ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങള്‍

നമ്മളൊക്കെ ടോയ്ലറ്റില്‍ ഇരുന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരോ, ഉപയോഗിക്കുന്നവരാകും. പലരും സോഷ്യല്‍ മീഡിയകളില്‍ വരുന്ന ടെക്സ്റ്റുകള്‍ വായിക്കുന്നതും, ഇന്‍സ്റ്റാഗ്രാം സ്‌ക്രോള്‍ ചെയ്യുന്നതും, നെറ്റ്ഫ്‌ലിക്‌സ് എപ്പിസോഡ് കണ്ടുതീര്‍ക്കുന്നതുമെല്ലാം ടോയ്ലറ്റില്‍ ഇരുന്നാണ്. ബാത്ത്‌റൂം ഒരു മിനി ടെക് ഹബ്ബായി മാറിയിരിക്കുന്നു. എന്നാല്‍ ഇതിനൊരു അപകടം കൂടിയുണ്ട്: ടോയ്ലറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വൃത്തിഹീനമാണെന്ന് മാത്രമല്ല – അത് ആരോഗ്യത്തിന് അപകടകരവുമാണ്.
Nellikka.life-ല്‍, ഞങ്ങള്‍ ആരോഗ്യമുള്ള ജീവിത രീതികളില്‍ വിശ്വസിക്കുന്നു – ബാത്ത്‌റൂം ഇടവേളകളില്‍ പോലും നമ്മുടെ ശരീരത്തെ (നമ്മുടെ ഫോണുകളെയും) എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും അതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ നിങ്ങള്‍ വീണ്ടും ടോയ്ലറ്റില്‍ ഇരുന്ന് സ്‌ക്രോള്‍ ചെയ്യുന്നതിനുമുമ്പ്, നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ:
1. ഫോണ്‍ അണുകളുടെ കേന്ദ്രമായി മാറും
ടോയ്ലറ്റുകള്‍ ഇ. കോളി, സാല്‍മൊണെല്ല, സ്റ്റാഫൈലോകോക്കസ് തുടങ്ങിയ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രങ്ങളാണ്. ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും വായുവിലേക്ക് ബാക്ടീരികള്‍ അടങ്ങിയ സൂക്ഷ്മമായ വെള്ളത്തുള്ളികള്‍ സ്‌പ്രേ ചെയ്യപ്പെടുന്നു. ഇതിനെ ‘ടോയ്ലറ്റ് പ്ലൂം’ എന്ന് വിളിക്കുന്നു. ഇങ്ങനെ ടോയ്ലറ്റില്‍ നിന്ന് പറന്നു പൊങ്ങുന്ന ബാക്ടീരിയകള്‍ ഫോണ്‍ ഉള്‍പ്പെടെ സമീപത്തുള്ള പ്രതലങ്ങളിലെല്ലാം സ്ഥിരതാമസമാക്കും.
അതേ ഫോണ്‍ ഡൈനിംഗ് ടേബിളിലേക്കോ, കിടക്കയിലേക്കോ ഒക്കെ എത്തുന്നു. ചിലപ്പോള്‍ കുട്ടിയുടെ കൈയിലെത്തുന്നു. ചുരുക്കത്തില്‍ നാം അറിയാതെ തന്നെ ബാത്ത്‌റൂമിലെ അണുക്കളെ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് കൊണ്ടുവരികയാണ്.
2. അണുബാധയ്ക്കുള്ള സാധ്യത കൂടുതല്‍
ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പിടിക്കുന്നത് കൈകളും ഫോണും മുഖവും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇനിപ്പറയുന്ന അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കും:
– വയറ്റിലെ വിരകള്‍, ഭക്ഷ്യവിഷബാധ
– മൂത്രാശയ അണുബാധകള്‍ (UTIs)
– ചര്‍മ്മം പൊട്ടുന്നതും മുഖക്കുരുവും (പ്രത്യേകിച്ച് കവിള്‍ത്തടങ്ങളിലും താടിയിലും)
– ഫോണ്‍ തൊട്ടതിനുശേഷം കണ്ണുകള്‍ തിരുമ്മുന്നതിലൂടെ കണ്ണുകളില്‍ അണുബാധ
3. ടോയ്ലറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും
ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗിക്കുക എന്നാല്‍ അവിടെ കൂടുതല്‍ നേരം ഇരിക്കുക എന്നാണ് അര്‍ത്ഥം. ഇത് ശരീരത്തിന് നല്ലതല്ല. കമ്മോഡില്‍ ദീര്‍ഘനേരം ഇരിക്കുന്നത് മലാശയ സിരകളില്‍ അധിക സമ്മര്‍ദ്ദമുണ്ടാക്കും. ഇത് ഹെമറോയ്ഡ്‌സ് (പൈല്‍സ്) ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ടോയ്ലറ്റില്‍ ഇരിക്കുന്ന നേരത്ത് ശ്രദ്ധ ഫോണിലായിരിക്കും. ഇങ്ങനെ ശ്രദ്ധ നഷ്ടപ്പെടുമ്പോള്‍ മലവിസര്‍ജ്ജനം തടസ്സപ്പെടാന്‍ ഇടയുണ്ട്. ഇത് മലബന്ധത്തിനും മോശം മലവിസര്‍ജ്ജന ശീലങ്ങള്‍ക്കും കാരണമായേക്കാം.
4. ശുചിത്വ ശീലങ്ങള്‍ ഇല്ലാതാകുന്നു
ഫോണ്‍ കൈയിലിരിക്കെ കൈ വൃത്തിയാക്കുന്നതിന് പരിമിതിയുണ്ട്. ശരിയായി കൈ കഴുകാതെയും, ഫ്‌ലഷ് ചെയ്യാതെയുമാണ് പലരും ഫോണുമായി ടോയ്ലറ്റില്‍ നിന്ന് ഇറങ്ങുക. ടോയ്ലറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളുകള്‍ ആവശ്യമായ അളവില്‍ കൈ കഴുകാന്‍ സാധ്യത കുറവാണെന്നും, സോപ്പ് ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങള്‍ കാണിക്കുന്നു. ടോയ്ലറ്റില്‍ പോയാല്‍ 20 സെക്കന്‍ഡ് നേരം തുടര്‍ച്ചയായി, സോപ്പിട്ട് കൈ കഴുകണം എന്നാണ് ശുപാര്‍ശ ചെയ്യുന്നത്.
5. അശ്രദ്ധമായ സ്‌ക്രോളിംഗ് = അശ്രദ്ധമായ ജീവിതം
അശ്രദ്ധമായ സ്‌ക്രോളിംഗ് ‘സമം’ അശ്രദ്ധമായ ജീവിതം എന്ന് വ്യാഖ്യാനിക്കാം. ദൈനംദിന ജീവിതത്തില്‍ നാം യഥാര്‍ത്ഥത്തില്‍ ശാരീരികമായി ഒറ്റയ്ക്കായിരിക്കുന്ന നേരമാണ് ടോയ്ലറ്റിലേത്. ഈ സമയത്ത് നാം മറ്റു തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിച്ഛേദിക്കപ്പെടുന്നു. അവിടെയിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതോടെ നമുക്ക് നഷ്ടമാകുന്നത് ചില നിശ്ശബ്ദ നിമിഷങ്ങളാണ്. ഏകാഗ്രതയോടെ ഇരിക്കാം, ധ്യാനിക്കാനുമുള്ള അവസരം നഷ്ടമാകുന്നു. മനസ്സിന് ഒരു ഇടവേള നല്‍കാനുള്ള അവസരമാണ്.
പകരം നിങ്ങള്‍ എന്തുചെയ്യണം?
ഫോണ്‍ ബാത്ത്‌റൂമിന് പുറത്ത് വയ്ക്കുക. ആദ്യം അത് ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ ആ തീരുമാനം നമുക്ക് ആ ദു:ശ്ലീലം നിര്‍ത്താനുള്ള പ്രചോദനം നല്‍കുന്നു! ഫോണ്‍ പതിവായി അണുവിമുക്തമാക്കുക. പ്രത്യേകിച്ച് അത് ബാത്ത്‌റൂമില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍.
നെല്ലിക്ക.ലൈഫ് ടിപ്പ്
നമ്മുടെ ഓരോ നിമിഷവും ഫോണുകളും മറ്റ് സ്‌ക്രീനുകളും കൈയടക്കിയ ഈ കാലത്ത് ടോയ്ലറ്റെങ്കിലും ഒരു ഡിജിറ്റല്‍ രഹിത മേഖലയായി ഇരിക്കട്ടെ. നമുക്ക് ആ ഇടത്തെയെങ്കിലും സംരക്ഷിക്കാം. ശുചിത്വത്തിന് മാത്രമല്ല, ആരോഗ്യം, മാനസിക വ്യക്തത എന്നിവയ്ക്കു വേണ്ടിക്കൂടി ടോയ്‌ലെറ്റുകളിലെ ഫോണ്‍ ഉപയോഗം ഉപേക്ഷിക്കാം.
അതുകൊണ്ട് അടുത്ത തവണ പ്രകൃതിയുടെ വിളി കേള്‍ക്കുമ്പോള്‍ ഫോണ്‍ മാറ്റിവെക്കുക. നിങ്ങളുടെ കുടല്‍ ആരോഗ്യം, ചര്‍മ്മാരോഗ്യം, മനസ്സമാധാനം എന്നിവ സംരക്ഷിക്കാം.
രോഗാവസ്ഥകളെയും അവയുടെ ചികിത്സയും പ്രതിരോധത്തെയും സംബന്ധിച്ചുള്ള ആഴത്തിലുള്ള അറിവിനും വിദഗ്ദ്ധാഭിപ്രായങ്ങള്‍ക്കും, വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും ഉപദേശങ്ങള്‍ സ്വീകരിക്കാനും Nellikka.life സന്ദര്‍ശിക്കുക. Instagram, YouTube, Facebook എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഞങ്ങളെ പിന്തുടരുക.