പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

പ്രമേഹത്തിലെ പരോക്ഷ പ്രശ്നങ്ങൾ: ഡയബെറ്റിസ് വഴിയൊരുക്കുന്ന സങ്കീർണ്ണതകൾ തിരിച്ചറിയാം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താൻ മരുന്നുകൾ മുടങ്ങാതെ കഴിച്ച്, ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ ധാരാളമായി എന്ന് കരുതുന്ന നിരവധി പേരുണ്ട്. പക്ഷെ, യാഥാർത്ഥ്യം ഇതിൽ നിന്നും ഏറെ സങ്കീർണ്ണമാണ്. ഒട്ടും ശ്രദ്ധ നൽകാതെ അവഗണിക്കുന്നതോ അല്ലെങ്കിൽ വേണ്ട രീതിയിൽ നിയന്ത്രിച്ച് നിർത്താത്തതോ ആയ പ്രമേഹം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കും. ഈ അവസ്ഥയെ ആണ് പ്രമേഹ സങ്കീർണ്ണതകൾ (complications) എന്ന് പറയുന്നത്. പലപ്പോഴും വർഷങ്ങളോളം ഇവ മറ്റു സൂചനകളൊന്നും നൽകാത നിശ്ശബ്ദമായി ശരീരത്തെ ആക്രമിക്കുകയും ക്രമേണ ജീവിതനിലവാരത്തെ വളരെ മോശമായി ബാധിക്കുകയും ചെയ്യാം.അതുകൊണ്ടാണ് തുടക്കത്തിൽ തന്നെ മതിയായ ശ്രദ്ധ നൽകുന്നതിന് പ്രാധാന്യമേറുന്നത്.

ഈ സങ്കീർണ്ണതകളും അവയെ എങ്ങനെ തടയാമെന്നുള്ളതും പ്രമേഹമുള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കേണ്ടതാണ്.

എന്തുകൊണ്ടാണ് സങ്കീർണ്ണതകൾ ഉണ്ടാകുന്നത്?

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ദീർഘകാലം ഉയർന്ന നിലയിൽ തുടരുമ്പോൾ, അത് ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകൾക്കും നാഡികൾക്കും കേടുപാടുകൾ വരുത്തുന്നു. സുപ്രധാന കോശങ്ങളിലേക്ക് ഓക്സിജന്റെയും പോഷകങ്ങളുടെയും ലഭ്യത കുറയ്ക്കാൻ ഈ കേടുപാടുകൾ കാരണമാകുന്നു. ഇത് ദീർഘകാല സങ്കീർണ്ണതകൾക്ക് വഴിയൊരുക്കുകയും ചെയ്യും.  ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, പുകവലി, വ്യായാമം ഇല്ലാത്ത ജീവിതരീതി എന്നിവ ഈ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

സാധാരണയായി കാണുന്ന സങ്കീർണ്ണതകൾ

1. കാഴ്ചക്കുറവ് (ഡയബെറ്റിക് റെറ്റിനോപ്പതി)

കാഴ്ചക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രമേഹം. രക്തത്തിലെ ഉയർന്ന പഞ്ചസാര റെറ്റിനയിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുമ്പോഴാണ് റെറ്റിനോപ്പതി ഉണ്ടാകുന്നത്. തുടക്കത്തിൽ ലക്ഷണങ്ങളൊന്നും പ്രകടമാകില്ല, പക്ഷേ ക്രമേണ കാഴ്ച മങ്ങുകയോ, വെളിച്ചത്തിൽ ഇരുണ്ട പുള്ളികൾ കാണുകയോ, അല്ലെങ്കിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയോ ചെയ്യാം.

പ്രതിരോധം: വർഷത്തിലൊരിക്കൽ നേത്ര പരിശോധന നടത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ലേസർ ചികിത്സ, ഇഞ്ചക്ഷൻ പോലുള്ള മാർഗ്ഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചികിത്സ, കഴിയുന്നതും നേരത്തെ തന്നെ ചെയ്യുക. ഇത് കാഴ്ച സംരക്ഷിക്കാൻ സഹായകമാകും.

2. വൃക്കരോഗം (ഡയബെറ്റിക് നെഫ്രോപ്പതി)

രക്തത്തിലെ മാലിന്യങ്ങൾ അരിച്ച് മാറ്റുന്ന ജോലിയാണ് വൃക്കകൾ ചെയ്യുന്നത്. ഉയർന്ന പഞ്ചസാരയുടെ അളവ്, ഇങ്ങനെയുള്ള ശുദ്ധീകരണ സംവിധാനത്തിന് കേടുപാടുകൾ വരുത്തുന്നു, ഇത് മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ കാരണമാകുന്നു (ഇതൊരു ആദ്യകാല ലക്ഷണമാണ്), പിന്നീട് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കാൻ വരെ സാധ്യതയുണ്ട്.

പ്രതിരോധം: പതിവായി മൂത്ര പരിശോധന നടത്തുക, പഞ്ചസാരയും രക്തസമ്മർദ്ദവും നിയന്ത്രിക്കുക, അമിതമായി വേദനസംഹാരികൾ കഴിക്കുന്നത് ഒഴിവാക്കുക എന്നിവ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

3. നാഡീക്ഷതം (ഡയബറ്റിക് ന്യൂറോപ്പതി)

രക്തത്തിൽ പഞ്ചസാര അമിതമാകുമ്പോൾ അത് ശരീരത്തിലുടനീളമുള്ള നാഡികളെ നശിപ്പിക്കുന്നു. കൈകാൽ മരവിപ്പ്, പുകച്ചിൽ, സ്പർശനശേഷി നഷ്ടപ്പെടുക, ദഹനപ്രശ്നങ്ങൾ, അല്ലെങ്കിൽ ഉദ്ധാരണക്കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

പ്രതിരോധം: കാൽപ്പാദങ്ങൾ ശ്രദ്ധയോടെ പരിപാലിക്കുക, വ്യായാമം ചെയ്യുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുക എന്നിവ ഈ അവസ്ഥ വരാനുള്ള സാധ്യത കുറയ്ക്കും

4. ഹൃദയത്തെയും രക്തക്കുഴലിനെയും ബാധിക്കുന്ന രോഗങ്ങൾ

പ്രമേഹമുള്ളവർക്ക് ഹൃദ്രോഗമോ പക്ഷാഘാതമോ (stroke) വരാനുള്ള സാധ്യത സാധാരണക്കാരെക്കാൾ രണ്ടിരട്ടി മുതൽ നാലിരട്ടി വരെ കൂടുതലാണ്.  രക്തത്തിലെ പഞ്ചസാരയുട അളവ് കൂടുക, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ഉണ്ടാകുമ്പോൾ രക്തധമനികൾക്ക് കൂടുതൽ വേഗത്തിൽ കേടുപാടുകൾ സംഭവിക്കുന്നു.

പ്രതിരോധം: സമീകൃതാഹാരം, ശാരീരിക വ്യായാമം, പുകവലി ഒഴിവാക്കൽ, പതിവായുള്ള ഹൃദയ പരിശോധനകൾ എന്നിവ അത്യാവശ്യമാണ്.

5. പാദങ്ങളിലെ സങ്കീർണ്ണതകൾ

നാഡീക്ഷതവും രക്തയോട്ടം കുറയുന്നതും കാരണം കാൽപാദങ്ങൾക്ക് ചെറിയ മുറിവുകൾ ഉണ്ടായാൽപ്പോലും അത് പെട്ടെന്ന് ഉണങ്ങില്ല. ഇത് ഗുരുതരമായ അണുബാധകളിലേക്കും ചിലപ്പോൾ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്കും നയിച്ചേക്കാം.

പ്രതിരോധം: ദിവസവും കാൽപാദങ്ങൾ ശ്രദ്ധയോടെ പരിശോധിക്കുക, ശരിയായ പാദരക്ഷകൾ ധരിക്കുക, മുറിവുകൾക്ക് ഉടനടി ചികിത്സ തേടുക.

6. ചർമ്മരോഗങ്ങളും വായിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും

ഗ്ലൂക്കോസ് നില ഉയർന്ന അവസ്ഥയിലാണെങ്കിൽ ശരീരത്തിൽ, ബാക്ടീരിയ, ഫംഗസ് അണുബാധകൾക്ക് കൂടുതൽ സാദ്ധ്യതയുണ്ട്.  ഇത് മുറിവുകൾ ഉണങ്ങാൻ കാലതാമസം വരുത്തുകയും മോണരോഗങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

പ്രതിരോധം: ശുചിത്വം പാലിക്കുക, ധാരാളം വെള്ളം കുടിക്കുക, പതിവായി ദന്തപരിശോധന നടത്തുക.

മാനസികാരോഗ്യത്തെയും ബാധിക്കുന്നു

പ്രമേഹം ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബാധിക്കും. വിഷാദം, മാനസിക പിരിമുറുക്കം, പ്രമേഹത്തെക്കുറിച്ചുള്ള ഉത്ക്കണ്ഠ (diabetes burnout) എന്നിവ സാധാരണമാണ്, എന്നാൽ പലപ്പോഴും ഇത് അവഗണിക്കപ്പെടുകയാണ് പതിവ്. മാനസിക പിന്തുണ, കൗൺസിലിംഗ്, പ്രമേഹ രോഗികളുടെ കൂട്ടായ്മകളിൽ ഭാഗമാകൽ തുടങ്ങിയ കാര്യങ്ങൾ വലിയ മാറ്റങ്ങൾ വരുത്തും.

സങ്കീർണ്ണതകൾ തടയാൻ കഴിയുമോ?

മിക്ക സങ്കീർണ്ണതകളും നേരിടേണ്ടി വരുന്നത് വൈകിപ്പിക്കാനോ പൂർണ്ണമായും തടയാനോ സാധിക്കുന്നതാണ്.

  • രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണാധീനമാക്കുക.
  • നാരുകൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.
  • ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.
  • പുകവലി ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക.
  • കണ്ണ്, വൃക്ക, ദന്ത, നാഡീ പരിശോധനകൾ എന്നിങ്ങനെ പതിവായുള്ള ആരോഗ്യ പരിശോധനകൾക്ക് വിധേയമാവുക

പ്രമേഹ സങ്കീർണ്ണതകൾ ഭയപ്പെടുത്തുന്നതായി തോന്നാമെങ്കിലും അവബോധം തന്നെയാണ് ഏറ്റവും വലിയ ശക്തി. ഗ്ലൂക്കോസ് നില പരിശോധിക്കുക, ചിട്ടയായ ജീവിതശൈലി പിന്തുടരുക, ഡോക്ടറെ കാണുന്നത് മുടക്കാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളിലൂടെ പ്രമേഹബാധിതർക്കും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ കഴിയും.

References :

1. Gregg EW, et al. The changing face of diabetes complications. The Lancet Diabetes & Endocrinology. 2016.

2. Harding JL, Pavkov ME, Magliano DJ, Shaw JE, Gregg EW. Global trends in diabetes complications: a review of current evidence. Diabetologia. 2019.

3, Bodman, MA, et al. Diabetic Peripheral Neuropathy. StatPearls. 2024.

Related News

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025: ചേർത്തുനിർത്തുക എന്ന മാനവികത പ്രാവർത്തികമാക്കാം 

ലോക ഭിന്നശേഷി ദിനം 2025 തിയതി: 2025 ഡിസംബർ 3 പ്രമേയം:  “സാമൂഹിക പുരോഗതി കൈവരിക്കാൻ  ഭിന്നശേഷിസമൂഹങ്ങളെ പരിപോഷിപ്പിക്കുക.” സമത്വത്തിന് വേണ്ടി ശബ്ദമുയർത്താൻ ഒരു ദിനം എല്ലാ...

ഡിസംബർ 5, 2025 10:46 pm
ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

ഹൃദയധമനിയിലെ തടസ്സം: അസ്കെമിക് ഹൃദ്രോഗത്തെക്കുറിച്ച്  അറിഞ്ഞിരിക്കാം

പ്രാധാന്യമർഹിക്കാൻ കാരണം? നമ്മുടെ രാജ്യത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന അസുഖമായി ഹൃദ്രോഗം മാറിയിട്ട് കുറച്ചു കാലമായി.  30 വയസ്സ് മാത്രം പ്രായമുള്ള യുവതീയുവാക്കളെപ്പോലും ബാധിക്കുന്ന ഗുരുതര വ്യാധിയായി...

ഡിസംബർ 5, 2025 10:45 pm
പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

പെരികാർഡൈറ്റിസ്: ഹൃദയത്തിൻ്റെ സംരക്ഷണ പാളി തകരാറിലാകുമ്പോൾ 

ഹൃദയത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തെക്കുറിച്ച് മനസ്സിലാക്കാം  മുഷ്ടിയോളം വലിപ്പമുള്ള, ദിവസവും ലക്ഷത്തിലേറെത്തവണ മിടിക്കുന്ന ഹൃദയം എന്ന അവയവത്തിന് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെപ്പറ്റി നമുക്കെല്ലാവർക്കും ധാരണയുണ്ട്. കരുത്തുറ്റ പേശിയാൽ...

ഡിസംബർ 5, 2025 10:44 pm
മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

മാതൃത്വം എന്ന പദവിയിലേക്കുയരുമ്പോൾ: അമ്മയ്ക്കും വേണം പരിപാലനം

കുഞ്ഞ് ജനിക്കുമ്പോൾ കുടുംബാംഗങ്ങളും ബന്ധുക്കളും അയൽക്കാരുമൊക്കെ പുതിയ അതിഥിയെ കാണാനെത്തും. സന്തോഷത്തിൻ്റെ നിമിഷങ്ങളാണത്. കുഞ്ഞിൻ്റെ പ്രത്യേകതകളും തൂക്കവും ഉറക്കവും എല്ലാം ചർച്ചയാകും.  കുഞ്ഞ് പിറന്നുവീണ നിമിഷം മുതൽ...

ഡിസംബർ 4, 2025 10:59 pm
X
Top
Subscribe