വേട്ടയാടാനുള്ള സഹജവാസന: പുരുഷ മനഃശാസ്ത്രം മനസ്സിലാക്കാം സഹാനുഭൂതിയോടെ

പുരുഷൻമാർക്ക് വേട്ടക്കാരുടെ സ്വഭാവമാണ് എന്ന് പൊതുവെ പറഞ്ഞുകേൾക്കാറുണ്ട്. കേട്ടുവന്ന കഥകളിലും പറഞ്ഞുവരുന്ന തമാശകളിലും എന്തിന്,
ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പോലും ഈ വാചകം ആവർത്തിച്ച് വരാറുണ്ട്.
എന്നാൽ ഈ വാചകത്തിൽ പരോക്ഷമായ ഒരു യാഥാർത്ഥ്യമുണ്ട്. ലിംഗപരമായ പൊതുധാരണകളേക്കാൾ, അത്, മനുഷ്യ പരിണാമവുമായും മനഃശാസ്ത്രവുമായും വൈകാരിക ആവശ്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു.
അഹങ്കാരത്തിൻ്റെ ആൾരൂപമായോ ധാർഷ്ട്യത്തിൻ്റെ പര്യായമായോ മുദ്ര ചാർത്തുന്നതിന് മുമ്പ്, ആ സ്വഭാവത്തെ സഹാനുഭൂതിയോടെയും (empathy) തിരിച്ചറിവോടെയും സമീപിക്കേണ്ടതുണ്ട്. സ്വഭാവം മനസ്സിലാക്കുക എന്നതുകൊണ്ട്, മോശം പെരുമാറ്റങ്ങളെ ന്യായീകരിക്കുക എന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, പുരുഷന്മാർ എങ്ങനെ ലക്ഷ്യങ്ങൾ പിന്തുടരുന്നു, തങ്ങളെത്തന്നെ പ്രകടിപ്പിക്കുന്നു, ബന്ധങ്ങളെ നോക്കിക്കാണുന്നു എന്നീ വസ്തുതകളുടെ ജൈവപരവും (biological) വൈകാരികവുമായ വേരുകൾ ആഴത്തിലറിയുക എന്നതാണത്.
1.‘വേട്ടക്കാരൻ’ എന്ന മനഃശാസ്ത്രം എവിടെ നിന്നു വന്നു?
പരിണാമം പുരുഷനെയും സ്ത്രീയെയും വ്യത്യസ്ത രീതിയിലാണ് രൂപപ്പെടുത്തിയത്. വേർതിരിവ് സൃഷ്ടിക്കാനല്ല, അതിജീവനത്തിന് സഹായിക്കാനായിരുന്നു ഈ രൂപപ്പെടുത്തൽ.
ആദ്യകാല മനുഷ്യ ചരിത്രത്തിൽ, പുരുഷന്മാർ വേട്ടക്കാരായും സംരക്ഷകരായും പരിണമിച്ചു. ശ്രദ്ധ കേന്ദ്രീകരിക്കുക, ലക്ഷ്യങ്ങൾ പിന്തുടരുക, വിജയം നേടുക എന്നീ ഉദ്ദ്യേശ്യങ്ങൾക്കായി അവരുടെ തലച്ചോറ് രൂപപ്പെട്ടു. ലക്ഷ്യങ്ങൾ പിന്തുടരുമ്പോഴും പ്രശ്‌നങ്ങൾ പരിഹരിക്കുമ്പോഴും ആനന്ദത്തിന് ഹേതുവാകുന്ന ഡോപമിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്ന പ്രത്യേക പ്രതികരണ സംവിധാനങ്ങൾ (reward systems) അവരുടെ തലച്ചോറിൽ വികസിച്ചു.
ഇന്നും ആ രൂപകൽപ്പന നിലനിൽക്കുന്നു. എങ്കിലും ‘വേട്ട’യുടെ സ്വഭാവം മാറിയിട്ടുണ്ട്. പുരാതന കാലത്തേപ്പോലെ അത് ഭക്ഷണമോ വാസസ്ഥലമോ അല്ല, മറിച്ച് ലക്ഷ്യം, വിജയം, അംഗീകാരം എന്നീ ഘടകങ്ങളെ പ്രായോഗികമാക്കാൻ ഉപയോഗപ്പെടുത്തുന്നു.
കുന്തങ്ങൾ കൊണ്ടല്ല, അഭിലാഷം ആയുധമാക്കിയാണ് ആധുനിക മനുഷ്യൻ വേട്ടയാടുന്നത്. അത് ആദരവിനായോ, സുരക്ഷയ്ക്കുവേണ്ടിയോ, അംഗീകാരത്തിനായോ, സ്നേഹത്തിനുവേണ്ടിയോ ആകാം.
അതുകൊണ്ട്, “പുരുഷന്മാർ വേട്ടക്കാരാണ്” എന്ന് സമൂഹം പറയുമ്പോൾ, അത് ശാരീരികമായ ആധിപത്യത്തെക്കുറിച്ചല്ല. മറിച്ച്, പ്രയത്നിക്കാനും നേട്ടം കൈവരിക്കാനും സംരക്ഷണം നൽകാനുമുള്ള, ആഴത്തിൽ വേരൂന്നിയ നാഡീപരമായ രൂപകൽപ്പനയെ (neurological design) കുറിച്ചാണത്.
2.സഹജവാസനയും പ്രതീക്ഷകളും: തെറ്റായ വ്യാഖ്യാനങ്ങൾ
തെറ്റിദ്ധാരണകൾ പലപ്പോഴും തുടങ്ങുന്നത് ഇവിടെ വെച്ചാണ്.
ഒരുകാലത്ത് അതിജീവനത്തിനായി രൂപപ്പെടുത്തപ്പെട്ട സ്വഭാവ വൈശിഷ്ട്യം ഇന്ന് വിമർശനത്തിന്റെ കുന്തമുനയായി മാറിയിരിക്കുന്നു — “പുരുഷന്മാർ എപ്പോഴും എന്തെങ്കിലും പിന്തുടർന്നുകൊണ്ടിരിക്കും. കിട്ടാത്തതിനെക്കുറിച്ച് മാത്രമായിരിക്കും എപ്പോഴും അവരുടെ ചിന്ത.” പരിണാമസംബന്ധിയായ സ്വഭാവസവിശേഷതയ്ക്ക്, കാലം മാറിയതിനനുസരിച്ച് പുതിയ നിർവ്വചനം കൈവരുന്നതിൻ്റെ സ്വാഭാവിക പരിണാമമാണിത്.
എന്നാൽ ഈ സ്വഭാവം ഒരു ധാർമിക പരാജയമല്ല, പലപ്പോഴും ഇത് ഡോപമിൻ എന്ന രാസവസ്തു നൽകുന്ന പ്രതിഫലത്തിൽ അധിഷ്ഠിതമായ പെരുമാറ്റത്തിന്റെ അനന്തരഫലമാണ്. അതിജീവനത്തിന് മുമ്പ്, വേട്ടയാടലിന്റെ ആവേശം പ്രതിഫലം നൽകിയിരുന്ന തലച്ചോറിലെ അതേ സന്തോഷകേന്ദ്രങ്ങളെയാണ് (pleasure centers) വീണ്ടും ഉത്തേജിപ്പിക്കുന്നത്.
ബന്ധങ്ങൾ പക്വത പ്രാപിക്കുകയും ‘വേട്ടയാടൽ’ ഘട്ടം അവസാനിക്കുകയും ചെയ്യുമ്പോൾ, പുരുഷന്മാർക്ക് താൽക്കാലികമായി ഒരു വൈകാരിക ശൂന്യത അനുഭവപ്പെട്ടേക്കാം. സ്നേഹം കുറഞ്ഞതുകൊണ്ടല്ല, തലച്ചോറിലെ പ്രതിഫല ചക്രം (reward cycle) മാറിയതുകൊണ്ടാണത്.
ഇവിടെയാണ് സഹാനുഭൂതിക്ക് (Empathy) പ്രാധാന്യം കൈവരുന്നത്. താത്പര്യമില്ലായ്മയാണെന്ന് ധരിക്കുന്നതിന് പകരം, വികാരങ്ങളെ നിയന്ത്രിക്കാനും സ്വയം അവബോധം നേടാനും സമയമെടുക്കുമെന്ന തിരിച്ചറിവ് പങ്കാളികൾക്കുണ്ടാകണം. പ്രത്യേകിച്ചും, വൈകാരികാവസ്ഥകൾ പ്രകടിപ്പരുതെന്നും പ്രവൃത്തിയിലൂടെ ആണത്തം തെളിയിക്കണമെന്നും പഠിപ്പിച്ചെടുക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ.
3. സ്വഭാവത്തിന് പിന്നിലെ വൈകാരിക ആവശ്യങ്ങൾ
പല പുരുഷന്മാരും സ്നേഹം പ്രകടിപ്പിക്കുന്നത് സംസാരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രവൃത്തികളിലൂടെയാണ്. അതായത്, കാര്യങ്ങൾ ശരിയാക്കിക്കൊടുക്കുക, ആസൂത്രണം ചെയ്യുക, ലക്ഷ്യങ്ങൾ നേടുക എന്നിവയിലൂടെ.
വൈകാരികമായ ഒഴിഞ്ഞുമാറലല്ല, വൈകാരികമായ പരുവപ്പെടലാണത് (Emotional Conditioning). സമൂഹം വരച്ചുവെച്ച ആൺരൂപത്തിലേക്കു കഴിയാവുന്നത്ര ചേർന്നുനിൽക്കാനുള്ള പുരുഷൻ്റെ പരിശ്രമത്തിൻ്റെ പ്രതിഫലനമാണത്. മൃദുലവികാരങ്ങൾ സ്ത്രീകൾക്കുമാത്രം വേണ്ടിയുള്ളതാണെന്നും, അതുകൊണ്ടുതന്നെ, സ്ത്രീകൾ ദുർബലരാണെന്നുമുള്ള, കാലാകാലങ്ങളായി സമൂഹം കൈമാറിപ്പോരുന്ന കാഴ്ച്ചപ്പാട്. അവിടെ, വെട്ടൊന്ന് മുറി രണ്ട് എന്ന കണിശക്കാരനായും കരയാത്തവനായും തളരാത്തവനായും ഭീതി, ദുഃഖം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലാത്തവനായുമൊക്കെ പുരുഷനെ വാർത്തെടുക്കുന്ന വൈകാരിക പ്രതീക്ഷകൾ നിറഞ്ഞ സമൂഹത്തിൽ, ആ പ്രതീക്ഷകളുടെ ഭാരം പേറാൻ പുരുഷനും നിർബന്ധിതനാക്കപ്പെടുന്നു.
പുരുഷന്മാർ അകന്നു നിൽക്കുന്നവരായി തോന്നുകയോ അല്ലെങ്കിൽ ‘വേട്ട’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായി തോന്നുകയോ ചെയ്യുമ്പോൾ, പലപ്പോഴും അവർ ലക്ഷ്യബോധമുള്ളവരായി സ്വയം മാറാൻ തെരഞ്ഞെടുക്കുന്ന വഴിയാണത്. ആ പ്രയത്നത്തിന് പിന്നിൽ മനുഷ്യസഹജമായ ചില ആവശ്യങ്ങളുണ്ട്:
- അംഗീകരിക്കപ്പെടാൻ
- തങ്ങൾക്ക് കഴിവുണ്ടെന്ന് തോന്നാൻ
- തങ്ങൾ സംഭാവന ചെയ്യുന്ന കാര്യങ്ങൾക്ക് മൂല്യം നേടാൻ
വൈകാരികബുദ്ധിയും സഹാനുഭൂതിയും കൊണ്ട് ഈ സ്വഭാവത്തെ എങ്ങനെ സമതുലിതമാക്കണം എന്ന് അവരെ പഠിപ്പിക്കുന്നതിനു പകരം, സമൂഹം അതിനെ പരിഹസിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. സമൂഹം നിർവ്വചിച്ചിരിക്കുന്ന സ്വഭാവത്തിലേക്കു മാറാൻ നിരന്തരം ശ്രമിക്കുന്ന ആണുങ്ങൾ, തെറ്റിദ്ധാരണയുടെ കുരുക്കിൽപ്പെടുന്നു, വേട്ടക്കാരനായി മുദ്ര കുത്തപ്പെടുന്നു.
4. കുറ്റപ്പെടുത്തലുകൾ വേണ്ട, മനസ്സിലാക്കാൻ കഴിയണം
പങ്കാളി വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനേക്കാൾ കൂടുതൽ കർമ്മാധിഷ്ഠിത സ്വഭാവം കാണിക്കുമ്പോൾ സ്ത്രീകൾക്ക് വിഷമം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ വിടവിനെ തുന്നിച്ചേർക്കാൻ സഹാനുഭൂതിക്ക് സാധിക്കും.
‘വേട്ടക്കാരൻ’ എന്ന ചിന്താഗതിക്ക് പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കുന്നത് ഇരുപങ്കാളികൾക്കും ആശ്വാസം നൽകും:
- പുരുഷന്മാരെ വൈകാരിക ബന്ധമില്ലാത്തവരായി മുദ്രകുത്തുന്നതിന് പകരം, സംരക്ഷണം നൽകാനുള്ള അവരുടെ ശ്രമങ്ങളെ സ്നേഹത്തിന്റെ ബഹിർസ്ഫുരണമായി കാണുക.
- വികാരങ്ങളെല്ലാം വാക്കുകളിൽ പകർത്തണം എന്ന് ശഠിക്കുന്നതിന് പകരം, അവരുടെ സ്ഥിരതയിലും പ്രവൃത്തികളിലും ഉള്ള സ്നേഹത്തെ തിരിച്ചറിയുക.
- അവരുടെ ലക്ഷ്യങ്ങളോട് മത്സരിക്കുന്നതിന് പകരം, അവരുടെ ദൗത്യത്തിന്റെ ഭാഗമാകുക.
ഇരുപങ്കാളികളും വ്യത്യസ്തതകളെ അംഗീകരിക്കാനും, അതിനെ കുറവുകളായി മുദ്രകുത്താതിരിക്കാനും പഠിക്കുമ്പോളാണ് ബന്ധങ്ങളിൽ വൈകാരിക പക്വത (Emotional maturity) ഉണ്ടാകുന്നത്.
“പുരുഷന്മാർ ലക്ഷ്യങ്ങളെ വേട്ടയാടുന്നു, സ്ത്രീകൾ ലക്ഷ്യങ്ങൾക്ക് പോഷണം നൽകുന്നു. സ്നേഹത്തെ നിലനിർത്തുന്ന ഈ രണ്ട് ശക്തികളും ഒരേപോലെ പ്രസക്തമാണ്.”
5. ഹോർമോൺ ഘടകം: ടെസ്റ്റോസ്റ്റിറോണും പ്രയത്നവും
പുരുഷന്മാർ എന്തുകൊണ്ടാണ് പുതിയ കാര്യങ്ങൾ തേടാനും വെല്ലുവിളികൾ ഏറ്റെടുക്കാനും ശ്രമിക്കുന്നത് എന്നും ശാസ്ത്രം വിശദീകരിക്കുന്നുണ്ട്.
പുരുഷന്മാരിലെ പ്രധാന ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ, അപകടസാധ്യതകൾ നിറഞ്ഞ പ്രവർത്തനങ്ങളെ ഏറ്റെടുക്കാനുള്ള കഴിവിനെയും ആത്മവിശ്വാസത്തെയും ലക്ഷ്യങ്ങൾ പിന്തുടരുന്ന സ്വഭാവത്തെയും വർദ്ധിപ്പിക്കുന്നു. ഇത് ശ്രദ്ധയും മത്സരബുദ്ധിയും വർദ്ധിപ്പിക്കുന്നു. പുരാതന വേട്ടക്കാരെ അതിജീവിക്കാൻ സഹായിച്ച അതേ സ്വഭാവഗുണങ്ങളാണിവ.
വ്യക്തമായ അവബോധത്തോടെ നയിക്കുമ്പോൾ, ഇതേ പ്രയത്നം പുരുഷന്മാരെ തൊഴിലിൽ വിജയിക്കാനും കുടുംബത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
എന്നാൽ തെറ്റിദ്ധരിക്കപ്പെടുമ്പോൾ, അത് നിസ്സംഗതയായോ അഹങ്കാരമായോ മുദ്ര ചാർത്തപ്പെടുന്നു.
6. സഹാനുഭൂതി: സഹജവാസനയേയും സ്നേഹത്തേയും ബന്ധിപ്പിക്കുന്ന കണ്ണി
സഹാനുഭൂതിയോടെ കാര്യങ്ങളെ തിരിച്ചറിയാൻ കഴിയുമ്പോൾ, സഹജവാസന എന്തെന്നു മനസ്സലാക്കാനാകും. പെരുമാറ്റം എന്തുതന്നെ ആയാലും അതിനെ ന്യായീകരിക്കുക എന്നല്ല ഇതിനർത്ഥം. ആ പെരുമാറ്റത്തിന് പിന്നിലുള്ള പ്രേരണയെന്താണെന്ന് മനസ്സിലാക്കുമ്പോൾ, സ്ത്രീക്കും പുരുഷനുമിടയിലുള്ള സ്വഭാവവ്യത്യസ്തതകൾക്ക് താളാത്മകത കൈവരുന്നു, പരസ്പരം മനസ്സിലാക്കി സ്നേഹിക്കാൻ കഴിയുന്നു.
വൈകാരികമായി രൂപപ്പെട്ട വേട്ടക്കാരായി പുരുഷന്മാരെ നമ്മൾ മനസ്സിലാക്കുമ്പോൾ, ഈ കാര്യങ്ങൾ തിരിച്ചറിയാനാകും:
- അവരുടെ മൗനം എല്ലായ്പ്പോഴും നിരാകരണമല്ല.
- പിന്തുടരുന്ന അവരുടെ സ്വഭാവം എല്ലായ്പ്പോഴും സ്വാർത്ഥതയല്ല.
- ലക്ഷ്യങ്ങൾ നേടാനുള്ള അവരുടെ പ്രവർത്തനം സ്നേഹശൂന്യതയല്ല. അത് ലക്ഷ്യബോധത്തിന്റെ പ്രകടനമാണ്.
പുരുഷന്മാർ വേട്ടക്കാരല്ല. ലക്ഷ്യങ്ങൾ പിന്തുടരാൻ അവരെ പഠിപ്പിച്ച പുരാതനമായ രൂപകൽപ്പനയിലെ പങ്കാളികളാണവർ; സ്ത്രീകൾ ബന്ധങ്ങളെ പരിപോഷിപ്പിക്കാൻ പരിണമിച്ചതുപോലെ തന്നെ.
ഈ രണ്ട് സ്വഭാവങ്ങളും നിലനിൽപ്പിന് അനിവാര്യവുമാണ്.
പുരുഷന്മാരെ ‘വേട്ടക്കാർ’ എന്ന് മുദ്ര ചാർത്തുന്നതിന് പകരം, സമൂഹത്തിനും പങ്കാളികൾക്കും അവരെ അവബോധമുള്ള വേട്ടക്കാരാക്കാൻ (mindful hunters) കഴിയും. ലക്ഷ്യങ്ങളെ പിന്തുടരുന്നവർ; സ്നേഹത്തെ പിന്തുടരുന്നവർ.
കാരണം, പരിണാമഘട്ടങ്ങളിലൂടെ സഞ്ചരിച്ചെത്തിയ മനുഷ്യൻ സഹജവാസനകൾ ഉപേക്ഷിക്കുന്നവനല്ല, പിന്തുടരാൻ മൂല്യമുള്ളത് എന്താണെന്ന് തിരിച്ചറിയുന്നവനാണ്.




