സോഷ്യൽ മീഡിയ, പ്രതിച്ഛായ, അഭിനയം: അദൃശ്യ വിഷാദത്തിൻ്റെ പുതിയ കാലം

ഓൺലൈനിലെ ‘കൃത്രിമ പൂർണ്ണത’ എങ്ങനെയാണ് ഇന്ത്യൻ യുവമനസ്സുകളെ നിശ്ശബ്ദമായി തകർക്കുന്നത്
വിഷാദത്തിൻ്റെ പുതിയ മുഖം
ലൈക്കുകൾ യഥാർത്ഥ സ്നേഹമായും ഫിൽട്ടറുകൾ ഉള്ളിൽ നിന്നുള്ള വികാരങ്ങളായും തെറ്റിദ്ധരിക്കപ്പെടുന്ന ഈ ലോകത്ത്, മാനസികാരോഗ്യത്തിന് ഒരു പുതിയ ശത്രു ജനിച്ചിരിക്കുന്നു! — അതാണ് കൃത്രിമ പൂർണ്ണത (Curated Perfection).
എല്ലാവരും അതീവ സന്തോഷമുള്ളവരും ആത്മവിശ്വാസമുള്ളവരും ജീവിതത്തിലെ ആനന്ദവർഷം അനുനിമിഷം അനുഭവിക്കുന്നവരും വിശ്വവിജയികളുമായി കാണപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്—ആകർഷകമായ യാത്രകൾ, തിളങ്ങുന്ന ചർമ്മം, എപ്പോഴും ചിരിക്കുന്ന ദമ്പതികൾ, ഏറ്റവും മികച്ച കുടുംബം അങ്ങനെയങ്ങനെ. പക്ഷെ, സന്തോഷത്തിളക്കമുള്ള ആ പോസ്റ്റുകൾക്ക് പിന്നിൽ പലപ്പോഴും ഏകാന്തതയുടെയും പോരായ്മകളുടേയും അദൃശ്യ വിഷാദത്തിൻ്റെയും നിശ്ശബ്ദമായ വേദനയുണ്ടാവാം.
മനോരോഗ വിദഗ്ധർ ഇതിനെ “ഇൻസ്റ്റാഗ്രാം ഇഫക്റ്റ്” എന്ന് വിളിക്കുന്നു—സന്തോഷം അഭിനയിച്ചു കാണിക്കാനുള്ള സമ്മർദ്ദം. 16നും 30നും ഇടയിലുള്ള 82% ഇന്ത്യൻ യുവജനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ (Statista, 2024), ഈ പ്രതിഭാസം ഒരു തലമുറയുടെ മുഴുവൻ മാനസികാരോഗ്യ ചിന്താഗതിയെ സ്വാധീനിക്കുകയാണ്.
എന്താണ് അദൃശ്യ വിഷാദം?
“ഉയർന്ന പ്രവർത്തനശേഷിയുള്ള വിഷാദം” (High-Functioning Depression) എന്ന പേരിലും അറിയപ്പെടുന്ന അദൃശ്യ വിഷാദം, മനസ്സിൻ്റെ അഗാധതലങ്ങളിൽ ഒളിഞ്ഞിരിക്കുന്നു. ഇതനുഭവിക്കുന്ന വ്യക്തികൾ ജോലിക്ക് പോകും, പഠനം തുടരും, സാമൂഹികമായി ഇടപെടും,എന്തിന്, ഓൺലൈനിൽ സന്തോഷമുള്ള പോസ്റ്റുകളും അപ്ലോഡ് ചെയ്യും.
എന്നാൽ ഉള്ളിന്റെയുള്ളിൽ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്നല്ലേ:
- നിരന്തരമായ ശൂന്യതാഭാവം അല്ലെങ്കിൽ തളർച്ച
- ബാഹ്യലോകത്തെ വിജയം ഉണ്ടായിരുന്നിട്ടും സ്വയം കുറ്റപ്പെടുത്തൽ
- അമിത ചിന്തകൾ, കുറ്റബോധം, വൈകാരിക മരവിപ്പ്
- കൂട്ടുകാർക്കിടയിലും ഫോളോവേഴ്‌സിനിടയിലും സാന്നിദ്ധ്യമുണ്ടെങ്കിലും ഒറ്റപ്പെട്ടുപോയെന്ന തോന്നൽ
പരമ്പരാഗത വിഷാദത്തിൽ നിന്ന് വ്യത്യസ്തമായി, ഈ അവസ്ഥയിൽ ജീവിക്കുന്നവർ മുഖംമൂടിയണിഞ്ഞാണ് നടക്കുന്നത്—കാരണം കൃത്രിമത്വത്തിൻ്റെ ലോകത്ത് വേദന പ്രകടിപ്പിക്കുന്നത് ബലഹീനതയായി കണക്കാക്കപ്പെടുന്നു.
സോഷ്യൽ മീഡിയയിലെ വൈരുദ്ധ്യം: ചുറ്റും മനുഷ്യർ, എന്നിട്ടും ഒറ്റയ്ക്ക്
നമുക്ക് ഇത്രയേറെ ബന്ധങ്ങളുണ്ടായിട്ടും, ഇത്രയധികം ഒറ്റപ്പെട്ടതായി അനുഭവപ്പെട്ടിട്ടില്ല എന്നതാണ് ഈ ഡിജിറ്റൽ യുഗത്തിലെ വിരോധാഭാസം.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) 2023 ൽ നടത്തിയ ഒരു പഠനം വെളിവാക്കുന്നത്, അമിതമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക്, സാധാരണരീതിയിൽ അതുപയോഗിക്കുന്നവരേക്കാൾ 2.7 മടങ്ങ് അധികം വിഷാദത്തിൻ്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾക്കുള്ള സാദ്ധ്യതയുണ്ട് എന്നാണ്.
എന്തുകൊണ്ട് ഇങ്ങനെ?
1.താരതമ്യ സംസ്കാരം: സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരന്തരം “മികച്ച” ജീവിതങ്ങൾ കാണുന്നത് അതൃപ്തിക്ക് കാരണമാകുന്നു.
2.വാലിഡേഷൻ എന്ന കെണി:സ്വത്വ ബോധവും സ്വന്തം മൂല്യവും, ലൈക്കുകളുമായും ഫോളേവേഴ്സുമായും ബന്ധപ്പെടുത്തി കാണുന്നത് പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
3.ഒഴിവാക്കപ്പെട്ടുപോകുമോ എന്ന ഭയം: മറ്റെല്ലാവരും നമ്മളേക്കാൾ മികച്ച ജീവിതം നയിക്കുന്നു എന്ന തോന്നലുണ്ടാക്കുന്ന ഉത്കണ്ഠ.
4.വിവരങ്ങളുടെ അതിപ്രസരം: നെഗറ്റീവ് വാർത്താ ചക്രങ്ങൾ, യാഥാർത്ഥ്യമല്ലാത്ത ശരീര സങ്കൽപ്പങ്ങൾ, ഇൻഫ്ലുവൻസർമാരുടെ വിഷലിപ്തമായ ഉള്ളടക്കങ്ങൾ എന്നിവ തലച്ചോറിൻ്റെ വൈകാരിക ശേഷിയെ തളർത്തുന്നു.
ആധികാരികതയേക്കാൾ അവതരണത്തിനാണ് സോഷ്യൽ മീഡിയ മൂല്യം നിശ്ചയിക്കുന്നത്. കാലക്രമേണ, ഉപയോക്താക്കൾ, തങ്ങൾ യഥാർത്ഥത്തിൽ ആരാണ് എന്നത് മറച്ചുവെച്ചുകൊണ്ട്, തങ്ങളുടെ ആദർശ രൂപം അവതരിപ്പിക്കാൻ “ഡിജിറ്റൽ മുഖംമൂടി” ധരിക്കാൻ പഠിക്കുന്നു.
ഇന്ത്യൻ യാഥാർത്ഥ്യം: സമ്മർദ്ദം, പൂർണ്ണത, അഭിനയം
കുടുംബ യശസ്സ്, അക്കാദമിക വിജയം, തൊഴിൽ സ്ഥിരത എന്നിവയ്ക്കെല്ലാം അമിത പ്രാധാന്യം നൽകുന്ന ഇന്ത്യയിൽ, സോഷ്യൽ മീഡിയ യഥാർത്ഥത്തിൽ ഒരു വൈകാരിക യുദ്ധക്കളമായി മാറുന്നു.
- വിദ്യാർത്ഥികൾ പരീക്ഷകളിൽ മാത്രമല്ല, സൗന്ദര്യത്തിലും പ്രശസ്തിയിലും വാലിഡേഷനായി മത്സരിക്കുന്നു.
- യുവ പ്രൊഫഷണലുകൾ സാമ്പത്തികമായോ വൈകാരികമായോ ബുദ്ധിമുട്ടുമ്പോഴും വിജയം അഭിനയിച്ചു കാണിക്കാൻ നിർബന്ധിതരാകുന്നു.
- ഇൻഫ്ലുവൻസർ സംസ്കാരം, എത്തിപ്പിടിക്കാൻ കഴിയാത്ത ജീവിതശൈലികളെ മഹത്വവൽക്കരിക്കുന്നു. എല്ലാം തികഞ്ഞതെന്ന് അഭിനയിച്ചു കാട്ടുന്ന ബന്ധങ്ങൾ, ആഢംബര യാത്രകൾ, ഹസിൽ കൾച്ചർ എന്നിവ സ്ഥിരമായ ഉൽപാദനക്ഷമതയുടെയും സന്തോഷത്തിൻ്റെയും മിഥ്യാബോധം സൃഷ്ടിക്കുന്നു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS, ) 2023 ൽ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇന്ത്യയിലെ യുവജനങ്ങളിൽ നാലിൽ ഒരാൾക്ക് എന്ന കണക്കിൽ ക്ലിനിക്കൽ ഉത്കണ്ഠയോ വിഷാദ ലക്ഷണങ്ങളോ അനുഭവപ്പെടുന്നുണ്ടെന്നും ഇതിന് കാരണമാകുന്ന ഒരു ഘടകമായി സോഷ്യൽ മീഡിയ എക്സ്പോഷർ മാറിയിട്ടുണ്ട് എന്നുമാണ്.
“മറ്റൊരാൾ നമ്മളേക്കാൾ നന്നായി കാര്യങ്ങൾ ചെയ്യുന്നു എന്ന് ഓരോ തവണ സ്ക്രോൾ ചെയ്യുമ്പോഴും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുമ്പോൾ, അത് കേവലം ശ്രദ്ധ മാറ്റലല്ല, അത് സ്വയം നശീകരണമാണ്.”
‘ഇൻഫ്ലുവൻസർ വിഷാദം’ അധികരിക്കുമ്പോൾ
നിറഞ്ഞ പുഞ്ചിരിക്കും സ്പോൺസർഷിപ്പുകൾക്കും പിന്നിൽ, നിരവധി ഉള്ളടക്ക സ്രഷ്ടാക്കൾ അഥവാ കണ്ടൻറ് ക്രിയേറ്റർമാർ (Content Creators) നിശ്ശബ്ദമായി ദുരിതമനുഭവിക്കുന്നുണ്ട്.
പ്രാധാന്യം നിലനിർത്തിക്കൊണ്ടു മുന്നേറുക, ദിവസവും പോസ്റ്റ് ചെയ്യുക, പൂർണ്ണതയുള്ളവരാണെന്ന് ബോധിപ്പിച്ചു കൊണ്ടേയിരിക്കുക എന്നീ ആവശ്യകതകൾ മാനസികമായി വളരെയധികം തളർത്തുന്ന കാര്യമാണ്.
2022ൽ ഹാർവാർഡ് ബിസിനസ് റിവ്യൂ നടത്തിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്, മറ്റു മേഖലകളിലെ പരമ്പരാഗത തൊഴിലാളികളെ അപേക്ഷിച്ച് ഇൻഫ്ലുവൻസർമാർ കടുത്ത ക്ഷീണം, മടുപ്പ്, ഉത്കണ്ഠ, വ്യക്തിത്വ പ്രതിസന്ധികൾ എന്നിവ കൂടുതലായി അനുഭവിക്കുന്നുണ്ട് എന്നാണ്. അവരുടെ വ്യക്തിപരമായ ജീവിതം തന്നെയാണ് അവരുടെ തൊഴിൽ എന്നതുതന്നെ കാരണം.
ഇന്ത്യയിൽ, ഫാഷൻ ഐക്കണുകൾ മുതൽ ലൈഫ്‌സ്റ്റൈൽ വ്ളോഗർമാർ വരെ നിരവധി ഇൻഫ്ലുവൻസർമാർ തങ്ങളുടെ ഉത്കണ്ഠ, ശരീരത്തെക്കുറിച്ചുള്ള ആശങ്കകൾ, വൈകാരിക തളർച്ച എന്നിവയെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുണ്ട്. എന്നിട്ടും, മിക്കപ്പോഴും അവർക്ക് ലഭിക്കുന്നത് യഥാർത്ഥ വസ്തുത മനസ്സിലാക്കാതെയുള്ള ധാരണയും അവിശ്വാസവുമാണ്. ഓൺലൈനിൽ കാണുമ്പോൾ ഇത്രമാത്രം സന്തോഷമുള്ള ആൾക്ക് എന്തു പ്രശ്നം ഉണ്ടാകാനാണ് എന്ന തരത്തിലുള്ള വിധിയെഴുത്ത്.
ഈ കാഴ്ചപ്പാടുകൾ തമ്മിലുള്ള പൊരുത്തക്കേട്, “പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സ്വയം മൂല്യം” (Performance-Based Self-Worth) എന്ന ചിന്താഗതിക്ക് ആക്കം കൂട്ടുന്നു—അതായത്, ആരാധിക്കപ്പെടുമ്പോൾ മാത്രമേ നമുക്ക് മൂല്യമുള്ളൂ എന്ന വിശ്വാസം.
ഇതിന് പിന്നിലെ മനഃശാസ്ത്രം
ന്യൂറോ സയൻസ് വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, സോഷ്യൽ മീഡിയ തലച്ചോറിൻ്റെ ഡോപമിൻ റിവാർഡ് പാത്ത്‌വേ (Dopamine Reward Pathway) സജീവമാക്കുന്നു. ഇത് ചൂതാട്ടം അല്ലെങ്കിൽ മറ്റ് ആസക്തികൾ ഉണ്ടാകുമ്പോൾ പ്രവർത്തനക്ഷമമാകുന്ന അതേ സംവിധാനമാണ്.
ഓരോ ലൈക്കും കമൻ്റും പുതിയ ഫോളോവറും ക്ഷണികമായ സന്തോഷം നൽകുന്നു—തുടർന്ന് കൂടുതൽ ആഗ്രഹിക്കുന്നതു കൊണ്ടുള്ള തകർച്ചയും ഉണ്ടാക്കുന്നു.
iGen എന്ന പുസ്തകത്തിൻ്റെ രചയിതാവായ ഡോ. ജീൻ ട്വെങ്കെ (Dr. Jean Twenge) കണ്ടെത്തിയത്, ദിവസവും 3 മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന കൗമാരക്കാർക്ക് 35% കൂടുതൽ വിഷാദ ലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ്.
സ്മാർട്ട്‌ഫോണുകൾ വിദൂര ഗ്രാമങ്ങളിൽ പോലും വ്യാപിച്ചു കഴിഞ്ഞ ഇന്ത്യയിൽ, ഈ പാറ്റേണുകൾ വൻതോതിൽ ആവർത്തിക്കപ്പെടുന്നു—പക്ഷേ, ഇതിനെക്കുറിച്ച് വളരെ വിരളമായി മാത്രമേ ചർച്ചയാകാറുള്ളൂ എന്നതാണ് സത്യം.
ഫിൽട്ടർ സംസ്കാരവും ആധികാരികതയെക്കുറിച്ചുള്ള ഭീതിയും
ആധുനിക സ്വയം പ്രതിച്ഛായ അൽഗോരിതമിക് ആയി മാറിയിരിക്കുന്നു. ബ്യൂട്ടി ആപ്പുകൾ, ഫിൽട്ടറുകൾ, റീടച്ചിംഗ് ടൂളുകൾ എന്നിവ കുറ്റമറ്റതും സുന്ദരമായതും തിളക്കമുള്ളതുമായ ഒരു സമാന്തര വ്യക്തിത്വത്തെ സൃഷ്ടിക്കുന്നു.
എന്നാൽ ഇങ്ങനെ രണ്ട് വ്യക്തിത്വങ്ങളായി ജീവിക്കുന്നത്, (ഒന്ന് ഓൺലൈനിലും മറ്റൊന്ന് യഥാർത്ഥലോകത്തും) ഡിജിറ്റൽ വൈരുദ്ധ്യം (Digital Dissonance) എന്ന മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നു.
ഇന്ത്യ കൗൺസിൽ ഫോർ മെൻ്റൽ വെൽബീയിംഗ് കഴിഞ്ഞ വർഷം നടത്തിയ ഒരു സർവേ കണ്ടെത്തിയത് ഇങ്ങനെയാണ്:
- 15–24 വയസ് പ്രായമുള്ള 68% പെൺകുട്ടികൾക്കും ഫിൽട്ടർ ചെയ്ത പോസ്റ്റുകൾ കണ്ടശേഷം “ആവശ്യത്തിന് സൗന്ദര്യമില്ല” എന്ന് തോന്നി.
- 42% യുവാക്കൾ ഇൻഫ്ലുവൻസർമാരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ രൂപത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും ഉത്കണ്ഠ രേഖപ്പെടുത്തി.
- 31% പേർ വിധിയെഴുത്ത് ഒഴിവാക്കാൻ ഓൺലൈനിൽ “സന്തോഷം അഭിനയിക്കുന്നു” എന്ന് തുറന്ന് സമ്മതിച്ചു.
യഥാർത്ഥ ദുഃഖം തുറന്നുപ്രകടിപ്പിക്കുന്നത് കലാപമെന്നോണം അനുഭവപ്പെടുന്ന തരത്തിലേക്ക് ഈ വൈകാരികമായ മുഖംമൂടി മനുഷ്യനെ കൊണ്ടെത്തിച്ചിരിക്കുന്നു.
നിങ്ങൾ മുഖംമൂടി അണിയുന്നുണ്ടോ? ലക്ഷണങ്ങൾ നോക്കാം
നിങ്ങൾ ഈ അദൃശ്യ വിഷാദത്തിൻ്റെ ‘മാസ്ക്’ ധരിക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക:
- സന്തോഷകരമായ പോസ്റ്റുകൾ ഇടുന്നു, പക്ഷേ വൈകാരികമായി മരവിപ്പ് അനുഭവപ്പെടുന്നു
- ആവശ്യത്തിന് ലൈക്കുകൾ ലഭിക്കാത്ത പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നു.
- നിങ്ങളുടെ നേട്ടങ്ങൾ മറ്റുള്ളവരുടേതുമായി നിരന്തരം താരതമ്യം ചെയ്യുന്നു.
- ഫോൺ ഇല്ലാതെയിരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു.
- യഥാർത്ഥ ജീവിതത്തേക്കാൾ എളുപ്പത്തിൽ ഓൺലൈനിൽ സ്വയം പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയുന്നു.
ഈ മുഖംമൂടി തിരിച്ചറിയുക എന്നതാണ് അത് നീക്കം ചെയ്യാനുള്ള ആദ്യപടി.
ഫിൽട്ടറുകളുടെ കാലത്ത് എങ്ങനെ സുഖം പ്രാപിക്കാം
1. ഡിജിറ്റൽ ഡിറ്റോക്സ് എന്നാൽ ബന്ധം വിച്ഛേദിക്കൽ എന്നല്ല
ചെറിയ ഇടവേളകൾ എടുക്കുക. സ്ക്രോൾ ചെയ്യുന്ന സമയം, വായന, നടത്തം, അല്ലെങ്കിൽ ജേണലിംഗ് എന്നിവയിലേക്ക് മാറ്റുക.
രണ്ട് ദിവസത്തെ ഡിറ്റോക്സ് പോലും കോർട്ടിസോൾ എന്ന സമ്മർദ്ദ ഹോർമോണിൻ്റെ അളവ് കുറയ്ക്കും.
2. ശ്രദ്ധയോടെ തിരഞ്ഞെടുക്കുക
ഉത്കണ്ഠയോ FOMO-യോ ഉണ്ടാക്കുന്ന അക്കൗണ്ടുകൾ അൺഫോളോ ചെയ്യുക.
പൂർണ്ണതയിലല്ല, സന്തുലിതാവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യഥാർത്ഥ വ്യക്തികളെയും മാനസികാരോഗ്യ പേജുകളെയും പിന്തുടരുക.
3. യഥാർത്ഥ സംഭാഷണങ്ങളിലേക്ക് തിരിച്ചു പോകാം
ടൈപ്പ് ചെയ്യണ്ട, സംസാരിക്കുക. ഒരു സുഹൃത്തിനെ വിളിക്കുക. കുടുംബാംഗങ്ങളെ സന്ദർശിക്കുക. യഥാർത്ഥ സാന്നിധ്യം ഇമോജികളേക്കാൾ കൂടുതൽ സ്വസ്ഥത നൽകും.
4. തെറാപ്പിയും കൗൺസിലിംഗും
MindPeers, BetterLyf, NIMHANS e-Sanjeevani പോലുള്ള ഓൺലൈൻ തെറാപ്പി പ്ലാറ്റ്‌ഫോമുകൾ ഡിജിറ്റൽ സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും രഹസ്യാത്മകമായ സഹായം നൽകുന്നു.
5. ഡിജിറ്റൽ ദയ നല്ലതാണ്
പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് സ്വയം ചോദിക്കുക: “ഇത് യഥാർത്ഥമാണോ, അതോ മറ്റുള്ളവരെ ആകർഷിക്കാൻ മാത്രമായുള്ളതോ?”
ഓൺലൈനിലെ സഹാനുഭൂതി ആരംഭിക്കുന്നത് സത്യസന്ധതയിൽ നിന്നാണ്.
ഇന്ത്യ ഡിജിറ്റൽ നവീകരണത്തിൻ്റെയും വൈകാരിക പരിണാമത്തിൻ്റെയും വഴിത്തിരിവിലാണ്.
നമുക്ക് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ കഴിയില്ല—പക്ഷേ, നമുക്ക് അതിനെ ആവശ്യമുള്ള തരത്തിലേക്ക് മാറ്റാൻ കഴിയും.
രക്ഷിതാക്കൾ, അധ്യാപകർ, ഇൻഫ്ലുവൻസർമാർ എന്ന രീതിയിൽ, നമ്മൾ യുവമനസ്സുകളെ പഠിപ്പിക്കണം: ഒരു ലൈക്ക് സ്നേഹമല്ല, ഒരു ഫിൽട്ടർ സൗന്ദര്യമല്ല, ഒരു ഫോളോവർ സുഹൃത്തുമല്ല.
അദൃശ്യ വിഷാദത്തിനുള്ള ശുശ്രൂഷ ആരംഭിക്കുന്നത് അനുകമ്പയിൽ നിന്നാണ് —ഓൺലൈനിലായാലും ഓഫ്‌ലൈനിലായാലും.
കൃത്രിമമായി കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങൾ തകർന്നു വീണോട്ടെ. നമുക്ക് മുഖംമൂടികൾ മാറ്റിവെയ്ക്കാം. നമുക്ക് നമ്മളായി, യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കാം.
References :
2. National Mental Health Survey 2
3. why today’s super connected kids are growing up less rebellious




