർച്ച അനുഭവപ്പെടുന്നതിൻ്റെ കാരണം
നല്ല ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ ശരീരത്തിന് ഉൻമേഷവും മനസ്സിന് സംതൃപ്തിയും ലഭിക്കും. എന്നാൽ ഇന്നത്തെ ഭക്ഷണരീതി നമുക്ക് സമ്മാനിക്കുന്നത് ശരീരത്തിന് അമിത വണ്ണവും അസമയത്തെ ഉറക്കവും അസിഡിറ്റിയും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുമാണ്. മൈദ (Refined carbs), പഞ്ചസാര, എണ്ണ, ഉപ്പ് എന്നിവ സ്വാഭാവികമല്ലാത്ത രീതിയിൽ അമിതമായി ചേരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരം ആഹാരം ദഹനത്തെ സാവധാനത്തിലാക്കുകയും കരളിന്റെയും പാൻക്രിയാസിന്റെയും ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയും പിന്നീട് കുത്തനെ താഴുകയും ചെയ്യുന്നത്, ഭക്ഷണത്തിന് ശേഷമുള്ള കടുത്ത ക്ഷീണത്തിന് കാരണമാകുന്നു. ചുരുക്കത്തിൽ, കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ഊർജ്ജത്തേക്കാൾ കൂടുതൽ ഊർജ്ജം അത് ദഹിപ്പിക്കാൻ വേണ്ടി ശരീരത്തിന് ചെലവഴിക്കേണ്ടി വരുന്നു.
ഭക്ഷണത്തിലൂടെ കരുത്ത് വീണ്ടെടുക്കാം
വിലകൂടിയ പ്രോട്ടീൻ പൗഡറും സപ്ളിമെൻ്റുകളും ഇറക്കുമതി ചെയ്യുന്ന സൂപ്പർ ഫുഡുകളുമൊന്നും കൂടാതെതന്നെ നമുക്ക് ആരോഗ്യം നിലനിർത്താനാകുമെന്നതാണ് സത്യം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ശരീരത്തിന്റെ ഊർജ്ജവും ഉപാപചയ പ്രവർത്തനങ്ങളും വീണ്ടെടുക്കാൻ സഹായിക്കും.
ആഹാരം ആരോഗ്യകരമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശീലമാക്കാം:
- കഴിയുന്നതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക
- ആഹാര കാര്യത്തിൽ കൃത്യനിഷ്ഠ പുലർത്തുക
- പാക്കറ്റ് വിഭവങ്ങൾ ഒഴിവാക്കാം
- മധുരപാനീയങ്ങൾക്ക് പകരം വെള്ളമോ മോരോ കുടിക്കാം
- ഓരോ നേരത്തെ ഭക്ഷണത്തിലും പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, തൈര് എന്നിവ ഉൾപ്പെടുത്തുക
- ആഹാരത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താൻ മറക്കരുത്
ഈ മാറ്റങ്ങൾ സാവധാനം ശരീരത്തിലെ പോഷകങ്ങളുടെ സന്തുലിതാവസ്ഥ തിരികെ കൊണ്ടുവരും.
സാംസ്കാരിക മാറ്റം അനിവാര്യം
നമ്മൾ കഴിക്കുന്ന ഓരോ നേരത്തെ ഭക്ഷണവും നമ്മുടെ ശരീരത്തിന് സന്ദേശം നൽകുന്നുണ്ട്—കൊഴുപ്പ് ശേഖരിച്ചു വെക്കണോ, ഊർജ്ജം ഉത്പാദിപ്പിക്കണോ, അസ്വസ്ഥതകൾ സൃഷ്ടിക്കണോ അതോ ആരോഗ്യം വീണ്ടെടുക്കണോ എന്ന് തീരുമാനിക്കുന്നത് നമ്മൾ കഴിക്കുന്ന ആഹാരമാണ്. ഭക്ഷണത്തിന് ഒരു താളം ഉണ്ടാവണമെന്നും അത് ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്തണമെന്നും ദഹനവ്യവസ്ഥയെ ബഹുമാനിക്കണമെന്നുമാണ് ആഹാരം സംബന്ധിച്ച പാരമ്പര്യ അറിവുകൾ നമ്മെ പഠിപ്പിച്ചിരുന്നത്.
തളർച്ചയിൽ നിന്ന് കരുത്തിലേക്ക്
എപ്പോഴും ക്ഷീണം തോന്നുന്നത് സ്വാഭാവികമായ കാര്യമല്ല. ഭക്ഷണം കഴിച്ചാൽ വയർ വീർക്കുന്നതും അസ്വസ്ഥത തോന്നുന്നതും തളർച്ച തോന്നുന്നതുമെല്ലാം നമ്മുടെ ശരീരം നമുക്ക് നൽകുന്ന മുന്നറിയിപ്പുകളാണ്.
ഇന്നത്തെ ഇന്ത്യൻ ഭക്ഷണരീതി നമ്മുടെ വയർ നിറയ്ക്കുന്നുണ്ടെങ്കിലും രസമുകുളങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അത് നമുക്ക് കരുത്ത് നൽകുന്നില്ല എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ലളിതമായ ഭക്ഷണങ്ങൾ, പ്രകൃതിദത്തമായ ചേരുവകൾ, ശ്രദ്ധാപൂർവ്വം ക്രമീകൃതമായ തരത്തിലുള്ള ഭക്ഷണരീതി, സമയനിഷ്ഠ, പരമ്പരാഗത അറിവുകൾ- ഇവയെല്ലാം ചേരുമ്പോൾ യഥാർത്ഥ പോഷണം കൈവരുന്നു.
നമ്മുടെ പൂർവ്വികർ കലോറി കണക്കാക്കിയല്ല ഭക്ഷണം കഴിച്ചിരുന്നത്, അവർ കാലാവസ്ഥയെയാണ് ശ്രദ്ധിച്ചിരുന്നത്. അവർ ഭക്ഷണപ്പൊതികളിലെ ലേബലുകൾ വായിച്ചിരുന്നില്ല, അവർക്ക് ഓരോ ചേരുവയെക്കുറിച്ചും അറിവുണ്ടായിരുന്നു. അവർ വിനോദത്തിനായി ഭക്ഷണം കഴിച്ചിരുന്നില്ല, മറിച്ച് ജീവൻ നിലനിർത്താനാണ് ആഹാരം കഴിച്ചത്.
നമുക്ക് വീണ്ടും കരുത്തുനേടാൻ വിദേശ ഭക്ഷണരീതികളുടെ ആവശ്യമില്ല, വിവേകം വീണ്ടെടുത്താൽ മാത്രം മതി. അപ്പോൾ, ഭക്ഷണം നമ്മെ കരുത്തും ആരോഗ്യവും ഉന്മേഷവുമുള്ളവരാക്കി മാറ്റും.




