പ്രമേഹവും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്ന കാര്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല പ്രമേഹം എന്ന അവസ്ഥ. ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരുത്താൻ ഈ രോഗാവസ്ഥയ്ക്ക് കഴിയുമെന്നതാണ് വാസ്തവം. അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നതും എന്നാൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഒന്നാണ് ഡയബറ്റിക് ന്യൂറോപ്പതിയും വിഷാദരോഗവും തമ്മിലുള്ള ബന്ധം. ഈ സങ്കീർണ്ണമായ ബന്ധത്തെക്കുറിച്ച് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.
എന്താണ് ഡയബറ്റിക് ന്യൂറോപ്പതി?
പ്രമേഹം കാരണം ഉണ്ടാകുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമാണ് ഡയബറ്റിക് ന്യൂറോപ്പതി. പാദങ്ങളിലെയും കാലുകളിലെയും ഞരമ്പുകളെയാണ് ഇത് സാധാരണയായി ബാധിക്കുന്നത്. വർഷങ്ങളോളം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ച അവസ്ഥയിൽ തുടരുമ്പോൾ, അത് ഞരമ്പുകൾക്ക് ക്ഷതം വരുത്തുന്നു. അതിൻറെ ഫലമായാണ് ഡയബെറ്റിക് ന്യൂറോപ്പതി ഉണ്ടാകുന്നത്.
ഇതിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്:
മരവിപ്പ്
തരിപ്പ്, പുകച്ചിൽ പോലുള്ള അസ്വസ്ഥതകൾ
കഠിനമായ വേദന, പ്രത്യേകിച്ച് രാത്രികാലങ്ങളിൽ
പേശികളുടെ ശക്തിക്കുറവ്
ശരീരസന്തുലനത്തിന്, അതായത് ബാലൻസ് ചെയ്യാനുള്ള ബുദ്ധിമുട്ട
അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ്റെ പഠനം അനുസരിച്ച്, പ്രമേഹമുള്ളവരിൽ ഏകദേശം പകുതിപ്പേർക്കും ജീവിതകാലത്ത് എപ്പോഴെങ്കിലും ന്യൂറോപ്പതി അനുഭവപ്പെടാം എന്നാണ്.
വിഷാദരോഗം: നിശബ്ദമായെത്തുന്ന സങ്കീർണ്ണത
ന്യൂറോപ്പതി ശരീരത്തെ ബാധിക്കുമ്പോൾ, പതുക്കെപ്പതുക്കെ, വിഷാദരോഗം നമ്മുടെ മനസ്സിനെ കീഴടക്കാൻ തുടങ്ങും. പല പഠനങ്ങളും വ്യക്തമാക്കുന്നത്, ഡയബറ്റിക് ന്യൂറോപ്പതി പോലുള്ള ദീർഘകാല അസുഖമുള്ള രോഗികൾക്ക് സാധാരണക്കാരെ അപേക്ഷിച്ച് വിഷാദരോഗം വരാനുള്ള സാധ്യത രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ് എന്നാണ്.
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?
ഡയബറ്റിക് ന്യൂറോപ്പതിയും വിഷാദരോഗവും തമ്മിലുള്ള ബന്ധത്തിന് നിരവധി കാരണങ്ങളുണ്ട്:
വിട്ടുമാറാത്ത വേദന: ഞരമ്പുകളിൽ നിരന്തരം ഉണ്ടാകുന്ന വേദന ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തും. ചെറിയ ജോലികൾ പോലും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നാം. ഇത് കാലക്രമേണ നിരാശയിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാം.
ഉറക്കപ്രശ്നങ്ങൾ: ന്യൂറോപ്പതി മൂലമുള്ള വേദന പലപ്പോഴും രാത്രിയിൽ കൂടുന്നതുകൊണ്ട് ശരിയായ ഉറക്കം ലഭിക്കാതെ വരും. ഉറക്കക്കുറവ് വിഷാദരോഗത്തിനുള്ള ഒരു പ്രധാന കാരണമാണ്.
ചലനശേഷി കുറയുന്നത്: ശരീരത്തിന് ബാലൻസ് നഷ്ടപ്പെടുന്നതും കാലിലെ കഠിനമായ വേദനയും കാരണം നടക്കാനും വ്യായാമം ചെയ്യാനുമുള്ള കഴിവ് കുറയുന്നു. മാനസികാരോഗ്യത്തിന് വ്യായാമം അത്യാവശ്യമായതിനാൽ, അതിന്റെ അഭാവം വിഷാദത്തിന് കാരണമാകും.
തലച്ചോറിലെ രാസമാറ്റങ്ങൾ: ഞരമ്പുകൾക്കുണ്ടാകുന്ന തകരാറും നീർക്കെട്ടും തലച്ചോറിലെ സന്ദേശങ്ങൾ കൈമാറുന്ന രാസവസ്തുക്കളുടെ സന്തുലിതാവസ്ഥയെ ബാധിച്ചേക്കാം. ഇത് വിഷാദരോഗത്തിന് കാരണമാകാമെന്ന് ഗവേഷണങ്ങൾ പറയുന്നു.
2019 ൽ ‘ജേണൽ ഓഫ് ഡയബറ്റിസ് റിസർച്ച്’ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, വേദനയോടുകൂടിയ ഡയബറ്റിക് ന്യൂറോപ്പതി ഉള്ളവർക്ക് അതില്ലാത്തവരെ അപേക്ഷിച്ച് വിഷാദരോഗത്തിനും ഉത്കണ്ഠയ്ക്കും സാധ്യത വളരെ കൂടുതലാണെന്നാണ്. പ്രമേഹ ചികിത്സയിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് തുല്യ പ്രാധാന്യം നൽകുന്ന സമഗ്രമായ പരിചരണത്തിന്റെ ആവശ്യകതയ്ക്ക് ഈ പഠനം അടിവരയിടുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാതെ അവഗണിച്ചാൽ, അത് പ്രമേഹത്തിന്റെ അവസ്ഥ കൂടുതൽ വഷളാക്കുമെന്ന് ഇൻ്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ വ്യക്തമാക്കുന്നു.
ന്യൂറോപ്പതിയും വിഷാദവും ഒരുമിച്ച് നിയന്ത്രിക്കാം
നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഡയബറ്റിക് ന്യൂറോപ്പതി ഉണ്ടെങ്കിൽ, മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ആദ്യം മുതൽക്കേ ശ്രദ്ധ വേണം.
ഇതിന് സഹായിക്കുന്ന ചില വഴികൾ ഇതാ:
വേദനയെ വരുതിയിലാക്കാം: പ്രിഗാബാലിൻ, ഡ്യൂലോക്സെറ്റിൻ, ഗാബാപെന്റിൻ പോലുള്ള മരുന്നുകൾ ഞരമ്പുവേദന കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, വിഷാദത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിച്ചേക്കാം.
മാനസികാരോഗ്യ പിന്തുണ നൽകാം: കൗൺസിലിംഗ്, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി എന്നിവ വിഷാദരോഗത്തെ മറികടക്കാൻ വളരെ ഫലപ്രദമാണ്.
വ്യായാമം വേണം: നടത്തം, നീന്തൽ പോലുള്ള ലഘുവായ വ്യായാമങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്താനും ഞരമ്പുകളിലെ അസ്വസ്ഥത കുറയ്ക്കാനും മാനസികോല്ലാസം നൽകുന്ന എൻഡോർഫിനുകൾ വർദ്ധിപ്പിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുന്നത് ഞരമ്പുകൾക്ക് കൂടുതൽ നാശം സംഭവിക്കുന്നത് തടയാൻ സഹായിക്കും. ഇത് ശാരീരികവും മാനസികവുമായ ആശ്വാസം നൽകും.
കൂട്ടായ്മകളിൽ പങ്കുചേരാം: സമാനമായ വെല്ലുവിളികൾ നേരിടുന്നവരുമായി സംസാരിക്കുന്നതും അനുഭവങ്ങൾ പങ്കുവെക്കുന്നതും ഒറ്റപ്പെടുന്നു എന്ന തോന്നൽ കുറയ്ക്കാൻ സഹായിക്കും.
ഡയബറ്റിക് ന്യൂറോപ്പതിയും വിഷാദരോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു—ഒന്ന് മറ്റൊന്നിന് കാരണമായി ജീവിതനിലവാരത്തെ മോശമായി ബാധിക്കാം. ഈ ബന്ധം തിരിച്ചറിയുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സയും വൈകാരിക പിന്തുണയും തേടാൻ സഹായിക്കും.
ആരോഗ്യം എന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാത്രം ഒതുങ്ങുന്നതല്ല; അത് ശാരീരികമായും മാനസികമായും സമ്പൂർണ്ണമായി സ്വസ്ഥതയോടെ ജീവിക്കുക എന്ന തലത്തിലേക്ക് എത്തിച്ചേരുക എന്നതാണ്.
References