നിറങ്ങളും മാനസികാരോഗ്യവും : അകത്തളങ്ങൾ മൂഡ് മെച്ചപ്പെടുത്തുന്നത് എങ്ങനെ?

നിറങ്ങളും മാനസികാരോഗ്യവും : അകത്തളങ്ങൾ മൂഡ് മെച്ചപ്പെടുത്തുന്നത് എങ്ങനെ?

ചുവരുകൾ സംസാരിക്കുമ്പോൾ: വർണ്ണങ്ങളുടെയും വികാരങ്ങളുടെയും ശാസ്ത്രം

ഒരു മുറിയിലേക്ക് കയറുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ശാന്തത തോന്നുകയോ, അല്ലെങ്കിൽ ഒരു പ്രത്യേക കാരണവുമില്ലാതെ ദേഷ്യം വരികയോ ചെയ്തിട്ടുണ്ടോ? അത് വെറുതെ തോന്നുന്നതല്ല,  ‘കളർ സൈക്കോളജി‘ (color psychology)യുടെ പ്രവർത്തനമാണത്. 

നിറങ്ങൾ വെറുമൊരു കാഴ്ചാനുഭവം മാത്രമല്ല; നമ്മുടെ മൂഡ്, ഊർജ്ജം, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന ബയോകെമിക്കൽ സിഗ്നലുകളാണ്. ദിവസത്തിൻ്റെ ഭൂരിഭാഗവും വീടിനുള്ളിൽ ചെലവഴിക്കുന്ന വീട്ടമ്മമാരെ (homemakers) സംബന്ധിച്ചിടത്തോളം, അവരുടെ ചുറ്റുപാടുമുള്ള നിറങ്ങൾ നൽകുന്ന വൈകാരിക ഭാവം അവരുടെ മാനസികാരോഗ്യത്തിലും ഉൻമേഷത്തിലും വലിയ പങ്ക് വഹിക്കുന്നു.

ഇളംനീലച്ചുവരുള്ള അടുക്കള നൽകുന്ന ശാന്തതയായാലും നേർത്ത മഞ്ഞക്കളറിലുള്ള കിടപ്പുമുറികൾ നൽകുന്ന ഊഷ്മളതയായാലും ശാസ്ത്രം ഒരു കാര്യം സ്ഥിരീകരിക്കുന്നു: നിറങ്ങൾ മാറ്റുന്നത് നമ്മുടെ ഉള്ളിലെ വികാരങ്ങളെയും മാറ്റും.

നിറങ്ങൾ തലച്ചോറിനെ സ്വാധീനിക്കുന്നത് എങ്ങനെ?

നിറങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം തുടങ്ങുന്നത് കണ്ണുകളിലാണെങ്കിലും, അതിൻ്റെ ഫലങ്ങൾ തലച്ചോറിനുള്ളിലെ ‘ലിംബിക് സിസ്റ്റം’ (limbic system) അഥവാ നമ്മുടെ വികാരങ്ങളുടെ കേന്ദ്രം വരെ എത്തുന്നു.

പ്രകാശത്തിൻ്റെ വ്യത്യസ്ത തരംഗദൈർഘ്യങ്ങൾ (wavelengths) നമ്മുടെ ശരീരത്തിൽ സെറോടോണിൻ, ഡോപമിൻ, മെലാടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുറത്തുവിടാൻ പ്രേരിപ്പിക്കുന്നു. ഇവയാണ് നമ്മുടെ മൂഡ്, ഉൻമേഷം, വിശ്രമം എന്നീ കാര്യങ്ങളെയെല്ലാം നിയന്ത്രിക്കുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ (UBC) 2019ൽ നടത്തിയ ഒരു പഠനമനുസരിച്ച്, നിറങ്ങൾ നമ്മുടെ നാഡീവ്യവസ്ഥയിലെ ഉത്തേജന നിലകളിൽ (arousal levels) മാറ്റം വരുത്തിക്കൊണ്ട് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കുന്നു.

  • ഊഷ്മള നിറങ്ങൾ (Warm colors) (ചുവപ്പ്, ഓറഞ്ച്, മഞ്ഞ) ഊർജ്ജത്തെയും ആവേശത്തെയും ഉത്തേജിപ്പിക്കുന്നു.
  • ശീതള നിറങ്ങൾ (Cool colors) (നീല, പച്ച, ലാവൻഡർ) മനസ്സിനെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.

‘ജേണൽ ഓഫ് എൻവയോൺമെൻ്റൽ സൈക്കോളജി’യിൽ 2015ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ചുറ്റുപാടുകളിലെ നിറങ്ങൾ നമ്മുടെ സമ്മർദ്ദം, ഏകാഗ്രത, സന്തോഷം എന്നിവയെ കാര്യമായി ബാധിക്കുന്നു എന്ന് കണ്ടെത്തി. വീട്ടിലെ ജോലികൾ ചെയ്യുന്ന സ്ത്രീകളിൽ പ്രത്യേകിച്ചും.

വീട്ടമ്മമാർക്ക് നിറങ്ങൾ എങ്ങനെ പ്രധാനമാകുന്നു?

വീട്ടമ്മമാർ ഒരേസമയം എണ്ണമറ്റ ജോലികൾ കൈകാര്യം ചെയ്യുന്നു – മാനസിക അദ്ധ്വാനം, മറ്റുള്ളവരെ പരിചരിക്കൽ, ഒരേസമയം വിവിധ ജോലികൾ  ചെയ്യൽ (multitasking) – ഇതെല്ലാം വീടിൻ്റെ നാല് ചുവരുകൾക്കുള്ളിലാണ്.

വീട് തന്നെ ജോലിയുടെയും വിശ്രമത്തിൻ്റെയും ഇടമായി മാറുമ്പോൾ, ഒരേ കാഴ്ചകൾ കണ്ടു കണ്ട് ഉണ്ടാകുന്ന ക്ഷീണവും (visual fatigue) വൈകാരികമായ മടുപ്പും (emotional monotony) സമ്മർദ്ദം, ദേഷ്യം, മാനസിക തളർച്ച (burnout) എന്നിവയിലേക്ക് നയിച്ചേക്കാം.

അതുകൊണ്ട് നിറങ്ങൾ നന്നായി ക്രമീകരിക്കുന്നത് മോടി കൂട്ടുന്നതിനൊപ്പം തന്നെ നമ്മുടെ മനസ്സിന് ഇണങ്ങുന്ന രീതിയിൽ ചുറ്റുപാടുകളെ ഒരുക്കുകയും ചെയ്യുന്നു. നിറങ്ങളിലും മെറ്റീരിയലുകളിലും (textures) വെളിച്ചം ക്രമീകരിക്കുന്ന രീതിയിലും മാറ്റങ്ങൾ വരുത്തുന്നതിലൂടെ, സാധാരണ മുറികളെ നമ്മുടെ മനസ്സിൻ്റെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുന്ന ഇടങ്ങളാക്കി മാറ്റാൻ കഴിയും.

വീടിൻ്റെ അകത്തളങ്ങൾക്കായി ശാസ്ത്രം നിർദ്ദേശിക്കുന്ന ചില നിറങ്ങൾ

നിറങ്ങൾ എങ്ങനെ വികാരങ്ങളെ സ്വാധീനിക്കുന്നുവെന്നും വീടിൻ്റെ വിവിധ ഭാഗങ്ങളിൽ വീട്ടമ്മമാർക്ക് ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും നോക്കാം.

1. പച്ച – സന്തുലിതാവസ്ഥയുടെയും നവോന്മേഷത്തിൻ്റെയും നിറം

ശാസ്ത്രം പറയുന്നത്: പച്ച നിറം പ്രകൃതിയെ ഓർമ്മിപ്പിക്കുന്നതുകൊണ്ട് അത് ശാന്തതയും ഉന്മേഷവും നൽകുന്നു. പച്ച നിറം നോക്കുന്നത് കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) എന്ന ഹോർമോണിൻ്റെ അളവ് കുറയ്ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

  • ഉറവിടം: യൂണിവേഴ്സിറ്റി ഓഫ് എസെക്സ് (യുകെ), 2018 – പ്രകൃതിയുമായി ബന്ധപ്പെട്ട നിറങ്ങൾ മാനസികമായ ഉണർവ്വ് (psychological restoration) 30% വരെ മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തി.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • അടുക്കള, സ്വീകരണ മുറി (living areas), വായനയ്ക്കുള്ള സ്ഥലങ്ങൾ (reading corners) എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം.
  • പുതുമ ലഭിക്കാൻ ഇളം പച്ച (mint or sage) നിറത്തിലുള്ള ചുവരുകൾക്കൊപ്പം തടിയുടെ സ്വാഭാവിക നിറങ്ങളും (wooden tones) ഉപയോഗിക്കാം.
  • ഉന്മേഷം വർദ്ധിപ്പിക്കുന്നതിന് മുറിക്കുള്ളിൽ ചെടികൾ വെയ്ക്കുക.

2. നീല – ശാന്തി നൽകുന്ന നിറം

ശാസ്ത്രം പറയുന്നത്: നീല വെളിച്ചവും നീല നിറവും രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. 

  • ജേണൽ ഓഫ് എൻവയോൺമെൻ്റൽ സൈക്കോളജി (2015): നീല നിറത്തിലുള്ള ചുറ്റുപാടുകൾ ഉത്കണ്ഠ കുറയ്ക്കുകയും ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • കിടപ്പുമുറികൾക്കും കുളിമുറികൾക്കും (bathrooms) ഏറ്റവും മികച്ചത്.
  • ഊഷ്മളത ലഭിക്കാൻ കടും നീലയ്ക്ക് (dark navy) പകരം ഇളം നീല (soft blues) നിറങ്ങൾ ഉപയോഗിക്കുക.
  • വെള്ളയോ ബീജ് (beige) നിറമോ കലർത്തി ഉപയോഗിക്കുന്നത് വൃത്തിയുള്ളതും ശാന്തവുമായ ഒരു അന്തരീക്ഷം നൽകും.

3. മഞ്ഞ – ഊർജ്ജം വർദ്ധിപ്പിക്കുന്ന നിറം

ശാസ്ത്രം പറയുന്നത്: “സന്തോഷത്തിൻ്റെ ഹോർമോൺ” (happiness hormone) എന്നറിയപ്പെടുന്ന സെറോടോണിൻ ഉത്പാദിപ്പിക്കാൻ മഞ്ഞനിറം സഹായിക്കുന്നു. 

  • 2019ൽ ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ ഒരു പഠനമനുസരിച്ച്, തിളക്കമുള്ള മഞ്ഞ നിറം, പ്രത്യേകിച്ച് പ്രഭാത വെളിച്ചത്തിൽ കാണുന്നത്, സ്ത്രീകളിൽ ഉണർവും  പോസിറ്റീവ് മൂഡും വർദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • അടുക്കള, ഡൈനിംഗ് ഏരിയ, ബാൽക്കണികൾ എന്നിവയ്ക്ക് അനുയോജ്യം.
  • കടും മഞ്ഞയ്ക്ക് പകരം ഇളം മഞ്ഞയോ (buttery or muted yellows) ഉപയോഗിക്കുന്നത് അമിതമായ ഉത്തേജനം (over-stimulation) ഒഴിവാക്കാൻ സഹായിക്കും.
  • ആധുനികവും പ്രകാശപൂരിതവുമായ ഒരന്തരീക്ഷം കിട്ടാൻ ചാരനിറം (gray) അല്ലെങ്കിൽ വെള്ള നിറവുമായി ചേർത്ത് ഇത് മനോഹരമായി ഉപയോഗിക്കാം.

4. ചുവപ്പ് – പ്രചോദനം നൽകുന്ന നിറം (വിവേകപൂർവ്വം ഉപയോഗിക്കുക)

ശാസ്ത്രം പറയുന്നത്: ശരീരത്തിൽ അഡ്രിനാലിൻ (adrenaline) ഹോർമോൺ ഉത്പാദിപ്പിച്ചുകൊണ്ട് ചുവപ്പ് നിറം ഊർജ്ജവും ശാരീരിക ഉണർവും വർദ്ധിപ്പിക്കുന്നു. എങ്കിലും, ഈ നിറം കൂടുതൽ നേരം കാണുന്നത് മാനസിക പിരിമുറുക്കമോ അസ്വസ്ഥതയോ വർദ്ധിപ്പിച്ചേക്കാം. ചുവപ്പ് നിറം ശാരീരികമായ ജോലികളിലെ പ്രകടനം മെച്ചപ്പെടുത്തുമെന്നും എന്നാൽ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ജോലികളിൽ ഇത് തടസ്സമായേക്കാമെന്നും 2016-ലെ ഒരു പഠനം പറയുന്നു.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • ചുവപ്പ് മിതമായി മാത്രം ഉപയോഗിക്കുക – ഒരു ചുവരിൽ മാത്രമായോ (accent walls), കുഷ്യനുകളിലോ, അലങ്കാര വസ്തുക്കളിലോ ആയി ഒതുക്കാം.
  • ഊർജ്ജസ്വലത ആവശ്യമുള്ള അടുക്കളകളിലോ ആക്റ്റിവിറ്റി കോർണറുകളിലോ ഇത് ഉപയോഗിക്കാം.

5. ലാവെൻഡറും വയലറ്റും – ശാന്തത നൽകുന്ന നിറങ്ങൾ

ശാസ്ത്രം പറയുന്നത്: ലാവെൻഡർ നിറങ്ങൾ ശാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ലാവെൻഡർ നിറം കാണുന്നത് സ്ത്രീകളിൽ ഉറക്കത്തിൻ്റെ ആരംഭം 12% മെച്ചപ്പെടുത്തിയതായി 2020ലെ ഒരു ജാപ്പനീസ് പഠനം കണ്ടെത്തി.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • കിടപ്പുമുറികൾ, പ്രാർത്ഥനാ മുറികൾ (prayer rooms), അല്ലെങ്കിൽ ശാന്തമായ മറ്റ് കോണുകൾ എന്നിവയ്ക്ക് അനുയോജ്യം.
  • ശാന്തമായ സ്ത്രീത്വം തുളുമ്പുന്ന അന്തരീക്ഷത്തിന് ലാവെൻഡറിനൊപ്പം ഐവറി (ivory) അല്ലെങ്കിൽ ഇളം പിങ്ക് (dusty pink) നിറങ്ങൾ ഉപയോഗിക്കാം.

6. വെള്ളയും മറ്റ് ന്യൂട്രൽ നിറങ്ങളും – വികാരങ്ങൾ പകർത്താനുള്ള കാൻവാസ്

ശാസ്ത്രം പറയുന്നത്: വെള്ള നിറം മുറിക്ക് കൂടുതൽ വലുപ്പം തോന്നിപ്പിക്കുകയും മാനസികമായി  ‘ശ്വസിക്കാനുള്ള ഇടം’ നൽകുകയും ചെയ്യുന്നു. എങ്കിലും, അമിതമായ വെളുപ്പ് ചിലപ്പോൾ മുറിക്ക് ഒരു ആശുപത്രിയുടെ പ്രതീതി നൽകിയേക്കാം. ഇത് ഒഴിവാക്കാൻ പലതരം മെറ്റീരിയലുകളും ഊഷ്മളമായ ലൈറ്റിംഗും ഉപയോഗിച്ച് ബാലൻസ് ചെയ്യാം.

വീടിനുള്ളിൽ എങ്ങനെ ഉപയോഗിക്കാം:

  • ചെറിയ മുറികൾക്കോ മിനിമലിസ്റ്റ് ശൈലിയിലുള്ള വീടുകൾക്കോ (minimalist homes) മികച്ചത്.
  • മുറിയിൽ മടുപ്പ് തോന്നാതിരിക്കാൻ ചിത്രങ്ങൾ, കുഷ്യനുകൾ, കർട്ടനുകൾ എന്നിവയിലൂടെ മറ്റ് നിറങ്ങൾ അല്പം കൂട്ടിച്ചേർക്കുക.

വെളിച്ചവും നിറങ്ങളും ചേരുമ്പോൾ

മുറിയിലെ നിറം മാത്രമല്ല പ്രധാനം, ആ നിറത്തിൽ വെളിച്ചം എങ്ങനെ പതിക്കുന്നു എന്നതും പ്രധാനമാണ്.

സ്വാഭാവിക വെളിച്ചം (Natural light) നിറങ്ങളുടെ നല്ല ഫലങ്ങളെ വർദ്ധിപ്പിക്കുന്നു, അതേസമയം മോശം ലൈറ്റിംഗ് അവയെ ഇല്ലാതാക്കിയേക്കാം.

നന്നായി വെളിച്ചവും അനുയോജ്യമായ നിറങ്ങളുമുള്ള ഇൻ്റീരിയറുകൾ വീട്ടമ്മമാരുടെ മൂഡ് 23% മെച്ചപ്പെടുത്തിയതായും ജോലികളിലെ കാര്യക്ഷമത വർദ്ധിപ്പിച്ചതായും 2022ലെ സ്റ്റാൻഫോർഡ് ബിഹേവിയറൽ ഡിസൈൻ പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

ചില നുറുങ്ങുകൾ:

  • നേർത്ത കർട്ടനുകളിലൂടെ സൂര്യപ്രകാശം മുറിയിലേക്ക് കടക്കാൻ അനുവദിക്കുക.
  • കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന നീല കലർന്ന വെളുത്ത ലൈറ്റുകൾക്ക് പകരം ഊഷ്മളമായ വെളിച്ചം നൽകുന്ന വാം വൈറ്റ് (warm white) LED ബൾബുകൾ ഉപയോഗിക്കുക.
  • ചുവരുകൾ, ഫർണിച്ചർ, ചെടികൾ എന്നിവയിലൂടെ പല തട്ടുകളായി നിറങ്ങൾ നൽകുന്നത് (layer colors) മുറിക്ക് ആകർഷകത്വം നൽകും.

അലങ്കാരത്തിനപ്പുറം: നിറങ്ങൾ നൽകുന്ന വൈകാരിക ചികിത്സ 

വീട്ടമ്മമാർ, പരിചരിക്കുന്നവർ എന്നിവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സഹായക മാർഗ്ഗമായി കളർ തെറാപ്പി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ നടക്കുന്നുണ്ട് (കളർ റിസർച്ച് & ആപ്ലിക്കേഷൻ ജേണൽ, 2023).

വീടിൻ്റെ നിറങ്ങൾ മാറ്റുന്നത് ഇതിനെല്ലാം സഹായിക്കും:

  • സമ്മർദ്ദവും ആവർത്തനസ്വഭാവമുള്ള ജോലികൾ ചെയ്യുമ്പോഴുള്ള മടുപ്പും കുറയ്ക്കാൻ.
  • മനസ്സിനെ ശാന്തമാക്കാൻ 
  • വീട് അലങ്കരിക്കുന്നതിലൂടെ സ്വന്തം ഇഷ്ടങ്ങൾ പ്രകടിപ്പിക്കാൻ.
  • സന്തോഷം, സുരക്ഷിതത്വം, ശാന്തത തുടങ്ങിയ പോസിറ്റീവ് വികാരങ്ങളെ ഊട്ടിയുറപ്പിക്കാൻ.

വീടിൻ്റെ നിറങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വീട്ടമ്മമാർ പങ്കാളികളാകുമ്പോൾ, അവർ തങ്ങളുടെ സ്ഥലത്തിൻ്റെയും മൂഡിൻ്റെയും ഉടമസ്ഥാവകാശം വീണ്ടെടുക്കുകയാണ് ചെയ്യുന്നത് – ഇത് ചെറുതെങ്കിലും വളരെ ശക്തമായ ഒരു കാര്യമാണ്.

നിറം വെറും അലങ്കാരമല്ല – ആശയവിനിമയ മാദ്ധ്യമം കൂടിയാണത്.

വീട്ടിലെ ചുവരുകളും കർട്ടനുകളും കുഷ്യനുകളും ഓരോ ദിവസവും നിശബ്ദമായി നമ്മളോട് സംസാരിക്കുന്നുണ്ട്.

ഊഷ്മളമായ മഞ്ഞ നിറത്തിന് പ്രഭാതത്തിലെ സൂര്യകിരണങ്ങളെന്ന പോലെ നമ്മെ സ്വാഗതം ചെയ്യാൻ കഴിയും.

ദിവസം മുഴുവൻ നീണ്ട ജോലിക്ക് ശേഷം ഇളം നീല നിറത്തിന് “വിശ്രമിക്കൂ” എന്ന് നിങ്ങളോട് മന്ത്രിക്കാൻ കഴിഞ്ഞേക്കും.

ലാവെൻഡർ നിറത്തിന് “ഒന്ന് ശാന്തമായി കുറച്ചു സമയം ചെലവഴിക്കൂ” എന്ന് ഓർമ്മിപ്പിക്കാൻ സാധിക്കും.

വീടിൻ്റെ നിറങ്ങൾ മാറ്റുന്നത് ആ വീടിനെ ഒന്നിപ്പിച്ചു നിർത്തുന്ന വ്യക്തിക്ക്, സമാധാനവും സന്തോഷവും ഉന്മേഷവും ഒരുക്കിയെടുക്കാൻ വേണ്ടിയാകണം.

References

Related News

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ബയോട്ടിൻ മുടി വളരാൻ സഹായിക്കുമോ? ശാസ്ത്രം പറയുന്നത് എന്താണെന്ന് നോക്കാം

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകളുടെ സമാധാനം കെടുത്തുന്ന കാര്യമാണ് മുടികൊഴിച്ചിൽ. മുടി വളരാതിരിക്കുകയും ഉള്ളുകുറയുകയും പൊഴിഞ്ഞുപോകുന്ന മുടിനാരുകളുടെ എണ്ണം കൂടുകയും ചെയ്യുന്നതോടെ ആശങ്കയും വർദ്ധിക്കുന്നു. ആഗോളതലത്തിൽത്തന്നെ വിപണി കയ്യടക്കിയിരിക്കുന്ന ഉൽപ്പന്നങ്ങളിൽ...

ജനുവരി 13, 2026 9:27 pm
ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

ലോക ബ്രെയ്ൽ ദിനം 2026: അകക്കണ്ണിൻ്റെ വെളിച്ചത്തിൽ ലോകം തൊട്ടറിയുന്നവർക്കായി 

കൺമുന്നിൽ കാഴ്ചകളുടെ വസന്തം സദാ പ്രാപ്യമാകുന്ന ലോകത്ത് ജീവിക്കുന്നവരാണ് നമ്മൾ. വിരൽത്തുമ്പിൻ്റെ ചലനങ്ങൾക്കനുസരിച്ച് ലോകം മുഴുവൻ കാണാൻ കഴിയുന്നവർ. അക്ഷരങ്ങളിലൂടെ അറിവിൻ്റെ ആഴം ആസ്വദിക്കാനറിയുന്നവർ.  പക്ഷെ, അകക്കണ്ണിൻ്റെ...

ജനുവരി 4, 2026 2:01 pm
അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

അഭിനിവേശം വ്യഥയായി മാറുമ്പോൾ: അമിത ലൈംഗികാസക്തിയുടെ അടിസ്ഥാനമെന്തെന്ന് തിരിച്ചറിയാം

ജീവിതത്തിൽ ചിലപ്പോഴെങ്കിലും നമ്മുടെ ആഗ്രഹങ്ങൾ നമുക്കു തന്നെ ഭാരമായിത്തോന്നാറുണ്ട്. ജീവിക്കുന്ന സാഹചര്യത്തെയും സമൂഹത്തിൽ പെരുമാറേണ്ട രീതികളെയും വ്യക്തമായി അറിയുമ്പോഴും വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ ജീവിക്കാൻ വേണ്ട തിരിച്ചറിവുകൾ ഉള്ളപ്പോഴും...

ജനുവരി 4, 2026 2:00 pm
അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

അവബോധത്തിലൂടെ സൗഖ്യത്തിലേക്ക്: അറിവിൻ്റെ പാത പിന്തുടർന്ന് പൂർണ്ണതയിലെത്താം 

ശാരീരികമായും മാനസികമായും രോഗങ്ങളേതുമില്ലാതെ, ശാന്തതയും സ്വസ്ഥതയും ആസ്വദിക്കാനാകുന്ന അവസ്ഥയിൽ ജീവിക്കാൻ കഴിയണമെന്നാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. വേദനകളെല്ലാം അപ്രത്യക്ഷമാവുകയും ജീവിതം ശാന്തസുന്ദരമാകുകയും ചെയ്യുന്ന ലക്ഷ്യസ്ഥാനമായാണ് പലപ്പോഴും നാം ആരോഗ്യത്തെ...

ജനുവരി 4, 2026 1:59 pm
Top
Subscribe