ഹൃദയാരോഗ്യവും മോണകളും തമ്മിൽ ബന്ധമുണ്ടോ?

ശാസ്ത്രം പറയുന്നത് മനസ്സിലാക്കാം
നമ്മുടെ തിരക്കുള്ള ജീവിതത്തിൽ വളരെപ്പെട്ടെന്ന് ചെയ്തവസാനിപ്പിക്കുന്ന ഒരു ചര്യയുണ്ട്. നേരം വൈകി എഴുന്നേൽക്കുകയോ അന്നത്തെ മറ്റു തിരക്കുകളിൽ വ്യാപൃതരാകുകയോ ചെയ്യുമ്പോൾ, ഏറ്റവും കുറച്ച് സമയം മാത്രം ചെലവഴിക്കുന്ന കാര്യമാണ് പല്ലുതേപ്പ് എന്ന ചര്യ.
പല്ലുതേയ്ക്കുമ്പോൾ മോണകളിൽ ചെറിയ തടിപ്പോ നിറവ്യത്യാസമോ കണ്ടാൽ പലരും അത് കാര്യമാക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ, വായിൽ നിന്നുള്ള ആ ചെറിയ സൂചന, എന്തെങ്കിലും വലിയ കാര്യത്തെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു എന്ന് പിന്നീട് തിരിച്ചറിയുമ്പോഴാണ് വിഷയത്തിൻ്റെ ഗൗരവം നമുക്ക് മനസ്സിലാകുക.
ദൈനംദിന ശീലങ്ങളും സമഗ്രമായ ആരോഗ്യവും തമ്മിലുള്ള, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ സൂക്ഷ്മമായ ബന്ധങ്ങളെ nellikka.life പഠനവിധേയമാക്കുന്നു. മോണയുടെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിൽ അഭേദ്യ ബന്ധമുണ്ട് എന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നു—ഈ ബന്ധം മനസ്സിലാക്കുന്നത് ശരീരത്തെ ശ്രദ്ധയോടെ പരിപാലിക്കാൻ നമ്മെ പ്രാപ്തരാക്കും.
ആരോഗ്യത്തിൽ വായുടെ പ്രധാന്യം
ശരീരത്തിലേക്കുള്ള പ്രവേശന കവാടമാണ് വായ. മോണകൾ, നാവ്, വായിലെ കോശങ്ങൾ എന്നിവയിലൂടെയെല്ലാം ചെറിയ രക്തക്കുഴലുകൾ കടന്നുപോകുന്നു. ഇവയ്ക്ക് ബാക്ടീരിയകളെയോ വീക്കമുണ്ടാക്കുന്ന തന്മാത്രകളെയോ രക്തപ്രവാഹത്തിലേക്ക് എത്തിക്കാൻ കഴിയും.
പല്ലുകളിൽ രൂപപ്പെടുന്ന നേർത്ത ബാക്ടീരിയൽ പാളിയായ പ്ലാക്ക് ശരിയായി നീക്കം ചെയ്യാതിരിക്കുമ്പോൾ, അത് മോണകളെ പ്രകോപിപ്പിക്കുകയും നീർക്കെട്ടുണ്ടാക്കുകയും ചെയ്യുന്നു. ഈ ബാക്ടീരിയകൾ, നീർക്കെട്ടുള്ള മോണയിലെ കോശങ്ങളിലൂടെ രക്തത്തിലേക്ക് പ്രവേശിച്ചാൽ, അവയ്ക്ക് ഹൃദയത്തിലേക്ക് സഞ്ചരിക്കാനും പ്രതിരോധ പ്രതികരണം സൃഷ്ടിക്കാനും കഴിയും. ഇത് നീർവീക്കം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ കാരണമാകും.
ശാസ്ത്രം പറയുന്നത്
നിരവധി പഠനങ്ങൾ, വായിലെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നുണ്ട്:
- ജേർണൽ ഓഫ് ക്ലിനിക്കൽ പിരിയോഡോന്റോളജി (Journal of Clinical Periodontology): പിരിയോഡോന്റൈറ്റിസ് (ഗുരുതരമായ മോണരോഗം) ഉള്ള ആളുകൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 25% കൂടുതലാണ് എന്ന് 2023-ലെ പഠനം കണ്ടെത്തി.
- ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് (Harvard Health Publishing): മോണയിലെ വീക്കം സി-റിയാക്ടീവ് പ്രോട്ടീൻ (CRP) പുറത്തുവിടുന്നു. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ പ്രവചിക്കാൻ കഴിയുന്ന ഒരു മാർക്കറാണ് സിആർപി.
- അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA): മോണരോഗം ഹൃദയരോഗങ്ങൾക്ക് നേരിട്ട് കാരണമാകുന്നില്ലെങ്കിലും, അത് സ്ഥിരമായ നീർക്കെട്ടിന് ആക്കം കൂട്ടുകയും നിലവിലുള്ള ഹൃദയ സംബന്ധമായ അവസ്ഥകളെ വഷളാക്കുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.
- യൂണിവേഴ്സിറ്റി ഓഫ് യൂട്ടാ (University of Utah) പഠനം (2025): മോണയിലെ ഗുരുതര അണുബാധ ഹൃദയാഘാത സാധ്യത 30% വർദ്ധിപ്പിക്കുമെന്ന് ഈ പഠനം ചൂണ്ടിക്കാട്ടുന്നു. വായിലെ ബാക്ടീരിയകൾ എങ്ങനെ ധമനികളിൽ പ്ലാക്ക് രൂപപ്പെടുത്താൻ സഹായിക്കുന്നു എന്ന് ഈ പഠനം അടിവരയിട്ടു പറയുന്നു.
ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്, മോണയിലെ വീക്കം, ധമനികളിലെ വീക്കത്തെ പ്രതിഫലിപ്പിക്കുകയോ അല്ലെങ്കിൽ വർദ്ധിപ്പിക്കുകയോ ചെയ്യാം എന്നാണ്.
മോണരോഗം: നിശബ്ദമായ തുടക്കം
മോണകളിൽ നീർക്കെട്ടുണ്ടാകുകയും രക്തം വരികയും ചെയ്യുന്ന ആദ്യ ഘട്ടമായ ജിഞ്ചിവിറ്റിസ് (Gingivitis)ൽ നിന്നാണ് ഇത് തുടങ്ങുന്നത്. മസാലകൾ, മധുരപലഹാരങ്ങൾ, അന്നജം എന്നിവയാൽ സമ്പന്നമായ ഇന്ത്യയിലെ വൈവിധ്യമാർന്ന ഭക്ഷണക്രമത്തിൽ, സ്ഥിരമായി ബ്രഷിംഗും ഫ്ലോസിംഗും ഇല്ലെങ്കിൽ പ്ലാക്ക് വേഗത്തിൽ അടിഞ്ഞുകൂടാം.
ചികിത്സിക്കാതിരുന്നാൽ, ജിഞ്ചിവിറ്റിസ് പിരിയോഡോന്റൈറ്റിസിലേക്ക് (Periodontitis) നയിക്കും. അങ്ങനെ ബാക്ടീരിയകൾ ആഴത്തിലുള്ള പാളികളിലേക്ക് കടക്കുകയും മോണകൾ താഴുകയും എല്ലുകൾ ദുർബലമാവുകയും ചെയ്യുന്നു. CDC-യുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 30 വയസ്സിനു മുകളിലുള്ളവരിൽ ഏകദേശം പകുതിയോളം പേർക്കും ഏതെങ്കിലും തരത്തിലുള്ള മോണരോഗമുണ്ട് എന്നാണ്. ദന്ത സംരക്ഷണ സാധ്യത കുറവായ ഇന്ത്യയിൽ ഈ എണ്ണം വർദ്ധിച്ചു വരുന്നു.
സ്ഥിരമായ പരിചരണത്തിലൂടെ മോണയിലെ ആദ്യഘട്ട വീക്കം പലപ്പോഴും മാറ്റിയെടുക്കാൻ കഴിയും എന്നത് ആശ്വാസകരമായ കാര്യമാണ്.
മോണകളിൽ നിന്ന് വീക്കം ഹൃദയത്തിലേക്ക് സഞ്ചരിക്കുന്നത് എങ്ങനെ?
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ ഉൾപ്പെടുന്നതാണ് നീർക്കെട്ട്. പക്ഷേ അത് നിരന്തരമായി ഉണ്ടാകുമ്പോൾ, ദോഷകരമായി മാറുന്നു.
മോണരോഗത്തിൽ സാധാരണയായി കാണപ്പെടുന്ന പോർഫൈറോമോണസ് ജിഞ്ചിവാലിസ് പോലുള്ള ബാക്ടീരിയകൾ, മോണയിലെ ചെറിയ മുറിവുകളിലൂടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. ഉള്ളിലെത്തിയാൽ, അവ വീക്കം ഉണ്ടാക്കുന്ന പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു. ഇത് രക്തക്കുഴലുകളുടെ ഉൾപ്പാളികൾക്ക് കേടുവരുത്തുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ ഇടവരുത്തുകയും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ധമനികളുടെ ഇടുങ്ങിയ അവസ്ഥയായ അതീറോസ്‌ക്ലിറോസിസിന് (atherosclerosis) കാരണമാവുകയും ചെയ്യുന്നു.
പുകവലി, പ്രമേഹം, അമിതവണ്ണം, മോശം ഭക്ഷണക്രമം, സമ്മർദ്ദം തുടങ്ങിയ പൊതുവായ അപകടസാധ്യതാ ഘടകങ്ങൾ ഈ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഉദാഹരണത്തിന്, നിയന്ത്രിക്കാത്ത പ്രമേഹം മോണരോഗം വഷളാക്കുക മാത്രമല്ല, ഹൃദയ സംബന്ധമായ സങ്കീർണ്ണതകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഈ ബന്ധം കാരണമാണ് ആധുനിക ചികിൽസാരംഗത്ത് ഹൃദ്രോഗ വിദഗ്ധർ ഹൃദയ സംരക്ഷണത്തിന്റെ ഭാഗമായി വായയുടെ ആരോഗ്യ പരിശോധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.
വായിൽ സ്ഥിരമായുണ്ടാകുന്ന വീക്കം, പ്രമേഹം,റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,ഗർഭധാരണത്തിലെ സങ്കീർണ്ണതകൾ,ശ്വസന സംബന്ധമായ അണുബാധകൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:
കൂടാതെ, പെരിമെനോപോസ് (ആർത്തവവിരാമത്തിന് മുൻപുള്ള ഘട്ടം) സമയത്തെ ഹോർമോൺ മാറ്റങ്ങൾ, മോണയുടെ സംവേദനക്ഷമതയും ഹൃദയ സംബന്ധമായ അപകടസാധ്യതകളും വർദ്ധിപ്പിച്ചേക്കാം.
ആയുർവേദം പോലുള്ള പുരാതന ചികിത്സാ സമ്പ്രദായങ്ങൾ വായയെ ‘ആരോഗ്യത്തിലേക്കുള്ള കവാടം’ ആയി പണ്ടുമുതലേ കണക്കാക്കിയിരുന്നു. ഈ വിജ്ഞാനം ആധുനിക ശാസ്ത്രവും ഇന്ന് ശരിവെയ്ക്കുന്നു: വായിലെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് മൊത്തത്തിലുള്ള ഊർജ്ജസ്വലതയ്ക്ക് കരുത്തേകുന്നു.
ഈ ബന്ധം പരിപോഷിപ്പിക്കാനുള്ള ലളിതമായ വഴികൾ
ശ്രദ്ധയോടെയുള്ള ദൈനംദിന ശീലങ്ങളിൽ നിന്നാണ് മോണകളുടേയും ഹൃദയത്തിൻ്റെയും സംരക്ഷണം ആരംഭിക്കുന്നത്:
1.ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുക: സോഫ്റ്റ്-ബ്രിസിൽസ് ഉള്ള ബ്രഷും ഫ്ലൂറൈഡ് ടൂത്ത്പേസ്റ്റും ഉപയോഗിച്ച് രണ്ട് മിനിറ്റ് നേരം പല്ലുതേക്കുക.
2.ഫ്ലോസ് ചെയ്യുക: ഒളിഞ്ഞിരിക്കുന്ന പ്ലാക്ക് നീക്കം ചെയ്യാൻ ദിവസത്തിലൊരിക്കൽ ഫ്ലോസ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഇന്റർഡെന്റൽ ബ്രഷുകൾ ഉപയോഗിക്കുകയോ ചെയ്യുക.
3. ആന്റിമൈക്രോബിയൽ മൗത്ത് വാഷ്: വായിലെ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കുറയ്ക്കാൻ ഉപയോഗിക്കാം.
4.ദന്തഡോക്ടറെ സന്ദർശിക്കുക: പരിശോധനയ്ക്കും വൃത്തിയാക്കലിനും ആറ് മാസം കൂടുമ്പോൾ ദന്തഡോക്ടറെ സന്ദർശിക്കുക.
5.പുകയില ഒഴിവാക്കുക: മോണരോഗങ്ങൾക്കും ഹൃദ്രോഗങ്ങൾക്കുമുള്ള പ്രധാന അപകട ഘടകമാണിത്.
6.വീക്കം കുറയ്ക്കുന്ന തരം ഭക്ഷണങ്ങൾ കഴിക്കുക: മഞ്ഞൾ ധാരാളം ചേർത്ത പരിപ്പുകൾ, ഇലക്കറികൾ, ധാന്യങ്ങൾ, ഒമേഗ-3 അടങ്ങിയ മൽസ്യം എന്നിവ കഴിക്കുക.
7.സമ്മർദ്ദം നിയന്ത്രിക്കുക: പ്രാണായാമം അല്ലെങ്കിൽ യോഗ പോലുള്ള പരിശീലനങ്ങളിലൂടെ സമ്മർദ്ദം കുറയ്ക്കുക.
മോണരോഗം ചികിത്സിക്കുന്നതിലൂടെ രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും അതുവഴി ഹൃദയ സംബന്ധമായ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും എന്നാണ് ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ശരീരം പറയുന്നത് ശ്രദ്ധിക്കാം
മോണകൾ പല്ലുകൾക്ക് സംരക്ഷണം നൽകുന്നതിലുപരിയായി ആന്തരിക ആരോഗ്യത്തിന്റെ ദർപ്പണം കൂടിയാണ്. മോണകൾ ശ്രദ്ധാപൂർവ്വം പരിപാലിക്കുമ്പോൾ, പുഞ്ചിരിയ്ക്കൊപ്പം ഹൃദയാരോഗ്യത്തിനും മാറ്റേറുന്നു.
References




